- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസിന്റെ എംപി സ്ഥാന രാജി ഭീഷണി കൊള്ളേണ്ടിടത്തു കൊണ്ടു; എകെയും ആര്‍സിയും കെസിയുടെ നീക്കങ്ങളുടെ മുനയൊടിക്കാന്‍ മുന്നില്‍ നിന്നു; വിഡിയുടെ ആ മോഹം ഉടന്‍ നടക്കില്ല; സുധാകരനെ മാറ്റുന്നത് സുധാകരന്‍ വഴങ്ങുമ്പോള്‍ മാത്രം! പുനസംഘടന നടക്കും; ദീപ് ദാസ് മുന്‍ഷിയുടെ നീക്കം പൊളിച്ചത് സുധാകര കോപം; കെപിസിസിയില്‍ സുധാകരന്‍ തുടരും
തിരുവനന്തപുരം: എകെ ആന്റണിയുടേയും രമേശ് ചെന്നിത്തലയുടേയും നിലപാടുകള്‍ നിര്‍ണ്ണായകമായി. പ്രവര്‍ത്തകസമിതിയിലെ മുതിര്‍ന്ന അംഗം എകെ ആന്റണിയ്‌ക്കൊപ്പം ശശി തരൂരും കെപിസിസി അധ്യക്ഷനെ മാറ്റുന്നതില്‍ വിയോജിപ്പ് അറിയിച്ചു. ഇതിനൊപ്പം ചെന്നിത്തലയും നിലപാട് എടുത്തതോടെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ നേതൃത്വത്തില്‍ കെപിസിസി അധ്യക്ഷനെ മാറ്റുന്നതിന് നടത്തിയ നീക്കം പാളി. ചര്‍ച്ചകള്‍ സജീവമായതു പുറത്തുവന്നതിനു പിന്നാലെ അതൃപ്തിയുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്തു വന്നിരുന്നു. കെപിസിസി പ്രസിഡന്റ് മാറ്റം പുറത്തുവന്നതിലെ അതൃപ്തി എഐസിസി ജനറല്‍ സെക്രട്ടറിയേയും ഹൈക്കമാന്‍ഡിനേയും സുധാകരന്‍ അറിയിച്ചതായാണു വിവരം. പിന്നാലെ ആന്റണിയും നിലപാട് വ്യക്തമാക്കി. ഇതോടെ സുധാകരനെതിരെ നടപടി ഉണ്ടാകില്ലെന്ന് ഉറപ്പായി. എന്നാല്‍ കെപിസിസി പുനസംഘടനാ ചര്‍ച്ച തുടരും. ഉടന്‍ പുതിയ ഭാരവാഹികളേയും കണ്ടെത്തും.
അതേസമയം, കെ. സുധാകരന്‍ മാറിയാല്‍ പകരം അദ്ദേഹത്തിനുകൂടി സമ്മതനായ വ്യക്തിയെ നിയമിക്കുന്നതു പരിഗണിക്കാമെന്ന ഉറപ്പ് ഹൈക്കമാന്‍ഡ് കെ. സുധാകരനു നല്‍കിയതായും സൂചനയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളില്‍ വലയുന്ന കെ. സുധാകരനെ പ്രകോപിതനാക്കാതെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റി പകരം നിയമനം നടത്തുന്നതാണു പരിഗണിക്കുന്നത്. പുനഃസംഘടനയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി ദീപാദാസ് മുന്‍ഷി നടത്തുന്ന കൂടിക്കാഴ്ചകള്‍ തുടരുകയാണ്. നേതാക്കള്‍ നിര്‍ദേശിച്ച പേരുകളില്‍ ഹൈക്കമാന്‍ഡ് കൂടിയാലോചന തുടരും. പക്ഷേ ഇത്തരം ചര്‍്ച്ചകള്‍ക്ക് ഇനി ഔദ്യോഗിക ഭാഷ്യം ഉണ്ടാകില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സുധാകരനെ മാറ്റാന്‍ കരുക്കള്‍ നീക്കുന്നത്. സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റിയാല്‍ താനും ഒഴിയാം എന്നതാണ് സുധാകരന്റെ നിലപാട്.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഭീഷണിക്ക് മുന്നില്‍ തല്‍കാലം വഴങ്ങുകയാണ് ഹൈക്കമാന്‍ഡ്. പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ തീവ്രനീക്കം ആരംഭിക്കുകയും മൂന്നംഗ പട്ടിക തയ്യാറാക്കുകയുംചെയ്ത സമയത്താണ് പൊട്ടിത്തെറി ഭയന്ന് എഐസിസി നേതൃത്വം പിന്നോട്ടുപോയതെന്നാണ് വിലയിരുത്തല്‍. താഴേതട്ടിലുള്ള പുനഃസംഘടനയുമായി മുന്നോട്ടുപോകാന്‍ കെ സി വേണുഗോപാല്‍ തന്നെ സുധാകരനെ അറിയിച്ചതായാണ് വിവരം. ശനിയാഴ്ച ഇരുവരും കണ്ണൂരില്‍ നേരില്‍കാണും. ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥ മാറി പതിയെ സുധാകരനെ തന്നെ ബോധ്യപ്പെടുത്തി പുതിയ പ്രസിഡന്റിനെ കൊണ്ടുവരാനാണ് നേതൃത്വത്തിന്റെ ആലോചന. ഫെബ്രുവരിയിലോ മാര്‍ച്ചിലോ പുതിയ പ്രസിഡന്റിന്റെ പ്രഖ്യാപനം എന്ന നിലയിലേക്കാണ് ഇപ്പോഴത്തെ നീക്കം.
കേരളത്തില്‍നിന്നുള്ള എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇടപെട്ട് കെപിസിസി അധ്യക്ഷനെ മാറ്റുന്നുവെന്ന പ്രചാരണം ഒഴിവാക്കാനാണ് ദീപാ ദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയത്. സാമുദായിക സമവാക്യങ്ങളും വിവിധ ഗ്രൂപ്പുകളുടെ പിന്തുണയുമൊക്കെ പരിഗണിച്ച് പുതിയ തീരുമാനം എടുക്കാനായിരുന്നു പദ്ധതി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന യുഡിഎഫിന്റെ മലയോര ജാഥ ഇന്നു തുടങ്ങുകയാണ്. ഫെബ്രുവരി അഞ്ചുവരെ മലയോരജാഥ തുടരും. മലയോര ജാഥ സമാപിച്ച ശേഷമാകും ഇക്കാര്യത്തില്‍ തുടര്‍ തീരുമാനമെടുക്കുക. മലയോര ജാഥയില്‍ കെ സുധാകരനും പങ്കെടുക്കും. കെപിസിസി അധ്യക്ഷനാകും ഇവിടെ പ്രധാന ശ്രദ്ധാ കേന്ദ്രം.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കെപിസിസി പ്രസിഡന്റ് സ്ഥാനത്തെ മാറ്റം പാര്‍ട്ടിയേയും യുഡിഎഫിനേയും ദോഷകരമായി ബാധിക്കുമെന്ന നിലപാടാണ് ആന്റണി എടുത്തതെന്നാണ് സൂചന. അതിനിടെ കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരസ്യമായി പറയുകയും ചെയ്തു. അത്തരം ചര്‍ച്ചകള്‍ നടന്നതായി തനിക്കറിയില്ല. കെപിസിസി പ്രസിഡന്റിന്റെ പ്രവര്‍ത്തനത്തില്‍ ആരും അതൃപ്തി അറിയിച്ചിട്ടില്ല. മാറ്റണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും ചെന്നിത്തല പറഞ്ഞു. ''ഹൈക്കമാന്‍ഡ് എന്തു തീരുമാനിച്ചാലും അത് അംഗീകരിക്കും. നിയമസഭാ മണ്ഡലങ്ങളില്‍ സര്‍വേ നടന്നതായി എനിക്ക് അറിയില്ല. സര്‍വേ നടന്നിട്ടില്ല എന്നാണ് എന്നോട് പ്രതിപക്ഷ നേതാവ് പറഞ്ഞത്''- ചെന്നിത്തല വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മാറ്റണമെന്നതില്‍ ചര്‍ച്ചപോലും ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല പറയുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണ് എന്നും ചെന്നിത്തല വിശദീകരിച്ചിട്ടുണ്ട്.