ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് അന്ത്യം കുറിച്ചാണ് ബിജെപിയുടെ കുതിപ്പ്. 27 വര്‍ഷങ്ങള്‍ക്ക ശേഷം ബിജെപി ഡല്‍ഹിയില്‍ അധികാരം പിടിക്കുമ്പോള്‍ ആം ആദ്മിയിലെ വന്‍മരങ്ങള്‍ക്കെല്ലാം അടിപതറി. അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ 3000ത്തോളം വോട്ടുകള്‍ക്കാണ് തോറ്റത്. പര്‍വേസ് സാഹിബ് സിങ് വര്‍മ്മയാണ് കെജ്രിവാള്‍ എന്ന വന്‍മരത്തെ വീഴ്ത്തിയത്. മനീഷ് സിസോദിയയും തോറ്റതോടെ ആം ആദ്മിയുടെ നേതൃനിരയുടെ പതനമാണ്. ഇനിയൊരു മടങ്ങിവരവ് ആം ആദ്മിക്ക് ഡല്‍ഹിയില്‍ ഉണ്ടാകുമോ എന്ന ചോദ്യങ്ങളിലേക്കാണ് തെരഞ്ഞെടുപ്പു ഫലം വിരല്‍ചൂണ്ടുന്നത്.

അഴിമതിക്കെതിരെ ചൂലെടുത്ത രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു ആം ആദ്മി. എല്ലാ ചവറുകളെയും നീക്കി വൃത്തിയാക്കുന്ന ചൂലിന്റെ ചിഹ്നത്തില്‍ വന്ന പാര്‍ട്ടിയെ മധ്യ വര്‍ഗ്ഗ വിഭാഗങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. രാഷ്ട്രീയക്കാരില്‍ വിദ്യാഭ്യാസമുള്ളവര്‍ കുറവാണെന്ന പ്രചരണങ്ങള്‍ക്ക് ഭിന്നമായി ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരുന്നു പാര്‍ട്ടി നേതാക്കളില്‍ പലരും. ലോക്പാല്‍ ബില്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള 'ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍' എന്ന പ്രസ്ഥാനത്തിലൂടെയായിരുന്നു ആംആദ്മി ദേശീയ ശ്രദ്ധാകേന്ദ്രമായത്. അന്ന് അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹത്തോടൊപ്പം അണ്ണാ ഹസാരെയുമുണ്ടായിരുന്നു.

പൊതു സമൂഹത്തില്‍ രാഷ്ട്രീയക്കാര്‍, കോര്‍പ്പറേറ്റുകള്‍, മാധ്യമങ്ങള്‍, ജഡ്ജിമാര്‍ തുടങ്ങി പലരും അഴിമതിക്കാരാണ്. ഇന്ത്യ അഴിമതിക്ക് എതിരാണ് (ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍) എന്ന മുദ്രാവാക്യം ഉയര്‍ന്നു വന്ന സമയങ്ങളില്‍ പോരാടാന്‍ കെജ്രിവാള്‍ ഉണ്ടായിരുന്നു.കാര്യക്ഷമമായ ഭരണം എന്ന കെജ്രിവാളിന്റെ വാഗ്ദാനം അമൂര്‍ത്തമായ രാഷ്ട്രീയ ആദര്‍ശങ്ങളെക്കാള്‍ ഭൗതികമായ പ്രയാസങ്ങളെ അഭിസംബോധന ചെയ്തതുകൊണ്ടാണ്.

ആം ആദ്മികള്‍ക്കൊപ്പം നില്‍ക്കുന്ന തങ്ങള്‍ക്ക് വിഐപി സൗകര്യങ്ങള്‍ ഒന്നും വേണ്ടെന്നായിരുന്നു ആപ് നേതാക്കള്‍ ഭരണത്തിലേറിയപ്പോള്‍ എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന്. മധ്യവര്‍ഗത്തേയും ചേരി നിവാസികളേയും കൈയിലെടുക്കാനുള്ള വിദ്യകളൊന്നും കെജ്രിവാള്‍ പാഴാക്കിയിരുന്നില്ല. ഡല്‍ഹിയിലെ വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ ബില്ലടക്കാന്‍ വിസമ്മതിച്ചു കൊണ്ടായിരുന്നു കെജ്രിവാള്‍ സമരം നടത്തിയത്. അങ്ങിനെ വൈദ്യുതി വിഛേദിക്കപ്പെട്ട വീടുകളില്‍ ആപ്പ് നേതാക്കള്‍ നേരിട്ടെത്തി വൈദ്യുതി പുനസ്ഥാപിച്ചു നല്‍കി.

തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പറ്റിയ നേതാക്കള്‍ ഇവരാണെന്ന് തിരിച്ചറിഞ്ഞ ഡല്‍ഹിയിലെ മധ്യവര്‍ഗവും ചേരി നിവാസികളും ന്യൂനപക്ഷവും ഒറ്റക്കെട്ടായി ആം ആദ്മി പാര്‍ട്ടിക്കൊപ്പം നിന്നു. കെജ്രിവാളിന്റെ ആശയങ്ങള്‍ വ്യാപകമായി മധ്യ വര്‍ഗ്ഗത്തിനിന്റെയും ന്യുനപക്ഷങ്ങളുടെയും നെഞ്ചില്‍ തുളച്ചുകയറി. അഴിമതിക്കെതിരെ പോരാടിയ പാര്‍ട്ടിയെ തകര്‍ത്തത് അഴിമതി തന്നെയാണ. മദ്യനയ അഴിമതിയില്‍ അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ കിടന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു. ഇതോടെ ആം ആദ്മി വിപ്ലവത്തിന് അന്ത്യമാകുകയാണ്.

27 വര്‍ഷത്തിനു ശേഷം ബി.ജെ.പിക്ക് വീണ്ടും അധികാരം നല്‍കി 'ഡബിള്‍ എന്‍ജിന്‍' സര്‍ക്കാറിന് ഡല്‍ഹി ജനത വഴിയൊരുക്കിയിരിക്കുകയാണ്. നിലവിലെ രാഷ്ട്രീയ അപചയങ്ങള്‍ക്ക് പരിഹാരമെന്ന നിലയില്‍ ഒരു വ്യാഴവട്ടം മുമ്പ് അരവിന്ദ് കെജ്രിവാളും സംഘവും തുടങ്ങിവെച്ച രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാവി പോലും ചോദ്യം ചെയ്യപ്പെടുന്നതാകും ഈ തെരഞ്ഞെടുപ്പ് ഫലം.

അണ്ണാ ഹസാരെ മുന്നില്‍നിന്ന് നയിച്ച അഴിമതിവിരുദ്ധ പ്രസ്ഥാനത്തില്‍നിന്നാണ് കെജ്രിവാളിന്റെ പോളിറ്റിക്കല്‍ 'സ്റ്റാര്‍ട്ടപ്പാ'യ എ.എ.പി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പിറന്നുവീണത്. 2013ല്‍ കോണ്‍ഗ്രസിനൊപ്പം സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരിച്ച് കെജ്രിവാള്‍ ഇന്ദ്രപ്രസ്ഥത്തിലെ പുതിയ രാജാവായി. സഖ്യകക്ഷി സര്‍ക്കാറിന് ആയുസ്സ് ഏറെയുണ്ടായിരുന്നില്ല. 49 ദിവസം മാത്രമാണ് സര്‍ക്കാര്‍ നിലനിന്നത്. കോണ്‍ഗ്രസുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ കെജ്രിവാള്‍ രാജിവെച്ചു. 2015ല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. അത്തവണത്തെ ജനവിധിയില്‍ കോണ്‍ഗ്രസിനെയും തൊട്ടുമുമ്പത്തെ വര്‍ഷം നടന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയ ബി.ജെ.പിയെയും നിഷ്പ്രഭമാക്കി കെജ്രിവാള്‍ അധികാര കസേരയില്‍ ഇരിപ്പുറപ്പിച്ചു.

വൈദ്യുതി, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, സ്ത്രീസുരക്ഷ തുടങ്ങിയ അടിസ്ഥാന മേഖലകളില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന വാഗ്ദാനത്തോടെ അധികാരത്തില്‍ വന്ന എ.എ.പി, തങ്ങളുടെ വാക്ക് അക്ഷരം പ്രതി പാലിക്കുന്ന കാഴ്ചക്കാണ് അടുത്ത അഞ്ച് വര്‍ഷം ഡല്‍ഹി സാക്ഷ്യം വഹിച്ചത്. അഴിമതിമുക്ത ഭരണം സ്വപ്നംകണ്ട ഡല്‍ഹി ജനതക്ക് എ.എ.പി സമ്മാനിച്ചത് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തന്നെയാണ്. തുടക്ക കാലത്ത് പാര്‍ട്ടിയിലേക്ക് വന്‍ തോതിലാണ് പുതിയ ആളുകളെത്തിയത്. വിദേശത്തെ ജോലികള്‍ പോലും ഉപേക്ഷിച്ച് കെജ്രിവാളിനെ പിന്തുണക്കാന്‍ ആളുകളെത്തി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനായതോടെ 2020ലെ തെരഞ്ഞെടുപ്പിലും 'സാധാരണക്കാരന്റെ പാര്‍ട്ടി' മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തുടര്‍ച്ച നേടി.

എന്നാല്‍, തുടര്‍ച്ചയായ രണ്ട് ഭരണകാലയളവ് പൂര്‍ത്തിയാക്കുമ്പോള്‍ ഡല്‍ഹി നേരിടുന്ന വെല്ലുവെളികള്‍ എ.എ.പിക്ക് പരിഹരിക്കാവുന്നതിലും അപ്പുറത്താണ്. വായുമലിനീകരണത്താല്‍ ശ്വാസം മുട്ടുന്ന രാജ്യതലസ്ഥാനത്ത് കുടിവെള്ള പ്രശ്‌നവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും രൂക്ഷം. ഈ പ്രശ്‌നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിനെ പഴിക്കുന്നതിനപ്പുറത്ത് ക്രിയാത്മക നടപടികള്‍ എന്തെങ്കിലും സ്വീകരിക്കാന്‍ എ.എ.പി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബി.ജെ.പിക്ക് പുറമെ, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായിരുന്ന കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിക്കുന്ന കെജ്രിവാളിനെയാണ് കണ്ടത്.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണം എ.എ.പിക്ക് ഇടക്കാലത്ത് തിരിച്ചടിയായി. കേസില്‍ പാര്‍ട്ടിയിലെ ആരെങ്കിലും കുറ്റക്കാരാണെന്ന് തെളിയിക്കാനായില്ലെങ്കിലും, കെജ്രിവാള്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെല്ലാം ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. അഴിമതിക്കെതിരായ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്നുവന്ന പാര്‍ട്ടിയെ, അഴിമതിയുടെ പേരില്‍ പ്രതിക്കൂട്ടിലാക്കാന്‍ ബി.ജെ.പിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും കഴിഞ്ഞു. ജയിലില്‍നിന്ന് പുറത്തിറങ്ങിയ കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം അതിഷി മര്‍ലേനക്ക് കൈമാറി താനൊരു അധികാരമോഹിയല്ലെന്ന സന്ദേശം ഡല്‍ഹിക്ക് നല്‍കി.

എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുറത്തിറക്കിയ പ്രകടനപത്രികയിലെ പല വാഗ്ദാനങ്ങളും മുഖ്യ എതിരാളികളായ ബി.ജെ.പിയുടേതിന് സമാനമായിരുന്നു. ഹിന്ദു, സിഖ് പുരോഹിതര്‍ക്ക് ശമ്പളം, പിന്നാക്ക ജാതിക്കാരായ വിദ്യാര്‍ഥികള്‍ക്ക് വിദേശ വിദ്യാഭ്യാസം, ഡല്‍ഹിയില്‍ മുച്ചക്ര വാഹനം ഓടിക്കുന്നവരുടെ പെണ്‍മക്കള്‍ക്ക് വിവാഹസഹായം, സ്ത്രീകള്‍ക്ക് പ്രതിമാസം നല്‍കുന്ന ധനസഹായത്തിലെ വര്‍ധന എന്നിങ്ങനെ പോയി ഇചത്. ഇതോടെ ഇതിലും വലിയ വാഗ്ദാനങ്ങളുമായെത്തിയ ബി.ജെ.പി രംഗത്തുവന്നതോടെ എ.എ.പി പിന്നിലായി.

ന്യൂനപക്ഷ, പിന്നാക്ക വോട്ടുകള്‍ എ.എ.പിക്കും കോണ്‍ഗ്രസിനുമിടയില്‍ ഭിന്നിച്ചപ്പോള്‍ അതും രാജ്യതലസ്ഥാനത്ത് ഭരണത്തിലെത്താനുള്ള ബി.ജെ.പിയുടെ ഏറെക്കാലത്തെ മോഹങ്ങള്‍ക്ക് പുവണിഞ്ഞു. ആദ്യതവണ അധികാരത്തില്‍ എത്തിയതിനു പിന്നാലെതന്നെ ഡല്‍ഹിക്ക് പുറത്തേക്ക് പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള നീക്കം എ.എ.പി ആരംഭിച്ചിരുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊടുവില്‍ 2022ല്‍ കോണ്‍ഗ്രസിനെ പുറത്താക്കി പഞ്ചാബ് പിടിക്കാന്‍ എ.എ.പിക്ക് കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 92 സീറ്റുകളില്‍ ജയിച്ചുകയറിയ എ.എ.പി കോണ്‍ഗ്രസിനെ 18 സീറ്റിലൊതുക്കി. ഇപ്പോള്‍ ആം ആദ്മി പതനത്തില്‍ നിന്നും കയറുമോ എന്നാണ് അറിയേണ്ടത്. ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരിക്കുന്നത് ആം ആദ്മിയാണ്. ഇപ്പോഴത്തെ ഭരണമാറ്റത്തോട ഈ ഭരണവും നഷ്ടമാകാനുള്ള സാധ്യത കൂടുതലാണ്.