- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗംഗ ബിഹാറിലൂടെ ഒഴുകി ബംഗാളിലാണെത്തുന്നത്.; ഇനി പശ്ചിമബംഗാളില്‍ നിന്ന് ജംഗിള്‍ രാജ് പിഴുതെറിയും! മമതയെ തോല്‍പ്പിക്കാന്‍ 'ഗംഗാ' കാര്‍ഡുമായി മോദി; ബിജെപിയുടെ ഇനിയുള്ള ലക്ഷ്യം ഗംഗയൊഴുകും സംസ്ഥാനങ്ങള്‍ എല്ലാം ഒപ്പമെന്ന് ഉറപ്പിക്കല്‍; കേരളവും തമിഴ്‌നാടും അടുത്ത വര്‍ഷ അജണ്ടയില്‍ ഇല്ല; പിണറായിയ്ക്ക് ആശ്വാസമാകുമോ?
ന്യൂഡല്‍ഹി: ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍. കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും. ഈ മൂന്നിടത്തും ബിജെപി ഭരണമില്ല. അപ്പോഴും ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. എന്‍ഡിഎയ്ക്ക് കാലു കുത്താന്‍ കഴിയാത്ത ദക്ഷിണേന്ത്യയ്ക്ക് പുറത്തുള്ള സംസ്ഥാനങ്ങളാണ് ബിജെപിയുടെ പ്രഥമ പരിഗണനയെന്നതിന്റെ സൂചനയാണ് ഇത്. ബീഹാറിലെ വിജയാവേശത്തില്‍ താമസിയാതെ ബംഗാള്‍ ഓപ്പറേഷന് ബിജെപി ഇറങ്ങും. പ്രധാനമന്ത്രി മോദി തന്നെ നേതൃത്വം നല്‍കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇനി ബംഗാളിലെ ചുമതലയിലേക്ക് പോകും. കഴിയുന്നത്ര ആളുകളെ ചേര്‍ത്ത നിര്‍ത്തി ബംഗാളില്‍ ഭരണം പിടിച്ചെടുക്കുകയാകും ലക്ഷ്യം. അടുത്ത വര്‍ഷ ബിജെപി അജണ്ടയില്‍ കേരളവും തമിഴ്‌നാടും ഇല്ലെന്ന വസ്തുത കൂടിയാണ് തെളിയുന്നത്.
ബിഹാറിനു പിന്നാലെ ബംഗാളിലെ ജംഗിള്‍ രാജ് ഭരണവും ബിജെപി പിഴുതെറിയും. ഗംഗ ബിഹാറിലൂടെ ഒഴുകി ബംഗാളിലാണെത്തുന്നത്. ബംഗാളിലെ ബിജെപി വിജയത്തിന് ബിഹാര്‍ വഴിയൊരുക്കിയിരിക്കുന്നു. ഇനി ബംഗാളിലെ സഹോദരങ്ങളോടൊപ്പം ചേര്‍ന്ന് പശ്ചിമബംഗാളില്‍നിന്ന് ബിജെപി ജംഗിള്‍ രാജ് പിഴുതെറിയുമെന്നും മോദി പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച ജമ്മു കശ്മീരിലെ നഗരോത, ഒഡിഷയിലെ നോപാദ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്കും മോദി നന്ദി പറഞ്ഞു. അതായത് ഗംഗയെന്ന വികാരം ചര്‍ച്ചയാക്കി ബീഹാറും പിടിക്കുക. ഗംഗയൊഴുകുന്ന മണ്ണില്‍ എല്ലാം ബിജെപി ഭരണം ഉറപ്പാക്കുക ഇതാണ് മോദിയുടെ പ്ലാന്‍. ഉത്തരേന്ത്യയിലാകെ കത്തി പടരുന്ന ഹിന്ദു വികാരമാണ് ഗംഗ. ആ 'ഗംഗ'യുമായാണ് ബംഗാള്‍ പിടിക്കാന്‍ മോദി വരുന്നതെന്ന് സാരം.
കള്ളന്‍മാരുടെ സര്‍ക്കാര്‍ ഒരിക്കലും ബിഹാറിലേക്ക് മടങ്ങിവരില്ലെന്നും കോണ്‍ഗ്രസിനെ ഉദ്ദേശിച്ചുകൊണ്ട് മോദി പറഞ്ഞു. ജംഗിള്‍ രാജ് എന്ന തന്റെ പരാമര്‍ശത്തില്‍ ആര്‍ജെഡിയെക്കാള്‍ വേദനിച്ചത് കോണ്‍ഗ്രസിനാണ്. ആര്‍ജെഡി അതില്‍ ഒരു എതിര്‍പ്പും ഉന്നയിച്ചില്ല. ഛഠ് പൂജ ആഘോഷങ്ങളുടെ പേരില്‍ ബിഹാറിന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും മഹത്തായ ഭൂതകാലത്തെയും പ്രതിപക്ഷം അനാദരിച്ചു. ഛഠ് പൂജയെ യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. അതായത് ആര്‍ജെഡിയെ പോലും മോദി കടന്നാക്രമിക്കുന്നില്ല. ഭാവിയില്‍ ബിജെപിയ്ക്ക് ബീഹാറില്‍ ആര്‍ ജെ ഡിയേയും കൂടെ നിര്‍ത്താന്‍ ആഗ്രഹമുണ്ടെന്നതിന്റെ സൂചനയാണ് ഇത്. അതായത് കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. ഈ ബിജെപി നീക്കം അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. കേരളത്തിലും കോണ്‍ഗ്രസ് അധികാരത്തില്‍ എത്താതിരിക്കാനുള്ള കരുതല്‍ ബിജെപി ഭാഗത്ത് നിന്നുണ്ടായാല്‍ അത് വീണ്ടും സിപിഎം ഭരണത്തിന് കേരളത്തില്‍ വഴിയൊരുക്കുമെന്ന വിലയിരുത്തലുമുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷനിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതാണ് ബീഹാറിലെ തിരഞ്ഞെടുപ്പ് വിജയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ ജനത അവരുടെ ശക്തി പൂര്‍ണമായും കാണിച്ചു. കഠിനാധ്വാനം ചെയ്താണ് ജനങ്ങളെ സന്തോഷിപ്പിക്കുകയും അവരുടെ ഹൃദയം കവരുകയും ചെയ്തത്. അതുകൊണ്ടാണ് ഒരിക്കല്‍ക്കൂടി ബിഹാര്‍ എന്‍ഡിഎ സര്‍ക്കാരിനെ തിരഞ്ഞെടുത്തതെന്നും മോദി പറഞ്ഞു. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരെയും അനുഭാവികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബിഹാര്‍ തിരഞ്ഞെടുപ്പ് ഒരു കാര്യംകൂടി തെളിയിച്ചിരിക്കുന്നു. ഇപ്പോള്‍ രാജ്യത്തെ വോട്ടര്‍മാര്‍, വിശിഷ്യാ യുവ വോട്ടര്‍മാര്‍, വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തെ വളരെ ഗൗരവത്തോടെ കാണുന്നവരാണ്. ബിഹാറിലെ യുവജനങ്ങളും വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തെ വലിയ തോതില്‍ പിന്തുണച്ചു. ജനാധിപത്യത്തിന്റെ പവിത്രതയ്ക്ക് ഓരോ വോട്ടറും പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,' മോദി പറഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയം യുവാക്കള്‍ എസ്ഐആറിനെ പിന്തുണച്ചുവെന്നതിന്റെ തെളിവാണെന്നും വോട്ടര്‍പട്ടികയുടെ ശുദ്ധീകരണത്തെ പിന്തുണയ്ക്കേണ്ടത് ഓരോ രാഷ്ട്രീയപാര്‍ട്ടിയുടെയും കടമയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രസംഗത്തില്‍ ഭൂരിഭാഗം സമയവും തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രശംസിക്കാനും രാഹുല്‍ ഗാന്ധിയുടെ വോട്ട് മോഷണം ആരോപണത്തെ പരിഹസിക്കാനുമാണ് മോദി സമയം ചെലവഴിച്ചത്. ഈ തിരഞ്ഞെടുപ്പ് വിജയം ജനാധിപത്യത്തിന്റെയും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുടെയും വിജയമാണെന്നും മോദി പറഞ്ഞു. ചിലര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ ലക്ഷ്യംവെച്ചു. എന്നാല്‍ ഉയര്‍ന്ന പോളിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് ക്രിയാത്മകമായ ഒരു നിലപാടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വോട്ട് മോഷണം പോലുള്ള ആരോപണങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള തുടര്‍ച്ചയായുള്ള ആക്രമണങ്ങളുടെ ഭാഗമായാണ് ഉന്നയിക്കപ്പെട്ടത്. കോണ്‍ഗ്രസ് ഒരു പരാദ ജീവിയാണ്. ഒരു സഖ്യത്തിലേക്ക് ഒരു സംഭാവനയും നല്‍കാതെ മറ്റുള്ളവരുടെ വോട്ടുകള്‍ മാത്രം ആഗ്രഹിക്കുന്ന ആ പാര്‍ട്ടിയെ സഖ്യകക്ഷികള്‍ സൂക്ഷിക്കണമെന്നും മോദി പറഞ്ഞു.




