ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പോരാട്ടം കടുത്തതായിരുന്നു. ബിജെപിക്ക് മുന്നില്‍ ആംആദ്മി തകര്‍ന്ന് തരിപ്പണമാകുമെന്നായിരുന്നു വിലയിരുത്തല്‍. ഡല്‍ഹിയില്‍ പക്ഷേ സംഭവിച്ചത് അതല്ല. ആംആദ്മി വീറോടെ പോരടിച്ചു. ലോക്‌സഭയിലെ വോട്ട് ബിജെപി നിലനിര്‍ത്തിയില്ലെന്നതും ശ്രദ്ധേയമാണ്. പക്ഷേ ഭരണത്തിന് വേണ്ടത് അവര്‍ നേടിയെടുത്തു. അതിന് കാരണം മധ്യവര്‍ഗ്ഗത്തിന്റെ പിന്തുണയാണ്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വോട്ട് ബാങ്കിലുണ്ടായ വന്‍ ചോര്‍ച്ചയാണ് ബി.ജെ.പിയുടെ മുന്നേറ്റമായത്. അവര്‍ക്കൊപ്പമുണ്ടായിരുന്ന മധ്യവര്‍ഗ്ഗ വോട്ടുകളാണ് ബിജെപിയിലേക്ക് എത്തിയത്. ഇതിന് കാരണമായത് കേന്ദ്ര സര്‍ക്കാരിന്റെ ആദായ നികുതി പ്രഖ്യാപനവും.

ഫെബ്രുവരി ഒന്നിനായിരുന്നു കേന്ദ്ര ബജറ്റ്. അതില്‍ ആദായ നികുതി പരിധി 12 ലക്ഷത്തിലേക്ക് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഉയര്‍ത്തി. അങ്ങനെ ലക്ഷ്മി കടാക്ഷം മോദി രാജ്യത്തിന് ആകെ നല്‍കി. ഈ ലക്ഷ്മി കടാക്ഷം കിട്ടിയ ഡല്‍ഹിയിലെ മധ്യവര്‍ഗ്ഗം ബിജെപിക്ക് അനുകൂലമായി. ഇതോടെ അവര്‍ ഡല്‍ഹിയില്‍ അധികാരവും പിടിച്ചു. കൃത്യമായ ആസൂത്രണം ഉണ്ടെങ്കില്‍ 13.70 ലക്ഷം രൂപ വരെ നികുതിയടക്കേണ്ടതില്ലെന്നതാണ് വസ്തുത. 75,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും എന്‍പിഎസ് നിക്ഷേപവും വഴി ഈ ഇളവ് നേടാം.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ (2025-26 വര്‍ഷത്തില്‍) പുതിയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുന്ന നികുതിദായകര്‍ക്ക് ഇനിപ്പറയുന്ന മെച്ചപ്പെടുത്തിയ ആനുകൂല്യങ്ങള്‍ ലഭിക്കും. ശമ്പള വരുമാനത്തിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി 50,000 രൂപയില്‍ നിന്ന് 75,000 രൂപയായി ഉയര്‍ത്തി. കുടുംബ പെന്‍ഷനു കീഴിലുള്ള പരമാവധി കിഴിവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തി. സെക്ഷന്‍ 80സിസിഡി (2) പ്രകാരം പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള തൊഴിലുടമകളുടെ സംഭാവനയുടെ കിഴിവ് ശമ്പളത്തിന്റെ 10% ല്‍ നിന്ന് അടിസ്ഥാന ശമ്പളത്തിന്റെ 14% ആയി ഉയര്‍ത്തി. ഇതെല്ലാം മധ്യവര്‍ഗ്ഗത്തിന് ആഹ്ലാദകരമായി മാറി. ഇതു ഡല്‍ഹി തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. കോണ്‍ഗ്രസും ആംആദ്മിയും പരസ്പരം പോരടിച്ചതും ബിജെപിക്ക് തുണയായി. ഇതോടെ ബിജെപി വിരുദ്ധ വോട്ടുകള്‍ രണ്ടു പക്ഷത്തേക്ക് ചിന്നിച്ചിതറി.

ഡല്‍ഹിയിലെ മധ്യവര്‍ഗ വോട്ടര്‍മാരും പൂര്‍വാഞ്ചല്‍ വോട്ടര്‍മാരും ഇത്തവണ ബി.ജെ.പിക്ക് അനുകൂലമായി വിധിയെഴുതി എന്നത് വ്യക്തമാണ്. 2015ലും 2020ലും ആം ആദ്മി പാര്‍ട്ടിയുടെ തകര്‍പ്പന്‍ വിജയം ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മധ്യവര്‍ഗ വോട്ടര്‍മാരും പൂര്‍വാഞ്ചല്‍ വോട്ടര്‍മാരും ആണ്. ഈ വോട്ടര്‍മാര്‍ എതിരായതോടെ ആം ആദ്മി പാര്‍ട്ടിക്ക് അടിത്തെറ്റി. 27 വര്‍ഷത്തിന് ശേഷം രാജ്യതലസ്ഥാനത്ത് ബി.ജെ.പി അധികാരം പിടിച്ചു. മധ്യവര്‍ഗത്തിനും പൂര്‍വാഞ്ചല്‍ വോട്ടര്‍മാര്‍ക്കും സ്വാധീനമുള്ള 25 സീറ്റുകളില്‍ ബി.ജെ.പിക്കാണ് മുന്‍തൂക്കം. തെക്കേ ഇന്ത്യാക്കാര്‍ കൂടുതലുള്ള മേഖലയില്‍ ആംആദ്മി മേധാവിത്വം നിലനിര്‍ത്തി. മലയാളി വോട്ടുകളും ആംആദ്മി പെട്ടിയിലാണ് കൂടുതലായി വീണത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രചരണവും ബിജെപിക്ക് മലയാളി വോട്ടുകളെ സ്വന്തമാക്കാന്‍ സഹായിച്ചില്ല.

ദക്ഷിണ ഡല്‍ഹി, സെന്‍ട്രല്‍ ഡല്‍ഹി, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് മധ്യവര്‍ഗത്തിന് ആധിപത്യമുള്ളത്. കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഡല്‍ഹിയിലെ പൂര്‍വാഞ്ചല്‍ വോട്ടര്‍മാര്‍. രാജ്യതലസ്ഥാനത്തു ചിത്രം തെളിഞ്ഞതോടെ സര്‍ക്കാര്‍ രൂപീകരണത്തിനു അവകാശവാദം ഉന്നയിച്ച് ബിജെപി രംഗത്തു വന്നിട്ടുണ്ട്. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. കേജ്രിവാളിന്റെയും ഒപ്പമുള്ളവരുടെയും അഴിമതികള്‍ തുറന്നുകാട്ടിയെന്നും വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. തുടക്കത്തില്‍ ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് കണ്ടതെങ്കിലും പിന്നീട് ബിജെപിയുടെ കുതിപ്പ് തന്നെയായിരുന്നു. ഒടുവില്‍ കേവലഭൂരിപക്ഷവുമായി ബിജെപി ബഹുദൂരം മുന്നിലെത്തി.

എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിയുെട വിജയം പ്രവചിച്ചിരുന്നു. 60.54% പോളിങ്ങാണ് ഇക്കുറി ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ല്‍ 70 ല്‍ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്. ഇവിടെ നിന്നാണ് അധികാരം നഷ്ടമാകുന്നത്.

ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ 1.56 കോടി വോട്ടര്‍മാര്‍, 13,766 പോളിങ് സ്റ്റേഷനുകളിലായി 699 സ്ഥാനാര്‍ഥികള്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടര്‍മാരില്‍ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളായിരുന്നു.