- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധം ഹമാസിന്റെയും നെതന്യാഹുവിന്റെയും രാഷ്ട്രീയ ആവശ്യം; നെതന്യാഹുവിന് അധികാരത്തിന്റെ കച്ചിത്തുരുമ്പും ഹമാസിന് ശക്തിപ്രകടനവും; ഫലസ്തീനിലും ഇസ്രയേലിലും തീവ്രദേശിയത കത്തുമ്പോൾ അപ്രസക്തരാകുന്നത് സമാധാനവാദികളായ ഫത്താ നേതൃത്വം; ഇസ്രയേൽ- ഫലസ്തീൻ സംഘർഷത്തിന്റെ സമകാലിക സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ
കേരളത്തിലിപ്പോൾ പ്രധാന ചർച്ച ഇസ്രയേൽ - ഫലസ്തീൻ സംഘർഷമാണ്. ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധം ചർച്ച ചെയ്യുന്ന താൽപര്യത്തോടെയാണ് മലയാളികൾ ഇസ്രയേൽ - ഫലസ്തീൻ സംഘർഷം ചർച്ച ചെയ്യുന്നത്. ഒരാഴ്ച്ചയായിട്ടും ഇസ്രയേൽ ഫലസ്തീൻ സംഘർഷത്തിന് അയവില്ല. ഏത് സമയത്തും യുദ്ധത്തിലേയ്ക്ക് വഴുതി വീണേയ്ക്കാവുന്ന അവസ്ഥ.
ചെറിയ പെരുന്നാൾ പോലും മനസമാധാനത്തോടെ ആഘോഷിക്കാൻ ഗസ്സയിലെ നിവാസികൾക്കു കഴിഞ്ഞില്ല. ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ശനിയാഴ്ച വരെ 139 ഫലസ്തീൻകാരാണ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 39 കുട്ടികളും ഉൾപ്പെടും. ഇസ്രയേലിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 10 പേരും കൊല്ലപ്പെട്ടു.
കേരളത്തിൽ പ്രധാനമായും രണ്ട് ഗ്യാങ്ങുകളായി തിരിഞ്ഞാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലും പുറത്തും ഇസ്രയേൽ - ഫലസ്തീൻ തർക്കം ചൂട് പിടിക്കുന്നത്. ഈ ഗ്യാങ്ങുകളുടെ പരോക്ഷകാരണം മതങ്ങൾ തന്നെയാണ്. എന്നാൽ നിലവിലെ ഇസ്രയേൽ - ഫലസ്തീൻ സംഘർഷത്തിന് കാരണം വെറും മതമല്ല.
ഫലസ്തീനിൽ രണ്ടു ഭരണകൂടമാണ് ഉള്ളത്. റമല്ല തലസ്ഥാനമാക്കി ഫത്താ നിയന്ത്രണത്തിലുള്ള പ്രദേശവും ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയും. ഫത്താ നേതൃത്വത്തെ ഇസ്രയേൽ അംഗീകരിച്ചതാണ്. ഇരു നേതൃത്വങ്ങളും തമ്മിൽ സംഘർഷവുമില്ല. എന്നാൽ ഹമാസിനോട് ഇസ്രയേലിന്റെ നിലപാട് അങ്ങനെയല്ല.
ഫലസ്തീൻ ജനതയ്ക്കു മുന്നിൽ ഫത്തായെക്കാൾ കേമന്മാർ ഞങ്ങൾ തന്നെയെന്ന് തെളിയിക്കേണ്ടത് ഹമാസിന്റെ ആവശ്യമാണ്. ഇസ്രയേലുമായി സമാധാനം എന്നത് നിരന്തരം തള്ളിക്കളയുന്ന സംഘടനയാണ് ഹമാസ്. ഇസ്രയേലിനെ എന്നന്നേക്കും തകർത്ത് ആത്യന്തിക വിജയം നേടുക എന്നതുതന്നെയാണ് ഹമാസിന്റെ ലക്ഷ്യം. ഇസ്രയേലും ഫലസ്തീനും സഹവർത്തിത്വത്തോടെ കഴിയുക എന്ന 'ഇരു രാഷ്ട്ര പരിഹാരം' അംഗീകരിക്കുന്ന വിഭാഗമാണ് ഫത്താ. അതിനാൽത്തന്നെ യുദ്ധമുണ്ടായാൽ അതു ഫത്തായുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്തേക്കാം.
ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നേതൃത്വം നൽകുന്ന ഫത്താ ഭരണകൂടം ഈ മാസം നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. ഈ നീക്കം ഭരണകൂടത്തിലും ഹമാസ് ഉൾപ്പെടെയുള്ള എതിർ വിഭാഗത്തിലും പ്രതിഷേധം ഉയരാൻ കാരണമായി. അബ്ബാസിനോടും ഫത്തായോടുമുള്ള ജനങ്ങളുടെ എതിർപ്പ് മുതലെടുക്കാനുള്ള അവസരമായാണ് ഹമാസും ഈ സംഘർഷത്തെ കാണുന്നതെന്നാണ് വിലയിരുത്തൽ.
ഹമാസിന് തങ്ങളുടെ ശക്തിപ്രകടനമാണ് ഈ യുദ്ധമെങ്കിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന് അത് അധികാരം നിലനിർത്താനുള്ള കച്ചിത്തുരുമ്പാണ്. കൃത്യമായ ഭൂരിപക്ഷമില്ലാതെ സഖ്യകക്ഷികളെ കൂട്ടിയുള്ള ഭരണമാണ് നെതന്യാഹു ഇപ്പോൾ നടത്തിവരുന്നത്. അതിനൊപ്പം അനവധി അഴിമതി ആരോപണങ്ങളും കേസുകളും അഞ്ചാം വട്ട പ്രധാനമന്ത്രിയായ നെതന്യാഹുവിന്റെ പേരിലുണ്ട്. ഈ പ്രശ്നങ്ങൾക്കിടയിൽ നെതന്യാഹുവിന്റെ എതിരാളികൾ സഖ്യത്തിലായി പുതിയൊരു സർക്കാരിനെ രൂപീകരിക്കാൻ ഒരുക്കങ്ങൾ തകൃതിയായി നടത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജറുസലമിൽ സംഘർഷം ഉടലെടുത്തത്. ഒന്നു രണ്ടു ദിവസത്തിനുള്ളിൽ നെതന്യാഹു ഇല്ലാത്ത പുതിയ ഭരണസഖ്യത്തെക്കുറിച്ച് പ്രസിഡന്റിനെ അറിയിക്കാനിരിക്കെയാണ് സംഘർഷം പൊട്ടിപ്പുറപ്പെടുന്നത്.
ഈ വർഷം ആദ്യ മൂന്നു മാസങ്ങൾ വളരെ സമാധാനപരമായ അന്തരീക്ഷമായിരുന്നു മേഖലയിൽ. ഇത്രയും സമാധാനം അടുത്തകാലത്തൊന്നും മേഖലയിൽ കണ്ടിട്ടില്ല. ഗസ്സയിൽനിന്ന് ഒരു റോക്കറ്റുപോലും അതിർത്തി കടന്നു വന്നിട്ടില്ല. വെസ്റ്റ് ബാങ്കിനുനേർക്ക് ഒരു ആക്രമണവും നടന്നില്ല. ഇതിനർഥം എല്ലാം ശുഭമായിരുന്നുവെന്നല്ല. ഫലസ്തീൻകാരുടെ ജീവിതം ദുസ്സഹമാക്കുന്ന പല കാര്യങ്ങളും ഇസ്രയേൽ നടപ്പാക്കുന്നുണ്ടായിരുന്നു. എന്നിരുന്നാലും കാര്യമായി രക്തച്ചൊരിച്ചിൽ ഇല്ലാതിരുന്ന സമയമായിരുന്നു ആ നാളുകൾ.
അതുകൊണ്ടുതന്നെ ഭരണമാറ്റത്തിന് അരങ്ങൊരുങ്ങിയപ്പോൾ ഉടലെടുത്ത സംഘർഷത്തെ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഇസ്രയേലിലെ 20% വരുന്ന അറബ് വംശജരെ പ്രതിനിധീകരിക്കുന്ന യുണൈറ്റഡ് അറബ് ലിസ്റ്റ് (യുഎഎൽ) എന്ന പാർട്ടിയുടെ കൂടി പിന്തുണയുണ്ടെങ്കിലേ നെതന്യാഹു വിരുദ്ധർക്ക് അധികാരം പിടിക്കാനാകൂ. ഇസ്രയേൽ സർക്കാരിൽ ഇതുവരെ ഒരു അറബ് പാർട്ടിക്കും പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. അതിനാൽതന്നെ പരസ്പരം പോരടിക്കുന്ന സമയത്ത് അത്തരമൊരു സഖ്യം അധികാരത്തിൽ വരുന്നത് അചിന്ത്യമാണു താനും. സംഘർഷം തുടങ്ങിയതിനു പിന്നാലെ യുഎഎൽ ചെയർമാൻ മൻസൂർ അബ്ബാസ് സഖ്യ ചർച്ചകൾ നിർത്തിവയ്ക്കുകയും ചെയ്തു.
പുതിയ സർക്കാരെന്ന നീക്കം പരാജയപ്പെട്ടതോടെ അടുത്തുതന്നെ ഇസ്രയേലിന് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരും. അതായത് 30 മാസത്തിനുള്ളിൽ അഞ്ചാമതും ഇസ്രയേൽ പൗരന്മാർ ഭരണകൂടത്തെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്യേണ്ട സാഹചര്യമാണ്. അടുത്ത ഒക്ടോബറിലേക്കാണ് ഈ തിരഞ്ഞെടുപ്പ് വരിക. അതുവരെ നെതന്യാഹുവിന് പ്രധാനമന്ത്രിക്കസേരയിൽ തുടരാം. സംഘർഷത്തിൽനിന്ന് നേട്ടം കൊയ്യുകയാണെങ്കിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് അധികാരത്തിൽ തുടരാനും നെതന്യാഹുവിന് ആകും. അതുകൊണ്ടുതന്നെ ഒരു യുദ്ധം രാഷ്ട്രീയ വിജയം നേടിക്കൊടുക്കുകയും ചെയ്യും.
14 വർഷമായി ഗസ്സ ഹമാസിന്റെ നിയന്ത്രണത്തിലാണ്. ഇസ്രയേലിനോടു നേർക്കുനേർ പോരാടുന്ന ഹമാസിനോട് വെസ്റ്റ് ബാങ്ക് ജനത താദാത്മ്യം പ്രാപിക്കുന്നുവെന്നാണ് ഫലസ്തീനിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെസ്റ്റ് ബാങ്കിലും വലിയതോതിൽ പിന്തുണ ലഭിക്കുന്നത് ഇസ്രയേലിനെ നേരിടാൻ ഹമാസിന് കൂടുതൽ ശക്തി നൽകും. മാത്രമല്ല, ഫലസ്തീൻ രാഷ്ട്രീയത്തിൽ സ്വാധീനം വർധിപ്പിക്കാനും ഫത്തായെ എതിർക്കാനും ഉപകാരപ്പെടും.
ഹമാസും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ വിദേശ നയതന്ത്ര പ്രതിനിധികളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ടെങ്കിലും അണുവിട വിട്ടുവീഴ്ച ചെയ്യാൻ ഇരുകൂട്ടരും തയാറല്ല. ഐക്യരാഷ്ട്രസഭയും ഈജിപ്തും ഖത്തറുമാണ് സന്ധിസംഭാഷണത്തിനു നേതൃത്വം നൽകുന്നത്.
സംഘർഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ബെന്യമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്വന്തം ഭൂപ്രദേശം സംരക്ഷിക്കാനുള്ള എല്ലാ അവകാശവും ഇസ്രയേലിനുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു. എന്നാൽ ഗസ്സയിലേക്കു കയറിച്ചെല്ലാനാണ് സൈന്യത്തിനു ഇസ്രയേൽ ഭരണകൂടം നൽകിയിരിക്കുന്ന നിർദ്ദേശം.
ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ഇസ്രയേൽ പറയുമ്പോഴും ഒരു ചോദ്യമുയരുന്നു. സൈനികപരമായി ഏറെ മുന്നിൽനിൽക്കുന്ന ഇസ്രയേൽ ഒട്ടും തുല്യശക്തിയല്ലാത്ത ഹമാസിനോടു നടത്തുന്ന യുദ്ധത്തിന്റെ പ്രസക്തിയെന്ത്? സേനയെ വലിയതോതിൽ വിന്യസിച്ചുതന്നെയാണ് മേഖലയിൽ ഇസ്രയേൽ നേട്ടം കൊയ്തിരുന്നത്. പിന്നീടു വർഷങ്ങൾകൊണ്ട് ജോർദാനും ഈജിപ്തുമായി സമാധാന കരാർ ഒപ്പിട്ടു. യുഎഇ, ബഹ്റൈൻ, മൊറോക്കോ, സുഡാൻ എന്നിവയുമായും സമാധാന കരാറിൽ ഇസ്രയേൽ എത്തിയിരുന്നു. സൗദി അറേബ്യയും ഇസ്രയേലുമായി സമാധാനത്തിന്റെ പാതയിലാണെന്ന് സൂചനകൾ.
മറുനാടന് മലയാളി ബ്യൂറോ