തിരുവനന്തപുരം: പാലക്കാട് ബ്രൂവറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇടതുപക്ഷ തീരുമാനം സിപിഐയില്‍ പൊട്ടിത്തെറിയാകും. പദ്ധതിയെ അംഗീകരിക്കരുതെന്ന തീരുമാനം സിപിഐ നേരത്തെ എടുത്തിരുന്നു. സിപിഎമ്മിന്റെ നിലപാട് അംഗീകരിക്കരുതെന്നായിരുന്നു തീരുമാനം. എന്നാല്‍ സിപിഐ ആസ്ഥാനത്ത് നടന്ന ഇടത് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ പോലും സിപിഐയ്ക്കായില്ല. ഇത് സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ കഴിവു കേടായി ചിത്രീകരിക്കപ്പെടും. ഇടതിലെ ഭൂരിപക്ഷം അനുസരിച്ചാണ് ബ്രൂവറിയ്ക്ക് അംഗീകാരം കിട്ടുന്നത്. ആര്‍ജെഡിയും സിപിഐയും മാത്രമാണ് പദ്ധതിയെ എതിര്‍ത്തത്.

സിപിഐയുടെയും ആര്‍ജെഡിയുടെയും എതിര്‍പ്പ് മറികടന്നാണ് ബ്രൂവറി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാന്‍ ഇടതു മുന്നണി തീരുമാനിച്ചത്. ആക്ഷേപങ്ങള്‍ ഒഴിവാക്കി മുന്നോട്ടുപോകണമെന്നും യോഗത്തില്‍ തീരുമാനിച്ചു. ശക്തമായ എതിര്‍പ്പാണ് സിപിഐയും ആര്‍ജെഡിയും ഉയര്‍ത്തിയതെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുകയായിരുന്നു. കുടിവെള്ളം അടക്കമുന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നും ആശങ്ക വേണ്ടെന്നും മറ്റ് എന്തെങ്കിലും ആശങ്കകള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ എലപ്പുള്ളി എന്ന സ്ഥലമാണ് പ്രശ്‌നമെന്ന് യോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാടെടുത്തു. ഏലപ്പുള്ളിക്ക് പകരം മറ്റൊരു സ്ഥലം പരിഗണിച്ചൂടെയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ കുടിവെള്ളത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് യോഗത്തില്‍ എംവി ഗോവിന്ദന്‍ നിലപാടെടുത്തു. ഇതോടെ സിപിഐയ്ക്ക് വാദിക്കാന്‍ കഴിയാത്ത സാഹചര്യം വന്നു. അങ്ങനെ സിപിഐ ആസ്ഥാനത്ത് നടന്ന ഇടതു യോഗത്തിലും സിപിഐയ്ക്ക് സമ്മര്‍ദ്ദ ശക്തിയായി മാറാന്‍ കഴിഞ്ഞില്ല.

പിന്നീട് കാര്യങ്ങള്‍ വിശദീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനും രംഗത്തു വന്നു. 2023-2024-ല്‍ കേരളത്തിന്റെ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വ്യക്തമാക്കിയിട്ടുള്ള കാര്യമാണ് കേരളത്തിനാവശ്യമായ സ്പിരിറ്റും മദ്യവും ഇവിടെ ഉദ്പ്പാദിപ്പിക്കുന്നതിനാവശ്യമായ നിലപാട് സ്വീകരിക്കുമെന്ന്. അതിന് നേരത്തേതന്നെ ശ്രമം തുടങ്ങിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കിഫ്ബി സംരക്ഷിക്കേണ്ടത് കേരളത്തിന്റെ ഭാവി വികസനത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രൂവറി സ്ഥാപിക്കുകയെന്നത് സര്‍ക്കാരിന്റെ ഭരണപരമായ നടപടിയുടെ ഭാഗമാണെന്ന് ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. അത് ആ നിലയില്‍ മുന്നോട്ടുപോവുകയാണ്. പല ആശങ്കകളും ഇതുസംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുണ്ട്. കുടിവെള്ളത്തെയും കൃഷിയേയും ബാധിക്കുമോ എന്നെല്ലാമാണ് ആ ആശങ്കകള്‍. ഒരുതരത്തിലും ഇവ രണ്ടിനേയും ബാധിക്കാത്ത നിലയിലായിരിക്കണം ഇത്തരം പദ്ധതികള്‍ മുന്നോട്ടുപോകേണ്ടതെന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലപാട് എന്നും അദ്ദേഹം പറഞ്ഞു.

എതിര്‍പ്പ് പരിഗണിക്കാതെ ബ്രൂവറിയില്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി സിപിഎം മുന്നോട്ട് പോകുന്നതില്‍ സിപിഐക്കും ആര്‍ജെഡിക്കും അതൃപ്തിയായിരുന്നു. മുഖ്യമന്ത്രി തീരുമാനിക്കുന്നുത് മുന്നണി അനുസരിക്കുന്നു എന്ന വിധം മുന്നോട്ട് പോകാനാകില്ലെന്ന് വിലയിരുത്തിയ സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ്, തിരുത്തല്‍ ശക്തിയാകാന്‍ സംസ്ഥാന അധ്യക്ഷന്‍ ബിനോയ് വിശ്വത്തിന് കഴിയണമെന്ന സന്ദേശം നല്‍കിയിരുന്നു. പക്ഷേ സിപിഐ ആസ്ഥാനത്ത് നടന്ന ചര്‍ച്ചയിലും പിണറായിയുടെ തീരുമാനമാണ് ഇടതു മുന്നണിയുടേതായി പുറത്തു വരുന്നത്. ഇത് സിപിഐയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.

എലപ്പുള്ളി ബ്രൂവറിക്കായി ഭൂമി തരംമാറ്റത്തിന് ഒയാസിസ് കമ്പനി നല്‍കിയ അപേക്ഷ പാലക്കാട് ആര്‍ ഡി ഒ തള്ളിയിരുന്നു. സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പ് പദ്ധതിയ്ക്ക് എതിരാണെന്ന പൊതു ചര്‍ച്ചയും ഇതോടെ ഉയര്‍ന്നു. എലപ്പുള്ളിയിലെ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയെ തരം മാറ്റാനുള്ള അപേക്ഷയാണ് തള്ളിയത്. നാല് ഏക്കറിലെ മദ്യനിര്‍മ്മാണ ശാലയുടെ പ്രവര്‍ത്തനത്തിന് ഭൂവിനിയോഗ നിയമത്തില്‍ ഇളവ് വേണമെന്നായിരുന്നു ഒയാസിസ് കമ്പനിയുടെ ആവശ്യം. ഇടതു മുന്നണി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇതും ഇനി ആര്‍ഡിഒ അംഗീകരിക്കും.