ന്യൂഡല്‍ഹി: മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായി ഒന്നിച്ച് മത്സരിച്ച ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ചപ്പോള്‍ ബി.ജെ.പിക്ക് നേട്ടം 12 സീറ്റുകളാണ്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് ചോര്‍ത്തി വളര്‍ന്ന ആം ആദ്മി പാര്‍ട്ടിയുടെ അധികാര നഷ്ടത്തിന് വഴിവെച്ചത് കോണ്‍ഗ്രസ് നേടിയ വോട്ടുകളാണ്.

മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി സൗരഭ് ഭരദ്വാജ് തുടങ്ങി പാര്‍ട്ടിയുടെ മുന്‍നിര നേതാക്കള്‍ ഉള്‍പ്പെടെ ആപിന്റെ 11 സ്ഥാനാര്‍ഥികള്‍ തോറ്റത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകളേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തിലാണ്. ഒരു സീറ്റില്‍ രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് ആപ് സ്ഥാനാര്‍ഥിക്ക് ലഭിച്ച വോട്ടിനേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തിലും തോറ്റു.

അരവിന്ദ് കെജ്രിവാള്‍ ബി.ജെ.പിയുടെ പര്‍വേശ് ശര്‍മയോട് 4009 വോട്ടിനാണ് തോറ്റത്. ഇവിടെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സന്ദീപ് ദീക്ഷിതിന് 4568 വോട്ട് ലഭിച്ചു. 675 വോട്ടിന് മാത്രമായിരുന്നു മനീഷ് സിസോദിയയുടെ പരാജയം. കോണ്‍ഗ്രസിന് 7350 വോട്ട് കിട്ടി. സൗരഭ് ഭരദ്വാജ് 3139 വോട്ടിന് പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന് 6711 വോട്ട് ലഭിച്ചു. സോംനാഥ് ഭാരതി 1971 വോട്ടിന് പരാജയപ്പെട്ട ഈ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 6502 വോട്ട് നേടി.

ഡെപ്യൂട്ടി സ്പീക്കര്‍ രാഖി ബിര്‍ല 11,010 വോട്ടിന് തോറ്റപ്പോള്‍ ഇവിടെ കോണ്‍ഗ്രസിന് 17,958 വോട്ട് ലഭിച്ചു. ആപ് രാഷ്ട്രീയകാര്യ സമിതി അംഗം ദുര്‍ഗേഷ് പഥക് 1231 വോട്ടിനാണ് പരാജയപ്പെട്ടത്. കോണ്‍ഗ്രസിന് ഇവിടെ 4015 വോട്ട് ലഭിച്ചു. ആപിന്റെ ദിനേശ് മൊഹാനിയ 316 വോട്ടിന് പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന് 6101 വോട്ട് ലഭിച്ചു.

ബദ്‌ലി, ഛത്തര്‍പുര്‍, മെഹ്‌റോളി, നംഗ്ലോയ് ജാട്ട്, തിമാര്‍പുര്‍, ത്രിലോക്പുരി സീറ്റുകളിലും ആപ് സ്ഥാനാര്‍ഥികള്‍ തോറ്റത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ച വോട്ടുകളേക്കാള്‍ താഴെയാണ്. അതേസമയം, കസ്തൂര്‍ബ നഗറില്‍ രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 11,048 വോട്ടിന് ബി.ജെ.പിയോട് പരാജയപ്പെട്ടപ്പോള്‍ ഇവിടെ ആപ് സ്ഥാനാര്‍ഥിക്ക് 18,617 വോട്ട് ലഭിച്ചു.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനുമിടയിലുള്ള കേവലം ഏഴു മാസത്തിനുള്ളില്‍ ഡല്‍ഹിയില്‍ 3,99,632 വോട്ടുകള്‍ കൂട്ടിച്ചേര്‍ത്തത് അടക്കം വിജയത്തില്‍ നിര്‍ണായകമായി. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് വരെയുള്ള നാലുവര്‍ഷംകൊണ്ട് 4,16,648 വോട്ട് വര്‍ധിച്ച സ്ഥാനത്താണ് ഏറക്കുറെ അത്രത്തോളം കഴിഞ്ഞ ഏഴു മാസത്തിനുള്ളില്‍ കൂട്ടിച്ചേര്‍ത്തത്. ചില മണ്ഡലങ്ങളിലെ നാലു വര്‍ഷത്തെയും കഴിഞ്ഞ ഏഴു മാസത്തെയും വോട്ട് വര്‍ധന ഇങ്ങനെ: മുണ്ഡ്ക (14,230 31,779), ബാദ്‌ലി (13,145 18,829), ശഹാദ്ര (4564 7387).

ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ബി.ജെ.പിയുടെ പര്‍വേഷ് വര്‍മയോട് 4000ത്തില്‍ പരം വോട്ടിന് തോറ്റ ന്യൂഡല്‍ഹി നിയമസഭ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്തത് 27.2 ശതമാനം വോട്ടുകളാണെന്നതും ശ്രദ്ധേയമാണ്. 2020 നിയമസഭ തെരഞ്ഞെടുപ്പില്‍ 1,46,122 വോട്ടര്‍മാരുണ്ടായിരുന്ന മണ്ഡലത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 1,06,365 ആയി കുറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം 2209 വോട്ട് പുതുതായി ചേര്‍ക്കുകയും ചെയ്തു. ഇതെല്ലാം ഡല്‍ഹി കാലേക്കൂട്ടി് പിടിക്കാന്‍ നിശ്ചയിച്ച തന്ത്രമായി വിലയിരുത്തപ്പെടുന്നു.

ആം ആദ്മിക്ക് മുന്നില്‍ ആശങ്കകളേറെ

ആം ആദ്മി പാര്‍ട്ടിയെ ഇനി കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണ്. അഴിമതിക്കേസില്‍ അരവിന്ദ് കേജരിവാളിന് എതിരെ ബിജെപി കുരുക്ക് മുറുക്കാന്‍ സാധ്യതയുണ്ട്. ഇതിന് പുറമെ ഡല്‍ഹിയിലെ ഫലം പഞ്ചാബിലും തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയിലെ വന്‍ തോല്‍വിക്ക് പിന്നാലെ അരവിന്ദ് കേജ്‌രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ഭാവിയെന്ത് എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് കെജ്രിവാള്‍ പറയുമ്പോളും പാര്‍ട്ടിക്ക് മുന്നില്‍ പ്രതിസന്ധികള്‍ ഏറെയാണ്. അതില്‍ ഏറ്റവും വലിയ വെല്ലുവിളി ഡല്‍ഹി മദ്യ നയ അഴിമതിക്കേസ് തന്നെയാണ്. ജാമ്യം ലഭിച്ചെങ്കിലും സിബിഐയും ഇഡിയും അന്വേഷിക്കുന്ന കേസില്‍ കേജ്‌രിവാളിനും, ഒപ്പമുള്ളവരും കുറ്റവിമുക്തരാകണം. ഇതിന് പുറമെ ഇന്‍ഡ്യ സഖ്യത്തില്‍ ആപ്പിന്റെ പ്രാധാന്യം നിലനിര്‍ത്തണം. ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണവും പഞ്ചാബിലെ ഭരണവും നിലനിര്‍ത്തണ്ടേതുണ്ട്.

ഡല്‍ഹിയിലെ ആംആദ്മിയുടെ തോല്‍വിയുടെ നേട്ടം പഞ്ചാബില്‍ പ്രതിഫലിക്കുമെന്നാണ് കോണ്ഗ്രസ് പ്രതീക്ഷ. ആംആദ്മിയുടെ കരുത്ത് നഷ്ടമായത്തോടെ പഞ്ചാബില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് കയറാമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതേസമയം കൂടെയുള്ളവരില്‍ എത്ര എംഎല്‍എമാര്‍ അഞ്ച് വര്‍ഷവും ഒപ്പമുണ്ടാവും എന്നതും ആം ആദ്മി പാര്‍ട്ടിക്ക് മുന്നില്‍ ചോദ്യചിഹ്നമാണ്.

അതേസമയം ബിജെപിയ്ക്കുണ്ടായ വന്‍ വിജയത്തില്‍ ഇന്ത്യാ സഖ്യത്തില്‍ തര്‍ക്കം രൂക്ഷമായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കാതിരുന്നതിലാണ് ഇന്ത്യ മുന്നണി അംഗങ്ങള്‍ക്കിടയില്‍നിന്ന് എതിര്‍പ്പുയര്‍ന്നിരിക്കുന്നത്. ഡല്‍ഹിയില്‍ ബിജെപിയുടെ വിജയം ഉറപ്പായതോടെ 'ഇനിയും യുദ്ധം തുടരൂ' എന്നാണ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്സില്‍ പങ്കുവെച്ച പോസ്റ്റ്. ഇന്ത്യ സംഖ്യത്തിലെ കോണ്‍ഗ്രസിനേയും ആം ആദ്മി പാര്‍ട്ടിയേയും ലക്ഷ്യമിട്ടാണ് ഈ പോസ്റ്റ് എന്ന് വ്യക്തമാണ്. കോണ്‍ഗ്രസും എഎപിയും സഖ്യമായി മത്സരിച്ചിരുന്നുവെങ്കില്‍ ബിജെപി ഡല്‍ഹിയില്‍ അധികാരത്തില്‍ എത്തില്ലായിരുന്നുവെന്നാണ് ഇന്ത്യാ സഖ്യത്തിലെ മിക്ക കക്ഷികളുടെയും വിലയിരുത്തല്‍.

ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ച കോണ്‍ഗ്രസാണ് ഡല്‍ഹിയില്‍ തങ്ങളുടെ പരാജയത്തിന് കാരണമെന്ന് ആം ആദ്മി പാര്‍ട്ടിയും ആരോപിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തില്‍ തുടരേണ്ടെന്ന നിലപാടും എഎപിക്കുള്ളില്‍ ഉയരുന്നുണ്ട്. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വോട്ട് ഇല്ലാതാക്കുമെന്ന ആശങ്ക ഇന്ത്യാ സഖ്യത്തിലെ പലകക്ഷികള്‍ക്കുമുണ്ട്. കോണ്‍ഗ്രസാണ് ഡല്‍ഹിയില്‍ ബിജെപിയുടെ വിജയത്തിന് ഉത്തരവാദിയെന്ന് സിപിഎം കേരള സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണി ഒന്നിച്ചു നില്‍ക്കാതിരുന്നത് നിര്‍ഭാഗ്യകരമായിപ്പോയെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു.