- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുമ്മനടി'യുടെ അതേ ആവേശത്തില്‍ 'ചന്ദ്രനടി'യെ സൈബര്‍ സഖാക്കള്‍ ഏറ്റെടുത്തില്ല; വിഴിഞ്ഞത്ത് രാജീവ് ചന്ദ്രശേഖറിനെതിരെ പൊട്ടിത്തെറിച്ച മന്ത്രി റിയാസിന്റെ പ്രതികരണത്തില്‍ മുഖ്യമന്ത്രിയ്ക്കും നീരസം; ഇത് റിയാസിന്റെ ഭാഗത്ത് നിന്നും കരുതല്‍ വേണ്ട സമയമോ? മാസപ്പടിയില്‍ ഷോണ്‍ ജോര്‍ജ് നടത്തിയ അപ്രതീക്ഷിത നീക്കം ക്ലിഫ് ഹൗസിനേയും ഞെട്ടിച്ചു; ആ 3,344 ഇടപാടുകള്‍ ആര്‍ക്ക് വിനയാകും? വിഴിഞ്ഞം പരിഹാസത്തില്‍ ചര്‍ച്ച തുടരും
തിരുവനന്തപുരം: വിഴിഞ്ഞത്തെ ചടങ്ങില്‍ ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് പൂര്‍ണ്ണ അതൃപ്തി. അതിന്റെ കേന്ദ്ര സ്ഥാനത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എത്തിയതാണ് ഇതിനെല്ലാം കാരണം. അതിഥികളുടെ പട്ടികയില്‍ രാജീവ് ചന്ദ്രശേഖറിനെ ഉള്‍പ്പെടുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. ഈ സമയം സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പൊന്നും അറിയിച്ചില്ല. അത് അംഗീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ തന്റെ മരുമകന്‍ കൂടിയായ റിയാസ് പൊട്ടിത്തെറിച്ചത് വിവാദത്തിന് പുതിയ മാനം നല്‍കി. അതിഥികളെ ചടങ്ങിലേക്ക് ക്ഷണിച്ചത് സംസ്ഥാന സര്‍ക്കാരാണ്. അതായത് രാജീവ് ചന്ദ്രശേഖറിനേയും സാങ്കേതികാര്‍ത്ഥത്തില്‍ ക്ഷണിച്ച് വേദിയില്‍ ഇരുത്തിയത് പിണറായി സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ തന്റെ മന്ത്രിസഭയിലെ മന്ത്രി തന്നെ ഇതിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചതിലാണ് നീരസം. സിഎംആര്‍എല്‍ കേസില്‍ മകള്‍ വീണാ വിജയന്‍ പ്രതിസ്ഥാനത്താണ്. കേന്ദ്ര സര്‍ക്കാരുമായി മികച്ച ബന്ധമാണ് കേരള സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തില്‍ ബിജെപി അധ്യക്ഷനെ ഒരു മന്ത്രി തന്നെ ട്രോളിയത് ശരിയായില്ലെന്ന വിലയിരുത്തല്‍ സിപിഎമ്മിലെ പലര്‍ക്കുമുണ്ട്.
അതിനിടെ സിഎംആര്‍എലുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ 3,334 ഇടപാടുകള്‍ നടന്നതായി കമ്പനിയുടെ ചീഫ് അക്കൗണ്ടന്റിന്റെ കണക്കുപുസ്തകത്തില്‍ പറയുന്നു. കേസ് അന്വേഷിച്ച എസ്എഫ്ഐഒ പിടിച്ചെടുത്ത പുസ്തകത്തിലാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കും രാഷ്ട്രീയക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്‍പ്പെടെ സിഎംആര്‍എല്‍ എത്ര രൂപവീതം നല്‍കിയെന്ന കണക്കുള്ളത്. വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷന്‍സിന് സിഎംആര്‍എല്‍ ഉള്‍പ്പെടെ കേരളത്തിലെ 12 സ്ഥാപനങ്ങള്‍ പണം കൈമാറിയിട്ടുണ്ടെന്നും പറയുന്നു. കേസിലെ പരാതിക്കാരനെന്നനിലയില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്, അഴിമതിനിരോധനനിയമപ്രകാരം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐഒയ്ക്ക് ശനിയാഴ്ച കത്ത് നല്‍കി. ഇത് അതിനിര്‍ണ്ണായക നീക്കമാണ്. ഇതിന് പിന്നില്‍ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ചത് അടക്കം സ്വാധീനിച്ചിട്ടുണ്ടെന്ന് ചില സിപിഎം കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. ഹൈക്കോടതിയുടെ സ്‌റ്റേയുടെ ആനുകൂല്യത്തിലാണ് ഇപ്പോള്‍ എസ് എഫ് ഐ ഒ കേസിലെ നടപടികള്‍ മുമ്പോട്ട് പോകാത്തത്. ഇത് സാങ്കേതിക പ്രശ്‌നങ്ങളില്‍ തട്ടിയാണ് തടഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിക്കുന്ന തരത്തില്‍ രാജീവ് ചന്ദ്രശേഖറിനെ കളിയാക്കരുതായിരുന്നുവെന്നാണ് ഇടതു കേന്ദ്രങ്ങളും വിലയിരുത്തുന്നത്. കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ അന്നത്തെ ബിജെപി അ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന് പ്രത്യേക പരിഗണന കിട്ടി. അന്ന് 'കുമ്മനടി' എന്ന് വിളിച്ച് സിപിഎം വ്യാപക പരിഹാസങ്ങളുണ്ടാക്കി. എന്നാല്‍ വിഴിഞ്ഞത്ത് രാജീവ് ചന്ദ്രേേശഖറിനെ കളിയാക്കാന്‍ 'ചന്ദ്രനടി' എന്ന പ്രയോഗം ചര്‍ച്ചയാക്കാനായിരുന്നു സിപിഎം സൈബര്‍ സഖാക്കള്‍ ശ്രദ്ധിച്ചത്. അത്തരം പ്രചരണം തുടങ്ങിയെങ്കിലും അത് വ്യാപകമായി സൈബര്‍ സഖാക്കള്‍ ഏറ്റുപിടിച്ചില്ല. ഇതിന് കാരണവും സിപിഎം നേതൃത്വത്തിന്റെ കര്‍ശന ഇടപെടലാണെന്ന് സൂചനകളുണ്ട്.
കമ്പനിനിയമപ്രകാരമുള്ള അന്വേഷണമാണ് എസ്എഫ്ഐഒ നടത്തിയത്. വീണയുടെ കമ്പനിക്കും കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കും ഉള്‍പ്പെടെ സിഎംആര്‍എല്‍ പണം നല്‍കിയത് എന്തിനെന്ന് അവര്‍ അന്വേഷിച്ചിട്ടില്ല. കരിമണല്‍ക്കൊള്ളയ്ക്ക് മുഖ്യമന്ത്രിക്കുവേണ്ടി മകള്‍ കൈക്കൂലി കൈപ്പറ്റുകയായിരുന്നുവെന്ന് ഷോണ്‍ ജോര്‍ജ് ആരോപിച്ചു. അഴിമതിനിരോധന നിയമപ്രകാരം ഇത് അന്വേഷിക്കേണ്ടത് സിബിഐ ആണ്. കള്ളപ്പണംവെളുപ്പിക്കല്‍ ഭാഗം അന്വേഷിക്കേണ്ടത് ഇഡിയുമാണ്. സെബി അന്വേഷിക്കേണ്ട ഇടപാടുകളുണ്ട്. ഈ ഏജന്‍സികളെയെല്ലാം തുടരന്വേഷണത്തിന് നിര്‍ദേശിക്കാന്‍ എസ്എഫ്ഐഒക്ക് സാധിക്കും. ഇതിനാണ് കത്തുനല്‍കിയിരിക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഒരുസേവനവും വീണയുടെ കമ്പനി സിഎംആര്‍എലിന് നല്‍കിയിട്ടില്ല. ഇത് വീണയുള്‍പ്പെടെ മൊഴിയായി അന്വേഷണ ഏജന്‍സിക്ക് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ 31-ാംഖണ്ഡികയില്‍ വീണയും എക്സാലോജിക്കും സിഎംആര്‍എല്‍ ഐടി മേധാവിയും ഇങ്ങനെ മൊഴിനല്‍കിയെന്ന് എടുത്തുപറയുണ്ട്. ഇത്തരത്തില്‍ വീണയുടെ മൊഴിയും ഷോണ്‍ ജോര്‍ജ് പുറത്തു വിട്ടു. ഇതോടെ മൊഴി നല്‍കിയില്ലെന്ന വീണയുടെ വിശദീകരണവും പ്രതിക്കൂട്ടിലായി. രണ്ട് കമ്പനികള്‍തമ്മിലുള്ള ഇടപാടെന്നാണ് സിപിഎം നേതൃത്വത്തിന്റെ വാദം. എന്നാല്‍ 2021-ല്‍ ആദായനികുതിവകുപ്പിന്റെ റെയ്ഡ് നടക്കുന്നതുവരെ ഇരുകമ്പനികളും തമ്മില്‍ ഒരുരീതിയിലുള്ള ഇ-മെയില്‍ ആശയവിനിമയംപോലും നടന്നിട്ടില്ലെന്നത് അസ്വാഭാവികമാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഇതോടെ സിഎംആര്‍എല്‍ കേസിന് പുതിയ മാനങ്ങളും വരുന്നു.
വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങ് സംബന്ധിച്ച് സാമൂഹികമാധ്യമപോസ്റ്റുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് രംഗത്തു വന്നിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ഉദ്ഘാടന വേദിയില്‍ ഇരിപ്പിടം ലഭിച്ചതിലാണ് പരിഹാസത്തോടെ റിയാസിന്റെ പോസ്റ്റിട്ടത്. റിയാസടക്കമുള്ള സംസ്ഥാനത്തെ ചില മന്ത്രിമാര്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദനും സദസ്സിലാണ് ഇരിപ്പിടം ലഭിച്ചത്. മന്ത്രി കെ.എന്‍.ബാലഗോപാല്‍, എം.വി.ഗോവിന്ദന്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവര്‍ക്കൊപ്പമുള്ള സെല്‍ഫി ചിത്രമാണ് റിയാസ് പങ്കുവെച്ചത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി.എന്‍.വാസവന്‍, ജി.ആര്‍.അനില്‍, സജി ചെറിയാന്‍ എന്നിവര്‍ വേദിയിലുണ്ട്. റിയാസിന്റെ പോസ്റ്റിന് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹാസവുമായി എത്തിയിരുന്നു. നിങ്ങളുടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കണ്‍വീനര്‍ സ്റ്റേജില്‍ ഉണ്ടാകുന്നത് സ്വാഭാവികമല്ലേയെന്നായിരുന്നു രാഹുലിന്റെ പരിഹാസം. പിന്നീട് ഈ വിവാദം റിയാസും രാജീവ് ചന്ദ്രശേഖറും തമ്മിലായി. രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് എത്തുകയും ചെയ്തു. രാജീവ് ചന്ദ്രശേഖര്‍ നടത്തുന്ന കാട്ടിക്കൂട്ടല്‍ കണ്ടാല്‍ ആരെയാണ് ഡോക്ടറുടെ അടുത്ത് പറഞ്ഞയക്കേണ്ടത് എന്ന് മനസിലാകുമെന്നും ദേശീയതലത്തില്‍ കിട്ടാവുന്ന ഏറ്റവും മികച്ച ഡോക്ടര്‍മാരുടെ പാനലിനെ വെക്കാവുന്നതാണെന്നും റിയാസ് പരിഹസിച്ചു. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോടെ കേരളത്തിലും വികസനനേട്ടമുണ്ടാകാന്‍ പോവുകയാണെന്നും കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് അത് മനസിലാകണമെന്നില്ലെന്നും രാജീവ് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
'രാജീവിന്റേത് രാഷ്ട്രീയ അല്‍പ്പത്തരവും പ്രതികരണം അപക്വവുമാണ്. നമുക്കൊരു ബിസിനസ് തുടങ്ങാം, കമ്പനിയെ വാങ്ങാം, വേണമെങ്കില്‍ വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയില്‍ചേരാം, അതിനെ വിലക്ക് വാങ്ങാം എന്നൊക്കെയാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ കേരളത്തിലെ ജനമനസ് വിലക്ക് വാങ്ങാന്‍ സാധിക്കില്ല' - റിയാസ് പറഞ്ഞു. ഒരു മന്ത്രി എന്ന നിലയില്‍ അല്ല, പൗരന്‍ എന്ന നിലയിലാണ് താന്‍ അഭിപ്രായം പറഞ്ഞത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ മാത്രം അവിടെ ഇരിക്കുന്നത് ശരിയാണോ? രാഷ്ട്രീയം രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. റിയാസിന് ചില പ്രശ്‌നങ്ങളുണ്ടെന്നും അതിന് ഡോക്ടറെ കണ്ട് ചികിത്സിക്കുകയാണ് വേണ്ടതെന്നും തന്നെ ഇങ്ങനെ ട്രോളിയിട്ട് കാര്യമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ വേദിയില്‍ കയറിയിരുന്ന് മുദ്രാവാക്യം വിളിച്ച രാജീവ് ചന്ദ്രശേഖറിനെതിരെ പരിഹാസവുമായി ആദ്യം രംഗത്തുവന്നത് മന്ത്രി മുഹമ്മദ് റിയാസ് ആയിരുന്നു. മുതിര്‍ന്ന മന്ത്രിമാര്‍ക്ക് പോലും വേദിയില്‍ ഇടംനല്‍കാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനെ വേദിയില്‍ ഇരുത്തിയ കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെയാണ് മന്ത്രി രംഗത്തു വന്നത്. റിയാസിന് പിന്നാലെ വി.ടി. ബല്‍റാമടക്കമുള്ളവരടക്കം വേദിയില്‍ നേരത്തേയെത്തി മുദ്രാവാക്യം വിളിക്കുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരെ ഫേസ്ബുക്കിലടക്കം പോസ്റ്റിട്ട് വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.