തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം എവിടെയുണ്ടോ അവിടെ ഭരണുണ്ട് എന്നതാണ് ജോസ് കെ മാണിയുടെ പ്രസ്താവന. എല്‍ ഡി എഫില്‍ ഉറച്ചുനില്‍ക്കുമെന്നും, രാഷ്ട്രീയ നിലപാടില്‍ ഒരു മാറ്റം വരുത്തേണ്ട സാഹചര്യമൊന്നും നിലവില്‍ ഇല്ലെന്നായിരുന്നു പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ജോസ് കെ മാണി ഇന്ന് വ്യക്തമാക്കിയത്. അതേസമയം ജോസിന്റെ വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞപ്പോഴും ചര്‍ച്ചകളുടെ സാധ്യതകള്‍ നടന്നുവെന്ന് തന്നെയാണ് സൂചനകള്‍.

തല്‍ക്കാലം എല്‍ ഡി എഫിന്റെ ഭാഗമായി തുടരുമെന്നു മാത്രമാണ് ജോസ് കെ മാണി സൂചിപ്പിച്ചത്. അധികാരം നിലനിര്‍ത്തണമെങ്കില്‍ ഞങ്ങളുടെ സഹായം ആവശ്യമാണെന്ന സൂചനകൂടി ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കെ മാണി നല്‍കുന്നുണ്ട്. ഇത് ഇടതു മുന്നണിയില്‍ കൂടുതല്‍ വിലപേശലിന് ഒരുങ്ങുന്നു എന്ന സൂചനയും നല്‍കുന്നതാണ്. ജോസ് കെ മാണിയും കേരളാ കോണ്‍ഗ്രസും ഉടന്‍ യു ഡി എഫിന്റെ ഭാഗമാവുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് ജോസ് കെ മാണി മുന്നണിമാറ്റത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

കേരളാ കോണ്‍ഗ്രസ് എമ്മിനെ യു ഡി എഫില്‍ എത്തിക്കുന്നതിനായി നിരവധി ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഭൂരിപക്ഷം എം എല്‍ എമാരും മുന്നണിമാറ്റത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു. മന്ത്രിയും പാര്‍ട്ടിയിലെ രണ്ടാമനുമായ റോഷി അഗസ്റ്റിന്‍ റാന്നി എം എല്‍ എ പ്രമോദ് നാരായാണന്‍, കാഞ്ഞിരപ്പള്ളി എം എല്‍ എ പ്രോഫ. ജയരാജ് എന്നിവര്‍ മുന്നണി മാറ്റത്തെ അതിശക്തമായി എതിര്‍ത്തതോടെയാണ് തീരുമാനം മാറ്റിയതെന്നണ് പുറത്തുരുന്ന വാര്‍ത്തകള്‍. എല്‍ ഡി എഫിനൊപ്പം നില്‍ക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന ചര്‍ച്ചകള്‍ വ്യാപകമായതോടെയാണ് വീണ്ടും മുന്നണി മാറ്റത്തില്‍ യു ഡി എഫ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്താന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്. എന്നാല്‍ ഭൂരിപക്ഷം എം എല്‍ എമാര്‍ ഒപ്പമില്ലെന്ന് തിരിച്ചറിഞ്ഞതോടെ ജോസ് കെ മാണി യൂ ടേണ്‍ അടിക്കുകയായിരുന്നു.

കേരളാ കോണ്‍ഗ്രസ് എം മുന്നണി വിട്ടാല്‍ പാര്‍ട്ടിപിളരും. തദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയാണ് കേരളാ കോണ്‍ഗ്രസ് എമ്മിനെ രാഷ്ട്രീയമായി ആശങ്കയിലേക്ക് തള്ളിവിട്ടത്. ഇതോടെ എല്‍ ഡി എഫില്‍ തുടരേണ്ടതുണ്ടോ എന്ന ചര്‍ച്ചകള്‍ സജീവമാവുകയായിരുന്നു. മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പുരോഗമിക്കവേയാണ് റോഷി അഗസ്റ്റിനും, പ്രമോദ് നാരായണനും പ്രൊഫ. കെ ജയരാജും എതിര്‍പ്പുമായി രംഗത്തെത്തിയത്. സഭാ നേതൃത്വവുമായുള്ള അനൗദ്യോഗിക ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഒരു ഭാഗത്ത് തുടരുന്നതിന് ഇടയിലാണ് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുയര്‍ന്നത്. റോഷി അഗസ്റ്റിന്‍ നിലവില്‍ മന്ത്രിയാണ്. അതിനാല്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഒരു പിളര്‍പ്പുണ്ടായാല്‍ അതിനെ താങ്ങാന്‍ ഇരു വിഭാഗങ്ങള്‍ക്കും നിലനില്‍പ്പുണ്ടാവില്ല. വളരും തോറും പിളരുന്ന പാര്‍ട്ടിയായായി വീണ്ടും പഴി കേള്‍ക്കേണ്ടിവരുമെന്നതും തീരുമാനം മാറ്റാന്‍ ഇരു വിഭാഗം നേതാക്കളേയും പ്രേരിപ്പിക്കുന്നത്.

ഒറ്റക്കെട്ടായി തീരുമാനമെടുക്കണമെന്നായിരുന്നു ജോസ് കെ മാണിയുടെ തുടക്കംമുതലുള്ള തീരുമാനം. കേരളാ കോണ്‍ഗ്രസ് എം മുന്നണി മാറുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തന്നെ റോഷി അഗസ്റ്റിന്‍ മുന്നണിയില്‍ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രമോദ് നായാണനും പിന്നാലെ നിലപാട് വ്യക്തമാക്കി. ഇതോടെ ജോസ് കെ മാണിയെ പ്രതിരോധത്തിലാക്കുകയായിരുന്നു. റോഷിയേയും മറ്റു എം എല്‍ എമാരേയും ഒപ്പം നിര്‍ത്തി മുന്നോട്ടുപോവുന്നതാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിലനില്‍പ്പിന് ഭദ്രമെന്ന തിരിച്ചറിവാണ് ജോസ് കെ മാണിയുടെ പ്രഖ്യാപനത്തിന് കാരണം.

ജോസ് കെ മാണിയെ തിരികെ യു ഡി എഫിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും പാലാ എം എല്‍ എ മാണി സി കാപ്പനും. ജോസ് കെ മാണിയുടെ സഹായമില്ലാതെ തന്നെ ഭരണം പിടിക്കാന്‍ പറ്റുന്ന രാഷ്ട്രീയ സാഹചര്യമിണിപ്പോള്‍ എന്നാണ് ഇരുവരും വ്യക്തമാക്കുന്നത്. ജോസ് കെ മാണിയുടെ പിറകെ പോവുന്നത് രാഷ്ട്രീയമായി പാപ്പരത്തമാണെന്ന അഭിപ്രായമാണ് മോന്‍സ് ജോസഫിനുള്ളത്. ജോസ് കെ മാണി യു ഡി എഫില്‍ എത്തിയാലും പാലായില്‍ വിജയ സാധ്യതയില്ലെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും ആവര്‍ത്തിക്കുന്നുണ്ട്.

ഒന്നായിനിന്ന് പിന്നെ രണ്ടായി പിരിഞ്ഞ്, രണ്ടിലയ്ക്കുവേണ്ടി തമ്മിലടിച്ച കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം വലതുമുന്നണിയിലുണ്ട്. കേരളാ കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വന്നാല്‍ സമാധാനത്തോടെ പോകുന്ന സംവിധാനം തകരുമെന്ന് നേരത്തെ പറഞ്ഞത്, കേരള കോണ്‍ഗ്രസ് ജോസഫിന്റെ സംസ്ഥാന കോഡിനേറ്ററും പി.ജെ. ജോസഫിന്റെ മകനുമായ അപു ജോണ്‍ ജോസഫായിരുന്നു.

മുന്‍പത്തെ പോലെ വിലപേശല്‍ ശേഷിയില്ല ഇന്ന് കേരളാ കോണ്‍ഗ്രസ് എമ്മിന് എന്നതൊരു രാഷ്ട്രീയസത്യമാണ്. ഇടത് അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും 12-ല്‍ അഞ്ച് എന്ന സ്ട്രൈക്ക് റേറ്റാണ് ജോസ് കെ. മാണിക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ നേട്ടം. ലോക്സഭാ തിരഞ്ഞെടുപ്പിലെയും തദ്ദേശ തിരഞ്ഞെടുപ്പിലെയും പ്രകടനവും ദയനീയമായിരുന്നു. മാണിയുടെയും പാര്‍ട്ടിയുടെയും തട്ടകത്തില്‍, പാലാ നഗരസഭയില്‍ ചരിത്രത്തിലാദ്യമായി കേരളാ കോണ്‍ഗ്രസ് പ്രതിപക്ഷത്താണ്. അങ്ങനെയിരിക്കേ യുഡിഎഫില്‍ എത്തിയാലും പഴയ സ്വീകരണം ജോസിനും കൂട്ടര്‍ക്കും പ്രതീക്ഷിക്കനാവില്ല. തന്നെയുമല്ല വിലപേശല്‍ അത്രകണ്ട് അംഗീകരിക്കണണെന്നുമില്ല. സോണിയ ഗാന്ധിയുമായി ചര്‍ച്ചനടത്തിയോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയല്ല ജോസ് നല്‍കിയത്. എപ്പോള്‍ എവിടെ വച്ച് എന്നാണ് തിരിച്ചുചോദിച്ചത്.

2021-ല്‍ 12 സീറ്റുകളിലാണ് കേരളാ കോണ്‍ഗ്രസ് എം മത്സരിച്ചത്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ചത് 10 സീറ്റിലുമായിരുന്നു. ഇടുക്കി (റോഷി അഗസ്റ്റിന്‍), റാന്നി (പ്രമോദ് നാരായണ്‍), ചങ്ങനാശ്ശേരി (ജോബ് മൈക്കിള്‍), കാഞ്ഞിരപ്പള്ളി(എന്‍. ജയരാജ്), പൂഞ്ഞാര്‍ (സെബാസ്റ്റിയന്‍ കുളത്തിങ്കല്‍) എന്നീ അഞ്ച് സീറ്റിലാണ് ജോസിന് വിജയിക്കാനായത്. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ജോസ്, പാലായില്‍ മാണി സി. കാപ്പനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.

ജോസും കൂട്ടരും യുഡിഎഫില്‍ എത്തിയാലും പാലാ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് കാലേകൂട്ടി പറഞ്ഞിട്ടുണ്ട് കാപ്പന്‍. ഇന്നദ്ദേഹം മലപ്പുറത്തെത്തി കുഞ്ഞാലിക്കുട്ടിയോട് അക്കാര്യം അസന്നിഗ്ധമായി പറയുകയും ചെയ്തിട്ടുണ്ട്. കെ.എം. മാണിയുടെ മരണത്തിന് പിന്നാലെ 2019-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പു മുതല്‍ പാലാ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് കാപ്പനാണ്. ആദ്യം എല്‍ഡിഎഫിന്റെ ഭാഗമായും പിന്നീട് ജോസ് മറുകണ്ടം ചാടിയപ്പോള്‍ യുഡിഎഫിലും നിന്ന് ജയിച്ചു. കേരളാ കോണ്‍ഗ്രസ് ജെ ആകട്ടേ, പത്ത് സീറ്റില്‍ മത്സരിച്ചുവെങ്കിലും ജയിച്ചത് ജയിച്ചത് വെറും രണ്ട് സീറ്റില്‍ മാത്രമായിരുന്നു. തൊടുപുഴയില്‍നിന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫും കടുത്തുരുത്തിയില്‍നിന്ന് മോന്‍സ് ജോസഫും.

രാഷ്ട്രീയം അപ്രവചനീയമാണ് പലപ്പോഴും, പ്രത്യേകിച്ച് കേരളാ കോണ്‍ഗ്രസുകളുടെ നിലപാടുകളും. ഇനി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ കോണ്‍ഗ്രസ് എം മുന്നണിയിലെത്തിയെന്നിരിക്കട്ടേ, സീറ്റ് വിഭജനത്തിലടക്കം വലിയ ചര്‍ച്ചകളും വിട്ടുവീഴ്ചകളും വേണ്ടിവരുമെന്ന കാര്യം ഉറപ്പാണ്. ജോസ് ഇല്ലാതെ തന്നെ മികച്ച വിജയം നേടാന്‍ കഴിഞ്ഞ ലോക്സഭാ, തദ്ദേശ ഫലങ്ങളെ മുന്‍നിര്‍ത്തിയാകും ബാര്‍ഗെയ്നിങ് ടേബിളില്‍ കോണ്‍ഗ്രസ് ഇരിക്കുക. വിട്ടുവീഴ്ച ചെയ്യേണ്ടിവരിക ജോസും സംഘവുമാകും എന്നതും ഉറപ്പുതന്നെ.

ജോസിനെ ഒപ്പം കൂട്ടാന്‍ ഏറ്റവും താത്പര്യപ്പെടുന്നത് ലീഗും സഭയുമാണ്. സഭയുടെ സമ്മര്‍ദത്തെ ജോസിന് അങ്ങനെ എളുപ്പം തള്ളാനുമാകില്ല. മുന്നണി മാറാന്‍ പ്രത്യേകിച്ച് ഒരു കാരണമില്ല എന്നതാണ് കുഴക്കുന്ന ഒരു പ്രശ്നം. തരാതരം പോലെ മാറുന്നതിലെ ക്രെഡിബിളിറ്റി പ്രശനം വേറെ. തന്നെയുമല്ല യുഡിഎഫിലെത്തിയാല്‍ ഇത്രയും സീറ്റ് മത്സരിക്കാന്‍ കിട്ടില്ല. സിപിഎമ്മാകട്ടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതിലും ഉദാരമനസ്‌കത കാണിച്ചു. തദ്ദേശ ഫലം ജോസിന് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയും ചെറുതല്ല. മധ്യതിരുവതാംകൂറില്‍ വോട്ടുബാങ്ക് യുഡിഎഫിലേക്ക് ഒഴുകിപ്പോയി. ജോസ് പക്ഷമില്ലാതെ ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ജോസിനെ കൂടെക്കൂട്ടിയാല്‍ സീറ്റ് കൊടുക്കേണ്ടി വരുന്നത് കോണ്‍ഗ്രസിലുണ്ടാക്കാവുന്ന പൊട്ടിത്തെറികളും പ്രശ്‌നമായി നിലനിന്നു.