തിരുവനന്തപുരം: കൊല്ലം സംസ്ഥാനസമ്മേളനത്തിനൊടുവില്‍ നേതൃത്വത്തോട് ചോദ്യമുയര്‍ത്തി പി. ജയരാജന്‍ നല്‍കുന്നത് ഇനിയുള്ള സമയം വെറുതെ ഇരിക്കില്ലെന്ന് സൂചന. പി ജയരാജനെ ഉള്‍പ്പെടുത്താതെ സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരിച്ചത് ഏറെ വിവാദമായിരുന്നു. പാര്‍ട്ടിയില്‍ സീനിയോറിട്ടി നടപ്പാക്കാത്തത് ജയരാജനെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റിക്കു നല്‍കിയ രണ്ടുപരാതികളില്‍ ചര്‍ച്ചയും മറുപടിയുമില്ലാത്തത് എന്തുകൊണ്ടാണെന്നായിരുന്നു ചോദ്യം ജയരാജന്‍ ഉയര്‍ത്തിയത്. ഇനിയുള്ള സംസ്ഥാന കമ്മറ്റികളില്‍ ഈ വിഷയം പിജെ ചര്‍ച്ചയാക്കും. ഇപി ജയരാജനെ പിജെ കടന്നാക്രമിക്കുമെന്ന് സാരം. പാര്‍ട്ടി വേദികളില്‍ മാത്രമാകും പിജെ ആഞ്ഞടിക്കുക.

കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനെതിരേ ഉന്നയിച്ച പരാതികളാണ് പി. ജയരാജന്‍ ചൂണ്ടിക്കാട്ടിയത്. സമ്മേളനത്തിന്റെ അവസാനദിനം, മുഖ്യമന്ത്രിയുടെ മറുപടിക്കുശേഷമുയര്‍ന്ന ഈ ചോദ്യത്തിന് നേതാക്കളാരും മറുപടിനല്‍കിയില്ല. ഇതിനുശേഷമാണ് ഇ.പി. ജയരാജന്‍ ഉള്‍പ്പെടുന്ന പുതിയ സംസ്ഥാനകമ്മിറ്റി അംഗങ്ങളുടെ പാനല്‍ എം.വി. ഗോവിന്ദന്‍ അവതരിപ്പിച്ചത്. പക്ഷേ, ഈ പാനലിനെ പി. ജയരാജന്‍ എതിര്‍ത്തില്ല. പാര്‍ട്ടി ഉപരിഘടകത്തിലേക്ക് സ്ത്രീകള്‍ക്ക് വേണ്ടത്ര പരിഗണനകിട്ടുന്നില്ലെന്ന ആക്ഷേപം ജെ. മേഴ്‌സിക്കുട്ടിയമ്മ ഉന്നയിച്ചു. ഇതിലും നേതൃത്വം മറുപടി നല്‍കിയില്ല. എന്‍ സുകന്യയെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് പറായാതെ ചോദിക്കുകയായിരുന്നു അവര്‍. സീനിയര്‍ നേതാക്കളെ സെക്രട്ടറിയേറ്റില്‍ എടുക്കാത്തതിന്റെ അമര്‍ഷം സിപിഎം നേതാക്കള്‍ക്കിടയില്‍ ശക്തമാണ്.

സംസ്ഥാന കമ്മിറ്റിയില്‍നിന്ന് രണ്ടുസ്ത്രീകളാണ് ഒഴിവായത്, പി.കെ. ശ്രീമതിയും സൂസന്‍ കോടിയും. പകരം കെ. ശാന്തകുമാരിയും ആര്‍. ബിന്ദുവും വന്നു. സെക്രട്ടേറിയറ്റില്‍നിന്ന് ശ്രീമതി ഒഴിഞ്ഞപ്പോള്‍ കെ.കെ. ശൈലജയെ ഉള്‍പ്പെടുത്തി. അംഗങ്ങളുടെ എണ്ണത്തിന് പരിധിയുള്ളതുകൊണ്ടാണ് വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റി സ്ഥിരംക്ഷണിതാവാക്കിയത്. സെക്രട്ടറിയേറ്റിലേക്ക് പല മുതിര്‍ന്ന ആളുകളേയും ഒഴിവാക്കി. മന്ത്രി എംബി രാജേഷ്, എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരില്‍ ഒരാള്‍ പിബിയില്‍ എത്തുമെന്നാണ് ഏവരും കരുതിയത്. 40 കൊല്ലമായി സംസ്ഥാന സമിതി അംഗമാണ് വിജയകുമാര്‍. ഇതിന് മുകളിലേക്ക് വിജയകുമാറിന് പാര്‍ട്ടി പദവികളൊന്നും നല്‍കിയില്ല.

സംസ്ഥാന കമ്മിറ്റിയില്‍ സീനിയോറിറ്റിയുണ്ടായിട്ടും സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതെ പോയതിലെ നിരാശയിലാണു സിപിഎമ്മിലെ പ്രമുഖരുടെ നിര എന്നും സൂചനയുണ്ട്. സീനിയോറിറ്റിയല്ല, സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാനുള്ള മികവാണു സെക്രട്ടേറിയറ്റ് രൂപീകരണത്തില്‍ കണക്കിലെടുക്കാറുള്ളതെന്നാണു പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. എന്നാല്‍, കമ്മിറ്റിയിലെ സീനിയോറിറ്റി ചില ഘട്ടത്തില്‍ മാനദണ്ഡമാക്കാറുമുണ്ട്. ഓരോ ഘട്ടത്തില്‍ ഓരോരുത്തരെ ഉള്‍പ്പെടുത്താനായി മാനദണ്ഡങ്ങള്‍ അടിക്കടി മാറ്റുന്നുവെന്നതാണ് വസ്തുത. ഇതെല്ലാം ശക്തമായി തന്നെ നേതാക്കള്‍ ഇനിയുള്ള യോഗങ്ങളില്‍ ഉയര്‍ത്തും. ഇതെല്ലാം പൊട്ടിത്തെറിയാകാതിരിക്കാനും ശ്രദ്ധിക്കും. സിപിഎമ്മിന് തുടര്‍ഭരണം ഉറപ്പിക്കുന്നതിന് വേണ്ടിയാകും കരുതല്‍. പക്ഷേ അര്‍ഹിക്കുന്നവരെ തഴഞ്ഞാല്‍ പ്രതിസന്ധിയിലേക്ക് പാര്‍ട്ടി പോകുമെന്ന് വിലയിരുത്തുന്നവരുണ്ട്.

നിലവിലെ സെക്രട്ടേറിയറ്റ് അംഗങ്ങളില്‍, ഏറ്റവുമധികം കാലം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നശേഷം സെക്രട്ടേറിയറ്റിലെത്തിയതു കെ.കെ.ജയചന്ദ്രനും എം.വി.ജയരാജനുമാണ് 27 വര്‍ഷം. ഏറ്റവും കുറഞ്ഞകാലത്തെ സംസ്ഥാന കമ്മിറ്റിയംഗത്വംകൊണ്ടു സെക്രട്ടേറിയറ്റില്‍ എത്തപ്പെട്ടത് എം.സ്വരാജും മുഹമ്മദ് റിയാസും. സംസ്ഥാന സമിതിയില്‍ എത്തി 4 വര്‍ഷം കൊണ്ട് സെക്രട്ടറിയേറ്റിലെത്തി. പിണറായിയും തോമസ് ഐസക്കും 11 വര്‍ഷത്തെ സംസ്ഥാന കമ്മിറ്റിയംഗത്വത്തിനുശേഷം സെക്രട്ടേറിയറ്റിലെത്തിവരാണ്.

എം.വിജയകുമാറും (40 വര്‍ഷം), പി.ജയരാജന്‍, ജെ.മെഴ്‌സിക്കുട്ടിയമ്മ (27 വര്‍ഷം) എന്നിവരും ഏറെ നാളായി സംസ്ഥാന സമിതിയില്‍ ഉള്ളവരാണ്. ഇതില്‍ എം വിജയകുമാര്‍ ഡിവൈഎഫ് ഐയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്നു.