- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്‍വറിനെ ഇനി പരസ്യമായി സിപിഎം നേതാക്കള്‍ക്ക് പിന്തുണയ്ക്കാന്‍ കഴിയില്ല; കണ്ണൂരിലെ വീമ്പു പറച്ചിലും വ്യാജമെന്ന് വിലയിരുത്തി പിണറായി; അന്‍വറിനെ കുരുക്കിലാക്കിയോ പിണറായിയുടെ പ്രത്യാക്രമണം; നിലമ്പൂര്‍ എംഎല്‍എയ്ക്ക് ഇടതു മുന്നണി വിടേണ്ടി വരും
ഈ സിപിഎം സമ്മേളന കാലത്തും അന്‍വറിനെതിരെ ശക്തമായ നിലപാട് മുഖ്യമന്ത്രി എടുക്കും.
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫിസിലെയും പൊലീസിലെയും 2 ഉന്നതര്‍ക്കെതിരെ ഉയര്‍ത്തിവന്ന ആരോപണങ്ങളില്‍ ആദ്യമായി സിപിഎമ്മിനെക്കൂടി കക്ഷിചേര്‍ത്ത് പി.വി.അന്‍വര്‍ രംഗത്ത് വന്നെങ്കിലും ഇനി പാര്‍ട്ടിക്കാരുടെ പരസ്യ പിന്തുണ നിലമ്പൂര്‍ എംഎല്‍എയ്ക്ക് കിട്ടില്ല. പിണറായി വിജയന്‍ പരസ്യമായി തള്ളി പറഞ്ഞ സാഹചര്യത്തിലാണ് ഇത്. ഇതോടെ മറ്റ് രാഷ്ട്രീയ ആലോചനകളും അന്‍വര്‍ തുടങ്ങി. മുന്നണി മാറ്റം അടക്കം അന്‍വര്‍ പരിഗണിക്കുന്നുണ്ട്. സിപിഎമ്മിലെ ഒരു വിഭാഗം തന്നോടൊപ്പമുണ്ടെന്ന വരുത്താനുള്ള ശ്രമവും അന്‍വര്‍ ബോധപൂര്‍വ്വം നടത്താനാണ്. കോഴിക്കോടും മലപ്പുറത്തും സിപിഎമ്മിലെ ചില പ്രധാനികളുടെ പിന്തുണ അന്‍വറിനുണ്ടായിരുന്നു. എന്നാല്‍ പിണറായി കടുത്ത ഭാഷയില്‍ തള്ളി പറഞ്ഞത് ഈ നേതാക്കളേയും വെട്ടിലാക്കി. അവരും കരുതലിലേക്ക് മാറുകയാണ്.
പി.ശശിക്കും എം.ആര്‍.അജിത്കുമാറിനും പിന്നില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നതോടെ സിപിഎമ്മില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ തേടാനുള്ള ശ്രമമാണ് അന്‍വര്‍ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയത്. എന്നാല്‍ ഇതും പിണറായി ഗൗരവത്തില്‍ എടുക്കുന്നില്ല. ശശിക്കെതിരെ കണ്ണൂരിലെ പാര്‍ട്ടിക്കാര്‍പോലും തന്നെ സമീപിച്ചെന്ന തുറന്നുപറച്ചില്‍ സിപിഎം തള്ളുകയാണ്. അതും തന്ത്രത്തിന്റെ ഭാഗമാണ്. കോഴിക്കോടും മലപ്പുറത്തുമുള്ള ചിലരുടെ പിന്തുണ അന്‍വറിനുണ്ട്. എന്നാല്‍ കണ്ണൂരിലെ ആരും അന്‍വറിനെ കണ്ടുവെന്ന് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ കരുതുന്നില്ല. ചില പ്രത്യേക ലക്ഷ്യങ്ങള്‍ ഇതിനുണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ അന്‍വറിന്റെ ഓരോ നീക്കവും നിരീക്ഷിക്കും. അന്‍വറുമായി ബന്ധപ്പെടുന്ന പാര്‍ട്ടിക്കാരേയും കണ്ടെത്തും. ഇത് കോഴിക്കോട്ടെ ചിലരെ അസ്വസ്ഥമാക്കുന്നുണ്ട്.
പാര്‍ട്ടിക്കാര്‍ക്കു വേണ്ടിയാണു താന്‍ ഇടപെടുന്നതെന്ന് വരുത്താനാണ് അന്‍വറിന്റെ ശ്രമം. വിവാദങ്ങള്‍ക്കൊടുവില്‍ വഴി പുറത്തേക്കെങ്കില്‍, അതു രക്തസാക്ഷി പരിവേഷത്തോടെയാകണമെന്ന നിര്‍ബന്ധബുദ്ധിയും അന്‍വറിനുണ്ട്. അന്‍വറിനെ പഴയ കോണ്‍ഗ്രസുകാരനാക്കിയതും വന്ന വഴിയെ കുറിച്ച് പറഞ്ഞതുമെല്ലാം പിണറായി വ്യക്തമായ ലക്ഷ്യത്തോടെയാണ്. അച്ചടക്ക ലംഘനം ഇടതുപക്ഷത്ത് നടക്കില്ലെന്ന് പറയുക കൂടിയാണ് പിണറായി. അന്‍വറിന് രേഖകള്‍ എത്തിച്ചു നല്‍കിയവര്‍ക്ക് കൂടിയുള്ള മുന്നറിയിപ്പ്. കുറച്ച് രേഖകള്‍ വച്ച് പുകമറ സൃഷ്ടിക്കലാണ് അന്‍വറിന്റെ രീതി. ഇതിന് തെളിവായി കുണ്ടമണ്‍കടവിലെ സ്വാമിയുടെ ആശ്രമം കത്തിക്കല്‍ കാണുന്നു. ഈ കേസില്‍ പ്രതികളെ പിടിക്കാന്‍ മുന്നില്‍ നിന്നത് എഡിജിപി അജിത് കുമാറാണ്. അതിന് മുമ്പ് ആ കേസില്‍ ഒരു ബന്ധവുമില്ല. എന്നാല്‍ പൊതു സമൂഹത്തില്‍ പോലീസിനെതിരെയുള്ള ഒരു ആരോപണത്തെ അജിത് കുമാറിന് എതിരെ പുകമറയിലൂടെ തിരിച്ചു വിടാന്‍ ശ്രമിച്ചു.
കാര്യങ്ങള്‍ പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ക്കു മനസ്സിലായിട്ടും മുഖ്യമന്ത്രിയോടു പറയാത്തത് അദ്ദേഹത്തെ കുഴപ്പത്തില്‍ ചാടിക്കാനാണോ എന്നു സംശയമുന്നയിച്ച് പാര്‍ട്ടിയിലെ വിഭാഗീയതയിലേക്കാണ് അന്‍വര്‍ വിരല്‍ചൂണ്ടിയത്. മാധ്യമങ്ങളോടു പറയുന്നതിനു മുന്‍പു പറയേണ്ടതു പാര്‍ട്ടിയോടായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ, പലവട്ടം പാര്‍ട്ടിക്കു പരാതി നല്‍കിയെന്ന മറുവാദവുമായി അന്‍വര്‍ ഖണ്ഡിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് മുഖ്യമന്ത്രിക്ക് നല്‍കിയ ശേഷം മാത്രമേ പരാതി നല്‍കിയുള്ളൂവെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഈ സിപിഎം സമ്മേളന കാലത്തും അന്‍വറിനെതിരെ ശക്തമായ നിലപാട് മുഖ്യമന്ത്രി എടുക്കും.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗം ശക്തമായി രംഗത്തുണ്ട്. കണ്ണൂരിലെ രക്തസാക്ഷി കുടുംബങ്ങളില്‍നിന്നുപോലും കണ്ണീരോടെ ശശിക്കെതിരേ പറഞ്ഞകാര്യങ്ങള്‍ കൈവശമുണ്ടെന്നാണ് അന്‍വര്‍ പറയുന്നത്. ശശി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ആളാണെന്ന മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റും ആര്‍.എസ്.എസ്. നേതാവുമായി എ.ഡി.ജി.പി. രഹസ്യകൂടിക്കാഴ്ച നടത്തിയതും അന്‍വര്‍ പലതലത്തില്‍ ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്നുണ്ട്.