- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎല്‍എ സ്ഥാനവുമായി ബിജെപിയില്‍ ചേര്‍ന്ന സി സി മുകുന്ദന്‍; തുടര്‍ച്ചയായി രണ്ടുവട്ടം വൈക്കം എംഎല്‍എയായിരുന്ന കെ അജിത്തും കാവിക്കൊടി പിടിച്ചു; വര്‍ക്കലയില്‍ സിപിഎമ്മിന് ഷോക്ക് സമ്മാനിച്ചു അഡ്വ. സ്മിത സന്തോഷും ബിജെപിയില്‍; ഇടതില്‍ നിന്നും കോണ്‍ഗ്രസിലെ അതൃപ്തരും ബിജെപി പാളയത്തില്‍; കേരളത്തില്‍ ബിജെപിയോടുള്ള 'തൊട്ടുകൂടായ്മ' അതിവേഗം മാറുമ്പോള്‍
എംഎല്‍എ സ്ഥാനവുമായി ബിജെപിയില്‍ ചേര്‍ന്ന സി സി മുകുന്ദന്‍

തിരുവനന്തപുരം: കേരളാ നിയമസഭയില്‍ എംഎല്‍എയായ ശേഷം ആദ്യമായി ബിജെപിയില്‍ ചേര്‍ന്ന നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം ആയിരുന്നു. പിന്നീട്, എ പി അബ്ദുള്ളക്കുട്ടിയും സമാന വഴിയില്‍ ബിജെപിയിലേക്ക് ചേക്കേറി. ഇക്കാലത്ത് ഇവരുടെ മറുകണ്ടം ചാടല്‍ സംസ്ഥാനത്ത് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ബിജെപിയില്‍ ചേര്‍ന്നതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും ഇവര്‍ കേള്‍ക്കേണ്ടി വന്നു. എന്നാല്‍, കാലം മാറിയപ്പോള്‍ കഥയും മാറുകയാണ്. ബിജെപിയിലേക്ക് ചേക്കേറാന്‍ കേരളത്തിലെ നേതാക്കള്‍ക്കുള്ള വൈമനസ്യം മാറിയിട്ടുണ്ട്. ഈ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ഏറ്റവും പ്രകടമാകുന്നത് ബിജെപിയില്‍ രാഷ്ട്രീയ സ്വപ്‌നം കാണുന്ന നേതാക്കളുടെ എണ്ണം വര്‍ധിക്കുന്നു എന്നതാണ്.
കേരള രാഷ്ട്രീയത്തില്‍ കാലങ്ങളായി നിലനിന്നിരുന്ന ഇരുധ്രുവ രാഷ്ട്രീയത്തിന് വിള്ളലേല്‍പിച്ചുകൊണ്ടാണ് ഇക്കുറി പ്രമുഖ നേതാക്കള്‍ ബിജെപിയിയില്‍ ചേക്കേറിയത്. സംസ്ഥാനത്ത് ബിജെപിയോടുള്ള 'തൊട്ടുകൂടായ്മ' അതിവേഗം മാറുന്നതായാണ് ഈ ചേക്കേറലുകളെ രാഷ്ട്രീയ നിരീക്ഷകള്‍ വിലയിരുത്തുന്നത്. ഇടതുകോട്ടകളില്‍ വിള്ളലുണ്ടാക്കിയാണ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത്. സിപിഐയുടെയും സിപിഎമ്മിന്റെയും കരുത്തരായ നേതാക്കളുടെ ബിജെപി പ്രവേശനം ഇടതുമുന്നണിയെ ഞെട്ടിച്ചിരിക്കുകയാണ്.
ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാവരെയും ഞെട്ടിച്ചു മറുകണ്ടം ചാടിയത് ഇടതുപക്ഷത്തെ എംഎല്‍എയായിരുന്ന സിസി മുകുന്ദനാണ്. എംഎല്‍എ സ്ഥാനം രാജിവെക്കാതെയാണ് സിസി മുകുന്ദന്‍ ബിജെപിയില്‍ ചേര്‍ന്നത്. ഒരു ജനപ്രതിനിധി നേരിട്ട് പാര്‍ട്ടി വിടുന്നത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായി. വൈക്കം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ടുതവണ എംഎല്‍എയായിരുന്ന കെ. അജിത്തും കാവിക്കൊടി പിടിച്ചു. സി.പി.ഐയുടെ പാരമ്പര്യമുള്ള നേതാക്കളുടെ ഈ മാറ്റം സിപിഐ വരുംകാലങ്ങളില്‍ ശോഷിക്കുന്നതിന്റെ സൂചനയാണ്.
ഇക്കൂട്ടത്തില്‍ ഒടുവിലായി സിപിഎമ്മിനുണ്ടായ നഷ്ടം അഡ്വ. സ്മിത സന്തോഷിന്റെ മറുകണ്ടം ചാടലാണ്. വര്‍ക്കലയില്‍ സിപിഎമ്മിന് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് പ്രമുഖ അഭിഭാഷകയും പ്രാദേശിക നേതാവുമായ അഡ്വ. സ്മിത സന്തോഷ് ബിജെപിയിലെത്തിയത്. ബ്ലോക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും രാജി വെച്ചുകൊണ്ടാണ് സ്മിത ബിജെപിയില്‍ ചേര്‍ന്നത്. ഇവര്‍ക്ക വര്‍ക്കലയില്‍ സ്ഥാനാര്‍ഥിയായത് ബിജെപിയെ ഞെട്ടിച്ചിരിക്കയാണ്.
മുന്‍ എംല്‍എയായ എസ് രാജേന്ദ്രനും ബിജെപി പാളയത്തില്‍ എത്തിയിരുന്നു. ഇക്കുറി ദേവികുളം നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് അദ്ദേഹം. ഇതെല്ലാം സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്കു തുടരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. ഇത് മാത്രമല്ല, തിരുവനന്തപുരം മംഗലപുരം ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. സമാനമായ വിധത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സിപിഎം പ്രവര്‍ത്തര്‍ ബിജെപിയിലേക്ക് അനായാസം ചേക്കേറി. ഈ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഇനിയും മറുകണ്ടം ചാടാന്‍ തയ്യാറെടുത്തിരിക്കയണ് നിരവധിപ്രമുഖര്‍.
ഇടതുപക്ഷത്ത് നിന്ന് മാത്രമല്ല, കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിലും അവഗണനയിലും മനംമടുത്ത നേതാക്കളും ബിജെപിയെ തങ്ങളുടെ പുതിയ താവളമായി തിരഞ്ഞെടുക്കുകയാണ്. ദേശീയ തലത്തില്‍ ബിജെപി ഉയര്‍ത്തുന്ന വികസന രാഷ്ട്രീയവും നരേന്ദ്ര മോദി പ്രഭാവവുമാണ് ഇവരെ ആകര്‍ഷിക്കുന്നത്. ദളിത് കോണ്‍ഗ്രസ് നേതാവും മുന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന ബിഎസ് അനൂപ് ബിജെപിയില്‍ ചേര്‍ന്നു സ്ഥാനാര്‍ഥിയായിട്ടുണ്ട്. ചിറയിന്‍കീഴില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് അനൂപ്. അനൂപിനൊപ്പം യൂത്ത് കോണ്‍ഗ്രസ് നേതാവ് ആര്‍എസ് അരുണ്‍ രാജും ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. ഇതില്‍ അരുണ്‍ രാജ് ചടയമംഗലത്ത് ബിജെപി സ്ഥാനാര്‍ഥിയാണ്.
മഹിളാ കോണ്‍ഗ്രസ് നേതാവും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന രശ്മിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന അവര്‍ ഇത്തവണ കൊട്ടാരക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്. അനില്‍ ആന്റണ, ജി. രാമന്‍ നായര്‍, വയനാട് ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന പി എം സുധാകരന്‍, സി രഘുനാഥ്, ജെ. പ്രമീളാ ദേവി തുടങ്ങിയവാണ് കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും ബിജെപിയില്‍ എത്തിയവര്‍.
കെപിസിസി പ്രസിഡന്റും പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി വി ജോസഫ് ബിജെപിയില്‍ ചേര്‍ന്നതും അടുത്തിടെയാണ്. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും നല്‍കുന്ന വലിയ മുന്നറിയിപ്പാണ്. ബിജെപിയില്‍ ചേരാന്‍ വൈമുഖ്യമുള്ളവര്‍ക്ക് ട്വന്റി 20യില്‍ ചേരാനും ബിജെപി അവസരം ഒരുക്കുന്നുണ്ട്. ഇതെല്ലാം ഭാവി ലക്ഷ്യമിട്ടുള്ള ബിജെപിയുടെ പ്രയത്ന്നത്തിന് തെളിവാണ്. ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ടു കൊണ്ട് ബിജെപി ശ്രമം ശക്തമാക്കിയത് രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായതിന് ശേഷമാണ്. ഈ പരീക്ഷണം വരും നാളുകളില്‍ തുടരും. ഈ നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം ടേണിംഗ് പോയിന്റായി മാറുമെന്നാണ് വിലയിരുത്തല്‍.


