കണ്ണൂര്‍ : 2022ല്‍ സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവായ ജെയിംസ് മാത്യു. പിന്നീട് എല്ലാ ഘടകങ്ങളില്‍ നിന്നും ഒഴിഞ്ഞു. 2025ല്‍ ജെയിംസ് മാത്യുവിന്റെ ഭാര്യ കൂടിയായ എന്‍ സുകന്യ സിപിഎം സംസ്ഥാന സമിതിയില്‍ എത്തുമെന്ന് ഏവരും കരുതി. അതിന് കാരണം നേതാവിന്റെ ഭാര്യ ആയതു കൊണ്ടല്ല. എസ് എഫ് ഐയില്‍ അടക്കം മുന്‍ നിര സമരങ്ങളില്‍ ഭാഗമായ തീയില്‍ കുരുത്ത നേതാവായിരുന്നു സുകന്യ. കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുകന്യയെ പ്രവര്‍ത്തന മികവിന് അംഗീകരിക്കുമെന്ന് ഏവരും കരുതി. പക്ഷേ അതുണ്ടായില്ല. ഇതിന് കാരണം ജെയിംസ് മാത്യുവിനോട് നേതൃത്വത്തിനുള്ള ഇഷ്ടക്കേടാണ് കാരണമെന്ന് കരുതുന്നവര്‍ ഏറെയാണ്. അതിന് അപ്പുറത്തേക്ക് ഒന്നും സുകന്യയുടെ ഒഴിവാക്കലില്‍ പ്രതിഫലിക്കുന്നില്ല.

അനീതി കണ്ടാല്‍ നിങ്ങള്‍ വിറയ്ക്കുന്നെങ്കില്‍ നിങ്ങള്‍ എന്റെ സഖാവാണ്.....ഒന്നിലും തനിക്ക് അതൃപ്തിയില്ലെന്ന് പറയുമ്പോഴും എന്‍ സുകന്യ എന്ന സിപിഎം നേതാവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് പിന്നിലെ പൊരുള്‍ തേടുകയാണ് രാഷ്ട്രീയ കേരളം. സിപിഎം സംസ്ഥാന സമിതിയില്‍ സുകന്യയെ ഉള്‍പ്പെടുത്തിയില്ല. ഇതില്‍ അതൃപ്തി പുകയുന്നുണ്ട്. ഇതിനിടെയാണ് കണ്ണൂരില്‍ നിന്നുള്ള ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് കൂടിയായ സുകന്യ ചെഗുവേരയുടെ ഈ വരികള്‍ ഫെയ്‌സ് ബുക്ക് പോസ്റ്റാക്കിയത്. സുകന്യയ്ക്ക് പ്രശ്‌നമില്ലെങ്കിലും ഈ അനീതിയില്‍ പ്രതിഷേധിക്കുന്ന ഒരു സഖാവ് സുകന്യയുടെ വീട്ടിലുണ്ട്. അത് സുകന്യയുടെ ഭര്‍ത്താവാണ്. ജെയിംസ് മാത്യു. തളപ്പറമ്പിലെ മുന്‍ എംഎല്‍എ. സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും സ്വയം പിന്മാറിയ നേതാവ്. തന്റെ ഭര്‍ത്താവിന്റെ മനസ്സാണ് ഫെയ്‌സ് ബുക്കിലെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റത്തിനൊപ്പം സുകന്യ പങ്കുവച്ചതെന്ന വിലയിരുത്തല്‍ സജീവമാണ്. ഏതായാലും സിപിഎമ്മിലെ സംസ്ഥാന നേതൃത്വത്തില്‍ പിണറായിയെ അംഗീകരിക്കുന്നവരെ മാത്രം നിറച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.

ആന്തൂര്‍ സാജനുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളുയര്‍ന്നു. അന്ന് അന്തൂര്‍ സാജന് നീതി നല്‍കണമെന്ന അഭിപ്രായം ഉയര്‍ത്തിയ നേതാവായിരുന്നു ജെയിംസ് മാത്യു. അന്ന് മുതല്‍ എംവി ഗോവിന്ദന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും കണ്ണിലെ കരടായിരുന്നു ജെയിസം മാത്യു. പക്ഷേ കരുതലോടെയാണ് ജെയിംസ് മാത്യു പാര്‍ട്ടി വിഷയങ്ങളില്‍ പരസ്യമായി പ്രതികരിച്ചത്. സംഘടനയ്ക്കുള്ളില്‍ മാത്രമായിരുന്നു വികാരപരമായി പ്രതികരിച്ചത്. ഇതെല്ലാം പാര്‍ട്ടിയിലെ പ്രബലരുടെ കണ്ണിലെ കരടായി ജെയിംസ് മാത്യുവിനെ മാറ്റി. ഇതിന്റെ തുടര്‍ച്ചയായിരുന്നു സംസ്ഥാന സമിതിയില്‍ നിന്നടക്കമുള്ള ജെയിംസ് മാത്യുവിന്റെ പിന്‍മാറ്റം വന്നത്. ഈ സാഹചര്യമെല്ലാം സിപിഎമ്മിലെ നേതൃത്വം ഗൗരവത്തോടെ തന്നെ കണ്ടിരുന്നു. ഇതും സുകന്യയെ ഇത്തവണ ഒഴിവാക്കാനുള്ള കാരണമായി കാണുന്നവരുണ്ട്.

തന്നെക്കാള്‍ ജുനിയറായ പലരും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായപ്പോള്‍ പല കാരണങ്ങളാല്‍ അര്‍ഹതയുണ്ടായിട്ടും ജയിംസിന് ലഭിക്കാതെ പോവുകയായിരുന്നു. ഗവ. ബ്രണ്ണന്‍ കോളേജിലെ തീപ്പൊരി നേതാവായിരുന്ന ജയിംസ് മാത്യു മികച്ച സംഘാടകനും ആവേശം നിറയ്ക്കുന്ന പ്രാസംഗികനുമായിരുന്നു എസ്എഫ്‌ഐ നേതാക്കളായിരിക്കെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന ജയിംസ് മാത്യുവും സുകന്യയും പ്രണയിക്കുകയും മതരഹിതമായി വിവാഹം കഴിക്കുകയും ചെയ്തത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പിന്നീട് അധ്യാപികയായി ജോലി നോക്കുകയും പിന്നീട് സജീവ രാഷ്ടീയത്തിലേക്ക് മടങ്ങിവരികയും ചെയ്തു സുകന്യ. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ കമ്മിറ്റിയംഗവും കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമാണ് സുകന്യ. കണ്ണൂര്‍ ജില്ലാ നേതൃത്വത്തിലുമുണ്ട്.

ജെയിംസ് മാത്യുവും ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരും അറിയപ്പെടുന്ന സാമൂഹികപ്രവര്‍ത്തകരുമായ തിരുവനന്തപുരം കൈതമുക്ക് ജ്യോതിസില്‍ ടി. നാരായണന്റെയും ടി. രാധാമാണിയുടെയും മകള്‍ എന്‍. സുകന്യയും 1991 ഓഗസ്റ്റ് 25-ന് കണ്ണൂര്‍ ടൗണ്‍ഹാളിലാണ് വിവാഹിതരായത്. അന്ന് വിവാഹത്തിന് കാര്‍മികത്വം വഹിച്ചത് പിണറായി വിജയനും ചടയന്‍ ഗോവിന്ദനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ള നേതാക്കള്‍. അപ്പോള്‍ ജെയിംസ് മാത്യു എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് സി.പി.എം. ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറിയുടെ ചുമതലയേറ്റിരുന്നു. സുകന്യ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനവുമൊഴിഞ്ഞു. എസ്.എഫ്.ഐ. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇവര്‍ കാണുന്നതും പരിചയപ്പെടുന്നതും പ്രണയിക്കുന്നതും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നതും.

എന്‍. സുകന്യയുടെ സഹോദരിയും മാധ്യമപ്രവര്‍ത്തകയുമായ എന്‍. സുസ്മിത വിവാഹം ചെയ്തത് എസ്.എഫ്.ഐ. മുന്‍ സംസ്ഥാന സെക്രട്ടറിയും സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ യു.പി. ജോസഫിനെയാണ്.