- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയെ മുന്നില്‍ നിന്ന വെല്ലുവിളിക്കുന്ന മാത്യു കുഴല്‍നാടന്റെ പ്രത്യാക്രമണം അനിവാര്യമായ സമയം; റോജി എം ജോണിനോടും ഹൈക്കമാണ്ടിന് താല്‍പ്പര്യം; ബെന്നിയ്ക്കും കൊടിക്കുന്നിലിനും അടൂരിനും വേണ്ടി ചരട് വലിക്കുന്ന ഗ്രൂപ്പ് മാനേജര്‍മാര്‍; കെപിസിസിയ്ക്ക് യുവത്വം വരില്ലേ? ഹൈക്കമാണ്ടിന് വെല്ലുവിളിയായി ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ തലമുറ മാറ്റം അട്ടിമറിക്കാന്‍ ഗ്രൂപ്പ് മനേജര്‍മാര്‍ വീണ്ടും സജീവം. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് യുവാക്കളെ കൊണ്ടുവരാനുള്ള നീക്കത്തിന് ഹൈക്കമാണ്ട് ആലോചിക്കുമ്പോഴാണ് നീക്കം. സാമുദായിക പരിഗണനകള്‍ കൂടി കണക്കിലെടുത്താണ് പുതിയ ചര്‍ച്ചകള്‍. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ സുധാകരന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്നാണ് സൂചന. ആരോഗ്യ പ്രശ്‌നങ്ങള്‍ അടക്കം സുധാകരന് മുമ്പിലുണ്ട്. എന്നാല്‍ ഇനിയും മാറുന്നതില്‍ സുധാകരന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ക്രൈസ്തവ പ്രസിഡന്റ് കെപിസിസിയ്ക്ക് വേണമെന്ന ചര്‍ച്ച സജീവമാണ്.
മുഖ്യമന്ത്രി പിണറായി വിജയനെ മുന്നില്‍ നിന്നും വെല്ലുവിളിക്കുന്ന മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന് അനുകൂലമാണ് ഹൈക്കമാണ്ടിലെ ചിന്തകള്‍. സുധാകരന്‍ മാറിയാല്‍ കുഴല്‍നാടന് അനുകൂല തീരുമാനം വരാനുള്ള സാധ്യതയുണ്ട്. കുഴല്‍നാടനൊപ്പം മറ്റ് ചില പേരുകളും സജീവമായി പരിഗണിക്കുന്നുണ്ട്. സിറോ മലബാര്‍ സഭയുമായി അടുത്ത ബന്ധമുള്ള റോജി എം ജോണ്‍ പുതിയ അധ്യക്ഷസ്ഥാനത്തേക്കുള്ള ചര്‍ച്ചകളില്‍ സജീവമായി പരിഗണിക്കുന്നുണ്ട്. യൂത്തുകോണ്‍ഗ്രസിനെ നയിച്ച ഡീന്‍ കുര്യാക്കോസും കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന പേരാണ്. ഇതിനിടെയാണ് ഗ്രൂപ്പ് മാനേജര്‍മാരുടെ അട്ടിമറി നീക്കം. ബെന്നി ബെഹന്നാന്റെ പേര് ചര്‍ച്ചയാക്കി യുവാക്കളുടെ സാധ്യത അടയ്ക്കാനാണ് നീക്കം.
യുവ നേതാക്കള്‍ ഗ്രൂപ്പുകള്‍ അതീതരാണ്. അവര്‍ സ്വന്തം നിലയില്‍ മുമ്പോട്ട് പോകും. ഇതാണ് ഗ്രൂപ്പ് നേതാക്കളുടെ പ്രശ്‌നം. ഗ്രൂപ്പുകള്‍ മുമ്പോട്ട് വയ്ക്കുന്ന സമവായ വ്യക്തിത്വത്തെ കെപിസിസിയെ ഏല്‍പ്പിക്കണമെന്നാണഅ ആവശ്യം. കേരളത്തിലെ രാഷ്ട്രീയം കാലത്തിനൊത്ത് മാറുമ്പോള്‍ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനെ പോലുള്ളവരാണ് നല്ലതെന്ന ചിന്ത ഉയരുന്നതിനെ ചെറുക്കാനും ഗ്രൂപ്പ് മാനേജര്‍മാര്‍ അണിയറയില്‍ ഒരുക്കുന്നുണ്ട്. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം സജീവമാണ്. കെ സുധാകരനെ അധ്യക്ഷ പദവിയില്‍ നിലനിര്‍ത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ കെ സുധാകരനെ മാറ്റാതെ പുനഃസംഘടന പൂര്‍ണമാകില്ലെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്. എന്നാല്‍ അടിമുടി പുനഃസംഘടന വേണമെന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. തര്‍ക്കങ്ങളില്ലാത്ത പുനഃസംഘടനയാണ് ഹൈക്കമാണ്ട് ലക്ഷ്യം.
മധ്യതിരുവിതാംകൂര്‍ അടക്കമുള്ള ക്രിസ്ത്യന്‍ മേഖലയില്‍ ബിജെപി നടത്തുന്ന തന്ത്രപരമായ കടന്നുകയറ്റം കോണ്‍ഗ്രസിനു ഭീഷണിയായേക്കാം. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള എന്നിവര്‍ക്ക് ക്രൈസ്തവ സഭയിലുള്ള സ്വാധീനം കോണ്‍ഗ്രസ് തിരിച്ചറിയുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കൂടുതല്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് പാര്‍ട്ടിയുടെ നിലനില്‍പിന് അത്യാവശ്യമാണെന്ന ബോധ്യം പാര്‍ട്ടിക്കുണ്ട്. ഈഴവ, ദലിത് ന്യൂനപക്ഷ വിഭാഗങ്ങളെയും പാര്‍ട്ടിയിലേക്ക് അടുപ്പിക്കേണ്ടതുണ്ട്. നേതൃമാറ്റം ഈ വിഷയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. സഭകളെ അടുപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കളാണ് നല്ലതെന്ന ചര്‍ച്ചയാണ് ഗ്രൂപ്പ് മാനേജര്‍മാര്‍ ഉയര്‍ത്തുന്നത്.
പത്തനംതിട്ട എംപി ആന്റോ ആന്റണി, ചാലക്കുടി എംപി ബെന്നി ബെഹ്‌നാന്‍ എന്നിവരും സാമുദായിക പരിഗണന വച്ച് ചര്‍ച്ചകളിലുണ്ട്. നായര്‍ സമുദായത്തില്‍ നിന്നുള്ള നേതാക്കളുടെ എണ്ണം കൂടുതലായതിനാല്‍ ഈഴവ പ്രാതിനിധ്യം ഉറപ്പിക്കാന്‍ അടൂര്‍പ്രകാശിന്റെ പേരും പരിഗണിച്ചേക്കും. ദളിത് പ്രാതിനിധ്യം മുഖ്യപരിഗണനയായി ഉയര്‍ന്നുവന്നാല്‍ കൊടിക്കുന്നില്‍ സുരേഷും ഗ്രൂപ്പ് മാനേജര്‍മാരുടെ കണ്ണിലുണ്ണിയായി മാറും. ബൂത്തുതലം വരെയുള്ള പുനസംഘടന തീരാപ്പണിയായി നില്‍ക്കുമ്പോഴാണ് തലപ്പത്തുതന്നെ മാറ്റത്തിന് പാര്‍ട്ടി ഒരുങ്ങുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കെ സുധാകരന് കഴിഞ്ഞില്ലെന്ന ചര്‍ച്ചയാണ് അദ്ദേഹത്തിന്റെ എതിരാളികള്‍ ഉയര്‍ത്തുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള ബന്ധം മോശമായതാണ് സുധാരന് ഈ പ്രതിസന്ധിയുണ്ടാക്കിയതെന്ന വാദവും ശക്തമാണ്.
അടുത്ത വര്‍ഷം അവസാനം വരുന്ന തദ്ദേശതിരഞ്ഞെടുപ്പിനും 2026 ആദ്യം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും പാര്‍ട്ടിയെ ഒരുക്കേണ്ടതുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു തോല്‍വി കൂടി താങ്ങാനുള്ള കരുത്ത് പാര്‍ട്ടിക്കില്ലെന്ന വീണ്ടുവിചാരത്താല്‍ രാഷ്ട്രീയ, സാമുദായിക ഘടകങ്ങള്‍ പരിശോധിച്ച് പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കാനാണ് ഹൈക്കമാണ്ട് തീരുമാനം. കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി.സതീശന്‍ തുടങ്ങിയ നേതാക്കളുടെ നീണ്ടനിരയെ ഏകോപിപ്പിക്കേണ്ട വലിയ ഉത്തരവാദിത്തം പുതിയ കെപിസിസി അധ്യക്ഷനാണ്. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്കു മുന്‍പായി പാര്‍ട്ടി മെഷിനറി പൂര്‍ണ സജ്ജമാക്കാന്‍ കെല്‍പുള്ള നേതൃത്വമാണ് ഹൈക്കമാന്‍ഡിന്റെ മുന്നിലെ ഏക പോംവഴി. കെപിസിസി നേതൃത്വത്തില്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന നിരവധി മുതിര്‍ന്ന നേതാക്കളുണ്ട്.
ഹൈക്കമാന്‍ഡിന്റെ നിലപാട് സൂചിപ്പിച്ച് പ്രാഥമിക ചര്‍ച്ചകള്‍ക്ക് കെ സി വേണുഗോപാല്‍ തുടക്കമിട്ട് കഴിഞ്ഞു. കഴിഞ്ഞ ദിവസം കെ സുധാകരനുമായി കെ സി വേണുഗോപാല്‍ ചര്‍ച്ച നടത്തിയത് ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു. കൂടുതല്‍ നേതാക്കളുമായി ഹൈക്കമാന്‍ഡ് കൂടിയാലോചന നടത്തും. കെപിസിസി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും ആലോചനയുണ്ട്. മുതിര്‍ന്ന നേതാക്കളെ ഭാരവാഹികള്‍ ആക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്. മികവ് പുലര്‍ത്താത്ത ഡിസിസി അധ്യക്ഷന്മാരെ മാറ്റാനും ആലോചനയുണ്ട്. കെപിസിസി ഭാരവാഹികള്‍, ഡിസിസി അധ്യക്ഷന്‍മാര്‍ എന്നിവരില്‍ വലിയ അഴിച്ച് പണിക്കാണ് സാധ്യത. എന്നാല്‍ കണ്ണൂര്‍ , കോഴിക്കോട് , മലപ്പുറം, എറണാകുളം ഉള്‍പ്പടെ 5 ഡിസിസി അധ്യക്ഷന്‍മാരെ മാറ്റില്ല. ഇവര്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിനാലാണ് മാറ്റേണ്ടെന്ന തീരുമാനം. കെപിസിസി നേതൃ നിരയിലേക്ക് യുവാക്കളെ പരിഗണിക്കും.
ഡിസിസി പദവിയിലും യുവാക്കളുടെ സാധിന്യം ഉറപ്പ് വരുത്തും. കെ എസ് ശബരിനാഥ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് ആകാന്‍ സാധ്യതയുണ്ട്. മാത്യു കുഴല്‍നാടന്‍ ഉള്‍പ്പടെയുള്ളവര്‍ സുപ്രധാന സ്ഥാനങ്ങളില്‍ ഉണ്ടാകും. ഡിസിസി ഭാരവാഹി പുനസംഘടനയും ഉടന്‍ ഉണ്ടാകും.