- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാളിനെ വീഴ്ത്തി ഡല്‍ഹി ബിജെപി പിടിക്കുമ്പോള്‍ ചിരിക്കുന്നത് കോണ്‍ഗ്രസ്! ഒഴിയുന്നത് പഞ്ചാബിലേയും ഹരിയാനയിലേയും ചണ്ഡിഗഡിലേയും ആപ്പ്; ഡല്‍ഹി മോഡല്‍ പൊളിയുമ്പോള്‍ കെജ്രിവാളിന്റെ പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തരാകും; ഇനി ആ വോട്ടുകളെല്ലാം കോണ്‍ഗ്രസിനോ? ആംആദ്മിയെ രാഹുലും പ്രിയങ്കയും കൈവിട്ട രാഷ്ട്രീയം ഇങ്ങനെ
ന്യൂഡല്‍ഹി: എന്തുകൊണ്ട് കോണ്‍ഗ്രസും ആംആദ്മിയും ഒരുമിച്ച് മത്സരിച്ചില്ലെന്നതാണ് ഉയരുന്ന ചോദ്യം. ഡല്‍ഹിയില്‍ ഈ രണ്ടു പാര്‍ട്ടിയും ഒരുമിച്ചിരുന്നുവെങ്കില്‍ ബിജെപി തോല്‍ക്കുമായിരുന്നുവെന്ന വിലയിരുത്തല്‍ ശക്തം. എന്നാല്‍ അതിന് കോണ്‍ഗ്രസ് ഒരിക്കലും താല്‍പ്പര്യം കാട്ടിയില്ല. ഇതിനൊപ്പം മദ്യനയത്തിലെ അഴിമതി അടക്കം ചര്‍ച്ചയാക്കി അരവിന്ദ് കെജ്രിവാളിനേയും ആംആദ്മിയേയും കടന്നാക്രമിക്കുകയും ചെയ്തു. അങ്ങനെ ബിജെപി അധികാരം ഉറപ്പിച്ചു. ഇതോടെ കോണ്‍ഗ്രസിനെതിരെയായി കടന്നാക്രമണങ്ങള്‍. ഇന്‍ഡ്യാ സഖ്യത്തിലെ പലരും വിമര്‍ശിക്കുന്നു. പക്ഷേ ഇത് കോണ്‍ഗ്രസിന് ഗുണമേ ചെയ്യൂവെന്ന് കരുതുന്നവരുണ്ട്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് വലിയ കരുത്തില്ല. ആംആദ്മി ഭരിക്കുമ്പോഴും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ മൂന്ന് തവണയും ബിജെപി തൂത്തു വാരി. ഏഴില്‍ ഏഴു സീറ്റിലും ജയിക്കുന്നത് ബിജെപി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മിയുമായി സഖ്യത്തില്‍ മത്സരിച്ചിട്ടും ഗുണമുണ്ടായില്ല. അതുകൊണ്ട് തന്നെ ഡല്‍ഹിയില്‍ എങ്ങനെ നിന്നാലും കോണ്‍ഗ്രസിന് വലിയ നേട്ടങ്ങളില്ല. ബിജെപി തോറ്റാല്‍ അതിന്റെ നേട്ടം ആംആദ്മി കൊണ്ടു പോകും. എന്നാല്‍ ആംആദ്മി തോറ്റതോടെ തൊട്ടടുത്തുള്ള മേഖലകളില്‍ നേട്ടം കോണ്‍ഗ്രസിനാകും. ഭാവിയില്‍ ഡല്‍ഹിയിലെ ബിജെപി വിരുദ്ധ വോട്ടകുള്‍ കോണ്‍ഗ്രസിന് മാത്രമായി കിട്ടാനും സാധ്യതയുണ്ട്. അരവിന്ദ് കെജ്രിവാള്‍ തന്നെ തോറ്റതോടെ ആംആദ്മിയുടെ പ്രസക്തി ഡല്‍ഹിയില്‍ കുറയാന്‍ തന്നെയാണ് സാധ്യത.
പഞ്ചാബില്‍ ആംആദ്മി ഭരണമാണ്. ഇവിടെ പ്രധാന പ്രതിപക്ഷം കോണ്‍ഗ്രസാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ തെളിയുകയും ചെയ്തു. ഡല്‍ഹിയിലെ ആംആദ്മിയുടെ തോല്‍വി പഞ്ചാബിലും പ്രതിഫലിക്കും. ആംആദ്മിയുടെ ഗ്ലാമര്‍ കുറയുമ്പോള്‍ പഞ്ചാബില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് കയറാമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പഞ്ചാബില്‍ ശിരോമണി അകാലിദള്ളിനോ ബിജെപിക്കോ വലിയ കരുത്തില്ല. ഈ സാഹചര്യത്തില്‍ ആംആദ്മിയില്‍ നിന്നും ഭരണം തിരിച്ചു പിടിക്കുക കോണ്‍ഗ്രസിന് ഇനി വലിയ പ്രതിസന്ധിയാകില്ല. അതേ സമയം ഡല്‍ഹിയില്‍ വീണ്ടും ആംആദ്മി വന്നാല്‍ പഞ്ചാബിലും ആംആദ്മിയുടെ തുടര്‍ഭരണത്തിന് സാധ്യത കൂടുമായിരുന്നു. ഡല്‍ഹിയിലെ തോല്‍വിയോടെ പഞ്ചാബില്‍ ആംആദ്മിയെ തകര്‍ക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഡല്‍ഹിയിലും പഞ്ചാബിലും ഭരണമുണ്ടെന്ന വാദവുമായി ബിജെപി വിരുദ്ധ മുന്നണിയില്‍ കൂടുതല്‍ വിലപേശല്‍ ശക്തിയായി മാറാന്‍ ആംആദ്മി ശ്രമിക്കാറുണ്ട്. ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണം കിട്ടാത്തതിന് കാരണവും ആംആദ്മിയുടെ സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടാണ്. പഞ്ചാബിനൊപ്പം ഹരിയാനയിലും ചണ്ഡിഗഡിലും ആംആദ്മിയ്ക്ക് സ്വാധീനമുണ്ട്. ചണ്ഡിഗഡിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ആംആദ്മിക്കൊപ്പം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടിയും വന്നു. രണ്ടാഴ്ച മുമ്പുള്ള ആ തിരഞ്ഞെടുപ്പില്‍ ജയിച്ചത് ബിജെപിയാണ്.
കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലും കോണ്‍ഗ്രസിന് മുകളിലാണ് ആംആദ്മിയുടെ ശക്തി. ഇവിടെ ആംആദ്മിയ്ക്ക് 13 കൗണ്‍സിലര്‍മാരുണ്ട്. കോണ്‍ഗ്രസിന് ആറും. ഇവിടേയും ഇനി ആംആദ്മി തകരുമെന്നും ബിജെപി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമെന്നും ഹൈക്കമാണ്ട് വിലയിരുത്തുന്നു. ഹരിയാനയിലും ആംആദ്മി ശക്തി കേന്ദ്രങ്ങളുണ്ട്. അതും പൊളിഞ്ഞു വീഴുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ബിജെപി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്നും തട്ടിയെടുക്കുന്ന ഒരു രാഷ്ട്രീയ ശക്തിയായി പലപ്പോഴും ആംആദ്മി മാറിയിരുന്നു. ആ സാധ്യതകള്‍ എല്ലാം ഡല്‍ഹിയിലെ ഫലം അടയ്ക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഇതു മനസ്സില്‍ വച്ചാണ് ഡല്‍ഹിയില്‍ ആംആദ്മിക്കെതിരായ നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും സൂചനയുണ്ട്. ബിജെപി വിരുദ്ധ വോട്ടുകളുടെ സമാഹരണം കോണ്‍ഗ്രസിലേക്ക് വന്നാല്‍ മാത്രമേ മോദി സര്‍ക്കാരിനെ തളര്‍ത്താന്‍ കഴിയൂവെന്നാണ് കോണ്‍ഗ്രസ് ബുദ്ധി കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. യുപിയിലും മറ്റും കോണ്‍ഗ്രസിന് വലിയ ശക്തിയായി മാറാന്‍ പരിമിതികളുണ്ട്. അതുകൊണ്ട് തന്നെ ഡല്‍ഹിയും കേരളവും പഞ്ചാബും പോലുളള സംസ്ഥാനങ്ങളില്‍ പ്രധാന രാഷ്ട്രീയ കക്ഷിയായി നിലനിന്നേ മതിയാകൂ. ഇതിന് ഡല്‍ഹിയിലെ ആംആദ്മി പരാജയം കരുത്താകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. കേരളത്തില്‍ പോലും കോണ്‍ഗ്രസ് വോട്ടുകളെ സ്വാധീനിക്കുന്ന ചെറിയ ശക്തിയായി ആംആദ്മി മാറാനുള്ള സാധ്യതയുണ്ടായിരുന്നു. ഡല്‍ഹിയിലെ തോല്‍വിയോടെ ആംആദ്മിയുടെ ഇമേജ് ഇടിഞ്ഞു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ പോലും ആംആദ്മി സ്‌കോപ്പ് അടയുകയാണ്.
മുഖ്യമന്ത്രിയായി നാലാം തവണയും അധികാരത്തിലെത്തുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രതീക്ഷിച്ച അരവിന്ദ് കെജരിവാള്‍ പോലും തോറ്റു. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും എംഎല്‍എയായില്ല. കോണ്‍ഗ്രസും ഇതില്‍ പ്രധാന പങ്കുവഹിച്ചിരിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വോട്ട് തന്നെയാണ് ഇവിടെ എല്ലാം ബിജെപി വിജയം അനായാസമാക്കിയത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റിലും ജയിക്കാത്ത കോണ്‍ഗ്രസ് ഇക്കുറി എല്ലാ സീറ്റിലും സജീവമായി മത്സരിക്കുന്നത് ബിജെപിക്ക് ഗുണമാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. എഎപിയെയും അരവിന്ദ് കെജരിവാളിനെയും കടന്നാക്രമിച്ചാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണം നടത്തിയത്. ന്യൂനപക്ഷദളിത് വോട്ടുകളില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തീവ്രശ്രമം. അരവിന്ദ് കെജരിവാളിനെ തോല്‍പ്പിക്കാന്‍ ഡല്‍ഹിയില്‍ മോദിയേക്കാള്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമായിരുന്നു മുന്നില്‍ നിന്നത് എന്നതായിരുന്നു സത്യം. 2015 മുതല്‍ സംസ്ഥാനം ഭരിക്കുന്ന എഎപിയെ പലതരത്തിലും വീര്‍പ്പുമുട്ടിച്ചിരുന്ന കേന്ദ്ര ബിജെപി പലവിധ ഗൂഢരാഷ്ട്രീയ നീക്കങ്ങളും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയിരുന്നു. അതിനൊപ്പം കോണ്‍ഗ്രസും എഎപിക്കെതിരെ തിരിഞ്ഞതോടെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കനുകൂലമായി മാറുകയായിരുന്നു. ഇതു കാരണം കോണ്‍ഗ്രസിന് സീറ്റൊന്നും കിട്ടിയില്ല. പക്ഷേ ദേശീയ രാഷ്ട്രീയത്തില്‍ നിന്നും ആംആദ്മി സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
31 സീറ്റുകള്‍ 2013 ല്‍ നേടിയ ബിജെപിക്ക് ഡല്‍ഹിയില്‍ അധികാരത്തിലെത്താനായിരുന്നില്ല. കേവല ഭൂരിപക്ഷത്തിന് നാല് സീറ്റ് മാത്രം അകലയായിരുന്നെങ്കിലും കോണ്‍ഗ്രസ് പിന്തുണയോടെ 28 സീറ്റ് നേടിയ ആപ്പ് കോണ്‍ഗ്രസിന്റെ എട്ട് സീറ്റും ചേര്‍ത്ത് അധികാരത്തില്‍ വരികയായിരുന്നു. അതിന് മുമ്പ് ഷീലാ ദീക്ഷിത്തായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി. മൂന്ന് തവണ തുടര്‍ച്ചയായി ഷീലാ ദീക്ഷിത് ഡല്‍ഹി ഭരിച്ചു. അതിന് ശേഷം ആംആദ്മിയുമായി കോണ്‍ഗ്രസ് കൈകോര്‍ത്ത് കെജ്രിവാളിനെ ആദ്യമായി മുഖ്യമന്ത്രിയാക്കിയപ്പോള്‍ ബിജെപിയെ പുറത്താക്കാനുള്ള രാഷ്ട്രീയ നീക്കമെന്നത് പ്രകീര്‍ത്തിക്കപ്പെട്ടു. 49 ദിവസം മാത്രം അധികാരത്തിലിരുന്ന ആംആദ്മി ലോക്പാല്‍ ബില്‍ അവതരിപ്പിച്ച് പാസാക്കാനാകാത്തതിനാല്‍ രാജിവെയ്ക്കുകയായിരുന്നു. എന്നാല്‍, ആ രാജിവെയ്ക്കലിന്റെ പ്രതിഫലനം ചെറുതായിരുന്നില്ല. 2015 ലെ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റ് ആപ്പ് നേടി. ബിജെപി മൂന്ന് സീറ്റില്‍ ജയിച്ചു. കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും വിജയിക്കാത്ത തെരഞ്ഞെടുപ്പായിരുന്നു അത്. 2020 ലും 70 ല്‍ 62 സീറ്റ് നേടി ആംആദ്മി തങ്ങളുടെ ജൈത്രയാത്ര തുടരുകയായിരുന്നു. ബിജെപി എന്നാല്‍ 2015 ലെ മൂന്ന് സീറ്റില്‍ നിന്നും എട്ടിലേക്കെത്തിയിരുന്നു .അപ്പോഴും കോണ്‍ഗ്രസ് പൂജ്യത്തില്‍ ഒതുങ്ങി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ വലിയ നേട്ടമൊന്നും ഇത്തവണയും പ്രതീക്ഷിച്ചില്ല. എന്നിട്ടും ആംആദ്മിയുമായി അവര്‍ കൂട്ടു ചേര്‍ന്നില്ല. കാരണം അവര്‍ തോല്‍ക്കട്ടേ എന്ന രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായിരുന്നു അതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
2013ല്‍ തൂക്കുസഭ ഉണ്ടാകുമെന്നും 2015 ലും 2020 ലും വളരെ കടുത്ത മത്സരങ്ങള്‍ എഎപിയ്ക്ക് നേരിടേണ്ടി വരുമെന്നായിരുന്നു എക്‌സിറ്റ് ഫലം. എന്നാല്‍ ഈ തെരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയില്‍ ആം ആദ്മി തൂത്തുവാരുകയായിരുന്നു. പക്ഷേ അഴിമതി ആരോപണങ്ങള്‍ ആംആദ്മിയെ തളര്‍ത്തി. മദ്യനയ അഴിമതി പൊതു സമൂഹത്തില്‍ ആദ്യം ചര്‍ച്ചയാക്കിയതും കോണ്‍ഗ്രസായിരുന്നു. എങ്ങനേയും ആംആദ്മിയെ തകര്‍ക്കണമെന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിലും. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം സംബന്ധിച്ച ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി നല്‍കുന്നതും അമ്പരപ്പിക്കുന്ന രാഷ്ട്രീയ സന്ദേശം തന്നെയാണ്. തിരഞ്ഞെടുപ്പ് ഫലം ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും പറയാന്‍ സമയമായിട്ടില്ലെന്നും പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു. വയനാട് സന്ദര്‍ശനത്തിനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളില്‍ പങ്കെടുക്കാനാണ് പ്രിയങ്ക വയനാട്ടിലെത്തിയത്. ഡല്‍ഹിയില്‍ നിന്നും മാറി നില്‍ക്കുകായണ് ഇതിന്റെ ലക്ഷ്യമെന്നും വിലയിരുത്തലുണ്ട്. 27 വര്‍ഷത്തിന് ശേഷമാണ് ബിജെപി രാജ്യതലസ്ഥാനത്ത് അധികാരത്തിലെത്തുന്നത്.