- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ തിരഞ്ഞെടുപ്പു യുദ്ധത്തിനിടെ സിപിഎം 'പത്മവ്യൂഹത്തില്‍' പെട്ട അവസ്ഥയില്‍; സ്വര്‍ണ്ണക്കവര്‍ച്ചയില്‍ ഉദ്യോഗസ്ഥരെയും മറികടന്ന് രാഷ്ട്രീയ നേതാവിന്റെ അറസ്റ്റില്‍ പ്രതിരോധ ക്യാപ്സ്യൂളുകള് ഏല്‍ക്കില്ല; അയ്യപ്പസംഗമത്തിലൂടെ ഭക്തരിലേക്ക് അടുക്കാന്‍ ഇറങ്ങിയപ്പോള്‍ മുതല്‍ കഷ്ടകാലം; പത്മകുമാര്‍ എന്തൊക്കെ തുറന്നു പറയുമെന്ന നെഞ്ചിടിപ്പില്‍ കടകംപള്ളിയും പാര്‍ട്ടിയും
തദ്ദേശ തിരഞ്ഞെടുപ്പു യുദ്ധത്തിനിടെ സിപിഎം 'പത്മവ്യൂഹത്തില്‍' പെട്ട അവസ്ഥയില്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് മുഖംമിനുക്കല്‍ നടപടിയുടെ ഭാഗമായാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. അവിടെ മുതല്‍ തുടങ്ങിയതാണ് പാര്‍ട്ടിക്കും സര്‍ക്കാറിനും കഷ്ടകാലം. അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും ഒരുമിച്ചു പങ്കെടുപ്പിച്ചത് രാഷ്ട്രീയ വിജയമായി കണ്ടെങ്കിലും തുടര്‍ന്നിങ്ങോട് എല്ലാം പാളുന്നതാണ് കണ്ടത്. ശബരിമലയിലെ സ്വര്‍ണം വിഷയം എത്തിയതോടെ പാര്‍ട്ടിക്ക് പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയായി. ഈ കേസിലെ അറസ്റ്റ് നടപടികള്‍ ഇന്നലെ വരെ രാഷ്ട്രീയക്കാരിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ പത്മകുമാറിന്റെ അറസ്റ്റോടെ പാര്‍ട്ടിയിലേക്കും കാര്യങ്ങളെത്തി. ഇതോടെ കൈകഴുകി രക്ഷപെടാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. ഹൈക്കോടതി മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ സര്‍ക്കാറിന് ഇടപെടാന്‍ കഴിയാത്ത അവസ്ഥ വന്നതോടെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ആശങ്കയിലാണ്.
തദ്ദേശ തിരഞ്ഞെടുപ്പുകാലത്ത് ആകെ പത്മവ്യൂഹതില്‍ പെട്ട അവസ്ഥയിലാണ് പാര്‍ട്ടി. അയ്യപ്പന്റെ പൊന്ന് മോഷ്ടിച്ചവരെ സംരക്ഷിക്കില്ലെന്ന പതിവു പ്രതിരോധം ശബരിമല സ്വര്‍ണക്കവര്‍ച്ചയുടെ കാര്യത്തില്‍ സിപിഎമ്മിന് ഇനി ഒട്ടും മതിയാവാത്ത അവസ്ഥയിലാണ്. തെക്കന്‍ കേരളത്തില്‍ സിപിഎമ്മിന്റെ അറിയപ്പെടുന്ന നേതാക്കളിലൊരാളും മുന്‍ എംഎല്‍എയുമാണ് അറസ്റ്റിലായിരിക്കുന്നത്. പി.കെ.ചന്ദ്രാനന്ദനെ ദേവസ്വം ബോര്‍ഡ് അംഗമാക്കിയതിനു ശേഷം പ്രസിഡന്റ് പദവിയിലേക്ക് സിപിഎം നിയോഗിച്ച ആദ്യ നേതാവായിരുന്നു അന്നു പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എ.പത്മകുമാര്‍. അങ്ങനെ ഒരാളുടെ അറസ്റ്റ് തദ്ദേശ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോള്‍ എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
സ്വര്‍ണക്കവര്‍ച്ചയിലെ അന്വേഷണവും അറസ്റ്റും ഉദ്യോഗസ്ഥര്‍ക്കപ്പുറം എത്തില്ലെന്ന ആദ്യഘട്ടത്തിലെ ദേവസ്വം വകുപ്പിന്റെയും സിപിഎമ്മിന്റെയും വിശ്വാസം കൂടിയാണ് തകരുന്നത്. കോടതിയുടെയും എസ്‌ഐടിയുടെയും നടപടികള്‍ തുടക്കത്തില്‍ സ്വാഗതം ചെയ്ത സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഇപ്പോഴും ഒരു രാഷ്ട്രീയ ഇടപെടലിനും ഇല്ലെന്നാണ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ ശബരിമലയില്‍ യുവതീപ്രവേശ വിധി നടപ്പാക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും മുന്നിട്ടിറങ്ങിയ ഘട്ടത്തിലെ പ്രസിഡന്റ് കൂടിയാണു പത്മകുമാര്‍. അദ്ദേഹം എന്തൊക്കെ തുറന്നുപറയും എന്നതു സിപിഎമ്മിന്റെ നെഞ്ചിടിപ്പിക്കും.
അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഉന്നമിട്ട് പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും എന്‍.വാസുവും പത്മകുമാറും ഒരുമിച്ച് കസ്റ്റഡിയിലുള്ള സാഹചര്യത്തില്‍, ഇവരില്‍നിന്നു പുറത്തുവരാനിടയുള്ള വിവരങ്ങള്‍ നിര്‍ണായകമാവുകയാണ്. വിശ്വാസികളുടെ മനസ്സില്‍ ഈ സംഭവ പരമ്പര സൃഷ്ടിക്കാനിടയുള്ള രോഷം എല്‍ഡിഎഫിന് ഗൗരവത്തിലെടുക്കേണ്ടി വരും. അയ്യപ്പസംഗമത്തിലൂടെ ഉദ്ദേശിച്ച രാഷ്ട്രീയ ലക്ഷ്യങ്ങളും ഇതോടെ പൂര്‍ണമായും അവതാളത്തിലായി.
പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെ ദേവസ്വം ബോര്‍ഡിലെ മറ്റ് അംഗങ്ങളിലേക്കും ചോദ്യമുന നീളുകയാണ്. ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിയെടുത്ത് തട്ടിപ്പിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം കേരളത്തിനു പുറത്തേക്കു കൊടുത്തുവിടാന്‍ നിയമവിരുദ്ധമായ തീരുമാനമെടുത്തതു ആ ബോര്‍ഡാണ്. തട്ടിപ്പിനു കാരണമായ ഈ തീരുമാനത്തിലും തുടര്‍ന്നുണ്ടായ ഗുരുതരമായ അലംഭാവത്തിലും പ്രസിഡന്റിനും അംഗങ്ങള്‍ക്കും രേഖാമൂലം തന്നെ കൂട്ടുത്തരവാദിത്തമാണുള്ളത്. സിപിഐ നേതാവ് കെ.പി.ശങ്കരദാസ്, സിപിഎം പ്രതിനിധി എന്‍.വിജയകുമാര്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ഇരുവരെയും കഴിഞ്ഞദിവസം അന്വേഷണസംഘം ചോദ്യംചെയ്‌തെന്നാണു വിവരം.
പത്മകുമാറിന്റെ കാലത്ത് ദേവസ്വം കമ്മിഷണറും പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എന്‍.വാസുവിനെയും എസ്‌ഐടി അറസ്റ്റ് ചെയ്‌തെങ്കിലും അദ്ദേഹത്തിനെതിരെയുള്ള തെളിവുകളില്‍ ആ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ക്കു പങ്കുള്ളതായി കണ്ടെത്താനായിരുന്നില്ല. ശബരിമലയിലെ പാളികളില്‍ പൂശിയശേഷം ബാക്കിവന്ന സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ കല്യാണത്തിന് ഉപയോഗിക്കുന്നതില്‍ ബോര്‍ഡിന്റെ നിലപാടു തേടിയുള്ള ഇ മെയില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി അയച്ചത് ബോര്‍ഡ് പ്രസിഡന്റായിരുന്ന എന്‍.വാസുവിനാണ്. അദ്ദേഹം അതു ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്നാണു വിവരം. പകരം തിരുവാഭരണം കമ്മിഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കു ഫോര്‍വേഡ് ചെയ്ത ശേഷം തുടര്‍നടപടികളെടുക്കാതെ കണ്ണടയ്ക്കുകയായിരുന്നു.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കൂടാതെ തട്ടിപ്പുനടന്ന കാലത്തെ ബോര്‍ഡും ഉദ്യോഗസ്ഥരുമടക്കം 15 പ്രതികളാണ് 2 കേസുകളിലുമായുള്ളത്. 6 പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. പത്മകുമാറും വാസുവും ഉള്‍പ്പെടെ നല്‍കിയിരിക്കുന്ന മൊഴികളില്‍, കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലാത്ത പ്രമുഖര്‍ക്കെതിരെയടക്കം പരാമര്‍ശങ്ങളുണ്ടെന്നാണ് സൂചന. അവരുടെ പങ്കും എസ്‌ഐടി അന്വേഷിച്ചേക്കും. പങ്കു വ്യക്തമായാല്‍ പ്രതിചേര്‍ക്കാനും സാധ്യതയുണ്ട്.
ഹൈക്കോടതി നിയോഗിച്ച സ്‌പെഷല്‍ കമ്മിഷണറെ അറിയിക്കാതെ, കഴിഞ്ഞ സെപ്റ്റംബറില്‍ ദ്വാരപാലക ശില്‍പപാളികള്‍ വീണ്ടും അഴിച്ചെടുത്ത് സ്വര്‍ണം പൂശാനായി ചെന്നൈക്കു കൊണ്ടുപോയതും സംശയാസ്പദമാണെന്നാണ് ഹൈക്കോടതി ഉത്തരവിലുള്ളത്. 2019ലെ കൊള്ള മറയ്ക്കാനുള്ള ശ്രമമാണിതെന്നാണു ഉത്തരവു നല്‍കുന്ന സൂചന. ഇതു കഴിഞ്ഞ ദേവസ്വം ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കുന്നു. അന്വേഷണ നടപടികള്‍ ആ ബോര്‍ഡിലേക്കും നീണ്ടേക്കാം.
അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ കോടതി റിമാന്‍ഡ് ചെയ്തിരക്കയാണ്. 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കനത്ത സുരക്ഷയില്‍ ഇന്നലെ രാത്രി എട്ടരയോടെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സി. മോഹിതിന്റെ തേവള്ളിയിലെ വസതിയില്‍ പ്രത്യേക അന്വേഷണസംഘം പത്മകുമാറിനെ എത്തിക്കുകയായിരുന്നു. നടപടി പൂര്‍ത്തിയാക്കി തിരുവനന്തപുരം പ്രത്യേക ജയിലിലേക്ക് മാറ്റി. ശബരിമല ശ്രീകോവിലിലെ വാതില്‍ കട്ടിളപ്പടിയിലെ സ്വര്‍ണക്കവര്‍ച്ചയിലാണ് എട്ടാം പ്രതിയായിരുന്ന സി.പി.എം പത്തംതിട്ട ജില്ല കമ്മിറ്റി അംഗവും മുന്‍ കോന്നി എം.എല്‍.എയുമായ പത്മകുമാറിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം (എസ്.എ.ടി) രേഖപ്പെടുത്തിയത്.
എസ്.എ.ടി നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ച ആറന്‍മുളയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരത്തെത്തിയ പത്മകുമാറിനെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എസ്.പി ശശിധരന്റെ നേതൃത്വത്തില്‍ അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. തുടര്‍ന്ന് പൊലീസ് അകമ്പടിയില്‍ ദേഹപരിശോധനക്കായി ജനറല്‍ ആശുപത്രിയിലെത്തിച്ച പത്മകുമാര്‍ എല്ലാം അയ്യപ്പന്‍ തീരുമാനിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
കട്ടിളപ്പടിയിലെ സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലാകുന്ന ആറാമത്തെയാളാണ് എ. പത്മകുമാര്‍. ശബരിമലയില്‍ നിന്നും 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ കട്ടിളപ്പടിയിലെ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ സ്വര്‍ണം പൂശാനെന്ന പേരില്‍ അനധികൃതമായി പുറത്തേക്ക് കൊണ്ടുപോയത് അന്നത്തെ ദേവസ്വം ഭരണസമിതിയുടെ ഒത്താശയോടുകൂടിയായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
എന്നാല്‍, അന്നത്തെ ദേവസ്വം കമീഷണറായിരുന്ന എന്‍. വാസുവും ദേവസ്വം സെക്രട്ടറിടയക്കമുള്ള ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡിന് കൈമാറിയ രേഖപ്രകാരമാണ് സ്വര്‍ണപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്ന് പത്മകുമാര്‍ അന്വേഷണസംഘത്തോട് പറഞ്ഞു. എന്നാല്‍ പത്മകുമാറിന്റെ ഈ വാദങ്ങളെല്ലാം എസ്.എ.ടി തള്ളികളയുകയായിരുന്നു.




