തിരുവനന്തപുരം: പാലക്കാട്ടെ ബ്രൂവറിയില്‍ സിപിഐ നിലപാട് കടുപ്പിക്കും. എന്നാല്‍ സ്വകാര്യ സര്‍വകലാശാലയ്‌ക്കെതിരേയുള്ള നിലപാട് സി.പി.ഐ. അത്ര കടുപ്പത്തിലാകില്ല. എല്‍.ഡി.എഫ്. നേരത്തേ രാഷ്ട്രീയാനുമതി നല്‍കിയെന്നതാണ് ഇതിന് കാരണം. മന്ത്രിസഭയില്‍ വരുന്ന ബില്ലില്‍ സിപിഐ അതൃപ്തിയും രേഖപ്പെടുത്തില്ല. എന്നാല്‍ ബ്രൂവറിയില്‍ ഇടതുപക്ഷത്ത് ചര്‍ച്ച നടന്നില്ല. അവിടെ ജലചൂഷണത്തിന്റെ പ്രശ്‌നമുണ്ടെന്നും നിലപാട് സിപിഐ എടുക്കും. റോഡുകളിലെ ടോള്‍ പിരിവിലൂടെ കിഫ്ബിയ്ക്ക് വരുമാനം ഉണ്ടാക്കാനുള്ള നീക്കവും അംഗീകരിക്കില്ല.

സ്വകാര്യ-വിദേശ സര്‍വകലാശാലകള്‍ വരുന്നത് ഉന്നതവിദ്യാഭ്യാസരംഗത്ത് സാമൂഹികനീതിയില്‍ അധിഷ്ഠിതമായ ഗുണകരമായ മാറ്റമുണ്ടാക്കില്ലെന്നതാണ് സി.പി.ഐ.യുടെ ദേശീയതലത്തിലുള്ള നിലപാട്. മാറിയ സാഹചര്യത്തില്‍ നിയന്ത്രണത്തോടെ സ്വകാര്യസര്‍വകലാശാല അനുവദിക്കണമെന്ന കാഴ്ചപ്പാടാണ് സി.പി.എമ്മിന്. ഇതു ഇടതു പക്ഷത്ത് ചര്‍ച്ചയാക്കി. അത് അംഗീകരിക്കുകയും ചെയ്തു. അതുകൊണ്ടാണ് സര്‍ക്കാര്‍ ബില്ലുമായി മുമ്പോട്ട് പോയത്. ഈ സാഹചര്യത്തില്‍ ഇനി എതിര്‍പ്പുയര്‍ത്തുന്നത് ശരയില്ലെന്നാണ് സിപിഐ നിലപാട്. തിരഞ്ഞെടുപ്പുഘട്ടത്തില്‍ മുന്നണിയിലെ ആഭ്യന്തരപ്രശ്‌നമായി സര്‍വ്വകലാശാലാ വിവാദത്തെ വളര്‍ത്തരുതെന്ന അഭിപ്രായം സി.പി.ഐ.ക്കുള്ളിലും ശക്തമാണ്. നിയന്ത്രണങ്ങള്‍ ഉറപ്പാക്കിയാകണം അനുമതി നല്‍കേണ്ടതെന്ന നിലപാട് എടുക്കും. ഇതിന് വേണ്ടിയുള്ള മാറ്റങ്ങളും നിര്‍ദ്ദേശിക്കും. അതിന് അപ്പുറത്തേക്ക് എതിര്‍പ്പ് പ്രകടിപ്പിക്കില്ല.

സംസ്ഥാനത്ത് സ്വകാര്യ, വിദേശ സര്‍വകലാശാലകളില്‍ പിന്നാക്ക സംവരണം അട്ടിമറിക്കപ്പെടും എന്ന ആശങ്കയുണ്ട്. സമര്‍ത്ഥരായ ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവുള്‍പ്പെടെ ലഭിക്കാനും സാദ്ധ്യതയില്ല. സ്വകാര്യ സര്‍വകലാശാല കരട് നിയമ വ്യവസ്ഥകളില്‍ നാമമാത്ര സംവരണം പട്ടിക വിഭാഗത്തിന് മാത്രമാണുള്ളത്. സംവരണവും ഫീസ് നിയന്ത്രണവും പാലിക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കാനുള്ള നടപടി വേണമെന്ന് സിപിഐ ആവശ്യപ്പെടും. സ്വകാര്യ കോളേജുകളിലെ നിയമനങ്ങളിലും വിദ്യാര്‍ത്ഥി പ്രവേശനത്തിലും ഫീസ് നിര്‍ണയത്തിലും സര്‍ക്കാരിന് നിയന്ത്രണം വേണമെന്നാണ് സിപിഐ നിലപാട്.

കഴിഞ്ഞ ഉമ്മന്‍ ചാണ്ടിസര്‍ക്കാര്‍ സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കുന്നതിന് ആരംഭിച്ച നീക്കം എല്‍.ഡി.എഫിന്റെ കടുത്ത പ്രതിരോധത്തെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. യു.ഡി.എഫിന്റെ അതേ വാദങ്ങള്‍ ഉയര്‍ത്താന്‍ സിപിഎമ്മിനെ സിപിഐ അനുവദിക്കില്ല. അക്കാഡമിക്, ഭരണ കാര്യങ്ങളിലും നിയമനങ്ങളിലും വിദ്യാര്‍ത്ഥി പ്രവേശനത്തിലും സര്‍ക്കാരിന് നിയന്ത്രണം ഇല്ലാതാവുന്നതോടെ സ്വകാര്യ സര്‍വകലാശാലകള്‍ പാരലല്‍ കോളേജുകളുടെ മറ്റൊരു പതിപ്പായി മാറുമെന്ന നിലപാട് സിപിഐയ്ക്കുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള സ്വകാര്യ, സ്വാശ്രയമെഡിക്കല്‍, എന്‍ജിനിറിംഗ് കോളേജുകളില്‍ ഫീസ് നിര്‍ണയിക്കുന്നത് ഹൈക്കോടതി റിട്ട. ജസ്റ്റിസ് അദ്ധ്യക്ഷനായി സര്‍ക്കാര്‍ നിയമിക്കുന്ന റഗുലേറ്ററി കമ്മിറ്റികളാണ്. ഇതിന് സമാന മാതൃകയ്ക്ക് വേണ്ടി സിപിഐ വാദിക്കും.

ഇന്ത്യയിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ക്ക് വിദേശത്ത് പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങണമെങ്കിലും അവിടത്തെ വ്യവസ്ഥകള്‍ പലിക്കേണ്ടി വരും. എന്നാല്‍, കേരളത്തില്‍ വരുന്ന സ്വകാര്യ സര്‍വകലാശാലകള്‍ ഉയര്‍ന്ന പഠന നിലവാരത്തിന്റെയും മികച്ച ഫാക്കല്‍റ്റിയുടെയും പേരില്‍ ഫീസ് കുത്തനെ കൂട്ടിയാലും റഗുലേറ്ററി കമ്മിറ്റിക്കോ, കോടതിക്കോ ഇടപെടാനാവില്ലെന്നത് പ്രശ്‌നമാകുമെന്നാണ് സിപിഐ നിലപാട്. ഘടകകക്ഷികളെയെല്ലാം വിഷയം നേരത്തേ അറിയിച്ചതാണെന്നും അന്നത്തെ എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായെന്നും സിപിഎം പറയുന്നു. ആര്‍ജെഡിയും സ്വകാര്യ സര്‍വ്വകലാശാലയ്ക്ക് എതിരാണ്.

നിര്‍ദ്ദിഷ്ട ബില്‍ കേരളത്തിലെ വിദ്യാഭ്യാസത്തെ തകര്‍ക്കുമെന്നാണ് സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫിന്റെ പക്ഷം. എങ്കിലും പരമാവധി അനുകൂല മാറ്റങ്ങള്‍ ബില്ലില്‍ വരുത്തി അതിനോട് യോജിച്ച് പോകാനാകും സിപിഐ തീരുമാനിക്കുക.

സിപിഐ, സ്വകാര്യ സര്‍വ്വകലാശാല