- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവമ്പാടിയും ജനിക്കാത്ത കുഞ്ഞിന്റെ ജാതകം കുറിക്കലോ? മന്ത്രി റോഷിയും ചീഫ് വിപ്പ് ജയരാജും കടുത്ത നിലപാടില്‍; കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പ്രസക്തി സമ്മതിച്ച സിപിഎം കോട്ടയം സമ്മേളനം; യുഡിഎഫിനെ പരിഹസിച്ച് ജോസ് കെ മാണി; ഇടതില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമം തുടരാന്‍ ലീഗും; കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസിനെ വേണം
കോട്ടയം: സിപിഎമ്മിന് ആശ്വാസമായി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പ്രഖ്യാപനം. യു.ഡി.എഫിലും കോണ്‍ഗ്രസിലും നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള കലഹം മറയ്ക്കാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ പേരില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് ജോസ് കെ.മാണി പറയുമ്പോള്‍ സിപിഎമ്മിന് താല്‍കാലിക ആശ്വാസമാണ്. പാര്‍ട്ടി ഇടതുപക്ഷത്തിനൊപ്പമാണെന്നും ഇടതുമുന്നണിയിലെ അവിഭാജ്യഘടകമാണെന്നും ജോസ് കെ.മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം. മുന്നണി മാറുന്നുവെന്ന പ്രചാരണം ജോസ് കെ മാണി തള്ളി. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലെത്തിക്കാന്‍ യുഡിഎഫ് ശ്രമം തുടരും. പരസ്യമായി തന്നെ കേരളാ കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് കോണ്‍ഗ്രസും ലീഗും സ്വാഗതം ചെയ്യും. ഇതിനൊപ്പം ശ്രേയംസ് കുമാറിന്റെ നേതൃത്വത്തിലെ കേരളാ ആര്‍ജെഡിയെ അടുപ്പിക്കാനും യുഡിഎഫ് ശ്രമിക്കും.
യു.ഡി.എഫ്. രാഷ്ട്രീയം കലങ്ങിമറിയുമ്പോള്‍ അതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് കേരള കോണ്‍ഗ്രസ് എമ്മിനെച്ചൊല്ലി ഇത്തരം പ്രചാരണങ്ങള്‍. കേരള കോണ്‍ഗ്രസിന്റെ അജന്‍ഡ നിശ്ചയിക്കാന്‍ ആര്‍ക്കും അപേക്ഷ നല്‍കിയിട്ടില്ല. അതിനായി ആരും വരേണ്ട. ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ ചില പി.ആര്‍.അജന്‍ഡകള്‍ കണ്ടേക്കാം. യു.ഡി.എഫിന് ഒപ്പം വരണമെന്ന് പറഞ്ഞ് ആരും സമീപിച്ചിട്ടില്ല. അങ്ങനെയൊരു അപേക്ഷ ആര്‍ക്കും കൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി ഒറ്റക്കെട്ടാണ്. ഒരു നിയമസഭാ സീറ്റിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള വ്യാജപ്രചാരണം ജനിക്കാത്ത കുഞ്ഞിന്റെ ജാതകം കുറിക്കലിന് സമമാണെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിക്ക് തിരുവമ്പാടി സീറ്റ് മുസ്ലീം ലീഗ് വിട്ടുകൊടുക്കുമെന്ന പ്രചരണം ശക്തമാണ്. മുന്നണിമാറ്റമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍നിന്നും പുറത്തുനിന്നും ഉയരുന്നത് കേരള കോണ്‍ഗ്രസ്-എമ്മിനെ സമ്മര്‍ദത്തിലാക്കുന്നുവെന്നതാണ് വസ്തുത. പുറമേ നിഷേധിക്കുന്നുണ്ടെങ്കിലും മുന്നണിമാറ്റത്തിനുള്ള സമ്മര്‍ദം കേരള കോണ്‍ഗ്രസിലും പാര്‍ട്ടിയില്‍ സ്വാധീനമുള്ള സഭാവിഭാഗങ്ങളില്‍നിന്നും ഉയരുന്നുവെന്നതാണ് യാഥാര്‍ഥ്യം. കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസിനെ മുന്നണിയില്‍ കൊണ്ടു വരാന്‍ എല്ലാ ശ്രമവും തുടരും.
എന്നാല്‍ മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് എന്‍. ജയരാജ്, പ്രമോദ് നാരായണ്‍ എം.എല്‍.എ. എന്നിവര്‍ ഇടതുമുന്നണി വിടുന്നതിനോട് യോജിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിയും ഇടതു മുന്നണി വിടില്ലെന്ന് പറയുന്നത്. കേരളാ കോണ്‍ഗ്രസ് (എം) ഇടതുമുന്നണിക്ക് മുതല്‍കൂട്ടെന്ന് സിപിഎം കോട്ടയം ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട് വിശദീകരിച്ചിരുന്നു. കോട്ടയത്ത് തോമസ് ചാഴികാടന്റെ തോല്‍വി രാഷ്ട്രീയ തോല്‍വിയാണ്. സംസ്ഥാനത്തുടനീളം ഉണ്ടായ ട്രെന്‍ഡാണ് ചാഴികാടന്റെ തോല്‍വിക്ക് പിന്നില്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കേരളാ കോണ്‍ഗ്രസിന്റെ പങ്ക് നിര്‍ണായമാണെന്നും റിപ്പോര്‍ട്ട്. ജില്ലാ സെക്രട്ടറി എവി റസ്സല്‍ ആണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഇതും കേരളാ കോണ്‍ഗ്രസിനെ സ്വാധീനിച്ചു. കേരളാ കോണ്‍ഗ്രസിന് അര്‍ഹമായ പരിഗണന തദ്ദേശത്തില്‍ അടക്കം നല്‍കുമെന്ന സന്ദേശമാണ് സിപിഎം കോട്ടയം സമ്മേളനത്തിലൂടെ നല്‍കിയത്. ഇതും ജോസ് കെ മാണിയെ സ്വാധീനിച്ചു. ഈ സാഹചര്യത്തിലാണ് മുന്നണി മാറ്റ വാര്‍ത്തകളെ തള്ളുന്നത്.
യു.ഡി.എഫിനും കേരള കോണ്‍ഗ്രസിനുമിടയില്‍ പാലമായി നില്‍ക്കുന്നത് മുസ്ലിംലീഗാണ്. ആശയവിനിമയം അനൗപചാരികതലത്തില്‍മാത്രമേ നടന്നിട്ടുള്ളൂ. ലീഗ് മത്സരിച്ചുപോരുന്ന തിരുവമ്പാടി നിയമസഭാ സീറ്റ് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിക്ക് വിട്ടുനല്‍കാമെന്നാണ് ഓഫറെന്നാണ് സൂചന. കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള പാലാ, കടുത്തുരുത്തി മണ്ഡലങ്ങള്‍ നിലവില്‍ യു.ഡി.എഫിലെ മാണി സി. കാപ്പന്റെയും മോന്‍സ് ജോസഫിന്റെയും പക്കലാണ്. ഈ മണ്ഡലങ്ങളില്‍നിന്ന് ഇവരെ മാറ്റി സീറ്റ് പിടിച്ചെടുക്കാനാവില്ല. ഈ സാഹചര്യത്തിലാണ് തിരുവമ്പാടിയിലെ നീക്കം. മുനമ്പം ഭൂപ്രശ്‌നം, വനനിയമഭേദഗതി ബില്‍ എന്നിവയില്‍ കത്തോലിക്കാ സഭ സര്‍ക്കാരിനെതിരേ ശക്തമായ നിലപാടെടുത്തതാണ് കേരള കോണ്‍ഗ്രസിനെ ഒടുവില്‍ പ്രതിസന്ധിയിലാക്കിയത്. ഇതിനിടെ ഈ രണ്ടു വിഷയത്തിലും കേരളാ കോണ്‍ഗ്രസ് വാദങ്ങള്‍ സിപിഎം അംഗീകരിക്കും. കേരളാ കോണ്‍ഗ്രസിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഇത്.
വനനിയമ ഭേദഗതിയ്‌ക്കെതിരേ ഇടതുമുന്നണിയിലും മന്ത്രിസഭയിലും എതിര്‍സ്വരമുയര്‍ത്താനാണ് കേരള കോണ്‍ഗ്രസ് (എം) തീരുമാനം. വനനിയമത്തിനെതിരേ കര്‍ഷകസംഘടനകള്‍ ശക്തമായി രംഗത്തുവന്നതോടെയാണ് കേരള കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമുതല്‍ പാര്‍ട്ടിയുടെ വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടെന്ന തിരിച്ചറിവും നീക്കത്തിന് പിന്നിലുണ്ട്. തുടര്‍ച്ചയായി വന്യജീവി ആക്രമണവും മരണങ്ങളും മലയോരമേഖലയില്‍ വലിയ രോഷമുണ്ടാക്കിയത് ഭരണത്തിലിരിക്കെ പാര്‍ട്ടിക്ക് ദോഷംചെയ്യുമെന്നാണ് അവരുടെ വിലയിരുത്തല്‍. വനനിയമ ഭേദഗതിക്കെതിരേ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയുംചെയ്തു. 430 പഞ്ചായത്തുകളിലെ 1.30 കോടി കൃഷിക്കാരെ കുടിയിറക്കാനുള്ള നീക്കമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇത് സിപിഎം ഗൗരവത്തിലൂടെ എടുക്കുകയും ചെയ്തു.
വനനിയമത്തില്‍ ഒരുവിഭാഗം ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ ഗൂഢപദ്ധതിയാണ് ഇതിനുപിന്നിലെന്ന ആക്ഷേപമുന്നയിച്ച ജോസ് വനംവകുപ്പിനെതിരേ കടുത്ത ആക്രമണമാണ് നടത്തിയത്. വനത്തോടുചേര്‍ന്ന ഭൂമി വനംവകുപ്പിന്റെ കൈയിലാക്കി കൊടുക്കുന്ന ചില സംഘടനകള്‍ സജീവമാണ്. രാഷ്ട്രീയ പിന്തുണയോടെ കൃഷിക്കാര്‍ ഉയര്‍ത്തുന്ന പ്രതിഷേധത്തെ നേരിടാനാണ് പുതിയ നിയമഭേദഗതിയെന്നും ആക്ഷേപമുന്നയിക്കുന്നു. വനംവകുപ്പിന്റെ അറസ്റ്റ്, കസ്റ്റഡി എന്നിവയിലെ വകുപ്പുകള്‍വന്നത് നിയമസെക്രട്ടറി പരിശോധിക്കാതെയാണെന്നും അതില്‍ അന്വേഷണം വേണമെന്നും ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇതെല്ലാം ഇടതു മുന്നണി അംഗീകരിച്ചേക്കും.