തിരുവനന്തപുരം: തോമസ് കെ.തോമസ് എംഎല്‍എക്കെതിരെയുള്ള കൂറുമാറ്റ ആരോപണത്തിന് പിന്നില്‍ മന്ത്രി എകെ ശശീന്ദ്രനെന്ന നിലപാടിലേക്ക് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം. ഈ ആരോപണത്തെ കുറിച്ച് നേരത്തെ ശശീന്ദ്രന് അറിയാമായിരുന്നു. മന്ത്രിസ്ഥാനത്ത് നിന്നും ശശീന്ദ്രനെ മാറ്റണമെന്ന ചര്‍ച്ച കേരളത്തില്‍ തുടങ്ങിയപ്പോള്‍ തന്നെ ഇക്കാര്യം എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഈ കത്ത് ശരത് പവാറിന് കൈമാറിയത് ശശീന്ദ്രനാണ്. തോമസിനെ മന്ത്രിയാക്കില്ലെന്ന് അപ്പോള്‍ തന്നെ മുഖ്യമന്ത്രി അറിയിച്ചു. അതിന് ശേഷവും തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ എത്തിയത് മുഖ്യമന്ത്രിയെ ചൊടുപ്പിച്ചു. ഈ സാഹചര്യത്തിലാണ് സിപിഎം സെക്രട്ടറിയേറ്റിനെ അടക്കം ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്. തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി ഒട്ടും അനുകൂല നിലപാടില്‍ അല്ല. ഇത് എന്‍സിപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കും.

കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചില്ലെങ്കില്‍ എന്‍സിപി ശരത് പവാര്‍ വിഭാഗം കടുത്ത നടപടികളിലേക്ക് പോകുമെന്നും സൂചനയുണ്ട്. മന്ത്രിയാരാകണമെന്ന് നിശ്ചയിക്കേണ്ടത് പാര്‍ട്ടിയാണ്. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിയായി തോമസ് കെ തോമസിനെ തീരുമാനിച്ചതും മുഖ്യമന്ത്രിയെ അക്കാര്യം അറിയിച്ചതുമാണ്. രാജ്യത്തെ പ്രധാന ദേശീയ നേതാവാണ് ശരത് പവാര്‍. അങ്ങനെയൊരു നേതാവിന്റെ വാക്കിന് സിപിഎം സര്‍ക്കാര്‍ വില കൊടുക്കാത്തത് എന്‍സിപി നേതൃത്വത്തേയും ഞെട്ടിച്ചിട്ടുണ്ട്. കുറച്ചു ദിവസം കൂടി പാര്‍ട്ടി കാത്തിരിക്കും. അതിന് ശേഷം നിര്‍ണ്ണായക തീരുമാനങ്ങളിലേക്ക് പോകും. കേരളത്തില്‍ മുന്നണി മാറുന്നതടക്കം എന്‍സിപി ദേശീയ നേതൃത്വം പരിഗണിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി കൂടിയാണ് എല്ലാം ആദ്യം ശരത് പവാറിനെ തന്നെ മുഖ്യമന്ത്രി അറിയിച്ചത്. ഇതിലൂടെ എന്‍സിപി തീരുമാനത്തിലെ വിമര്‍ശന മുന ഒടിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ.

മന്ത്രിമാറ്റം ചര്‍ച്ച ചെയ്യാനായി സെപ്റ്റംബര്‍ 20ന് കേരളത്തിലെ നേതാക്കളെ വിളിപ്പിച്ചപ്പോള്‍ കത്തിലെ സൂചനകളെക്കുറിച്ചു പവാര്‍ ചോദിച്ചു. എന്നാല്‍ ഗുരുതരമായ പ്രശ്‌നങ്ങളില്ലെന്നും പാര്‍ട്ടി തീരുമാനമെടുത്താല്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താനാകുമെന്നുമുള്ള വിശ്വാസമാണു ചാക്കോയും തോമസും പങ്കുവച്ചത്. അജിത് പവാര്‍ പക്ഷത്തേക്ക് എംഎല്‍എമാരെ കൂറു മാറ്റാനാണു തോമസ് ശ്രമിച്ചതെന്ന പരാതിയാണു മുഖ്യമന്ത്രിയുടെ മുന്നിലുള്ളതെന്നു സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വവും പറഞ്ഞിരുന്നില്ല.

മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പാര്‍ട്ടി തീരുമാനം പറഞ്ഞിട്ടും മുഖ്യമന്ത്രി അത് കേട്ടില്ലെന്ന് ദേശീയ നേതൃത്വത്തെ സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ അറിയിച്ചിട്ടുണ്ട്. തോമസ് കെ തോമസിനെതിരെ വ്യാജ ആരോപണമാണ് ഉന്നയിക്കുന്നത്. എന്‍സിപിയിലെ പിളര്‍പ്പ് മുതലാക്കി പാര്‍ട്ടി നിര്‍ദ്ദേശം തള്ളാനുള്ള ഗൂഡാലോചന ഇതിന് പിന്നിലുണ്ടെന്ന് എന്‍സിപി സംശയിക്കുന്നു. മന്ത്രി എകെ ശശീന്ദ്രന്‍ എടുക്കുന്ന നിലപാടുകളിലും സംശയമുണ്ട്. ഇതെല്ലാം ശരത് പവാറിനെ തന്നെ പിസി ചാക്കോ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കുറച്ചു കൂടി സമയം നല്‍കാമെന്ന നിര്‍ദ്ദേശമാണ് ശരത് പവാര്‍ നല്‍കുന്നത്. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചാലും ശശീന്ദ്രനെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടി എടുക്കാന്‍ പവാറിന് കഴിയില്ല. അജിത് പവാര്‍ പക്ഷത്തെ യഥാര്‍ത്ഥ എന്‍സിപിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച സാഹചര്യത്തിലാണ് ഇത്. അതുകൊണ്ട് തന്നെ കരുതലോടെയാകും എന്‍സിപി മന്ത്രി മാറ്റത്തില്‍ തീരുമാനം എടുക്കുക.

കുട്ടനാട് സീറ്റ് മാറ്റാര്‍ക്കൊ കൊടുക്കാനുള്ള നീക്കമാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്ന് തോമസ് കെ തോമസും സംശയിക്കുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിയിലാണ് ശരത് പവാറിന്റെ എന്‍സിപി. ഈ സാഹചര്യത്തില്‍ യുഡിഎഫാകും നല്ലതെന്ന ചിന്ത തോമസ് കെ തോമസിനുണ്ട്. മുഖ്യമന്ത്രിയുടെ അപമാനം സഹിക്കേണ്ടതില്ലെന്ന നിലപാടിലാണ് പിസി ചാക്കോയും. അതുകൊണ്ട് തന്നെ അടുത്ത ഇടതു മുന്നണി യോഗത്തില്‍ ഈ വിഷയം ശക്തിയായി എന്‍സിപി ഉന്നയിക്കും. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും പുതിയ മന്ത്രിയെ അംഗീകരിച്ചില്ലെങ്കില്‍ ശരത് പവാറിന്റെ അനുമതിയോടെ സംസ്ഥാന ഘടകം തീരുമാനങ്ങളെടുക്കും.

തോമസിന്റെ നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങളെല്ലാം ശേഖരിച്ച്, പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചു കഴിഞ്ഞു. ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എയായ ആന്റണി രാജുവിന്റെ നിലപാടും നിര്‍ണായകമായി. തോമസ് കെ.തോമസില്‍നിന്ന് തനിക്കു വാഗ്ദാനം ലഭിച്ചെന്നും അതു നിരാകരിച്ചെന്നും ചര്‍ച്ചയുടെ വിശദാംശങ്ങളോടെ അദ്ദേഹം മുഖ്യമന്ത്രിയെ ധരിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി അങ്ങോട്ടു ചോദിച്ചപ്പോള്‍ പരിഭ്രാന്തനായ കോവൂര്‍ കുഞ്ഞുമോന്‍ താന്‍ പ്രലോഭനങ്ങളുടെ പിന്നാലെ പോയിട്ടില്ലെന്നു സ്ഥാപിക്കാനും ശ്രമിച്ചു.

തോമസ് കെ.തോമസിനെ മന്ത്രിയാക്കാതിരിക്കുന്നതു മുഖ്യമന്ത്രിക്കു ചില പരാതികള്‍ ലഭിച്ചതു കൊണ്ടാണെന്ന് എന്‍സിപി സംസ്ഥാന നേതൃയോഗത്തിലും ചര്‍ച്ച. കഴിഞ്ഞ 19ന് കൊച്ചിയില്‍ നടന്ന നേതൃയോഗത്തില്‍ മുഖ്യമന്ത്രി ചില ബുദ്ധിമുട്ടുകള്‍ പറഞ്ഞിട്ടുണ്ടെന്നു സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ വ്യക്തമാക്കി. പാര്‍ട്ടി തീരുമാനം വൈകിയാണെങ്കിലും മുഖ്യമന്ത്രി അംഗീകരിക്കുമെന്ന വിശ്വാസവും പ്രകടിപ്പിച്ചു. തുടര്‍ന്നു സംസാരിച്ച തോമസ് കെ.തോമസും ഇക്കാര്യം ശരിവച്ചാണു സംസാരിച്ചത്. ആന്റണി രാജുവിന്റെയും കോവൂര്‍ കുഞ്ഞുമോന്റെയും പേരുകളും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഇവരുമായി മുഖ്യമന്ത്രി എന്തോ സംസാരിച്ചെന്നും അദ്ദേഹത്തിന് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെന്നുമാണ് തോമസ് പറഞ്ഞത്. പരാതിയുടെ ഉള്ളടക്കം പരാമര്‍ശിച്ചിരുന്നില്ല.