തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ വീണ്ടും കണ്ണൂരില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ പാര്‍ട്ടിയില്‍ ഉളളവര്‍ പോലും കരുതിയത് അദ്ദേഹം തോല്‍ക്കുമെന്നായിരുന്നു. അതിന് വേണ്ടി പരിശ്രമങ്ങളുമായി പാര്‍ട്ടിക്കുള്ളിലെ ചിലരും ശ്രമം നടത്തി. എന്നാല്‍, അതുണ്ടായില്ലെന്ന് മാത്രമല്ല, വന്‍ ഭൂരിപക്ഷത്തിലാണ് കെ സുധാകരന്‍ വിജയിച്ചു കയറിയത്. അന്ന് സുധാകരന്റെ വിജയത്തില്‍ അദ്ദേഹത്തെ ഒതുക്കാന്‍ ശ്രമിച്ചവരും ശരിക്കും ഞെട്ടിയിരുന്നു. അതാണ് കുമ്പക്കുടി സുധാകരന്‍, എഴുതി തള്ളിയവര്‍ക്ക് മുന്നില്‍ നെഞ്ചുവിരിച്ചു വന്നു നില്‍ക്കും. സിപിഎമ്മിനോട് നോ കോംപ്രമൈസ് ലൈന്‍ സ്വീകരിക്കുന്ന സുധാകരന്‍ എന്നും അണികളുടെ ബലത്തില്‍ കരുത്തനായ നേതാവാണ്. അങ്ങനെയുള്ള സുധാകരനെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും മാറ്റാനുള്ള നീക്കം ഒട്ടും എളുപ്പമാകില്ല. ഇക്കാര്യത്തില്‍ സുധാകരന്റെ സന്നദ്ധത തന്നെയാണ് പ്രധാനപ്പെട്ട കാര്യം.

കെ സുധാകരനെ അധ്യക്ഷ പദവിയില്‍ നിന്നും മാറ്റണം എന്ന ആവശ്യം മുന്നോട്ടു വെക്കുന്നത് അദ്ദേഹത്തിന്റെ എതിര്‍ചേരിയില്‍ ഉള്ളവരാണ്. അവരാണ് അത്തരം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതും. എന്നാല്‍, പാര്‍ട്ടിയെ തുടര്‍ച്ചയായി വിജയത്തിലേക്ക് നയിക്കുന്ന നേതാവിനെ ഇപ്പോള്‍ മാറ്റേണ്ട കാര്യമല്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പക്ഷം. അതുകൊണ്ട് തന്നെ സുധാകരനെ മാറ്റുക എന്നത് എളുപ്പം സാധിക്കുന്ന കാര്യമല്ല. ഇത് പാര്‍ട്ടിയിലെ അധികാര വടംവലിക്കും ആക്കം കൂട്ടുമെന്ന് ഉറപ്പാണ്.

യുവ നേതൃത്വം എന്ന ആവശ്യം മുന്നില്‍ നിര്‍ത്തി സുധാകരനെ മാറ്റാനുള്ള നീക്കം വി ഡി സതീശന് 'ഒറ്റക്ക് വഴിവെട്ടാനുള്ള' മാര്‍ഗ്ഗമെന്നാണ് എതിര്‍ചേരിയുടെ വിലയിരുത്തല്‍. ഒറ്റയടിക്ക് ചെന്നിത്തലയെയും കെ മുരളീധരനെയും അടക്കമുള്ളവരെ ഒതുക്കാനുള്ള മാര്‍ഗ്ഗം. അതുകൊണ്ട് കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും സുധാകരന്‍ മാറുന്നെങ്കില്‍ സമാനമായ വിധത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തും മാറ്റം വരട്ടെ എന്നാണ് ഇവര്‍ മുന്നോട്ടു വെക്കുന്ന ആശയം.

അതേസമയം നേതൃമാറ്റം ആവശ്യമാണെന്ന നിലപാടിലാണ് പുതുതലമുറ നേതാക്കള്‍. കെ സുധാകരന്‍ മാറേണ്ടതില്ലെന്ന് ആദ്യം പറഞ്ഞത് ശശി തരൂര്‍. തരൂരിന്റെ നിലപാടില്‍ വിജയിക്കുമ്പോള്‍ കെപിസിസി അധ്യക്ഷനെ എന്തിന് മാറ്റണം എന്നാണ് ചോദ്യം. അങ്ങനെയെങ്കില്‍ പ്രതിപക്ഷനേതാവും മാറട്ടെയെന്നാണ് ധ്വനി. രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങിയ നേതാക്കളും കെപിസിസി പ്രസിഡന്റ് ഇപ്പോള്‍ മാറേണ്ടെന്ന നിലപാടാണ്.

അതേസമയം സംഘടന ചലിക്കാതെ പ്രതിപക്ഷ പ്രവര്‍ത്തനം ഫലവത്താകില്ലെന്ന ഉറച്ച നിലപാടിലാണ് വിഡി സതീശന്‍. കെപിസിസിയില്‍ അഴിച്ചുപണി വേണമെന്ന് നേരത്തെ തന്നെ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ പക്ഷേ അതേ ആവശ്യം ആവര്‍ത്തിക്കുന്നില്ല. ഒരു പൊതുതീരുമാനമായി ഉയര്‍ന്നുവരട്ടെയെന്ന് കാത്തിരിക്കുകയാണ്. താനായിട്ട് ഇക്കാര്യം ഉന്നയിക്കില്ലെന്നാണ് സതീശന്റെ നിലപാട് എങ്കിലും കേന്ദ്രനേതൃത്വത്തിലേക്ക് അദ്ദേഹം മനസ്സ് അറിയിച്ചു കഴിഞ്ഞു.

അതേസമയം, അഴിച്ചുപണിയിലെ പൊട്ടിത്തെറി ഭയന്ന് സംഘടനയെ നിഷ്‌ക്രിയമാക്കി നിര്‍ത്തുന്നതിനോട് പുതുതലമുറ നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. ആര് പുതിയ അധ്യക്ഷനായാലും തലമുറമാറ്റം വരട്ടെയെന്നാണ് നിലപാട്. കെപിസിസി ഭാരവാഹികളില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഉണ്ടായിരുന്ന അനുകൂല രാഷ്ട്രീയമല്ല, തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാകുകയെന്ന് മുന്‍കൂട്ടി കാണുന്നുണ്ട് ഒരു വിഭാഗം നേതാക്കള്‍.

അതേസമയം അധ്യക്ഷ ചര്‍ച്ചകളില്‍ സാമുദായിക പരിഗണനകള്‍ കൂടി കണക്കിലെടുക്കുമെന്നതാണ് കാര്യം. ക്രൈസ്തവ പ്രസിഡന്റ് കെപിസിസിയ്ക്ക് വേണമെന്ന ചര്‍ച്ച സജീവമാണ്. മുഖ്യമന്ത്രി പിണറായി വിജയനെ മുന്നില്‍ നിന്നും വെല്ലുവിളിക്കുന്ന മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന് അനുകൂലമാണ് ഹൈക്കമാണ്ടിലെ ചിന്തകള്‍. സുധാകരന്‍ മാറിയാല്‍ കുഴല്‍നാടന് അനുകൂല തീരുമാനം വരാനുള്ള സാധ്യതയുണ്ട്. കുഴല്‍നാടനൊപ്പം മറ്റ് ചില പേരുകളും സജീവമായി പരിഗണിക്കുന്നുണ്ട്.

സിറോ മലബാര്‍ സഭയുമായി അടുത്ത ബന്ധമുള്ള റോജി എം ജോണ്‍ പുതിയ അധ്യക്ഷസ്ഥാനത്തേക്കുള്ള ചര്‍ച്ചകളില്‍ സജീവമായി പരിഗണിക്കുന്നുണ്ട്. യൂത്തുകോണ്‍ഗ്രസിനെ നയിച്ച ഡീന്‍ കുര്യാക്കോസും കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന പേരാണ്. ഇതിനിടെയാണ് ഗ്രൂപ്പ് മാനേജര്‍മാരുടെ അട്ടിമറി നീക്കം. ബെന്നി ബെഹന്നാന്റെ പേര് ചര്‍ച്ചയാക്കി യുവാക്കളുടെ സാധ്യത അടയ്ക്കാനാണ് നീക്കം.

യുവ നേതാക്കള്‍ ഗ്രൂപ്പുകള്‍ അതീതരാണ്. അവര്‍ സ്വന്തം നിലയില്‍ മുമ്പോട്ട് പോകും. ഇതാണ് ഗ്രൂപ്പ് നേതാക്കളുടെ പ്രശ്നം. ഗ്രൂപ്പുകള്‍ മുമ്പോട്ട് വയ്ക്കുന്ന സമവായ വ്യക്തിത്വത്തെ കെപിസിസിയെ ഏല്‍പ്പിക്കണമെന്നാണഅ ആവശ്യം. കേരളത്തിലെ രാഷ്ട്രീയം കാലത്തിനൊത്ത് മാറുമ്പോള്‍ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനെ പോലുള്ളവരാണ് നല്ലതെന്ന ചിന്ത ഉയരുന്നതിനെ ചെറുക്കാനും ഗ്രൂപ്പ് മാനേജര്‍മാര്‍ അണിയറയില്‍ ഒരുക്കുന്നുണ്ട്.

മധ്യതിരുവിതാംകൂര്‍ അടക്കമുള്ള ക്രിസ്ത്യന്‍ മേഖലയില്‍ ബിജെപി നടത്തുന്ന തന്ത്രപരമായ കടന്നുകയറ്റം കോണ്‍ഗ്രസിനു ഭീഷണിയായേക്കാം. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള എന്നിവര്‍ക്ക് ക്രൈസ്തവ സഭയിലുള്ള സ്വാധീനം കോണ്‍ഗ്രസ് തിരിച്ചറിയുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കൂടുതല്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് പാര്‍ട്ടിയുടെ നിലനില്‍പിന് അത്യാവശ്യമാണെന്ന ബോധ്യം പാര്‍ട്ടിക്കുണ്ട്. ഈഴവ, ദലിത് ന്യൂനപക്ഷ വിഭാഗങ്ങളെയും പാര്‍ട്ടിയിലേക്ക് അടുപ്പിക്കേണ്ടതുണ്ട്. നേതൃമാറ്റം ഈ വിഷയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. സഭകളെ അടുപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കളാണ് നല്ലതെന്ന ചര്‍ച്ചയാണ് ഗ്രൂപ്പ് മാനേജര്‍മാര്‍ ഉയര്‍ത്തുന്നത്.

പത്തനംതിട്ട എംപി ആന്റോ ആന്റണി, ചാലക്കുടി എംപി ബെന്നി ബെഹ്നാന്‍ എന്നിവരും സാമുദായിക പരിഗണന വച്ച് ചര്‍ച്ചകളിലുണ്ട്. നായര്‍ സമുദായത്തില്‍ നിന്നുള്ള നേതാക്കളുടെ എണ്ണം കൂടുതലായതിനാല്‍ ഈഴവ പ്രാതിനിധ്യം ഉറപ്പിക്കാന്‍ അടൂര്‍പ്രകാശിന്റെ പേരും പരിഗണിച്ചേക്കും. ദളിത് പ്രാതിനിധ്യം മുഖ്യപരിഗണനയായി ഉയര്‍ന്നുവന്നാല്‍ കൊടിക്കുന്നില്‍ സുരേഷും ഗ്രൂപ്പ് മാനേജര്‍മാരുടെ കണ്ണിലുണ്ണിയായി മാറും. ബൂത്തുതലം വരെയുള്ള പുനസംഘടന തീരാപ്പണിയായി നില്‍ക്കുമ്പോഴാണ് തലപ്പത്തുതന്നെ മാറ്റത്തിന് പാര്‍ട്ടി ഒരുങ്ങുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കെ സുധാകരന് കഴിഞ്ഞില്ലെന്ന ചര്‍ച്ചയാണ് അദ്ദേഹത്തിന്റെ എതിരാളികള്‍ ഉയര്‍ത്തുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള ബന്ധം മോശമായതാണ് സുധാരന് ഈ പ്രതിസന്ധിയുണ്ടാക്കിയതെന്ന വാദവും ശക്തമാണ്.

അടുത്ത വര്‍ഷം അവസാനം വരുന്ന തദ്ദേശതിരഞ്ഞെടുപ്പിനും 2026 ആദ്യം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും പാര്‍ട്ടിയെ ഒരുക്കേണ്ടതുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു തോല്‍വി കൂടി താങ്ങാനുള്ള കരുത്ത് പാര്‍ട്ടിക്കില്ലെന്ന വീണ്ടുവിചാരത്താല്‍ രാഷ്ട്രീയ, സാമുദായിക ഘടകങ്ങള്‍ പരിശോധിച്ച് പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കാനാണ് ഹൈക്കമാണ്ട് തീരുമാനം.