തിരുവനന്തപുരം: സിപഎമ്മിലെ സംഘടനാ സംവിധാനത്തില്‍ ഇനി ഏറ്റവും ഉയര്‍ന്ന ഘടകം കേരളമോ? കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിക്ക് അസാധാരണ വിലക്കേര്‍പ്പെടുത്തി സിപിഎം കേരളഘടകം നടത്തിയ നീക്കമാണ് ദേശീയ നേതൃത്വത്തിന്റെ പ്രസക്തി കുറയ്ക്കുന്നത്. കേന്ദ്രകമ്മിറ്റി അംഗമെന്നനിലയില്‍ കേരളത്തിലെ നേതൃയോഗങ്ങളില്‍ പങ്കെടുക്കാനോ സംഘടനാചുമതല ഏറ്റെടുക്കാനോ കഴിയില്ലെന്നാണ് നിര്‍ദേശം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇത് അസാധാരണമാണ്. സാധാരണ നിലയില്‍ സിപിഎം ചട്ട പ്രകാരം കേന്ദ്ര കമ്മറ്റി അംഗത്തിനെതിരെ നടപടി എടുക്കാന്‍ ആ ഘടകത്തിന് മാത്രമേ കഴിയുകയുള്ളൂ. കേന്ദ്ര കമ്മറ്റി അംഗത്തിനെതിരെ സംസ്ഥാന നേതൃത്വത്തിന് നടപടി എടുക്കാന്‍ കഴിയില്ല. പിണറായിസം ഇതും അട്ടിമറിക്കുകയാണ്. എകെജി സെന്ററിന്റെ ഉദ്ഘാടനത്തില്‍ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബിയെ പിന്‍നിരയിലേക്ക് ഒതുക്കി നിര്‍ത്തിയ പിണറായി മറ്റൊരു തീരുമാനവും സ്വന്തം നിലയില്‍ എടുക്കുകായണ്. പിണറായിയെ വെല്ലുവിളിക്കാനുള്ള കരുത്ത് പികെ ശ്രീമതിയ്ക്കില്ല. അതുകൊണ്ട് തന്നെ പിണറായി പറയുന്നതേ നടക്കൂ.

സിപിഎം കേന്ദ്ര കമ്മറ്റിയിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ഉള്‍പ്പെടുത്താന്‍ പിണറായി ആഗ്രഹിച്ചിരുന്നു. പ്രായപരിധിയില്‍ തട്ടി പികെ ശ്രീമതി കേന്ദ്ര കമ്മറ്റിയ്ക്ക് പുറത്താകുമെന്ന് ഏവരും കരുതി. എന്നാല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയില്‍ ശ്രീമതിയ്ക്ക് ഇളവ് കിട്ടി. ഇതോടെ കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മറ്റിയിലേക്കുള്ള ഒഴിവുകള്‍ കുറഞ്ഞു. മുഹമ്മദ് റിയാസിനെ കേന്ദ്ര കമ്മറ്റിയില്‍ എടുക്കുന്നതിനെ എതിര്‍ത്തവരുടെ പിന്തുണയില്‍ ശ്രീമതി കേന്ദ്ര കമ്മറ്റിയില്‍ പദവി നിലനിര്‍ത്തി. 75 വയസ്സെന്ന പ്രായപരിധിയെ പിണറായിയെ പോലെ ശ്രീമതിയും മറികടന്ന് ദേശീയ നേതൃത്വത്തിന്റെ ഭാഗമായി. അങ്ങനെ കേന്ദ്ര കമ്മറ്റിയില്‍ പികെ ശ്രീമതി എത്തിയത് പിണറായിയ്ക്ക് പിടിച്ചില്ലെന്നാണ് സൂചന. ഇതാണ് ശ്രീമതിയ്ക്കുള്ള വിലക്കിന് കാരണവും. കഴിഞ്ഞയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ശ്രീമതി പങ്കെടുത്തിരുന്നു. യോഗം തുടങ്ങുമ്പോള്‍ പിണറായി, ഇത് പാടില്ലെന്നും ഇവിടെ നിങ്ങള്‍ക്ക് പ്രത്യേക ഇളവൊന്നും നല്‍കിയിട്ടില്ലെന്നും ശ്രീമതിയോട് പറഞ്ഞു. എന്നാല്‍, ജനറല്‍ സെക്രട്ടറി എം.എ. ബേബിയുമായും സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനുമായും സംസാരിച്ചപ്പോള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന് വിലക്കൊന്നും അറിയിച്ചിരുന്നില്ലെന്ന് ശ്രീമതി മറുപടി പറഞ്ഞു. ഈ വാര്‍ത്ത മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രായപരിധിയില്‍ നല്‍കിയ ഇളവ് കേന്ദ്രകമ്മിറ്റിക്കുമാത്രമേ ബാധകമാകൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ മറ്റാരും ഒന്നും പറഞ്ഞില്ല. ഇതൊരു അസാധാരണ നിലപാടാണ്. വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ശ്രീമതി പങ്കെടുത്തില്ല. എന്നാല്‍, ശനിയാഴ്ച സംസ്ഥാനകമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. കേന്ദ്രകമ്മിറ്റിയില്‍നിന്ന് പ്രായപരിധികാരണം പുറത്തായവരെ സംസ്ഥാനസമിതിയില്‍ ക്ഷണിതാക്കളാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എ.കെ. ബാലനടക്കം ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ആ പരിഗണനയിലാണ് ശ്രീമതിക്കും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അവസരം നല്‍കിയത്. കേരളത്തിലെ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് സംസ്ഥാനത്ത് പ്രത്യേകം പാര്‍ട്ടി ചുമതല ഏല്‍പ്പിക്കാറുണ്ട്. ശ്രീമതിക്ക് അത്തരമൊരു ചുമതലയും നല്‍കില്ല. കേന്ദ്ര കമ്മറ്റിയിലേക്കുള്ള മുഹമ്മദ് റിയാസിന്റെ കയറ്റം ശ്രീമതി ഇല്ലാതാക്കിയെന്നാണ് ചില കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. പ്രായപരിധി കര്‍ശനമാക്കിയതിനാല്‍ കൊല്ലത്തുനടന്ന സംസ്ഥാന സമ്മേളനത്തില്‍ പി.കെ. ശ്രീമതി, എ.കെ. ബാലന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരെ സംസ്ഥാനകമ്മിറ്റിയില്‍നിന്നും സെക്രട്ടേറിയറ്റില്‍നിന്നും ഒഴിവാക്കിയിരുന്നു.

പക്ഷേ, പാര്‍ട്ടി കോണ്‍ഗ്രസ് പി.കെ. ശ്രീമതിക്ക് ഇളവുനല്‍കി കേന്ദ്രകമ്മിറ്റിയില്‍ നിലനിര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, കശ്മീരില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി എന്നിവര്‍ക്കും പാര്‍ട്ടികോണ്‍ഗ്രസ് പ്രായപരിധി ഇളവ് അനുവദിച്ചിരുന്നു. പിണറായിയ്ക്ക് കേരളത്തിലും കിട്ടി ഇളവ്. പിണറായിയ്ക്ക് മാത്രം ഇളവ് മതിയെന്നതായിരുന്നു ദേശീയ തലത്തില്‍ കേരള ഘടം എടുത്ത നിലപാട്. ഇതിന് വിരുദ്ധമായാണ് ഏവരേയും ഞെട്ടിച്ച് ശ്രീമതി കേന്ദ്ര കമ്മറ്റിയില്‍ പദവി ഉറപ്പിച്ചത്. ഇത് പിണറായിയുടെ ആഗ്രഹത്തോടെയായിരുന്നില്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നത്. ശ്രീമതിയെ സെക്രട്ടറിയേറ്റില്‍ നിന്നും വിലക്കാന്‍ പിണറായിയ്ക്ക് കഴിയില്ല. പക്ഷേ ഈ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള കരുത്ത് എംഎ ബേബിക്ക് പോലുമില്ല. ശ്രീമതിയോട് ഇനി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് പിണറായി പറയാതെ പറയുന്നത്. കേന്ദ്രകമ്മിറ്റി അംഗമെന്നനിലയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാന്‍ ശ്രീമതിക്ക് അവകാശമുള്ളപ്പോഴാണ് പിണറായിയുടെ വിലക്ക്.

കേരളത്തില്‍നിന്ന് പുതുതായി മൂന്നുപേരാണ് മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലെത്തിയിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ടിപി രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, കെ.എസ്.സലീഖ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെത്തിയ മൂന്നു മലയാളികള്‍. പുതിയ കേന്ദ്രകമ്മിറ്റി പാനല്‍ സിസിയില്‍ വച്ചപ്പോള്‍ യുപി, മഹാരാഷ്ട്ര ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മത്സരത്തിനൊടുവിലാണ് പാനല്‍ അംഗീകരിച്ചത്. എതിര്‍ത്ത് മത്സരിച്ച ഡി.എല്‍ കാരാഡ് പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന് 31 വോട്ടുകള്‍ ലഭിച്ചു. ജോണ്‍ ബ്രിട്ടാസ് എം.പി അടക്കം നാല് പേരെ കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി. പിബിയില്‍ 50 ശതമാനത്തോളം പുതുമുഖങ്ങള്‍ക്ക് ഇടം നല്‍കിയപ്പോള്‍ കേന്ദ്രകമ്മിറ്റിയിലും അതേ അഴിച്ചുപണി നടന്നു. 84 അംഗ കമ്മിറ്റിയില്‍ മൂന്നിലൊന്ന് പുതുമുഖങ്ങള്‍ എത്തി. പുതിയ കമ്മിറ്റിയില്‍ 30 പേരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് എന്നത് പരിഗണിച്ചാണ് പി.കെ. ശ്രീമതിയ്ക്ക് ഇളവ് നല്‍കിയത്.

കൃത്യമായ പദ്ധതിയുമായാണ് പിണറായി മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയത്. അതില്‍ ഒന്ന് മരുമകനായ മുഹമ്മദ് റിയാസിനെ കേന്ദ്ര കമ്മറ്റിയില്‍ എത്തിക്കുക എന്നതായിരുന്നു. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായി റിയാസിനെ ഉയര്‍ത്തിക്കാട്ടാനായിരുന്നു ഇത്. ശ്രീമതിയുടെ ഒഴിവില്‍ റിയാസിനെ സിസിയില്‍ കയറ്റാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ശ്രീമതിയ്ക്ക് ഇളവ് കിട്ടിയപ്പോള്‍ എല്ലാം തകിടം മറിഞ്ഞുവെന്നാണ് സൂചന.