തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മില്‍ 'പിണറായിസം' അതിരുവിടുന്നുവെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയാണ് സിപിഎമ്മിലെ നമ്പര്‍ വണ്‍. അതിന് താഴയേ ബാക്കിയെല്ലാവരും വരൂ. കൂട്ടായ നേതൃത്വമാണെങ്കിലും ജനറല്‍ സെക്രട്ടറിയാണ് പ്രധാനി. ഈ മാര്‍ക്‌സിയന്‍ തത്വത്തെ അംഗീകരിക്കാത്തവര്‍ എങ്ങനെ കമ്യൂണിസ്റ്റ് ആകുമെന്ന ചോദ്യം ദേശീയ നേതൃത്വത്തിനുണ്ട്.

ബംഗാള്‍, മഹാരാഷ്ട്ര ഘടകങ്ങള്‍ ഈ വിഷയത്തില്‍ അതീവ അമര്‍ഷത്തിലാണ്. കേന്ദ്ര കമ്മറ്റി അംഗമായ പികെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുപ്പിക്കില്ലെന്ന കേരളത്തിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ദേശീയ നേതാക്കളുടെ പക്ഷം. ഇക്കാര്യത്തില്‍ കടുത്ത അതൃപ്തി കേരള ഘടകത്തെ അറിയിക്കും. സംസ്ഥാന സമിതി ഓഫീസായ എകെജി സെന്ററിന്റെ ഉദ്ഘാടനത്തില്‍ ജനറല്‍ സെക്രട്ടറി എംഎ ബേബിയ്ക്ക് കൊടുത്ത പരിഗണനയും ഡല്‍ഹിയിലെ നേതൃത്വത്തെ ഞെട്ടിച്ചു. ആ പരിപാടിക്ക് പോയ ബേബിക്ക് മാന്യമായ പരിഗണന ഉറപ്പാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ശ്രദ്ധിച്ചില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അടുത്ത കേന്ദ്ര കമ്മറ്റിയോഗം നിര്‍ണ്ണായകമായി മാറും.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി വിശദീകരിച്ചിട്ടുണ്ട്. പിണറായിയെപ്പോലൊരു നേതാവിന്റെ വിലക്ക് തനിക്ക് ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പി.കെ. ശ്രീമതി പറഞ്ഞു. കേരളത്തില്‍ ഉണ്ടെങ്കില്‍ ഇനിയും സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ദേശീയതലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി തനിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അതേസമയം ,സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ തനിക്ക് വിലക്കില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു. അതിനിടെ, പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല. പാര്‍ട്ടി സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമാണ് പി.കെ.ശ്രീമതി സംസ്ഥാന ഘടകത്തില്‍ പ്രവര്‍ത്തിക്കേണ്ടെന്ന നിലപാടിന് പിന്നിലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരത്തേ പറഞ്ഞിരുന്നു. ഇതിനെ എംഎബേബിയും തള്ള പറഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ശ്രീമതി ഇനിയും സെക്രട്ടറിയേറ്റ് യോഗത്തിനെത്തും. ശ്രീമതി യോഗത്തിനെത്തിയാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

ശ്രീമതിയെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്ന പ്രഖ്യാപനത്തിലൂടെ കേന്ദ്ര നേതൃത്വത്തിനു സി.പി.എം. സംസ്ഥാന ഘടകം നല്‍കുന്നതു കേരളത്തിലെ തീരുമാനം തങ്ങള്‍തന്നെ എടുക്കുമെന്ന സന്ദേശമാണെന്ന വിലയിരുത്തല്‍ ശക്തമാണ്. എം.എ. ബേബിയാണ് സി.പി.എം. ജനറല്‍ സെക്രട്ടറി. കേരളത്തിലെ കാര്യങ്ങളില്‍ ജനറല്‍ സെക്രട്ടറിയെ പോലും ഇടപെടാന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് സംസ്ഥാന ഘടകം നല്‍കുന്നത്. ശ്രീമതിയെ സെക്രട്ടേറിയറ്റില്‍ പങ്കെടുപ്പിക്കില്ലെന്നത് സംഘടനാ തീരുമാനമാണെന്ന് ഗോവിന്ദന്‍ പറയാതെ പറഞ്ഞുകഴിഞ്ഞു. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ചു തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല.

പാര്‍ട്ടി സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമാണ് പി.കെ. ശ്രീമതി സംസ്ഥാന ഘടകത്തില്‍ പ്രവര്‍ത്തിക്കേണ്ടെന്ന നിലപാടിന് പിന്നിലെന്നും ഗോവിന്ദന്‍ വിശദീകരിക്കുന്നു. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് യോഗം തുടങ്ങിയപ്പോള്‍, ഇവിടെ നിങ്ങള്‍ക്ക് പ്രത്യേക ഇളവൊന്നും നല്‍കിയിട്ടില്ലെന്ന് ശ്രീമതിയോട് പിണറായി പറഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രായപരിധിയില്‍ നല്‍കിയ ഇളവ് കേന്ദ്രകമ്മിറ്റിക്കുമാത്രമേ ബാധകമാകൂവെന്നു വ്യക്തമാക്കിയെന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബിയുമായും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായും സംസാരിച്ചപ്പോള്‍ യോഗത്തില്‍ വിലക്കൊന്നും അറിയിച്ചിരുന്നില്ലെന്നു ശ്രീമതി മറുപടി പറഞ്ഞു. പക്ഷേ പിണറായി നിലപാടില്‍ ഉറച്ചു നിന്നുവെന്നാണ് റിപ്പോര്‍ട്ട് എത്തിയത്.

'പി.കെ.ശ്രീമതി സിപിഎം സംസ്ഥാന സമിതി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ആയിരുന്നു. എന്നാല്‍ 75 വയസ്സ് പിന്നിട്ട സാഹചര്യത്തില്‍ സംസ്ഥാന സമിതിയില്‍നിന്നും സെക്രട്ടേറിയറ്റില്‍നിന്നും ഒഴിവായി. റിട്ടയര്‍ ചെയ്തു എന്ന് പറയാന്‍ പറ്റില്ല. മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ്. അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വനിതാ എന്ന നിലയിലാണ് പ്രത്യേക പരിഗണന നല്‍കി കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനല്ല. അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കാനാണ്-ഇതാണ് എം.വി.ഗോവിന്ദന്‍ നല്‍കിയ വിശദീകരണം.