മലപ്പുറം പരാമര്‍ശം സൃഷ്ടിച്ച ക്ഷതത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് ചോദ്യം കേട്ട് പിണറായിയും ഞെട്ടി! ഗോവിന്ദന്റെ പിന്തുണയുള്ളതു കൊണ്ട് ക്ഷതം ഏല്‍ക്കാതെ രക്ഷപ്പെട്ടു; നേതാവിന്റെ മുഖത്ത് നോക്കി വീണ്ടും ചോദ്യങ്ങളെത്തി; സിപിഎമ്മില്‍ 'പിണറായിസം' വീഴുന്നു

തിരുവനന്തപുരം: സിപിഎമ്മില്‍ 'പിണറായിസം' വീണു തുടങ്ങി. പാര്‍ട്ടി സെക്രട്ടറിയായ ശേഷം സഖാക്കളുടെ ചോദ്യങ്ങള്‍ ഒന്നും പിണറായിയ്ക്ക് നേരെ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ അത് മാറുകയാണ്. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന നേതൃയോഗത്തില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ചോദ്യങ്ങളെത്തി. 'മലപ്പുറം' പരാമര്‍ശത്തില്‍ ചോദ്യങ്ങളോട് മുഖ്യമന്ത്രിക്ക് പ്രതികരിക്കേണ്ടിയും വന്നു. സിപിഎമ്മില്‍ ആരും ചോദ്യം ചെയ്യാത്ത ശക്തിയായാണ് പിണറായിയെ കഴിഞ്ഞ ദിവസം വരെ വിലയിരുത്തിയിരുന്നത്. എന്നാല്‍ ആ ചിത്രം മാറുകയാണ്. സിപിഎം സെക്രട്ടറിയേറ്റിലാണ് ചോദ്യങ്ങള്‍ ഉയര്‍ന്നത്.

സിപിഎം സംസ്ഥാന നേതൃയോഗത്തിലെ 'ചോദ്യം ചെയ്യല്‍' രീതി പാര്‍ട്ടി സമ്മേളനങ്ങളിലും ദൃശ്യമാണ്. ബ്രാഞ്ച് സമ്മേളനങ്ങളില്‍ പോലും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നു. സമ്മേളനം ഏര്യാ-ജില്ലാ തലങ്ങളില്‍ എത്തുമ്പോള്‍ എന്തു സംഭവിക്കുമെന്നത് നിര്‍ണ്ണായകമാണ്. ഏതായാലും പിണറായിയ്ക്ക് പഴയ പിടി സിപിഎമ്മില്‍ ഇല്ലെന്നതിന് തെളിവാണ് ചോദ്യങ്ങള്‍ ഉയരുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന സമ്മേളനത്തില്‍ തിരുത്തലിന്റെ ഭാഗമായുളള മാറ്റങ്ങള്‍ക്ക് പോലും സാധ്യതയുണ്ട്. പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഭരണത്തിന് ഉണ്ടാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തുമെന്നാണ് വിലയിരുത്തല്‍.

മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം, പി.ആര്‍. ഏജന്‍സി തുടങ്ങിയ വിവാദങ്ങളില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റിയിലും മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കേണ്ടി വന്നു. ഇവിടേയും ചോദ്യങ്ങളെത്തിയെന്നതാണ് വസ്തുത. മലപ്പുറം പരാമര്‍ശം സൃഷ്ടിച്ച ക്ഷതത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്നാണ് ഉയര്‍ന്ന ചോദ്യം. വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് 'ദ ഹിന്ദു' പത്രത്തിന്റെ വെളിപ്പെടുത്തല്‍ കൂടുതല്‍ ക്ഷതമുണ്ടാക്കിയില്ലേയെന്നും ചോദ്യമുയര്‍ന്നു. സിപിഎമ്മിനുള്ളിലെ പ്രതിഷേധത്തിന#റെ സൂചനകളാണ് ഇതെല്ലാം. താനോ സര്‍ക്കാരോ ഒരു പി.ആര്‍. ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട്. എ.ഡി.ജി.പി.ക്കെതിരേയുള്ള ആരോപണങ്ങളില്‍ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അവതരിപ്പിച്ച രേഖയോടെ ചര്‍ച്ചകള്‍ക്കു തുടക്കമായി. അന്‍വറിനെതിരെ സിപിഎം ഒറ്റക്കെട്ടായി നില്‍ക്കും. ഇതിനുള്ള തീരുമാനം യോഗത്തിലുണ്ടായി. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഊര്‍ജിതമായി പ്രചാരണത്തിന് രംഗത്തിറങ്ങണമെന്നും തീരുമാനിച്ചു. മുഖ്യമന്ത്രിയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മന്ത്രിമാര്‍ പ്രതിരോധം തീര്‍ക്കുനനില്ലെന്ന വാദം സജീവമായിരുന്നു. അതുകൊണ്ടാണ് സിപിഎം നേതൃയോഗം തന്നെ തീരുമാനം എടുക്കുന്നത്. സിപിഎം സംസ്ഥാന സമിതിയില്‍ ചോദ്യങ്ങളുയരുമ്പോഴും പാര്‍ട്ടിയിലെ മേധാവിത്വം പിണറായിയ്ക്ക് നഷ്ടമായിട്ടില്ല. അതുകൊണ്ടാണ് അന്‍വര്‍ വിഷയത്തില്‍ പിണറായിക്ക് പിന്നില്‍ പാര്‍ട്ടി ഒരുമിക്കുന്നത്. പി ശശിയെ പാര്‍്ട്ടി എല്ലാ അര്‍ത്ഥത്തിലും പിന്തുണച്ചതും പിണറായിയുടെ വിജയമാണ്.

പക്ഷേ ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. ഏകപക്ഷീയത അനുവദിക്കില്ലെന്ന് സഖാക്കള്‍ ഇതിലൂടെ പറഞ്ഞു വയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ചോദ്യം പിണറായിയെ പോലും ഞെട്ടിച്ചു. എല്ലാ കാര്യവും പറഞ്ഞു വിശദീകരിച്ച് തീരുമാനം എടുക്കുന്നതായിരുന്നു പിണറായിയുടെ ശൈലി. അതിന് വിരുദ്ധമാണ് ചോദ്യം ഉയര്‍ന്നത്. പിണറായിയെ ന്യായീകരിക്കാനും ചേര്‍ത്തു നിര്‍ത്താനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ശ്രമിച്ചു. ഇതും പിണറായിയ്ക്ക് ആശ്വാസമാണ്. പിആര്‍ ഏജന്‍സികളെ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പറയാത്ത കാര്യമാണ് വന്നതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പറയാത്ത കാര്യമാണ് വന്നതെന്നു മുഖ്യമന്ത്രി വാദിക്കുമ്പോള്‍ തന്നെ പിന്നെങ്ങനെ അതു വന്നുവെന്ന് അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാട്. ഈ സാഹചര്യത്തിലാണ് ഈ വിവാദമുണ്ടാക്കിയ ദോഷത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കെന്ന ചോദ്യം സിപിഎം യോഗത്തില്‍ ഉയര്‍ന്നത്. അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം പാര്‍ട്ടിക്കു ദോഷം ചെയ്യുന്നതാണെന്നും അഭിപ്രായമുയര്‍ന്നു. പിആര്‍ ഏജന്‍സിയുടെ പങ്ക് വ്യക്തമാക്കി ദ് ഹിന്ദു ദിനപത്രം നല്‍കിയ വിശദീകരണം കൂടുതല്‍ ദോഷമായില്ലേയെന്നും പിആര്‍ ഏജന്‍സി ഇല്ലെന്നു വിശദീകരിച്ചാല്‍ ആ ക്ഷതം മാറുമോയെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു.

പത്രസമ്മേളനത്തില്‍ അവതരിപ്പിച്ച വാദങ്ങളാണ് പാര്‍ട്ടിയോഗത്തില്‍ പിണറായി ആവര്‍ത്തിച്ചത്. സംസ്ഥാന കമ്മിറ്റിയില്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഈ കാര്യം വിശദമാക്കുകയായിരുന്നു. ഇതടക്കം മുഖ്യമന്ത്രിയുമായും സര്‍ക്കാരുമായും ബന്ധപ്പെട്ട തുടര്‍ച്ചയായ വിവാദങ്ങള്‍ സിപിഎം സമ്മേളനങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ മറുപടി നല്‍കാന്‍ പാര്‍ട്ടി ഔദ്യോഗിക വിശദീകരണ രേഖ തയാറാക്കി. 'വര്‍ത്തമാനകാല രാഷ്ട്രീയ സ്ഥിതിഗതികളും പാര്‍ട്ടിയുടെ സമീപനവും' എന്ന പേരിലുള്ള മാര്‍ഗരേഖ ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു.