മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തില്‍ തന്നെ. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഉയര്‍ത്തിയ ആ കപ്പല്‍ വഴിയുള്ള നൂറ് കോടിയുടെ വ്യാജ ആരോപണം അന്‍വറിന് കരുക്കായി മാറും. വിഡി സതീശന്‍ എതിര്‍പ്പ് തുടര്‍ന്നാല്‍ ആര്‍ക്കും അന്‍വറിനെ യുഡിഎഫില്‍ പരസ്യമായി പിന്തുണയ്ക്കാന്‍ കഴിയില്ല. എന്തും വിളിച്ചു പറയുന്ന നേതാവെന്ന പേരു ദോഷം അന്‍വറിന് വിനയാകാന്‍ സാധ്യത ഏറെയാണ്. വേലിയില്‍ ഇരിക്കുന്ന പാമ്പിനെ എടുത്ത് മടിയില്‍ വയ്ക്കണോ എന്ന ചോദ്യം കോണ്‍ഗ്രസിലും സജീവമാണ്. നിലമ്പൂര്‍ ആര്യാടന്‍ മുഹമ്മദ് എന്ന കോണ്‍ഗ്രസ് നേതാവിന്റെ തട്ടകമായിരുന്നു. ആര്യാടനെ വെല്ലുവിളിച്ച് മുന്നേറിയ അന്‍വറിനെ മലപ്പുറം കോണ്‍ഗ്രസിലെ ആര്യാടന്‍ അനുകൂലികളും പിന്തുണയ്ക്കില്ല. മലപ്പുറത്ത് കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ ഒന്നാണ് നിലമ്പൂരിലേത്. ആര്യാടന്‍ സ്ഥിരമായി ജയിച്ച ഈ മണ്ഡലം അദ്ദേഹം പിന്‍മാറിയതോടെയാണ് അന്‍വര്‍ മത്സരിച്ചതും ജയിച്ചതും. ഈ സാഹചര്യത്തില്‍ നിലമ്പൂരിലെ ആര്യാടന്‍ അനുകൂലികള്‍ അന്‍വറിന് എതിരാണ്. ഈ രാഷ്ട്രീയം സിപിഎമ്മിനും അറിയാം. അതുകൊണ്ടാണ് അന്‍വറിനെ അകറ്റിയതും നിലമ്പൂരില്‍ പുതിയ രാഷ്ട്രീയ സാധ്യതകള്‍ തേടുന്നതും.

എല്‍.ഡി.എഫില്‍നിന്ന് പുറത്തായപ്പോള്‍ ഡി.എം.കെ., തൃണമൂല്‍ തുടങ്ങി ഇന്ത്യാ മുന്നണിയിലെ ഏതെങ്കിലും പാര്‍ട്ടിയുടെ കേരള ഘടകമായി മാറി യു.ഡി.എഫിലേക്ക് എത്താനാണ് അന്‍വര്‍ തന്ത്രമൊരുക്കിയത്. മഞ്ഞളാംകുഴി അലി ഉള്‍പ്പെടെയുള്ള നേതാക്കള്‍ എല്‍.ഡി.എഫ്. വിട്ടു വന്നപ്പോള്‍ മുസ്ലീം ലീഗും യുഡിഎഫും കൈ നീട്ടി സ്വീകരിച്ചു. എന്നാല്‍ അന്‍വറിന് ഇതിന് കഴിയില്ല. വനം വകുപ്പ് ഓഫീസ് അടിച്ചു തകര്‍ക്കലില്‍ വലിയ പോലീസ് സന്നാഹത്തോടെ വീട് വളഞ്ഞ് രാത്രി വൈകി അറസ്റ്റ് ചെയ്ത് എം.എല്‍.എ.യെ ജയിലിലടച്ച നടപടിയോട് യു.ഡി.എഫ്. നേതാക്കള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തിലുള്ള പിന്തുണ മാത്രമാണെന്നും അതിന് യുഡിഎഫില്‍ അന്‍വറിനെ എടുക്കുമെന്ന് അര്‍ത്ഥമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു. പല കാര്യങ്ങളിലും പരസ്പരവിയോജിപ്പുകളുള്ള മലപ്പുറത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിപക്ഷവും അന്‍വറിനെ എതിര്‍ക്കുന്നുവെന്നതാണ് വസ്തുത. ഇത് വിഡി സതീശനും കാര്യങ്ങള്‍ അനുകൂലമാക്കും. എന്നാല്‍ മുസ്ലീം ലീഗ് ഉറച്ച നിലപാട് എടുത്താല്‍ അന്‍വറിന് കോളടിക്കും.

അന്‍വറിന്റെ കാര്യത്തില്‍ അടുത്ത യു.ഡി.എഫ്. യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് തിങ്കളാഴ്ച മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പിന്നാലെ വി.ഡി. സതീശന്‍ എതിര്‍പ്പറിയിച്ചു. യു.ഡി.എഫ്. ചെയര്‍മാനായ താന്‍ ഇക്കാര്യമൊന്നും അറിഞ്ഞിട്ടില്ല എന്നാണ് സതീശന്‍ എതിര്‍പ്പ് തുറന്നുപറഞ്ഞത്. മലപ്പുറത്തെ ഒരു നിയമസഭാമണ്ഡലത്തില്‍ പോലും നിര്‍ണായകശക്തിയാകാന്‍ വേണ്ട ജനപിന്തുണ അന്‍വറിനില്ല എന്നാണ് നിലമ്പൂരിലെ പ്രധാന കോണ്‍ഗ്രസ് നേതാവിന്റെ നിലപാട്. ലീഗില്‍ ചില നേതാക്കള്‍ അന്‍വറിനെ എതിര്‍ക്കുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും അന്‍വര്‍ വരട്ടെ എന്ന താത്പര്യമുണ്ട്. യുഡിഎഫിലെ ആര്‍ എസ് പിയും അന്‍വറിനെ അനുകൂലിക്കുന്നില്ല. അതിനിടെ നിലമ്പൂര്‍ സീറ്റിലെ അവകാശ വാദം മാറ്റാനും അന്‍വര്‍ തയ്യാറായേക്കും. മറ്റൊരു മണ്ഡലം തനിക്ക് തന്നാല്‍ അവിടെ മത്സരിക്കാമെന്നതാണ് അന്‍വറിന്റെ നിലപാട്. മഞ്ചേരിയിലും തിരുവമ്പാടിയിലുമാണ് ആഗ്രഹം.

ഈ രണ്ടു സീറ്റും മുസ്ലീം ലീഗിന്റെ കൈയ്യിലാണ്. ഇതില്‍ തിരുവമ്പാടി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കി അവരെ യുഡിഎഫിലെത്തിക്കാന്‍ മുസ്ലീം ലീഗ് ആഗ്രഹിക്കുന്നുണ്ട്. ജോസ് കെ മാണിയ്ക്ക് സീറ്റ് നല്‍കാനാണ് ആലോചന. ഇതിനിടെയാണ് അന്‍വറും സജീവമായി എത്തുന്നത്. അതുകൊണ്ട് തന്നെ അന്‍വറിന്റെ കാര്യത്തില്‍ മുസ്ലിംലീഗ് എടുക്കുന്ന നിലപാടായിരിക്കും നിര്‍ണായകമാകുക. മഞ്ചേരിയും ലീഗിന്റെ സീറ്റാണ്. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന് മത്സരിക്കണമെന്ന ആഗ്രഹമുണ്ട്. ഇതിനൊപ്പം വി എസ് ജോയിയും നിലമ്പൂരിനായി പിടിമുറുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിലമ്പൂര്‍ സീറ്റിന് വേണ്ടി നിലയുറപ്പിച്ചാല്‍ തന്റെ യുഡിഎഫ് പ്രവേശനം അസാധ്യമാകുമെന്ന് അന്‍വര്‍ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മലപ്പുറത്തെ മറ്റൊരു മണ്ഡലമെന്ന ചിന്ത അന്‍വറിലുണ്ടാകുന്നത്. തിരുവമ്പാടിയില്‍ മുസ്ലീം ലീഗിന് സ്വാധീനം ഏറെയുണ്ട്. എന്നാല്‍ ഈ സീറ്റ് സിപിഎമ്മിന്റെ കൈയ്യിലാണ് ഇപ്പോള്‍. ഈ സാഹചര്യത്തിലാണ് തിരുവമ്പാടിയില്‍ മത്സരിക്കാമെന്ന ആശയം മുമ്പോട്ട് വയ്ക്കുന്നത്. ഇതിനിടെയാണ് തിരുവമ്പാടിയെ വീണ്ടും യുഡിഎഫിലെത്തിക്കാന്‍ കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കാമെന്ന ചിന്തയുമായി ലീഗും മുമ്പോട്ട് വരുന്നത്.

ഉള്‍വനത്തില്‍ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത് മറയാക്കിയുള്ള പി വി അന്‍വറിന്റെ നാടകം യുഡിഎഫ് പ്രവേശം ലക്ഷ്യമിട്ടെന്ന് സിപിഎമ്മും തിരിച്ചറിയുന്നു. മലയോരജാഥ നടത്തി യുഡിഎഫില്‍ കയറിപ്പറ്റാനുള്ള പദ്ധതി പൊളിഞ്ഞതോടെയാണ് പുതിയ നീക്കമെന്നാണ് സിപിഎം പ്രചരണം. ജാഥയിലേക്ക് യുഡിഎഫ് നേതാക്കളെ ക്ഷണിക്കുകയും ആലോചനായോഗങ്ങളില്‍ കോണ്‍ഗ്രസ് എടക്കര, മൂത്തേടം, വഴിക്കടവ് പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഉദ്ഘാടകനായി വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെയും സമാപനച്ചടങ്ങിന് മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിനെയുമാണ് നിശ്ചയിച്ചിരുന്നത്. ഇവരുടെ പേരുകള്‍വച്ച് പോസ്റ്ററുമിറക്കി. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് ഉടക്കിയതോടെ നേതാക്കള്‍ പിന്മാറി. ജാഥ പൊളിഞ്ഞുവെന്നാണ് സിപിഎം പറയുന്നത്. ഇതിനിടയിലാണ് ആദിവാസി യുവാവിന്റെ മരണം. ജാഥയുടെ സമാപനച്ചടങ്ങ് റദ്ദാക്കിയ അന്‍വര്‍ അക്രമസമരം ആസൂത്രണംചെയ്തുവെന്നാണ് സിപിഎം പറയുന്നത്.

അതിനിടെയാണ് പി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. ''പന്ത്രണ്ടിന് രാഷ്ട്രീയകാര്യ സമിതിയോഗം അന്‍വറിന്റെ മുന്നണി പ്രവേശം ചര്‍ച്ച ചെയ്യില്ല. യുഡിഎഫ് നേതൃത്വമാണ് രാഷ്ട്രീയ തീരുമാനം എടുക്കേണ്ടത്. കോണ്‍ഗ്രസിന്റെ തീരുമാനം ഘടകകക്ഷികളെ അറിയിക്കും. അന്‍വറിന്റെ യുഡിഎഫ് പ്രവേശം, പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍ ചര്‍ച്ച ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. യുഡിഎഫ് ചെയര്‍മാന്‍ എന്ന നിലയില്‍ ഞാന്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല, ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. മാധ്യമങ്ങള്‍ യുഡിഎഫില്‍ ആളെ എടുക്കേണ്ട. അത് ഞങ്ങള്‍ ചെയ്തുകൊള്ളാം''- സതീശന്‍ പറഞ്ഞു. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ഇതുവരെ ചര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സുധാകരനും പറഞ്ഞു.

ഇതിനിടെയും യുഡിഎഫുമായി കൈകോര്‍ക്കുമെന്ന് ആവര്‍ത്തിക്കുകയാണ് അന്‍വര്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും ഫോണില്‍ വിളിച്ച് സംസാരിച്ചു. ഒരു ഉപാധികളുമില്ലാതെ യുഡിഎഫിനൊപ്പം നില്‍ക്കും. യുഡിഎഫിന്റെ എല്ലാ നേതാക്കളുമായും ഫോണില്‍ ബന്ധപ്പെട്ടെന്നും പി.വി അന്‍വര്‍ പറഞ്ഞു. തന്റെ ലക്ഷ്യം പിണറായിസം അവസാനിപ്പിക്കുക എന്നത് മാത്രം. 140 സീറ്റില്‍ 10 സീറ്റിലേക്ക് എല്‍ഡിഎഫിനെ ഒതുക്കുകയാണ് തന്റെ ലക്ഷ്യം. കേരളജനത തനിക്കൊപ്പം നില്‍ക്കും എന്ന് ഉറപ്പുണ്ട്. യുഡിഎഫിന്റെ എല്ലാ നേതാക്കളെയും ഫോണില്‍ ബന്ധപ്പെട്ട് കഴിഞ്ഞെന്നും പിവി അന്‍വര്‍ പറഞ്ഞു. പിണറായി വിജയനോട് നന്ദിയുണ്ടെന്നും അറസ്റ്റ് കൊണ്ട് താന്‍ ഉന്നയിച്ച കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാക്കാനായെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി,വിഡി സതീശന്,സാദിക് അലി തങ്ങള്‍,സിപി ജോണ്‍, രമേശ് ചെന്നിത്തല തുടങ്ങിയവരെ ഫോണില്‍ വിളിച്ചു നന്ദി പറഞ്ഞു. നാളെ പിന്തുണ നല്‍കിയ യുഡിഎഫ് നേതാക്കളയും,മലയോര ജനങ്ങളെയും സഭ നേതാക്കളേയും കാണും കാണും- അന്‍വര്‍ വ്യക്തമാക്കി.

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എ ഇന്നലെ രാത്രിയാണ് ജയില്‍ മോചിതനായത്. മാലയിട്ടും പൊന്നാടയണിയിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ അന്‍വറിനെ സ്വീകരിച്ചു. തന്നെ പിന്തുണച്ചവര്‍ക്ക് അന്‍വര്‍ നന്ദി അറിയിച്ചു. നൂറ് ദിവസം ജയിലില്‍ കിടക്കാന്‍ തയാറായാണ് താന്‍ വന്നതെന്നും ഇവിടുത്തെ ജുഡീഷ്യറിയില്‍ നിന്ന് നീതി കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്നും അത് കിട്ടിയെന്നും അന്‍വര്‍ പറഞ്ഞു.