- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരെയാക്കണം മുഖ്യമന്ത്രിയെന്ന് ആര്‍ എസ് എസിനോട് ചോദിച്ച ബിജെപി; പരിവാറുകാര്‍ നല്‍കിയത് രേഖാ ഗുപ്ത മതിയെന്ന ഒറ്റ ഉത്തരം; ബനിയാ സമുദായാംഗത്തെ ഇന്ദ്രപ്രസ്ഥത്തിലെ 'റാണി'യാക്കുന്നത് രാജസ്ഥാനേയും ഗുജറാത്തിനേയും ചേര്‍ത്ത് നിര്‍ത്താന്‍; ഡല്‍ഹി പിടിച്ചത് അക്ഷരാര്‍ത്ഥത്തില്‍ ആര്‍ എസ് എസ്; ഇനി നോട്ടം ബംഗാളിലെ 'ദീദി' കസേരയില്‍
ന്യൂഡല്‍ഹി: 26 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രാജ്യതലസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ വ്യാഴാഴ്ച അധികാരമേല്‍ക്കുമ്പോള്‍ നിറയുന്നത് ആര്‍ എസ് എസ് സ്വാധീനം. എല്ലാ അര്‍ത്ഥത്തിലും ബിജെപിയെ ആര്‍ എസ് എസ് നിയന്ത്രണത്തിലാക്കിയെന്നതിന് തെളിവാണ് ഡല്‍ഹി. ഡല്‍ഹിയിലെ ബി.ജെ.പിയുടെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. സുഷമാ സ്വരാജ് മുഖ്യമന്ത്രിയായതിന് ശേഷം നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബി.ജെ.പി. ഡല്‍ഹിയില്‍ അധികാരത്തിലെത്തുന്നത്. അധികാരമേല്‍ക്കുന്നതോടെ രേഖ ഗുപ്ത നിലവില്‍ രാജ്യത്തെ ബി.ജെ.പിയുടെ ഏക വനിതാ മുഖ്യമന്ത്രിയാകും. ആര്‍ എസ് എസ് പിന്തുണ മാത്രമാണ് രേഖാ ഗുപ്തയ്ക്ക് തുണയായത്. ആദ്യമായി എം.എല്‍.എയായപ്പോള്‍ തന്നെയാണ് 50-കാരിയായ രേഖയെ തേടി മുഖ്യമന്ത്രി സ്ഥാനവുമെത്തുന്നത്. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവീസിനെ മുഖ്യമന്ത്രിയാക്കിയതും ആര്‍ എസ് എസ് പിന്തുണ തന്നെയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ കേവല ഭൂരിപക്ഷമില്ലായ്മ ആര്‍ എസ് എസ് നിലപാടുകളെ പൂര്‍ണ്ണമായും അംഗീകരിക്കാത്തത് മൂലമാണെന്ന വിലയിരുത്തല്‍ സജീവമായിരുന്നു. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ അര്‍ത്ഥത്തിലും ആര്‍ എസ് എസിന് വഴങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാഗ്പൂരുമായി കൂടുതല്‍ അടുത്തു. ഇതോടെ ആര്‍ എസ് എസ് തിരഞ്ഞെടുപ്പ് സംഘടനാ പ്രവര്‍ത്തനം ചടുലമുള്ളതാക്കി. ഇതിന്റെ ജയമാണ് ആംആദ്മിക്കെതിരായ ബിജെപിയുടെ ഡല്‍ഹി തേരോട്ടം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയേയും ആര്‍ എസ് എസ് നിര്‍ദ്ദേശിച്ചു. അത് ബിജെപി അംഗീകരിക്കുകയാണ്. പരിവാര്‍ സംഘടനയായ എബിവിപിയിലൂടെ പൊതു രംഗത്ത് സജീവമായതാണ് രേഖാ ഗുപ്ത. ആര്‍ എസ് എസ് നേതൃത്വത്തിന്റെ അതിവിശ്വസ്ത. ഇനി ബംഗാളിലേക്കാണ് ആര്‍ എസ് എസ് ശ്രദ്ധ. ബാഗളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേയും മമതാ ബാനര്‍ജിയെന്ന മുഖ്യമന്ത്രിയേയും വീഴ്ത്താനുള്ള രാഷ്ട്രീയ നീക്കങ്ങളിലേക്ക് ആര്‍ എസ് എസ് നീങ്ങും. അവിടേയും ബിജെപി ഭരണം ഉറപ്പിക്കാന്‍ കൂടിവേണ്ടിയാണ് മോദിയും കൂട്ടരും പരിവാറിന്റെ അനുസരണയുള്ള അണികളാകുന്നത്.
സാക്ഷാല്‍ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് വര്‍മ്മയെ പോലും മാറ്റിനിര്‍ത്തിയാണ് രേഖ ഗുപ്തയെ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ബി.ജെ.പി. തിരഞ്ഞെടുത്തത്. സാമുദായിക സമവാക്യങ്ങളും രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാന്‍ കാരണമായി. ബനിയ വിഭാഗത്തില്‍ പെട്ടയാളാണ് രേഖ ഗുപ്ത. ഈ വിഭാഗത്തില്‍ നിന്നുള്ള എം.എല്‍.എയാകും ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രിയെന്ന് നേരത്തേ തന്നെ ബി.ജെ.പി. കേന്ദ്രങ്ങളില്‍ നിന്ന് സൂചന ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ ശക്തമായ വോട്ട് അടിത്തറയുള്ള സമുദായമാണ് ബനിയ. ഡല്‍ഹിക്ക് പുറമെ രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലും ബനിയ വിഭാഗം ശക്തമാണ്. ഇതെല്ലാം തിരിച്ചറിഞ്ഞാണ് രേഖയെ മുഖ്യമന്ത്രിയാക്കുന്നത്. രേഖ ഗുപ്തയെ മുഖ്യമന്ത്രിയാക്കുന്നത് സ്ത്രീകള്‍ക്കിടയിലും ബനിയ വിഭാഗത്തിലും സ്വാധീനം കൂട്ടുമെന്നാണ് വിലയിരുത്തല്‍.ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രി കൂടിയാകും രേഖ ഗുപ്ത. ഇതിന് മുമ്പ് സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവരാണ് ഡല്‍ഹിയുടെ മുഖ്യമന്ത്രിയായ വനിതകള്‍. 1998-ല്‍ കേവലം 52 ദിവസം മാത്രം മുഖ്യമന്ത്രിയായ സുഷമ സ്വരാജായിരുന്നു ഡല്‍ഹിയിലെ ബി.ജെ.പിയുടെ അവസാന മുഖ്യമന്ത്രി. 27 വര്‍ഷത്തിനുശേഷം വീണ്ടും ഡല്‍ഹിയില്‍ അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രിയായി വനിതയെ തന്നെ നിയോഗിക്കുകയാണ് ബിജെപി. 1998ല്‍ ബിജെപിയില്‍ അടി മൂത്തപ്പോഴായിരുന്നു സുഷമയെ മുഖ്യമന്ത്രിയാക്കിയത്. ഇതിന് പിന്നിലും ആര്‍ എസ് എസായിരുന്നു. പക്ഷേ അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണം പോയി. അതിന് ശേഷം ആംആദ്മി ഭീഷണിയെ നേരിടാന്‍ പത്ത് കൊല്ലം മുമ്പ് കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി അവതരിപ്പിച്ചു. പക്ഷേ ആം ആദ്മി തരംഗത്തില്‍ അന്ന് കിരണ്‍ ബേദി പോലും തോറ്റു. ഈ സാഹചര്യത്തിലാണ് അധികാരം തിരിച്ചു പിടിക്കുമ്പോള്‍ ഡല്‍ഹിയെ നയിക്കാന്‍ വനിതയെ തന്നെ പരിവാര്‍ നേതൃത്വം നിയോഗിക്കുന്നത്.
ഹരിയാണയിലെ ജുലാനയില്‍ 1974 ജൂലൈ 19-നാണ് രേഖ ഗുപ്ത ജനിച്ചത്. പിതാവിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാനേജരായി ജോലി ലഭിച്ചതോടെയാണ് രേഖയുടെ കുടുംബം ഡല്‍ഹിയിലേക്ക് ചേക്കേറിയത്. ഡല്‍ഹിയിലാണ് രേഖ ഗുപ്ത തന്റെ പഠനം പൂര്‍ത്തിയാക്കിയത്. കുട്ടിക്കാലം മുതലേ ആര്‍.എസ്.എസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച രേഖ ഗുപ്ത 1992-ല്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ ദൗളത് റാം കോളേജിലെ പഠനകാലത്ത് എ.ബി.വി.പിയിലൂടെയാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. 1996-1997 വര്‍ഷത്തില്‍ ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാര്‍ഥി യൂണിയന്റെ (ഡി.യു.എസ്.യു) പ്രസിഡന്റായി. ഡി.യു.എസ്.യുവിന്റെ ജനറല്‍ സെക്രട്ടറി ചുമതലയും രേഖ ഗുപ്ത വഹിച്ചിരുന്നു. ആര്‍ എസ് എസ് പിന്തുണയിലായിരുന്നു ഈ വിജയങ്ങളെല്ലാം. പിന്നീട് ബിജെപിയിലേക്ക് രേഖാ ഗുപ്തയെ നിയോഗിച്ചു. 2003 മുതല്‍ 2004 വരെ ഡല്‍ഹി യുവമോര്‍ച്ചയുടെ സെക്രട്ടറിയും 2004 മുതല്‍ 2006 വരെ യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറിയുമായിരുന്നു. രേഖ ഗുപ്ത 2007-ലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തുന്നത്. ആ വര്‍ഷം നടന്ന ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ 54-ാം വാര്‍ഡായ ഉത്തരി പീതാംപുരയില്‍ നിന്ന് കൗണ്‍സിലറായി. 2012-ല്‍ 54-ാം വാര്‍ഡായ നോര്‍ത്ത് പീതാംപുരയില്‍ നിന്ന് വീണ്ടും കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2022-ലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഷാലിമാര്‍ ബാഗ്-ബി വാര്‍ഡില്‍ വിജയിച്ച രേഖ ഗുപ്തയായിരുന്നു ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥി. അന്ന് വലിയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഷെല്ലി ഒബ്റോയ് രേഖ ഗുപ്തയെ 34 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ഡല്‍ഹിയുടെ ആദ്യ വനിതാ മേയറായി. പിന്നീട് ബിജെപിയില്‍ സംഘടനാ ചുമതലയിലേക്ക് രേഖ മാറി. 2010-ല്‍ അവര്‍ ബി.ജെ.പിയുടെ നാഷണല്‍ എക്സിക്യുട്ടീവ് അംഗമായി. മഹിളാ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായ രേഖ ഗുപ്ത ബി.ജെ.പി. ഡല്‍ഹി ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു.
ഡല്‍ഹി കോര്‍പറേഷനില്‍ വനിതാ ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണായിരിക്കെ രേഖാ ഗുപ്ത നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ രണ്ടുതവണ പരാജയം രുചിച്ച ഷാലിമാര്‍ബാഗില്‍നിന്ന് ഇത്തവണ മുപ്പതിനായിരത്തിനടുത്ത് വോട്ടുനേടിയാണ് രേഖ ഗുപ്ത ജയിച്ചുകയറിയത്. ഒടുവില്‍ മുഖ്യമന്ത്രി പദത്തിലേക്കും. കൗണ്‍സിലറായി പ്രവര്‍ത്തിക്കവെ സാമ്പത്തികമായി പിന്നാക്ക അവസ്ഥയില്‍ നില്‍ക്കുന്ന വിദ്യാര്‍ഥിനികളെ പ്രോത്സാഹിപ്പിക്കാന്‍ 'സുമേധ യോജന' പദ്ധതി ആരംഭിച്ചു. കോര്‍പ്പറേഷനിലെ വനിതാ ക്ഷേമ, ശിശു വികസന സമിതിയുടെ ചെയര്‍പഴ്സന്‍ എന്ന നിലയില്‍, ഡല്‍ഹിയിലെ സ്ത്രീ ശാക്തീകരണത്തിനായുള്ള സംരംഭങ്ങള്‍ക്കും രേഖ നേതൃത്വം നല്‍കി. സാമുദായിക സമവാക്യങ്ങളടക്കം അതിസൂക്ഷ്മമായി വിലയിരുത്തിയാണ് രേഖയുടെ നിയമനമെന്നു രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്. ദൗളത് റാം കോളേജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ രേഖ ഗുപ്ത മീററ്റിലെ ചൗധരി ചരണ്‍ സിങ് സര്‍വ്വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബി. ബിരുദവും നേടിയിട്ടുണ്ട്. മനീഷ് ഗുപ്തയാണ് ഭര്‍ത്താവ്.
രാം ലീല മൈതാനത്ത് നടക്കുന്ന വമ്പന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ രേഖ ഗുപ്തയ്ക്കൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. മഞ്ജീന്ദര്‍ സിര്‍സ, ആശിഷ് സൂദ്, പങ്കജ് കുമാര്‍ സിങ്, രവീന്ദര്‍ ഇന്ദ്രജ് സിങ്, കപില്‍ മിശ്ര, പര്‍വേശ് വര്‍മ എന്നിവരാണ് രേഖ ഗുപ്തയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന നേതാക്കള്‍. ഇതില്‍ പര്‍വേശ് ശര്‍മ ഉപമുഖ്യമന്ത്രിയാകുമെന്നാണ് വിവരം. ജാട്ട്, സിഖ്, പഞ്ചാബി, ദളിത് വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് മന്ത്രിമാരാകുന്നത്. ഇവരും ആര്‍ എസ് എസ് പിന്തുണയുള്ള നേതാക്കളാണ്.