- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉരുളക്കുപ്പേരി മറുപടികള്‍ നല്കി പിണറായിയുടെ വായടപ്പിക്കുന്ന സതീശന് മുഖ്യശത്രു; തദ്ദേശത്തിലെ യുഡിഎഫിന്റെ പിഴയ്ക്കാത്ത തന്ത്രങ്ങളുടെ സൂത്രധാരനെ അരിഞ്ഞു വീഴ്ത്താന്‍ സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കം; സമുദായ നേതാക്കളെ ഒപ്പം നിര്‍ത്തിയുള്ള പ്രഹരത്തിന് പിന്നില്‍ സിപിഎം നീക്കം; സതീശനെ പറവൂരില്‍ തളയ്ക്കാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ഥിയെയും തേടുന്നു; പ്രതിപക്ഷ നേതാവിനെ പിന്തുണയ്ക്കാത്ത നേതാക്കളുടെ മൗനവും ചര്‍ച്ചകളില്‍
ഉരുളക്കുപ്പേരി മറുപടികള്‍ നല്കി പിണറായിയുടെ വായടപ്പിക്കുന്ന സതീശന് മുഖ്യശത്രു

തിരുവനന്തപുരം: സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ചാല്‍ അയാളെ സ്‌കെച്ച് ചെയ്ത് പൂട്ടുന്ന ശൈലി കാലങ്ങളായി സിപിഎം പിന്തുടരുന്നതാണ്. പിണറായിക്കെതിരെ കത്തിയറിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ പെണ്ണുകേസില്‍ കുടുക്കിയതിന് പിന്നിലും രാഷ്ട്രീയ പകപോക്കല്‍ വ്യക്തമാണ്. തദ്ദേശ തിരഞ്ഞെടുപ്പോടെ സിപിഎമ്മിന് ഒരുകാര്യം വ്യക്തമായി. വി ഡി സതീശനെ പൂട്ടിയില്ലെങ്കില്‍ തുടര്‍ഭരണം മോഹം അസ്ഥാനത്താകും. ഇതോടെ പാര്‍ട്ടിയും പിണറായി വൃന്ദങ്ങളും സതീശനെ പൂട്ടാനുള്ള വഴികള്‍ തേടി തുടങ്ങി. ഈ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് എന്‍എസ്എസ്-എസ്എന്‍ഡിപി നേതാക്കള്‍ ഒരുമിച്ചു സതീശന ആക്രമിച്ചതിലൂടെ വ്യക്തമാകുന്നത്. ശബരിമലയിലെ അയ്യപ്പ സംഗമത്തില്‍ സര്‍ക്കാറിന് കൊടുത്തവരാണ് വെളളാപ്പള്ളിയും സുകുമാരന്‍ നായരും. ഈ പശ്ചാത്തലത്തില്‍ അവര്‍ വീണ്ടും സര്‍ക്കാര്‍ അനുകൂല നിലപാടുമായി രംഗത്തുവരുമ്പോള്‍ കരുതലോടെ നീങ്ങാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പറവൂരില്‍ത്തന്നെ പൂട്ടണമെന്നത് സിപിഎം നിശ്ചയിച്ചിട്ടുള്ള ലക്ഷ്യമാണ്. ഇതിനായി ശക്തനായ സ്ഥാനാര്‍ഥിയെ കളത്തിലിറക്കാനാണ് എല്‍ഡിഎഫ് നീക്കം. സിപിഐ മത്സരിക്കുന്ന സീറ്റ് സിപിഎം ഏറ്റെടുക്കുന്നത് അടക്കം ചര്‍ച്ചകളിലുള്ള വിഷയമാണ്. വിഎസ് സുനില്‍കുമാറിനെ വരെ കളത്തിലിറക്കാനും അല്ലാത്തപക്ഷം സ്വതന്ത്രനെ നിര്‍ത്താനുമാണ് ആലോചനകള്‍ നടക്കുന്നത്.
ന്യൂനപക്ഷസമുദായങ്ങള്‍ ഇടതുപക്ഷത്തിന് എതിരാകുന്നെന്ന സൂചന തദ്ദേശതിരഞ്ഞെടുപ്പ് ഫലം നല്‍കുന്നുണ്ട്. അതിനെ മറികടക്കാന്‍ രണ്ട് ഹൈന്ദവ സമുദായ സംഘടനകള്‍ ഇടതുപക്ഷത്തിന് ഓരം ചേര്‍ന്നുനില്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞെന്നതാണ് എന്‍എസ്എസ്-എസ്എന്‍ഡിപി ഒന്നിച്ചുനീങ്ങലിന്റെ പ്രാധാന്യം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വി.ഡി. സതീശന്റെ മുഖ്യമന്ത്രിസ്ഥാനം ചോദ്യംചെയ്യപ്പെടുന്ന ഒന്നാകണമെന്ന നീട്ടിയെറിയലും ഈ ഐക്യപ്പെടലിന് പിന്നിലുണ്ട്. രമേശ് ചെന്നിത്തലയടക്കം മറ്റുനേതാക്കള്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് സുകുമാരന്‍നായരും വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചത് എന്നത് കോണ്‍ഗ്രസിനുള്ളിലേക്കുകൂടി തീപടര്‍ത്തുന്നതാണ്.
സതീശന്റെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്ന വികാരത്തിലാണ് ഈ നേതാക്കളുടെ പ്രതികരണങ്ങള്‍. വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ സതീശന്‍ അതിരുവിട്ടു എന്ന വിമര്‍ശനം ഉള്ളവര്‍ കോണ്‍ഗ്രസിലുണ്ട്. മുഖ്യമന്ത്രിയുടെ വാഹനത്തില്‍ കയറിയതിന്റെ പേരില്‍ വെള്ളാപ്പള്ളിയെ തുടര്‍ച്ചയായി കുറ്റപ്പെടുത്തിയത് നന്നായില്ലെന്നാണ് പൊതുവിലയിരുത്തല്‍. അതുകൊണ്ട് കൂടിയാണ് ഈ വിഷയത്തില്‍ സതീശനെ മുതിര്‍ന്ന നേതാക്കളാരും പിന്തുണയ്ക്കാന്‍ തയ്യാറാകാതെ വന്നതും.
ഇടതുപക്ഷത്തിനൊപ്പം നിന്നിരുന്ന പറവൂരിനെ യുഡിഎഫിലേക്ക് എത്തിച്ചത് സതീശനാണ്. 1996-ല്‍ കന്നിയങ്കത്തിന് ഇറങ്ങിയപ്പോള്‍ തോല്‍വിയായിരുന്നു ഫലം. പക്ഷേ, 2001 മുതല്‍ തുടര്‍ച്ചയായി ആ മണ്ഡലം സതീശനൊപ്പം നിന്നു. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ വാക്കിന് മൂര്‍ച്ചയും പോരിന് തെളിച്ചവുമായാണ് ഇത്തവണ സതീശന്റെ നില്‍പ്പ്. പറവൂരില്‍ സിപിഐ ആണ് മത്സരിക്കുന്നത്. അത് ഏറ്റെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. നടന്നില്ലെങ്കില്‍ പൊതുസ്വതന്ത്രനെയെങ്കിലും നിര്‍ത്തണമെന്ന ആവശ്യം സിപിഐയ്ക്ക് മുന്‍പില്‍ വെക്കാനൊരുങ്ങുകയാണ്.
ബിഡിജെഎസ് രൂപവത്കരണഘട്ടത്തില്‍ നായാടിമുതല്‍ നമ്പൂതിരിവരെയുള്ള ഐക്യമാണ് വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. എന്നാല്‍, വൈകാതെ എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം തകര്‍ന്നു. ഇപ്പോള്‍ നായാടി മുതല്‍ നസ്രാണിവരെയുള്ള ഐക്യമാണ് വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം. അത് എന്‍എസ്എസ് ഏറ്റുപിടിച്ചില്ലെങ്കിലും എസ്എന്‍ഡിപിയുമായുള്ള ഐക്യപ്പെടല്‍ സുകുമാരന്‍നായരും ഉറപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെ ചേര്‍ത്തുപിടിച്ചുള്ള ഇരുസമുദായ നേതാക്കളുടെയും നീക്കം ഫലത്തില്‍ ഇടതുപക്ഷത്തേക്ക് സമുദായാംഗങ്ങളെ ആകര്‍ഷിക്കാനുള്ളതുകൂടിയാണ്. ഭൂരിപക്ഷവും ഈഴവ-നായര്‍ വോട്ടുകളാണ് പറവൂരില്‍. ഭരണം കിട്ടുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ശീതസമരം ഊറിക്കൂടാനും വഴിവെച്ചിട്ടുണ്ട്. സമുദായനേതാക്കള്‍ സതീശനെതിരേ തിരിഞ്ഞപ്പോള്‍, സതീശനെ പരസ്യമായി കുറ്റപ്പെടുത്തുന്നില്ലെങ്കിലും പിന്തുണയ്ക്കാനും നേതാക്കള്‍ തയ്യാറായിട്ടില്ല.
സതീശന്റെ സോഷ്യല്‍എന്‍ജിനീയറിങ്ങില്‍ പിഴവുപറ്റുന്നെന്ന രഹസ്യകുറ്റപ്പെടുത്തലിന് നേതാക്കള്‍ മുതിരുന്നുണ്ട്. ഈ നിയമസഭാ തിരഞ്ഞെടുപ്പും പറവൂരിലെ വിധിയെഴുത്തും സതീശന് മാത്രമല്ല, സമുദായസംഘടനാനേതാക്കളുടെ 'വിപ്പു'കള്‍ക്ക് അണികള്‍ നല്‍കുന്ന മൂല്യം എത്രയാണെന്ന് അവരെ ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ക്കൂടി നിര്‍ണായകമാകും. കോണ്‍ഗ്രസിന് അതൊരു പാഠവുമാകും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ നില്‍ക്കവേ എസ് എന്‍ ഡി പിയേയും എന്‍ എസ് എസിനേയും കൂടുതല്‍ പിണക്കരുതെന്നാണ് കെപിസിസിയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാണ്ട് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സമുദായ നേതാക്കള്‍ക്കെതിരായ നിലപാടുകള്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളും കരുതലോടെ മാത്രമേ പരസ്യമായി പ്രകടമാക്കൂ.
മുസ്ലീം വിഭാഗത്തിന് പൂര്‍ണ്ണമായും വിധേയപ്പെടുന്നുവെന്ന ആക്ഷേപം നേരത്തെ തന്നെ കോണ്‍ഗ്രസിനും യുഡിഎഫിനുമെതിരെയുണ്ട്. സമാനരീതിയിലുള്ള കോണ്‍ഗ്രസിനെതിരായ ബിജെപിയുടെ ആക്ഷേപം ഇപ്പോള്‍ സിപിഎമ്മും ഏറ്റെടുത്തിരിക്കുകയാണ്. സിപിഎം നേതാവ് എകെ ബാലന്റെ പ്രസ്താവന അതിലൊന്നാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ജമാഅത്ത ഇസ്ലാമി പോലുള്ള മുസ്സീം സംഘടനകള്‍ക്കായിരിക്കും അമിത സ്വാധീനമെന്ന നരീറ്റീവാണ് ബിജെപിയും സിപിഎമ്മും ഉയര്‍ത്തുന്ന പ്രധാന ആരോപണം. അതിന് പിന്തുണയ്ക്കുന്ന വിധമുള്ള പ്രസ്താവനകളാണ് എസ് എന്‍ഡിപി, എന്‍എസ്എസ് നേതൃത്വം നടത്തിയത്. ഈ സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് എഐസിസിയുടെ നിര്‍ദ്ദേശം.
വെള്ളാപ്പള്ളിക്കെതിരായ ആരോപണത്തിന്റെ മുന യുഡിഎഫ് നേതൃത്വം കൂര്‍പ്പിച്ചത് മുസ്ലീം പ്രീണനത്തിനാണെന്ന വിലയിരുത്തലാണ് ഇടതു ക്യാമ്പിന്റേത്. അത് തിരിച്ചറിഞ്ഞാണ് എകെ ബാലന്റെ പ്രസ്താവനെയെ മുഖ്യമന്ത്രി പിന്തുണച്ചത്. ബിജെപി കേരളത്തില്‍ ഭൂരിപക്ഷ- ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത് അമിത മുസ്ലീം പ്രീണനത്തിന്റെ ദൂഷ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. അത് ഒരു പരിധിവരെ ഈ വിഭാഗങ്ങളിളുടെ ഏകീകരണത്തിനും മുസ്ലീം വിരുദ്ധ ധ്രൂവീകരണത്തിനും കാരണമായി.അതേ മാതൃക പിന്തുടര്‍ന്ന് അത് പ്രയോജനപ്പെടുത്തി ഭൂരിപക്ഷ-ക്രൈസ്തവ വിഭാഗങ്ങളിലേക്ക് കൂടുതല്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയുമോയെന്നാണ് സിപിഎമ്മും ചിന്തിക്കുന്നത്.
കാലാകാലങ്ങളില്‍ ജമാഅത്ത ഇസ്ലാമി പോലുള്ള സംഘടനകളുമായി നിരന്തരമായി സഹകരിച്ച് പ്രവര്‍ത്തിച്ച സിപിഎം ഇപ്പോള്‍ അവര്‍ക്കെതിരായ നിലപാട് സ്വീകരിച്ചതും ഭൂരിപക്ഷ പ്രീണനത്തിന് വേണ്ടിയാണ്. അതേ സമയത്താണ് പ്രതിപക്ഷ നേതാവ് ഹൈന്ദവ സാമുദായിക നേതാവിനെതിരെ വിമര്‍ശനം കടുപ്പിച്ചത്. ഇത് തിരിച്ചടിയാകുമെന്നത് മത്സരിക്കാന്‍ നില്‍ക്കാന്‍ യുഡിഎഫ് നേതാക്കളില്‍ പലര്‍ക്കുമുണ്ട്. കെ മുരളീധരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സതീശന്റെ വെള്ളാപ്പള്ളി വിരുദ്ധ പ്രസംഗത്തോട് മൗനമാണ്. മിക്ക രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ക്കും കെപിസിസി ഭാരവാഹികള്‍ക്കും വെള്ളാപ്പള്ളി വിരുദ്ധ പ്രസ്താവനയെ സംബന്ധിച്ച് ആശങ്കയുണ്ട്.
വെള്ളാപ്പള്ളി നടേശന് ഒറ്റതിരിഞ്ഞ നിരന്തരം ആക്രമിക്കുന്ന സമീപനത്തെ ഈഴവ സമുദായം വൈകാരികമായാണ് കാണുമോ എന്നതാണ് ഭയം. കാന്തപുരം അബൂബക്കര്‍ മുസ്ലീയാരുടെ നേതൃത്വത്തില്‍ നടന്ന കേരളയാത്രയുടെ സമാപന വേദിയില്‍ പ്രതിപക്ഷ നേതാവ്, വെള്ളാപ്പള്ളി നടേശനെതിരായ ആക്ഷേപം വീണ്ടും ആവര്‍ത്തിച്ചത് ഉപയോഗപ്പെടുത്താനാണ് സിപിഎമ്മും ബിജെപിയുടെ നീക്കം. വെള്ളാപ്പള്ളിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ എന്‍എസ്എസ് നേതൃത്വം കൂടി രംഗത്ത് വന്നത് കോണ്‍ഗ്രസ്, യുഡിഎഫ് ക്യാമ്പ് ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് സമയത്ത് അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്. അണികളുടെ കൈയ്യടി നേടാന്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തിലൂടെ സ്വാധീച്ചെങ്കിലും ഭൂരിപക്ഷ, ക്രൈസ്തവ വിഭാഗം ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് ആശങ്കയുടെ ആധാരം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നില്‍ക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിത്വം ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ പ്രതിഷേധമുണ്ട്. യു. ഡി. എഫിന്റെ മുസ്ലിം ആഭിമുഖ്യ നിലപാട് ക്രൈസ്തവ സഭകള്‍ ആശങ്കയോടെയാണ് കാണുന്നത്. തങ്ങള്‍ നേരത്തേ പറഞ്ഞ ഈ നിലപാട് ഇപ്പോള്‍ ശരിയായില്ലേ എന്നാണ് ബി ജെ പി നേതാക്കള്‍ ക്രൈസ്തവ സഭാനേതാക്കളോട് ചോദിക്കുന്നത്.


