തിരുവനന്തപുരം: സിപിഎം-സിപിഐ ഏകോപനം ഇനി കൂടുതല്‍ സജീവമാക്കും. ഇടതു മുന്നണിയിലെ മറ്റ് ഘടകക്ഷികളെ അവഗണിച്ച് സിപിഎമ്മും സിപിഐയും ചേര്‍ന്ന് നയപരമായ തീരുമാനങ്ങളെടുക്കും. നിയമസഭാ സീറ്റ് വിഭജനവും തദ്ദേശ തിരഞ്ഞെടുപ്പും എല്ലാം കൂട്ടായി സിപിഎമ്മും സിപിഐയും നേരിടും. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി അടക്കമുള്ളവര്‍ സിപിഐയെ കൂടുതല്‍ അടുപ്പിച്ച് നിര്‍ത്താന്‍ ആഗ്രഹിക്കുന്നു. അനാവശ്യ വിവാദങ്ങളോട് സിപിഐ സെക്രട്ടറി ബിനോയ് വിശ്വവും താല്‍പ്പര്യം കാണിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

പിഎം ശ്രീ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ആഴ്ചതോറും സിപിഎം സിപിഐ ചര്‍ച്ചയ്ക്കു ധാരണ. ബുധനാഴ്ച എകെജി സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയാണ് ഏറെക്കാലമായി നിര്‍ത്തിവച്ച ഈ ചര്‍ച്ച പുനരാരംഭിക്കാമെന്ന നിര്‍ദേശം വച്ചത്. സിപിഐ ഇതു സ്വാഗതം ചെയ്തു. സിപിഎം ജനറല്‍ സെക്രട്ടറിയുടെ അടക്കം വികാരം മാനിച്ചാണ് ഇത്. ഇടതു മുന്നണിയോഗം ഇപ്പോള്‍ നിശ്ചിത ഇടവേളകളില്‍ കൂടാറില്ല. ഇടതുപക്ഷത്ത് സിപിഎമ്മും സിപിഐയുമാണ് പ്രധാന കക്ഷികള്‍. അതിന് അപ്പുറത്തേക്ക് ആര്‍ക്കും വലിയ ജനസ്വാധീനമുണ്ടെന്ന് കരതുന്നില്ല സിപിഎം. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവുമായും മുഖ്യമന്ത്രി ഇടയ്ക്കിടയ്ക്ക് സംസാരിക്കും. അതിന് അപ്പുറമുള്ള കക്ഷികള്‍ക്കൊന്നും പ്രധാന്യം ഉണ്ടാകില്ല. പിഎം ശ്രീ ചര്‍ച്ചയ്ക്കിടെ പോലും ഇടതു മുന്നണിയോഗം വിളിച്ചിട്ടില്ല. പിഎം ശ്രീ വിവാദം സിപിഐയുടെ പ്രാധാന്യം സിപിഎം അംഗീകരിക്കുന്ന തലത്തിലെത്തിയെന്നതാണ് വസ്തുത.

കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായ ആദ്യനാളുകളില്‍ സിപിഎം സിപിഐ തര്‍ക്കങ്ങള്‍ അടിക്കടി ഉണ്ടായതോടെ ഇരു പാര്‍ട്ടികളുടെയും കേന്ദ്ര നേതൃത്വങ്ങള്‍ ഇടപെട്ടാണ് ആശയവിനിമയം ശക്തമാക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും തമ്മില്‍ ആഴ്ചയിലൊരിക്കല്‍ സംസാരിച്ചു. കോടിയേരിയും കാനവും മരിച്ചതോടെ അതു നിന്നു. കാനവും പിണറായിയും ഈ സംസാര കാലത്ത് അടുക്കുകയും ചെയ്തു. സിപിഎമ്മിനെ സിപിഐ അനാവശ്യമായി വിമര്‍ശിക്കുന്നതും നിര്‍ത്തി. ഇത് പല വിധ വിവാദവുമുണ്ടാക്കി. മുഖ്യമന്ത്രിയുമായി കാനം നിരന്തരം സന്ധി ചെയ്യുകയാണെന്ന വിമര്‍ശനം എങ്ങും ഉയര്‍ന്നു. പക്ഷേ സിപിഐ-സിപിഎം അടുപ്പം ശക്തിപ്പെട്ടു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യകാലത്ത് ഈ ചര്‍ച്ചകള്‍ തുടര്‍ന്നെങ്കിലും പിന്നീട് സിപിഐ ഒന്നും അറിയാതെയായി. ബിനോയ് വിശ്വം സിപിഐ സെക്രട്ടറിയായതോടെ ചര്‍ച്ച ഇല്ലാതായി. ബിനോയിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തമ്മില്‍ ഫോണില്‍ മാത്രമായി ആശയ വിനിമയം. പിഎം ശ്രീ വിവാദത്തിന് കാരണും ഇതായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വന്‍ ക്ഷേമപ്രഖ്യാപനങ്ങള്‍ക്കായി പ്രത്യേക നിയമസഭ സമ്മേളനം ചേരാനിരിക്കെ പി.എം ശ്രീയില്‍ മുന്നണിയില്‍ വിവാദം പറഞ്ഞു തീര്‍ക്കുകയാണ്. അജണ്ടപോലും പരസ്യപ്പെടുത്താതെ കേരളപ്പിറവി ദിനമായ ശനിയാഴ്ച സഭാസമ്മേളനം നിശ്ചയിച്ചിരിക്കുമ്പോഴാണ് സി.പി.ഐ ഉയര്‍ത്തിയ ആഭ്യന്തരപ്പോര് ഭരണപക്ഷത്തെ വെള്ളം കുടിപ്പിക്കുന്നത്.

നവംബര്‍ ഒന്നിന് തന്നെ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ എന്നിവരെ പങ്കെടുപ്പിച്ച് ഉത്സവാന്തരീക്ഷത്തില്‍ അതിദാരിദ്യ നിര്‍മാര്‍ജന പ്രഖ്യാപനവും നിശ്ചയിച്ചിട്ടുണ്ട്. നവംബര്‍ ആദ്യവാരത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അപ്രഖ്യാപിത സമാരംഭമാണ് നവംബര്‍ ഒന്നിലെ പരിപാടികള്‍. സി.പി.ഐ ഇടഞ്ഞതോടെ ഈ അജണ്ടകളില്‍ കരിനിഴല്‍ കനക്കുകയാണ്. ഈ പരിപാടിയില്‍ മോഹന്‍ലാല്‍ എത്താന്‍ സാധ്യത കുറവാണ്. അവധി ദിവസമായ ശനിയാഴ്ച സമ്മേളനം ചേരാന്‍ സഭയുടെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ചട്ടം. എന്നാല്‍, അതെല്ലാം മറികടന്ന് മന്ത്രിസഭ യോഗം ചേര്‍ന്നാണ് പ്രത്യേക ഏകദിന നിയമസഭ സമ്മേളനം പ്രഖ്യാപിച്ചത്.

മുന്നണി ഇരുട്ടിലാണെന്ന് മന്ത്രി ജി.ആര്‍ അനിലിനെ തൊട്ടടുത്തിരുത്തി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചതോടെ ഫലത്തില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇത് മാറ്റിയെടുത്തുവെന്നത് സിപിഎം സിപിഐ ചര്‍ച്ചയുടെ ഫലമാണ്. ഇതു കൂടി കണക്കിലെടുത്താണ് സ്ഥിരം ചര്‍ച്ചകള്‍ക്ക് സിപിഎമ്മും സിപിഐയും തീരുമാനിക്കുന്നത്.