തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി ബിജെപി കേന്ദ്രനേതൃത്വം രാജീവ് ചന്ദ്രശേഖറിനെ നിയോഗിച്ചത് കൃത്യമായ മാസ്റ്റര്‍പ്ലാനോടെയാണ്. ഇക്കുറി സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം സൃഷ്ടിക്കുക എന്നതാണ് ഭാവിയെ നോക്കിക്കണ്ട് ബിജെപി ലക്ഷ്യം വെക്കുന്നത്. മണ്ഡലങ്ങളിലെ ഡാറ്റകള്‍ ശേഖരിച്ച് ഓരോ മണ്ഡലത്തിനും പ്രത്യേകം പ്ലാന്‍ അടക്കം തയ്യാറാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന് പറ്റിയ ആളാണ് രാജീവെന്നാണ് കണക്കുകൂട്ടല്‍. പരമ്പരാഗത ബിജെപി ശൈലിയില്‍ നിന്നും മറികടന്ന് കേരളത്തിലെ മധ്യവര്‍ഗ്ഗത്തെ അടുപ്പിച്ചു കൊണ്ടു മുന്നോട്ടു പോകുക എന്നതാണ് പ്രധാന ലക്ഷ്യം. ഇന്നലെ ചുമതലയേറ്റ രാജീവ് തന്റെ ലക്ഷ്യം എന്താണെന്ന് തുറന്നു പറഞ്ഞു കഴിഞ്ഞു.

വരുന്ന തിരഞ്ഞെടുപ്പുകളില്‍, കേരളത്തില്‍ ബിജെപിക്കു നിലവിലുള്ള 20% വോട്ടില്‍നിന്നു 30 ശതമാനത്തിനു മുകളിലേക്ക് വര്‍ധിപ്പിക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. 40 മണ്ഡലങ്ങളില്‍ 30% വോട്ടുപിടിക്കാനുള്ള പ്രവര്‍ത്തന രൂപരേഖ തയാറാക്കാനും നിര്‍ദേശമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടുശതമാനം വിലയിരുത്തി കോര്‍കമ്മിറ്റിയും പ്രഭാരിയും ചേര്‍ന്നുണ്ടാക്കിയ പ്രവര്‍ത്തന തന്ത്രം ദേശീയ നേതൃത്വത്തിനും കൈമാറിയിട്ടുണ്ട്.

35,000 ത്തിനു മുകളില്‍ വോട്ടു ലഭിച്ച 60 നിയമസഭാ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റൊരു പദ്ധതിയും തയാറാക്കുന്നുണ്ട്. കഴിവുതെളിയിച്ച പുതിയ നേതാക്കളെ സംസ്ഥാന നേതൃപദവികളിലെത്തിക്കണമെന്നും കൂടുതല്‍ അവസരം നല്‍കണമെന്നുമാണ് രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശം. മറ്റ് ഉപാധികളിലൂടെ നേതൃതലത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നതിനോട് അദ്ദേഹത്തിന് വിയോജിപ്പുണ്ട്.

ബിജെപിയില്‍ ഇനി ഗ്രൂപ്പിസം ഉണ്ടാകില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇത് സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പു മാനേജര്‍മാര്‍ക്കുള്ള താക്കീതാണ് താനും. വ്യക്തികളുടെ ടീം അല്ല യുവാക്കളടങ്ങിയ ബിജെപിയുടെ ടീം കേരളത്തിലുണ്ടാകും. കേരളത്തില്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി താന്‍ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ബിജെപിക്ക് കേരളത്തില്‍ പുതിയമുഖം നല്‍കാനെത്തുന്ന രാജീവ് ചന്ദ്രശേഖര്‍ സംഘടനയെ നയിക്കുന്നതെങ്ങനെയെന്നാകും എല്ലാവരും ഇനി ഉറ്റുനോക്കുക. വ്യവസായപ്രമുഖനില്‍നിന്ന് സമ്പൂര്‍ണ രാഷ്ട്രീയക്കാരനായി മാറേണ്ടിവരുമ്പോള്‍ രാജീവിലൂടെ കേരളപാര്‍ട്ടിക്ക് പ്രൊഫഷണല്‍ ശൈലി കൈവരുമെന്നാണ് ബിജെപി കരുതുന്നത്. പരമ്പരാഗത രീതികളും വഴിമാറും. എന്നാല്‍, പ്രായോഗികരാഷ്ട്രീയത്തില്‍ പുതുമുഖമായ രാജീവ് ചന്ദ്രശേഖറിന് പാര്‍ട്ടിയെ നയിക്കാന്‍ പുതിയ മെയ്വഴക്കം ശീലിക്കേണ്ടിവരും. പാര്‍ട്ടിക്കുപരി സ്വീകാര്യതയുള്ള, ഫുള്‍ടൈം പാര്‍ട്ടിക്കാരനല്ലാത്ത രാജീവിനെ സര്‍പ്രൈസ് പ്രസിഡന്റ് ആക്കിയതിലൂടെ കേരളത്തില്‍ പുതിയ പരീക്ഷണമാണ് ബിജെപി നടത്തുന്നത്.

കേരള ബിജെപിയില്‍ ഗ്രൂപ്പില്ലെന്നത് നേതാക്കളുടെ ആണയിടല്‍മാത്രം. അടിത്തട്ടിലെ നീക്കങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലാണെന്ന് അണികള്‍ക്കെന്നതുപോലെ കേന്ദ്രനേതൃത്വത്തിനുമറിയാം. അതുകൊണ്ടുതന്നെ ഗ്രൂപ്പ് മാനേജര്‍മാര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് രാജീവിന്റെ കടന്നുവരവ്. നേതൃനിരയിലെ പ്രമുഖരെയെല്ലാം ചേര്‍ത്തുപിടിച്ചും ഒപ്പംനിര്‍ത്തിയും വരുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ഒരുക്കുകയെന്ന വെല്ലുവിളിയാണ് രാജീവിന് മുന്നിലുള്ളത്. അതിനുവേണ്ടി താഴേത്തട്ടിലേക്കിറങ്ങാന്‍, സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം ചേരാന്‍ പുതിയ രാഷ്ട്രീയവഴക്കം ശീലിക്കേണ്ടിവരും. .

രാജീവ് ചന്ദ്രശേഖര്‍ കേരളത്തിനു കൂടുതല്‍ സുപരിചിതനായത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായപ്പോഴാണ്. മുഖ്യഎതിരാളി ശശിതരൂരിന്റെ 2019-ലെ ഭൂരിപക്ഷം(99,989) 2024ല്‍ 16,077-ലേയ്ക്ക് താഴ്ത്തി രണ്ടാംസ്ഥാനത്തെത്തിയത് നേട്ടമായി. രാഷ്ട്രീയത്തിനതീതമായ സ്വീകാര്യത ലഭിച്ചുവെന്നായിരുന്നു രാജീവിന്റെ വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം, രാജീവ് ചന്ദ്രശേഖര്‍ തലസ്ഥാനത്ത് സജീവമാവുകയും താമസസൗകര്യമൊരുക്കുകയും ചെയ്തതോടെ അടുത്ത നിയമസഭയോ ലോക്‌സഭയോ അദ്ദേഹം ലക്ഷ്യമിടുന്നു എന്ന കണക്കുകൂട്ടലിലായിരുന്നു മിക്കവരും.

പാര്‍ട്ടി നേതൃത്വത്തില്‍ മൊത്തത്തില്‍ അഴിച്ചുപണിയുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ശ്രീനാരായണ ഗുരുവിന്റെ ഉദ്ധരണിയാണ് സംസ്ഥാന സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ശേഷം രാജീവ് ചന്ദ്രശേഖര്‍ ആദ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 'വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്‌നം കൊണ്ട് സമ്പന്നരാവുക', എന്ന ശ്രീനാരായണ വാക്യമാണ് രാജീവ് ഫേസ്ബുക്കില്‍ കുറിച്ചത്.

2006ലാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയില്‍ ചേരുന്നത്. 2006ല്‍ കര്‍ണാടകയില്‍ നിന്ന് ബിജെപി സ്വതന്ത്രനായി രാജ്യസഭാംഗമായ അദ്ദേഹം പിന്നീട് രണ്ട് തവണ കൂടി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടകയിലെ വ്യവസായ പ്രമുഖന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ 2016 മുതല്‍ 2024 വരെ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

2021 മുതല്‍ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയുമായി. 2020 മുതല്‍ ബിജെപിയുടെ ദേശീയ വക്താവാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും സിറ്റിംഗ് എം.പിയായ ശശി തരൂരിനോട് പരാജയപ്പെട്ടു.

1964 മേയ് 31-ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ജനനം. വ്യോമസേന എയര്‍ കമ്മഡോര്‍ തൃശ്ശൂര്‍ ദേശമംഗലം സ്വദേശി എം.കെ. ചന്ദ്രശേഖറിന്റെയും ആനന്ദവല്ലി അമ്മയുടെയും മകന്‍. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. ഷിക്കാഗോ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഡ്വാന്‍സ് മാനേജ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കി. 1988- 1991-ല്‍ അമേരിക്കയിലെ ഇന്റല്‍ കമ്പനിയില്‍ ജോലിചെയ്തു.

1991-ല്‍ ബിപിഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.പി.ജി. നമ്പ്യാരുടെ മകള്‍ അഞ്ജുവിനെ വിവാഹം ചെയ്തു. ബിപിഎലിന്റെ മൊബൈല്‍ ഫോണ്‍ കമ്പനിയും ജുപ്പീറ്റര്‍ ഫിനാഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയും തുടങ്ങി. 2006മുതല്‍ 2024വരെ 18 വര്‍ഷം കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്ന രാജീവ് 2021 മുതല്‍ 2024 വരെ രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സഹമന്ത്രിയായി. തൃശ്ശൂര്‍ ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂരാണ് വീട്. വേദ്, ദേവിക എന്നിവര്‍ മക്കള്‍.