പാലക്കാട്: കനത്ത തോല്‍വിയ്ക്ക് പിന്നാലെ സി കൃഷ്ണകുമാറിനെ വെട്ടിലാക്കി പഴയ കേസുകളും ചര്‍ച്ചയില്‍. ഭാര്യാമാതാവിനെതിരെ പരാതിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ മുന്‍ വൈസ് ചെയര്‍മാനായിരുന്ന സി കൃഷ്ണകുമാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയിരുന്നു. ഇതും വോട്ടുകുറയാന്‍ കാരണമായി എന്നാണ് വിലയിരുത്തല്‍. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ തന്റെ ഭാര്യക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഭാര്യ മാതാവ് വിജയകുമാരി തന്നെയും ഭാര്യയെയും അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന കൃഷ്ണകുമാറിന്റെ പഴയ ആരോപണവും തിരഞ്ഞെടുപ്പ് കാലത്ത് എതിരാളികള്‍ പൊടി തട്ടിയെടുത്തിരുന്നു. സന്ദീപ് വാര്യര്‍ ബിജെപിയില്‍ നിന്നും പുറത്തു പോയ ശേഷം ഇക്കാര്യങ്ങള്‍ വലിയ തോതില്‍ ചര്‍ച്ചയായി. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ കൃഷ്ണകുമാര്‍ വേണ്ടതൊന്നും ചെയ്തില്ല. സമാനതകളില്ലാത്ത കുടുംബ പ്രശ്‌നമായിരുന്നു ഇത്.

സി കൃഷ്ണകുമാര്‍ വിജയകുമാരിക്കെതിരെ നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ആരോപണമുന്നയിച്ച് തന്നെയും ഭാര്യയെയും അപമാനിച്ച വിജയകുമാരി ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമായിരുന്നു വക്കീല്‍ നോട്ടീസ്. ഇതു വാര്‍ത്തയുമായി. എന്നാല്‍ ഇപ്പോള്‍ ആ വക്കീല്‍ നോട്ടീസിന് എന്തു സംഭവിച്ചു വെന്ന് ആര്‍ക്കും അറിയില്ല. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിക്കാന്‍ കൃഷ്ണകുമാര്‍ ശ്രമം നടത്തിയെന്നായിരുന്നു ഭാര്യാ മാതാവായ സികെ വിജയകുമാരിയുടെ അന്നത്തെ ആരോപണം. സി കൃഷ്ണകുമാര്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും പരാതിപ്പെട്ട് ഭാര്യയുടെ സഹോദരി സിനി സേതുമാധവനും അമ്മ സി കെ വിജയകുമാരിയും വാര്‍ത്താസമ്മേളനം നടത്തിയത് 2020ലായിരുന്നു. അന്നു വരെ പാലക്കാട്ടെ ബിജെപിയുടെ പ്രധാന നേതാവായിരുന്നു കൃഷ്ണകുമാര്‍. വിജയകുമാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കൃഷ്ണകുമാറിന്റെ ഗ്രാഫ് കുറഞ്ഞു. അത് ഈ നിയമസഭാ ഉപതിരഞ്ഞെടുപ്പോടെ പാലക്കാട് പൂര്‍ണ്ണമായും ഒറ്റപ്പെട്ട ബിജെപിക്കാരനെന്ന നിലയിലേക്കും എത്തുകയാണ്.

അമ്മയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷ്ണകുമാര്‍ തട്ടിയെടുത്തെന്ന് സിനി സേതുമാധവന്‍ ആരോപിച്ചിരുന്നു. അത് ചോദ്യം ചെയ്തപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി. തന്റെ അച്ഛനും കൃഷ്ണകുമാറിന്റെ ഭാര്യാപിതാവുമായ സേതുമാധവന്‍ അസുഖബാധിതനായി കിടന്നപ്പോള്‍ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വാങ്ങി ഞങ്ങളെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചുവെന്നും സിനി പറഞ്ഞു. നിരന്തരം പീഡനം തുടരുകയാണ്. നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ച് കൃഷ്ണകുമാര്‍ തന്നെ കൂരമായി മര്‍ദ്ദിച്ചുവെന്നും സിനി കൂട്ടിച്ചേര്‍ത്തിരുന്നു. മൂടിവെച്ച കാര്യങ്ങള്‍ പുറത്തുപറയാന്‍ നിര്‍ബന്ധിതമായത് ബിജെപിയും തങ്ങളെ കൈവിട്ടതുകൊണ്ടാണെന്നായിരുന്നു ആ അമ്മയും മകളും അന്ന് പറഞ്ഞത്. സ്വന്തം വീട്ടില്‍ തന്നെ അഴിമതിക്ക് തുടക്കമിട്ടയാളാണ് കൃഷ്ണകുമാര്‍, ആ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കാനാണ് നഗരസഭയിലെ 18-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായതെന്നും സികെ വിജയകുമാരി പ്രതികരിച്ചിരുന്നു. അന്ന് വെറും ആറു വോട്ടാണ് വിജയകുമാരി പിടിച്ചതെങ്കിലും മകള്‍ക്കും മരുമകനുമെതിരെ പൊട്ടിത്തെറിച്ചത് 2024ല്‍ രാഷ്ട്രീയമായി ചര്‍ച്ചയായി എന്നതാണ് വസ്തുത.

2020ല്‍ പാലക്കാട് നഗരസഭയില്‍ വീണ്ടും അധികാരത്തിലെത്താന്‍ ബിജെപി ശ്രമം നടത്തുന്നതിനിടെയാണ് മുതിര്‍ന്ന നേതാവായ സി കൃഷ്ണകുമാറിനെതിരെ ആരോപണവുമായി ഭാര്യാമാതാവ് തന്നെ രംഗത്തെത്തിയത്. പ്രചരണം മുന്നില്‍ നിന്ന് നയിക്കുന്ന കൃഷ്ണകുമാറിനെതിരെ ഇത്തരമൊരു ആരോപണം ഉയര്‍ന്നത് ബിജെപിയെ പ്രതിസന്ധിയിലാക്കി. എതിര്‍പാര്‍ട്ടികള്‍ വിജയകുമാരിയുടെ ആരോപണത്തെ കാര്യമായി തന്നെ പ്രചരിപ്പിച്ചു. അന്ന് ഫലിക്കാത്ത ആരോപണം 2024ല്‍ കൃഷ്ണകുമാറിനെ തിരിഞ്ഞു കുത്തുകയായിരുന്നു. 2020ല്‍ മകള്‍ക്കെതിരെ മത്സരിച്ച് അമ്മ വെറും ആറു വോട്ടാണ് നേടിയത്. അന്ന് മകളെ തോല്‍പ്പിക്കാന്‍ അമ്മ വിജയകുമാരിയ്ക്ക് ആയില്ല. എങ്കിലും ആ വിഷയം നാലു വര്‍ഷത്തിന് ശേഷം വീണ്ടും പാലക്കാടന്‍ ചര്‍ച്ചകളില്‍ ആളിക്കത്തി.

സുരേഷ് ഗോപിയുടെ വിജയം വടക്കുനാഥന് സമര്‍പ്പിച്ച സുരേന്ദ്രന്‍ പാലക്കാട്ടെ വിജയം വിശാലാക്ഷീ സമേത വിശ്വനാഥന് നല്‍കി. അവിടെ ഒളിപ്പിച്ചു വച്ചത് സി കൃഷ്ണകുമാറിനേയും ഭാര്യ മിനി മോളേയും ആണെന്ന വിലയിരുത്തലും ഉയര്‍ന്നു. പക്ഷേ അടിമുടി പിഴച്ചു. കല്‍പ്പാത്തിയിലെ 'ദൈവം' ബിജെപിയെ തുണച്ചില്ല. അടിമുടി തകര്‍ന്നു. ബിജെപി ശക്തികേന്ദ്രങ്ങളിലൊന്നും കൃഷ്ണകുമാര്‍ പച്ച തൊട്ടില്ല. ഇവിടെ ചര്‍ച്ചയാകുന്നത് 'ഭാര്യാ' ഇഫക്ടാണ്. പാലക്കാട്ടെ പരാജയത്തിന് പൂര്‍ണ ഉത്തരവാദിത്തം സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാറിന്റെ ഭാര്യയുടെ അനാവശ്യ ഇടപെടലുകളാണെന്ന് ബിജെപിക്കാര്‍ മൊത്തം പറയുന്നു. ഈ വിഷയം ഉയര്‍ത്തിയാണ് സന്ദീപ് വാര്യര്‍ പോലും ബിജെപി വിട്ടത്. നഗരസഭയില്‍ ബിജെപിയ്ക്കുള്ളില്‍ ഇത് പലപ്പോഴും ചര്‍ച്ചയായിരുന്നു. സന്ദീപ് വാര്യര്‍ക്ക് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പോലും സീറ്റ് നല്‍കിയില്ല. എന്നാല് മിനി മോള്‍ ഇരുന്നു.

ഇതിന് പിന്നില്‍ കളിച്ചത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന രഘുനാഥായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അതിവിശ്വസ്തനാണ് രഘുനാട്. സകലരെയും വെറുപ്പിച്ച് പാര്‍ട്ടിയെ നിയന്ത്രിച്ച മിനിമോളെ ഒരുമിച്ചെതിര്‍ത്തത് മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരടക്കമുളള പ്രാദേശിക നേതാക്കളായിരുന്നു. എന്നാല്‍ ഇതൊന്നും ബിജെപി നേതൃത്വം കണ്ടില്ല. ബിജെപിയുടെ ദേശീയ നേതാവ് ബി എല്‍ സന്തോഷും എല്ലാത്തിനും കുടപിടിച്ചു. അങ്ങനെ ഉപതിരഞ്ഞെടുപ്പില്‍ സുവര്‍ണ്ണാവസരം നഷ്ടമാകുകയാണ് ബിജെപിക്ക്. സി കൃഷ്ണകുമാറിന്റെ തോല്‍വിയില്‍ ഭാര്യയുടെ ഇടപെടലും ബിജെപിക്കുള്ളില്‍ ഇനി ചര്‍ച്ചയാകും. തോല്‍വിയോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ മുന്‍തൂക്കം നഷ്ടപ്പെടുത്തിയ സംസ്ഥാന നേതൃത്വം വിലകൊടുക്കേണ്ടി വരും. മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ മടിച്ച ബിജെപിക്കുള്ള തിരിച്ചടിയാണ് തോല്‍വി.