തളിപറമ്പ്: പിടിയിലായ മോഷ്ടാവിൽ നിന്നും തട്ടിയെടുത്ത എ.ടി.എം കാർഡുപയോഗിച്ച് പൊലീസുകാരൻ കൂട്ടുകാർക്കൊപ്പം മദ്യാഘോഷവും നടത്തി. ചൊക്‌ളി ഒളവിലം സ്വദേശി മനോജ് കുമാറിന്റെ എ.ടി.എം കാർഡ് തട്ടിയെടുത്ത കേസിൽ പിടിയിലായ തളിപറമ്പ് പുളി പറമ്പ് സ്വദേശി ഗോകുലിന്റെ ദേഹപരിശോധനയ്ക്കിടെയാണ് യുവാവിന്റെ സഹോദരിയുടെ എ.ടി.എം കാർഡ് പൊലിസിന് ലഭിച്ചത്. മനോജ് കുമാറിൽ നിന്ന് തട്ടിയെടുത്ത എ.ടി.എം കാർഡുപയോഗിച്ച് ആറു തവണകളായി ഗോകുൽ തന്റെ സഹോദരിയുടെ അക്കൗണ്ടിലേക്ക് അൻപതിനായിരം രൂപ നിക്ഷേപിച്ചിരുന്നു.

ഏപ്രിൽ രണ്ടിന് ഗോകുൽ തളിപറമ്പ് പൊലിസിന്റെ പിടിയിലാവുകയും മുന്നിന് റിമാന്റിലാവുകയും ചെയ്തു. ഗോകുൽ അൻപതിനായിരം രൂപ പല തവണകളായി സഹോദരിയുടെ അക്കൗണ്ടിൽ നിഷേപിക്കുന്നതിന് മുൻപ് അവരുടെ അക്കൗണ്ടിൽ വെറും 138 രൂപ മാത്രമാണുണ്ടായിരുന്നത്. പിന്നീട് ഫ്‌ളിപ്പ് കാർട്ടിൽ നിന്നും 638 രൂപ റീഫണ്ടായി വന്നു. സഹോദരൻ നിക്ഷേപിച്ച അൻപതിനായിരം രൂപ ഉൾപ്പെടെ ഇതോടെ 50, 776 രൂപയായി നിക്ഷേപമുയർന്നു. മനോജ് കുമാറിൽ നിന്ന് ഗോകുൽ തട്ടിയെടുത്ത അൻപതിനായിരം മാത്രമല്ല സഹോദരിയുടെ സ്വന്തമായ 776 രൂപയിൽ നിന്ന് 740 രൂപയും സിവിൽ പൊലിസ് ഓഫീസറായ ശ്രീകാന്ത് തട്ടിയെടുത്തു. കഴിഞ്ഞ ഏഴു മുതൽ പതിമൂന്നാം തീയ്യതി വരെയായിരുന്നു ഗോകുലിന്റെ സഹോദരിയുടെ അക്കൗണ്ടിൽ നിന്നും ഇയാൾ പണം തട്ടിയെടുത്തത്.

നിർധന കുടുംബമാണ് ഗോകുലിന്റെ സഹോദരിയുടെയത് ഗോകുലിന്റെ സഹോദരിയുടെ എ.ടി.എം കാർഡുപയോഗിച്ച് തളിപറമ്പ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ശ്രീകാന്ത് ബീവറേജ് ഔട്ട്‌ലെറ്റിൽ നിന്നും രണ്ടായിരം രൂപയുടെ മദ്യം വാങ്ങിച്ചതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഇതു കൂടാതെ തളിപറമ്പ് ദേശീയ പാതയിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതും തട്ടിയെടുത്ത എ ടി എം കാർഡുപയോഗിച്ചായിരുന്നു. ഗോകുലിന്റെ പിതാവ് കഴിഞ്ഞ ദിവസം തളിപറമ്പ് പൊലിസ് സ്റ്റേഷനിലെത്തി പറഞ്ഞ വാക്കുകൾ ശ്രീകാന്തിന്റെ സഹപ്രവർത്തകരായ പൊലീസുകാരുടെ തലകുനിപ്പിക്കുന്നതായിരുന്നു. എന്റെ മോൻ തട്ടിയെടുത്ത് മോളുടെ അക്കൗണ്ടിൽ നിക്ഷേപിച്ച പണത്തിൽ നിന്ന് ഒരു രൂപ പോലും എനിക്ക് വേണ്ട പക്ഷെ എന്റെ മോളുടെ അക്കൗണ്ടിലുണ്ടായിരുന്ന പണമെങ്കിലും തിരിച്ചു തരില്ലേ സാറൻ മാരെ... ഞങ്ങൾ അത്രകണ്ട് ദരിദ്രരാണ് എന്ന വാക്കുകളാണ് പൊലിസുകാരെ ലജ്ജിപ്പിച്ചത്.

ഇതിനിടെ കവർച്ചാ കേസിലെ പ്രതിയുടെ എ.ടി.എം കാർഡുപയോഗിച്ച് പണം തട്ടിയ കുറത്തിന് അന്വേഷണ വിധേയമായി സസ്‌പെൻഷനിലായ സിവിൽ പൊലീസ് ഓഫിസർ ശ്രീകാന്തിനെ രക്ഷിക്കുന്നതിനായി അണിയറ നീക്കങ്ങൾ ശക്തമായിരിക്കുകയാണെന്ന സൂചനയുണ്ട്. ഗോകുലിനെ അറസ്റ്റു ചെയ്ത സംഘത്തിൽ ശ്രീകാന്തുമുണ്ടായിരുന്നു. ഗോകുലിനെ കസ്റ്റഡിയിലെടുത്തപ്പോൾ സഹോദരിയുടെ എ.ടി.എം കാർഡ് ശ്രീകാന്ത് തന്ത്രപൂർവ്വം കൈക്കലാക്കുകയായിരുന്നു. തുടർന്ന് സഹോദരിയെ ഫോണിലൂടെ വിളിച്ച് എ.ടി.എമ്മിന്റെ പിൻ നമ്പർ വാങ്ങിയാണ് ഇയാൾ ആരുമറിയാതെ പണം പിൻവലിച്ചത്. തന്റെ അക്കൗണ്ടിൽ നിന്നും തുടർച്ചയായി പണം പിൻവലിച്ചതായുള്ള സന്ദേശം ശ്രദ്ധയിൽപ്പെട്ട സഹോദരി തന്റെ മകൾ മുഖേനെ തളിപറമ്പ് പൊലിസിൽ തന്നെ പരാതി നൽകുകയായിരുത്തു.

ഇതേ തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകാന്ത് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായത്. തളിപറമ്പ് ഡി.വൈ.എസ്‌പി അന്വേഷണം നടത്തി കണ്ണൂർ റൂറൽ പൊലിസ് മേധാവി നവനീത് ശർമ്മയ്ക്ക് റിപ്പോർട്ട് കൈമാറുകയായിരുന്നു. തുടർന്ന് ശ്രീകാന്തിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.എന്നിട്ടും പ്രഥമ വിവര റിപ്പോർട്ടിൽ ശ്രീകാന്തിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ല. ഗോകുൽമറ്റൊരാളുടെ എ.ടി.എം കാർഡ് നിർത്തിയിട്ട വാഹനത്തിൽ നിന്നും തടിയെടുത്ത് പണം മോഷ്ടിക്കുകയായിരുന്നു. ഗോകുലിൽ നിന്ന് അയാളുടെ സഹോദരിയുടെ എ ടി എം കാർഡ് തട്ടിയെടുത്ത് പൊലിസുകാരൻ ശ്രീകാന്ത് നടത്തിയതും സമാനമായ കുറ്റകൃത്യമാണ്.

എന്നാൽ പൊലിസുകാരന്നയ ശ്രീകാന്തിനെതിരെ മോഷണ കുറ്റം ചുമത്താതെ വിശ്വാസവഞ്ചന നടത്തിയെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പ്രതിയുടെ പേർ രേഖപ്പെടുത്താത്ത എഫ്.ഐ.ആറിൽ ആരോ അൻപതിനായിരം രൂപ പിൻവലിച്ച് വിശ്വാസവഞ്ചന നടത്തിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിശ്വാസവഞ്ചനക്കും മോഷണത്തിനും സമാനമായ ശിക്ഷയാണ് ലഭിക്കുകയെന്നതാണ് ഇതിന് പൊലീസ് നൽകുന്ന വിശദീകരണം. പൊതുജനസേവകനായ ഒരാൾ വിശ്വാസ വഞ്ചന നടത്തിയാൽ ഐ.എ.സി. 409 വകുപ്പാണ് ചുമത്തേണ്ടത്. ഈ വകുപ്പ് ചുമത്തിയ കേസിൽ കുറ്റകൃത്യം തെളിഞ്ഞാൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാമെന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത് അന്വേഷണത്തിന്റെ ഘട്ടത്തിൽ വകുപ്പ് മാറ്റി 409 വകുപ്പ് ചുമത്താൻ കഴിയും.

എന്നാൽ തങ്ങളുടെ സഹപ്രവർത്തകനായ ഒരാൾക്കെതിരെ ഇത്തരമൊരു വകുപ്പ് ചുമത്താൻ പൊലീസ് തയ്യാറാകുമോയെന്ന കാര്യം സംശയമാണ്. നേരത്തെ തളിപറമ്പിൽ തന്നെ നടന്ന പൊലിസുകാർ മണൽലോറി മറിച്ചു വിറ്റ കേസും പിന്നീട് തേയ്ച്ചു മായ്ച്ചുകളയുകയായിരുന്നു. തളിപറമ്പ് സ്റ്റേഷനിലെ പൊലീസ് ഓഫീസർമാർ ഈ കേസ് അന്വേഷിക്കരുതെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. തങ്ങൾ പിടികുടിയ മണൽലോറി ആക്രി കടയിൽ മറിച്ചു വിറ്റ പാരമ്പര്യമുള്ള പൊലീസുകാരാണ് തളിപ്പറമ്പിലേത്. ഇത്തരം അമ്പലം വിഴുങ്ങികളെ കേസ് അന്വേഷണം ഏൽപ്പിക്കാതെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു കൊടുക്കണമെന്ന ആവശ്യവും നാട്ടുകാരിൽ ശക്തമാണ്.