- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത്ഷായെ കണ്ടതിന് പിന്നാലെ പിണറായിയുടെ മകന് ഇ.ഡി സമന്‍സ് അയച്ച വിവരം പുറത്തു വിട്ടതാര്? മുഖ്യമന്ത്രിക്കെതിരെയുള്ള നീക്കം സിപിഎമ്മിനുള്ളില്‍ നിന്നെന്നും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെ.പിയുടെ സമ്മര്‍ദ്ദതന്ത്രം ഒരുക്കുന്നെന്നും ഭിന്നാഭിപ്രായങ്ങള്‍; 'തൈക്കണ്ടി ഫാമിലി'യെ ചുറ്റിപ്പറ്റിയ വിവാദങ്ങള്‍ എല്‍ഡിഎഫിന്റെ മൂന്നാമൂഴം തടയുമോ? സിപിഎം- ബിജെപി ഡീലെന്ന് പ്രതിപക്ഷവും
അമിത്ഷായെ കണ്ടതിന് പിന്നാലെ പിണറായിയുടെ മകന് ഇ.ഡി സമന്‍സ് അയച്ച വിവരം പുറത്തു വിട്ടതാര്?
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ട് തിരിച്ചിറങ്ങിയ അടുത്ത ദിവസം, അദ്ദേഹത്തിന്‍െ്റ മകന് ഇ.ഡി സമന്‍സ് അയച്ച വാര്‍ത്ത പുറത്തു വന്നതിനു പിന്നിലെ ഗൂഢാലോചനയും ആസൂത്രണവും നടത്തിയത് ആര് ?. മകള്‍ക്കും മകനും കുടുംബത്തിനും വേണ്ടി മുഖ്യമന്ത്രി സ്വാര്‍ത്ഥ താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന് സ്ഥാപിക്കാന്‍ സി.പി.എമ്മിനുള്ളില്‍ നിന്നു നടന്ന ആസൂത്രണമാണ് ഇതെന്നും പഴയ കേസിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കാന്‍ ബി.ജെ.പി കത്ത് പുറത്തു വിട്ടതാണിതെന്നും രാഷ്ട്രീയ ചര്‍ച്ചകള്‍ ഉയരുന്നു. രണ്ടു വര്‍ഷത്തിന് മുന്‍പ് സമന്‍സ് അയച്ചിട്ട് പിന്നീട്് യാതൊരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളാതിരിന്നത് ബി.ജെ.പിയുമായുള്ള ബന്ധത്തിന് തെളിവാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഒരു സമന്‍സ് വാര്‍ത്ത കേരള രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് കാരണമാകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഡെല്‍ഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ടതില്‍ നിരവധി ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ്, അദ്ദേഹത്തിന്‍െ്റ മകന് ഇ.ഡി രണ്ടുവര്‍ഷം മുന്‍പ് അയച്ച സമന്‍സ് വാര്‍ത്ത പുറത്തുവരുന്നത്. ഇത് നിലവിലെ രാഷ്ട്രിയ സാഹചര്യത്തില്‍ വ്യക്തമായ ആസൂത്രണത്തോടെ പുറത്തുവന്ന വാര്‍ത്തയാണെന്നാണ് സി.പി.എം വിലയിരുത്തല്‍. എക്സാലോജിക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിണറായിയുടെ മകള്‍ വീണ വിജയന് പ്രതിരോധം തീര്‍ക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയടക്കം രംഗത്തുവന്നിരുന്നു. വീണക്കെതിരെയുള്ള ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് എതിരെയുള്ള ആരോപണങ്ങളായി തന്നെ പാര്‍ട്ടി കാണുകയായിരുന്നു.
എന്നാല്‍, ഇപ്പോള്‍ പിണറായിയുടെ മകന്‍ വിവേക് കിരണിനെതിരെയുള്ള വാര്‍ത്തയില്‍ പ്രതിരോധ കവചം തീര്‍ക്കാന്‍ സി.പി.എം നേതാക്കള്‍ ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ പിണറായിക്കെതിരെ ഉയരുന്ന എതിര്‍പ്പിന്‍െ്റ സ്വാഭാവികമായ പ്രതിഫലനമാണ് ഇപ്പോള്‍ കാണുന്നത്. സമന്‍സ് വാര്‍ത്തക്കു പിന്നില്‍ സി.പി.എമ്മില്‍ നിന്നുള്ളവര്‍ക്കും പങ്കുണ്ടോയെന്ന സംശയം ഉയരാനും കാരണം ഇതാണ്. അമിത്ഷായെ പിണറായി കണ്ടതു സംബന്ധിച്ച ആരോപണങ്ങള്‍ക്ക് പാര്‍ട്ടി നേതാക്കള്‍ മറുപടി നല്‍കിയിരുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയെ പാര്‍ട്ടി ഡീലായി കാണുന്നത് ശരിയല്ലെന്ന അഭിപ്രായങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ ആവര്‍ത്തിച്ചു പറയുകയായിരുന്നു. അതിനിടയിലാണ് മുഖ്യമന്ത്രിയുടെ മകന് രണ്ടുവര്‍ഷത്തിന് മുന്‍പ് ഇ.ഡി സമന്‍സ് അയച്ചിട്ടും മറ്റു നടപടികള്‍ ഉണ്ടായില്ലെന്ന ആരോപണവും വരുന്നത്.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സി.പി.എമ്മിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമായും ഇത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. രണ്ടുവര്‍ഷത്തിന് മുന്‍പ് സമന്‍സ് അയച്ചിട്ടും തുടര്‍ നടപടികള്‍ യാതൊന്നും ഇ.ഡ്ി കൈക്കൊണ്ടിട്ടില്ല. അത് സൂചിപ്പിച്ചു കൊണ്ടുള്ള സമ്മര്‍ദ്ദമാണ് ബി്.ജെ.പി നടത്തുന്നതെന്നും അഭിപ്രായമുയരുന്നു. ലൈഫ് മിഷന്‍ കോഴ കേസുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് ഇ.ഡി നോട്ടീസ് നല്‍കിയത്. ലൈഫ് കോഴയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനെ അറസ്റ്റു ചെയ്ത ദിവസമാണ് മുഖ്യമന്ത്രിയുടെ മകനോട് ഇ.ഡി ഹാജരാകാന്‍ പറഞ്ഞത്. എന്തിനാണ് മകന് ഇ.ഡി സമന്‍സ് അയച്ചതെന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന പ്രതിപക്ഷത്തിന്‍െ്റ ചോദ്യത്തിന് ഇതുവരെ പിണറായി മറുപടി പറഞ്ഞിരുന്നില്ല.
സമന്‍സ് അയച്ചതിനു ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകാത്തതിനു കാരണം സി.പി.എം ബി.ജെ.പിയുമായി നടത്തിയ ഡീലിന്‍െ്റ ഫലമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എ.ഡി.ജി.പിയായിരുന്ന അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കാണാന്‍ പോയതും തൃശൂര്‍ പൂരം കലക്കിയെന്ന ആരോപണം ഉയര്‍ന്നതും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സി.പി.എം ബി.ജെ.പിയെ സഹായിച്ചെന്നുള്ള ആരോപണം വന്നതുമെല്ലാം സെറ്റില്‍മെന്റായിരുന്നെന്നും പ്രതിപക്ഷം നേരത്തെ തന്നെ പറയുന്നതാണ്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെ, വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയ ഇ.ഡി അതിന്റെ ഭാഗമായാണ് സമന്‍സ് അയച്ചതെന്നാണ് വിവരം.
അന്നത്തെ ഇ.ഡി കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ.ആനന്ദ് ആണ് സമന്‍സ് അയച്ചത്. എന്നാല്‍, വിവേക് ഹാജരായില്ല. അതേ ഓഫിസില്‍ മൂന്നുദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ അന്നു രാത്രിയിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തില്‍ സമന്‍സിന് പ്രസക്തി ഏറെയാണ്. മുഖ്യമന്ത്രിയുടെ മകനെതിരേയും കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തിയെന്നതിന് തെളിവാണിത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ശിവശങ്കറിന്റെ അറസ്റ്റ് വരെ നീണ്ട ലൈഫ് മിഷന്‍ അന്വേഷണം ഒരുഘട്ടത്തില്‍ ക്ലിഫ് ഹൗസിലേക്കും മുഖ്യമന്ത്രിയുടെ മകനിലേക്കും വരെ എത്തിയതിന്റെ പുറത്തറിയാത്ത വിവരമാണു സമന്‍സിലുള്ളത്.
ലൈഫ് മിഷന്‍ പദ്ധതി കേസ് 2018 ലെ പ്രളയബാധിതര്‍ക്കായി വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയ പദ്ധതിയുടെ മറവില്‍ കോടികളുടെ കൈക്കൂലി ഇടപാടു നടന്നെന്ന കേസാണ് ഇ.ഡി അന്വേഷിച്ചത്. പദ്ധതിക്കായി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രെസന്റ്, യുഎഇ കോണ്‍സുലേറ്റ് മുഖേന സംസ്ഥാന സര്‍ക്കാരിനു പണം കൈമാറിയിരുന്നു.
പദ്ധതിയുടെ നിര്‍മാണക്കരാര്‍ ലഭ്യമാക്കിയതിനുള്ള കൈക്കൂലിയായി യൂണിടാക് ബില്‍ഡേഴ്‌സ് മാനേജിങ് പാര്‍ട്‌നര്‍ സന്തോഷ് ഈപ്പന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും എം.ശിവശങ്കറിനുമായി 4.40 കോടി രൂപ നല്‍കിയെന്ന് ഇ.ഡി കണ്ടെത്തി. ശിവശങ്കര്‍, സന്തോഷ് ഈപ്പന്‍ എന്നിവര്‍ക്കു പുറമേ സ്വപ്ന സുരേഷ്, പി.എസ്.സരിത്, സന്ദീപ് നായര്‍ തുടങ്ങിയവര്‍ക്കും ക്രമക്കേടില്‍ പങ്കുള്ളതായി ഇ.ഡി കണ്ടെത്തി. നയതന്ത്ര സ്വര്‍ണക്കള്ളക്കടത്ത് കേസിനൊപ്പമാണ് ലൈഫ് മിഷനിലെ ക്രമക്കേടും ഇ.ഡി അന്വേഷിച്ചത്. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയുടെ പരിഗണനയിലാണു കേസ്.