- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫുകാര്‍ പ്രചരണ വിഷയമാക്കിയ 'തീവ്രത' കുറഞ്ഞ പീഡന ആരോപണങ്ങളെല്ലാം ഇനി പഴങ്കഥയാകുമോ? പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ പി കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രനായേക്കും; പാര്‍ട്ടിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിര്‍പ്പു ശക്തം; 'തീവ്രത' എന്ന വാക്ക് താന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന പി കെ ശ്രീമതിയുടെ വാക്കുകള്‍ യുഡിഎഫിന് ക്യാപ്സ്യൂള്‍ ആകുമോ എന്ന് വൈകാതെ അറിയാം..
യുഡിഎഫുകാര്‍ പ്രചരണ വിഷയമാക്കിയ 'തീവ്രത' കുറഞ്ഞ പീഡന ആരോപണങ്ങളെല്ലാം ഇനി പഴങ്കഥയാകുമോ?

പാലക്കാട്: പാലക്കാട് സിപിഎം നേതൃത്വവുമായി ഉടക്കിയാണ് പി കെ ശശിയെന്ന നേതാവ് സിപിഎമ്മില്‍ നിന്നും പുറത്താകുന്നത്. പിണറായി വിജയനുമായി അടുപ്പമുള്ള നേതാവാണെങ്കിലും പുതിയ സംസ്ഥാന നേതൃത്വവും പാലക്കാട് ജില്ലിയലെ മറ്റു നേതാക്കളുടെ എതിര്‍പ്പുമാണ് ഇപ്പോള്‍ ശശിയുടെ പുറത്താകലിലേക്ക് വഴിവെച്ചിരിക്കുന്നത്. പാര്‍ട്ടിക്കെതിരെ സമ്മേളനം വിളിച്ച് ആഞ്ഞടിച്ചതിന് പിന്നാലെ ശശിയെ സിപിഎം പുറത്താക്കിയിട്ടുണ്ട്. ഒറ്റപ്പാലത്ത് മത്സരിക്കാന്‍ അവസരം തരപ്പെടുത്തിയാണ് ശശി രണ്ടും കല്‍പ്പിച്ചുള്ള കളിക്ക് ഇറങ്ങിയത് എന്നാണ് പുറത്തുവരുന്ന സൂചനകള്‍.
സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എം.എല്‍.എ പി.കെ. ശശി ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇതോടെ ഏറെക്കാലം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ 'തീവ്രത കുറഞ്ഞ പീഡനമെന്ന' പ്രയോഗം വീണ്ടും തിരഞ്ഞെടുപ്പ് ഗോദയില്‍ സജീവ ചര്‍ച്ചയാകും. ഇത് ഇക്കുറി തലവേദനയാകുക കോണ്‍ഗ്രസിനാകുമെമെന്ന് മാത്രം. ശശിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ പുറത്ത് സജീവമാക്കി ചര്‍ച്ചയാക്കിയത് യുഡിഎഫുകാരായിരുന്നു. കാലചക്രം തിരിയുമ്പോള്‍ അതേ പി കെ ശശിക്ക് വേണ്ടി യുഡിഎഫുകാര്‍ കൊടിപിടിക്കുമോ എന്നതാണ് രാഷ്ട്രീയ ആകാംക്ഷ ഉയര്‍ത്തുന്ന കാര്യം.
സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ ഒറ്റപ്പാലത്ത് പി.കെ. ശശിയെ ഇറക്കി വിള്ളലുണ്ടാക്കാമെന്നാണ് യു.ഡി.എഫിലെ ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, ഈ നീക്കത്തിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തില്‍ എതിര്‍പ്പ് ശക്തമാണ്. കാലങ്ങളോളം തങ്ങള്‍ രാഷ്ട്രീയമായി എതിര്‍ത്ത ഒരാളെ പെട്ടെന്നൊരു ദിവസം സ്വതന്ത്രനായി സ്വീകരിക്കുന്നത് അണികള്‍ക്കിടയില്‍ തിരിച്ചടിയുണ്ടാക്കുമെന്ന് നേതാക്കള്‍ ഭയക്കുന്നു.
പഴയ പീഡന ആരോപണത്തില്‍ ശശിയെ സംരക്ഷിക്കാന്‍ സി.പി.എം സ്വീകരിച്ച നിലപാടുകളെ പരിഹസിക്കാനാണ് യു.ഡി.എഫ് കാലങ്ങളായി 'തീവ്രത കുറഞ്ഞ പീഡനം' എന്ന പ്രയോഗം ഉപയോഗിച്ചിരുന്നത്. എന്നാല്‍, താന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അങ്ങനെയൊരു വാക്ക് ഉണ്ടായിരുന്നില്ലെന്ന പി.കെ. ശ്രീമതി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ ഈ കാപ്‌സ്യൂള്‍ യുഡിഎഫുകാര്‍ പ്രയോഗിക്കുമോ എന്നാണ് അറിയേണ്ടത്. സിപിഎമ്മിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ അഴിമതിയും ലൈംഗികാരോപണവും മുക്കിവെക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് ഇതോടെ തെളിയുന്നു.
ശശി യു.ഡി.എഫ് പാളയത്തില്‍ എത്തിയാല്‍, ഈ 'തീവ്രത' വിവാദം എങ്ങനെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നത് മുന്നണിയെ കുഴക്കുന്ന ചോദ്യമാണ്. ശശിയെ കൂടെക്കൂട്ടുന്നതോടെ സി.പി.എമ്മിനെതിരെയുള്ള ധാര്‍മ്മികമായ പോരാട്ടത്തിന്റെ മൂര്‍ച്ച കുറയുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കിയ കോണ്‍ഗ്രസ് എങ്ങനെ പി കെ ശശിയെ പിന്തുണക്കും എന്ന ചോദ്യമാണ് ഉയരുന്നത്.
ആരോപണവിധേയനായ ഒരാളെ സ്വാഗതം ചെയ്യുന്നത് വഴി യു.ഡി.എഫ് സ്വന്തം നിലപാടുകളില്‍ വെള്ളം ചേര്‍ക്കുകയാണോ എന്ന ചോദ്യം അണികള്‍ക്കിടയിലുണ്ട്. പി.കെ. ശശിയുടെ പുറത്താക്കല്‍ പാലക്കാട്ടെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളൊന്നും ജില്ലയില്‍ ഉണ്ടാക്കില്ലെ. എന്നാല്‍, യു.ഡി.എഫ് അദ്ദേഹത്തിന് ടിക്കറ്റ് നല്‍കിയാല്‍ അത് നിലവിലെ സാഹചര്യത്തില്‍ എന്തുകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം മുസ്ലിംലീഗ് നേതാക്കളെല്ലാം ശശിയെ അനുകൂലിക്കുന്ന നിലപാടിലാണ്.
എന്നാല്‍ ശശിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം ശക്തമായ എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. ശശിയെ പിന്തുണയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സമീപിച്ചുവെന്നാണ് വിവരം. പാര്‍ട്ടിയുമായി കുറച്ചുകാലമായി ഇടഞ്ഞുനില്‍ക്കുന്ന ശശി, കെടിഡിസി ചെയര്‍മാന്‍സ്ഥാനം കഴിഞ്ഞ ആഴ്ചയാണ് രാജിവെച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് പി കെ ശശിയെ സിപിഎം പുറത്താക്കിയത്. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് പി കെ ശശി രംഗത്തെത്തി. പുറത്താക്കാനുള്ള സമ്പൂര്‍ണ അധികാരം പാര്‍ട്ടിക്കുണ്ടെന്ന് പി കെ ശശി പറഞ്ഞു. ദീര്‍ഘകാലത്തെ സിപിഎം ബന്ധം അവസാനിച്ചു. പക്ഷേ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും പി കെ ശശി പറഞ്ഞു.
ഇന്ന് രാവിലെയായിരുന്നു സിപിഐഎമ്മിനോട് എതിര്‍ത്തുനില്‍ക്കുന്നവര്‍ ഒത്തുചേര്‍ന്ന പരിപാടിയില്‍ പി കെ ശശി പങ്കെടുത്തത്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു പി കെ ശശി ഉന്നയിച്ചത്. പല മഹാന്മാരും ജനകീയ നേതാക്കളും ഇരുന്ന കസേരയിലാണ് സ്പിരിറ്റ് കച്ചവടക്കാരന്‍ കയറിയിരിക്കുന്നതെന്ന് പി കെ ശശി പറഞ്ഞു. ജില്ലാ സെക്രട്ടറി സഖാക്കളെ തമ്മില്‍ തല്ലിക്കുകയാണ്. ജില്ലാ സെക്രട്ടറി കാരണം പലരും പാര്‍ട്ടി വിരോധികളായി മാറി. മറ്റ് പാര്‍ട്ടികളിലേക്ക് പോയി. ഏഴ് സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ട്. സ്പിരിറ്റ് കച്ചവടക്കാരനെ വേണ്ടെന്ന് പറഞ്ഞ് സിപിഐഎം സംസ്ഥാന നേതൃത്വം തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരും. ചെങ്കൊടി പിടിക്കുമെന്നും പി കെ ശശി പറഞ്ഞു.
സുരേഷ് ബാബുവിന്റെ ജാതകം വായിക്കാന്‍ നില്‍ക്കുന്നില്ല. വായിച്ചാല്‍ പലരും തലകറങ്ങി വീഴും. കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കും എന്ന് അറിഞ്ഞപ്പോള്‍ ജില്ലാ സെക്രട്ടറി പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ കയറി ഇറങ്ങുകയാണ്. ഇത് നല്ലതാണോ?. കാട്ടുപോത്തിന്റെ കൊമ്പും കാണ്ടാമൃഗത്തിന്റെ തൊലിലുമാണ് ജില്ലാ സെക്രട്ടറിക്ക്. സുരേഷ് ബാബുവിന് ഒരു വിവരവുമില്ല. പലസ്തീന്‍ യൂറോപ്പിലാണെന്ന് പ്രസംഗിച്ച് നടക്കുകയാണ്. സെക്രട്ടറിക്ക് പത്രവായനയില്ല. അക്ഷരം അലര്‍ജിയാണ്. സുരേഷ് ബാബുവിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് തന്റെ തെറ്റാണ്. ആ തെറ്റ് താന്‍ ഏറ്റ് പറയുന്നുവെന്നും പി കെ ശശി പറഞ്ഞു. ശശി വിരോധികളെ പാര്‍ട്ടി കമ്മിറ്റികളില്‍ ചിരുകി കയറ്റുകയാണ്. ഈ കണ്‍വെന്‍ഷന്‍ പൊളിക്കാന്‍ പല ശ്രമവും നടത്തിയെന്നും ശശി ആരോപിച്ചിരുന്നു.
കോടിയേരി മരിച്ചതോടെ പാര്‍ട്ടിയില്‍ വന്‍ ശൂന്യതയാണെന്ന് എം വി ഗോവിന്ദനെ ഉന്നംവെച്ച് പി കെ ശശി പറഞ്ഞിരുന്നു. കോടിയേരി പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് മനുഷ്യരെ ചേര്‍ത്ത് പിടിച്ചിരുന്നു. പക്ഷേ നമുക്ക് ഭാഗ്യമില്ലാതെയായി പോയി. കോടിയേരി ജീവിച്ചിരുന്നുങ്കില്‍ ഈ ഗതി സിപിഎം പാര്‍ട്ടിക്കുണ്ടാവുമായിരുന്നില്ല. എന്തുകൊണ്ട് ഓര്‍മപ്പെടുത്തുന്നു എന്നത് ഓര്‍ക്കണമെന്നും പി കെ ശശി വ്യക്തമാക്കിയിരുന്നു. പി കെ ശശിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയായിരുന്നു പാര്‍ട്ടി നടപടി.


