കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പൊന്നാപുരം കോട്ടയായി നിലനിന്നത് എറണാകുളം ജില്ലയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഈ പതിവുതെറ്റിയില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പുറത്തുവരുമ്പോള്‍ യുഡിഎഫ് എറണാകുളം ജില്ല തങ്ങളുടെ പൊന്നാപുരം കോട്ടയാണെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ്. എറണാകുളത്ത് ഉജ്ജ്വല വിജയം നേടിയ യുഡിഎഫ് കോട്ടയത്തും ഇടുക്കിയിലും നേട്ടമുണ്ടാക്കി. കഴിഞ്ഞ തവണ ജോസ് കെ മാണിയെ കൂടെക്കൂട്ടി നേട്ടമുണ്ടാക്കിയ എല്‍ഡിഎഫിന് വലിയ തിരിച്ചടിയാണ്. തൃശ്ശൂരിലും യുഡിഎഫ് നേട്ടമുണ്ടാക്കിയതോടെ ജോസ് കെ മാണി ഇനി മനസ്സുമാറ്റുമോ എന്നാണ് അറിയേണ്ടത്.

തൃശൂര്‍, കൊച്ചി കോര്‍പറേഷനുകള്‍ തിരിച്ചുപിടിച്ചു. എറണാകുളം പരമ്പരാഗതമായി യുഡിഎഫിന് ഒപ്പം നില്‍ക്കുന്ന ജില്ലയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്ലായിടത്തും യുഡിഎഫിന് തിരിച്ചടി ഉണ്ടായപ്പോഴും എറണാകുളത്ത് യുഡിഎഫിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞെങ്കിലും കൊച്ചി കോര്‍പ്പറേഷന്റെ ഭരണം കൈവിട്ടു പോയിരുന്നു. ഇക്കുറി യുഡിഎഫിന്റെ പ്രധാന ലക്ഷ്യം കോര്‍പ്പറേഷന്‍ ഭരണം തിരിച്ചു പിടിക്കുക എന്നതായിരുന്ന. ആ ദൗത്യം വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് വിജയിച്ചു. ശബരിമല കൊള്ളയടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫ് വിജയം നേടിയത്.

ഇടുക്കിയില്‍ യുഡിഎഫ് തരംഗം തന്നെയാണ് ഉണ്ടായത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തകര്‍ന്നടിഞ്ഞു. ഇടുക്കി ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 17 സീറ്റുകളില്‍ 14 സീറ്റിലും യുഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. രണ്ടു നഗരസഭകളിലും യുഡിഎഫ് ഭരണത്തിലെത്തും. തൊടുപുഴ നഗരസഭയില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തിയത്. കട്ടപ്പന നഗരസഭ യുഡിഎഫ് നില നിര്‍ത്തി. എന്നാല്‍ എഐസിസി അംഗം ഇ.എം. ആഗസ്തി പരാജയപ്പെട്ടത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. സിപിഎമ്മിലെ സി.ആര്‍. മുരളിയാണ് ആഗസ്തിയെ തോല്‍പ്പിച്ചത്.

ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ 10 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ മൂന്ന് സീറ്റിലൊതുങ്ങി. എട്ടു ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴും യുഡിഎഫ് നേടി. അടിമാലി, അഴുതി, ഇളംദേശം, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, തൊടുപുഴ ബ്ലോക്കുകളിലാണ് യുഡിഎഫ് വിജയിച്ചത്. ദേവികുളം ബ്ലോക്ക് മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്.

തൊടുപുഴ നഗരസഭയില്‍ യുഡിഎഫ് തിളക്കമാര്‍ന്ന വിജയത്തോടെയാണ് അധികാരത്തിലെത്തുന്നത്. ആകെയുള്ള 38 സീറ്റില്‍ 21 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. ഇതോടെ കേവല ഭൂരിപക്ഷം നേടി ഭരണത്തിലെത്താം. എന്നാല്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേയ്ക്ക് പോയത് ഇവര്‍ക്ക് കനത്ത ആഘാതമായി.

കഴിഞ്ഞ തവണ 12 ഇടത്ത് ജയിച്ച സ്ഥാനത്ത് ആറിടത്ത് മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത്. മൂന്ന് വാര്‍ഡുകള്‍ കൂടിയിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ പകുതി സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി ഒന്‍പതു സീറ്റ് നേടി. കഴിഞ്ഞ തവണ എട്ടു സീറ്റുകളാണ് ബിജെപി നേടിയത്. 2015ന് ശേഷം ആദ്യമായാണ് ഒരു കക്ഷി നഗരസഭയില്‍ കേവല ഭൂരിപക്ഷം നേടുന്നത്. കട്ടപ്പന നഗരസഭയില്‍ യുഡിഎഫ് 20 സീറ്റുകള്‍ നേടിയാണ് വീണ്ടും ഭരണത്തിലെത്തുന്നത്. എല്‍ഡിഎഫ് 13 സീറ്റ് നേടി. എന്‍ഡിഎ രണ്ടു സീറ്റുകളിലും വിജയിച്ചു.

കോട്ടയം ജില്ലയില്‍ യുഡിഎഫിന്റെ വന്‍ തിരിച്ചു വരവ്. ഇതുവരെ 35 പഞ്ചായത്തുകളില്‍ യുഡിഎഫിന് ലീഡ് നേടാനായപ്പോള്‍ 20 പഞ്ചായത്തുകളിലാണ് എല്‍ഡിഎഫിനു ലീഡ്. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴിടത്ത് യുഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ രണ്ടിടത്ത് എല്‍ഡിഎഫിനാണ് ലീഡ്. ളാലം ബ്ലോക്കില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്.

ആറു നഗരസഭകളില്‍ ആറിടത്തും യുഡിഎഫിനാണ് മേല്‍കൈ. പാലാ നഗരസഭയില്‍ സ്വതന്ത്രന്‍മാരുടെ പിന്തുണയില്‍ യുഡിഎഫിനു ഭരിക്കാം. ജില്ലാ പഞ്ചായത്തില്‍ 14 ഇടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം പിന്തുണയില്‍ എല്‍ഡിഎഫ് ഭരണം പിടിച്ച പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും ഇത്തവണ എല്‍ഡിഎഫിനെ കൈവിട്ടകാഴ്ചയാണുണ്ടായത്. കേരള കോണ്‍ഗ്രസ്- എമ്മിനും ജില്ലയില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയുടെ സ്വന്തം വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. പാലാ നഗരസഭ 22 -ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രജിത പ്രകാശ് വിജയിച്ചു. രജിത 287 വോട്ടും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 232 വോട്ടും ലഭിച്ചു. ജോസ് കെ. മാണിയും മകനും നേരിട്ട് പ്രചാരണം നടത്തിയ വാര്‍ഡുകൂടിയാണിത്. അതേ സമയം മാണി സി.കാപ്പന്‍ എംഎല്‍എയുടെ സ്വന്തം വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് -എം സ്ഥാനാര്‍ഥി ജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബൈജു കൊല്ലം പറമ്പിലാണ് ഇവിടെ വിജയിച്ചത്. കേരള കോണ്‍ഗ്രസ് -എം നേതാവും കൗണ്‍സിലറുമായ ബൈജു കൊല്ലം പറമ്പിലിന്റെ ഭാര്യയാണ് ജിജി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ദയനീയ തോല്‍വിയില്‍ പ്രതികരിച്ച് കോരളാ കോണ്‍ഗ്രസ് -എം നേതാവ് ജോസ് കെ. മാണി. പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. വീഴ്ച പരിശോധിക്കും. വിജയിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു. പാലാ നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പത്തു സ്ഥാനാര്‍ഥികള്‍ വിജയിച്ചു. തോല്‍വി പരിശോധിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി. മാധ്യകേരളത്തില്‍ യുഡിഎഫ് വലിയ മുന്നേറ്റം ഉണ്ടാക്കിയതോടെ ജോസ് കെ മാണിയുടെ മനസ്സു മാറുമോ എന്നാണ് ഇനി അറിയേണ്ടത്.