കോഴിക്കോട്: മുന്നണി രാഷ്ട്രീയത്തില്‍ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയില്‍ എം.വി. ശ്രേയാംസ് കുമാറും ആര്‍ജെഡിയും രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ മുനമ്പില്‍. ഇടതുമുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി യുഡിഎഫിലേക്ക് ചേക്കേറാന്‍ ശ്രേയാംസ് നടത്തിയ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടാത്തത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി. കല്‍പ്പറ്റയും വടകരയും ലക്ഷ്യമിട്ട് നടത്തിയ കരുനീക്കങ്ങള്‍ തടഞ്ഞ കോണ്‍ഗ്രസ്, അധികപ്പറ്റായി ഒരു പാര്‍ട്ടിയെക്കൂടി മുന്നണിയിലെടുക്കാന്‍ താല്‍പര്യമില്ലെന്ന കര്‍ശന നിലപാടിലാണ്.

ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി ലയിച്ച് ദേശീയ പ്രസക്തി നേടാമെന്ന ശ്രേയാംസിന്റെ കണക്കുകൂട്ടലുകള്‍ ബീഹാറിലെ പാര്‍ട്ടിയുടെ തകര്‍ച്ചയോടെ പിഴച്ചു. ദേശീയ തലത്തില്‍ പ്രസക്തി നഷ്ടപ്പെട്ട പാര്‍ട്ടിയെ ഇനി ചുവടുമാറ്റിയാലും ഉള്‍ക്കൊള്ളാന്‍ യുഡിഎഫിന് താല്‍പര്യമില്ല. ഇതോടെ 'ഇപ്പുറം വന്നാല്‍ അപ്പുറമില്ല, അപ്പുറം പോയാല്‍ ആരുമില്ല' എന്ന ത്രിശങ്കു അവസ്ഥയിലാണ് ശ്രേയാംസ് കുമാര്‍.

ഇടതുമുന്നണിയില്‍ തുടരണമെങ്കില്‍ മാത്യു ടി. തോമസിന്റെ നേതൃത്വത്തിലുള്ള ജനതാദള്ളുമായി (എസ്) ലയിക്കണമെന്ന സിപിഎം നിര്‍ദ്ദേശം ശ്രേയാംസ് തള്ളിയതോടെ എല്‍ഡിഎഫിലും വഴികള്‍ അടയുകയാണ്. പാര്‍ട്ടിയിലെ ഏക എംഎല്‍എയായ കെ.പി. മോഹനനും ശ്രേയാംസും തമ്മിലുള്ള അകലം വര്‍ധിച്ചതും പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചേക്കാം. കൂത്തുപറമ്പ് എംഎല്‍എ സിപിഎം പാളയത്തിലേക്ക് കൂടുതല്‍ അടുക്കുന്നത് ശ്രേയാംസിന്റെ രാഷ്ട്രീയ സ്വാധീനത്തിന് മങ്ങലേല്‍പ്പിച്ചു. കല്‍പ്പറ്റ സീറ്റില്‍ സിപിഎം മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ആ സീറ്റും ആര്‍ ജെ ഡിയ്ക്ക് കൈവിട്ടു പോകും. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു കല്‍പ്പറ്റ. അത് ശ്രേയംസിന് മത്സരിക്കാന്‍ കഴിഞ്ഞ തവണ നല്‍കി. ഇതോടെ ആ സീറ്റ് സിപിഎമ്മിന് നഷ്ടമായി. ഇടതു തരംഗം ആഞ്ഞു വീശിയ തിരഞ്ഞെടുപ്പിലായിരുന്നു അത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥികളെ സിപിഎം ബോധപൂര്‍വം തോല്‍പ്പിച്ചെന്ന പരാതി നിലനില്‍ക്കെ, മുന്നണി വിടണമെന്ന വികാരം അണികള്‍ക്കിടയില്‍ ശക്തമാണ്. എന്നാല്‍ പുറത്തുപോയാല്‍ ആശ്രയിക്കാന്‍ മറ്റൊരു മുന്നണിയില്ലാത്തത് നേതാക്കളെ കുഴക്കുന്നു. മുന്‍പ് യുഡിഎഫിലായിരുന്ന കാലത്തെ സ്വാധീനം ഇപ്പോള്‍ കോണ്‍ഗ്രസ് വകവെച്ചു നല്‍കുന്നില്ല. വടകരയും കല്‍പ്പറ്റയും വിട്ടുകൊടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ ശ്രേയാംസിന്റെ പടയൊരുക്കം പാഴായി. വടകരയില്‍ ആര്‍ എം പിയാണ് മത്സരിക്കുന്നത്. കെകെ രമ അവിടെ വീണ്ടും യുഡിഎഫിനായി മത്സരിക്കും. അതിനാല്‍ ആ സീറ്റും യുഡിഎഫ് ആര്‍ജെഡിയ്ക്ക് നല്‍കില്ല.

സിപിഎമ്മിന്റെ കടുത്ത നിലപാടുകളും കോണ്‍ഗ്രസിന്റെ അവഗണനയും ആര്‍ജെഡിയെ രാഷ്ട്രീയമായി അപ്രസക്തമാക്കുകയാണ്. വരും ദിവസങ്ങളില്‍ കെ.പി. മോഹനന്‍ പക്ഷം സ്വീകരിക്കുന്ന നിലപാടായിരിക്കും പാര്‍ട്ടിയുടെ ആയുസ്സ് നിര്‍ണ്ണയിക്കുക. ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലേക്ക് ആര്‍ജെഡി കൂപ്പുകുത്തുമ്പോള്‍ ശ്രേയാംസ് കുമാറിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഇടതുമുന്നണിയില്‍ അവഗണന നേരിടുന്നുവെന്ന പരാതിയുമായി യുഡിഎഫിലേക്ക് ചേക്കേറാന്‍ ശ്രേയാംസ് നടത്തിയ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് തടയിട്ടത് പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ 'ത്രിശങ്കു' അവസ്ഥയിലാക്കി എന്നാണ് റിപ്പോര്‍ട്ട്.

കല്‍പ്പറ്റയും വടകരയും ലക്ഷ്യമിട്ടാണ് ശ്രേയാംസ് കുമാര്‍ മറുപുറം നോക്കിയത്. എന്നാല്‍, വിജയസാധ്യതയുള്ള ഈ സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. അധികപ്പറ്റായി ഒരു പാര്‍ട്ടിയെക്കൂടി മുന്നണിയിലെടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതോടെ 'ഇപ്പുറം വന്നാല്‍ അപ്പുറമില്ല, അപ്പുറം പോയാല്‍ ആരുമില്ല' എന്ന നിലയിലായി ശ്രേയാംസിന്റെ അവസ്ഥ. മലബാറില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും അതിശക്തരാണ്. ഇവിടെ മറ്റാരുടേയും പിന്തുണ യുഡിഎഫിന് വേണ്ട.

ദേശീയ തലത്തില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി ലയിച്ചാല്‍ കരുത്ത് കൂടുമെന്ന കണക്കുകൂട്ടലുകള്‍ ബീഹാറിലെ പാര്‍ട്ടിയുടെ തകര്‍ച്ചയോടെ അപ്രസക്തമായി. ദേശീയ പ്രസക്തി നഷ്ടപ്പെട്ട പാര്‍ട്ടിയെ ഇനി ചുവടുമാറ്റിയാലും ഉള്‍ക്കൊള്ളാന്‍ യുഡിഎഫിന് താല്‍പര്യമില്ല. അര്‍ഹമായ പരിഗണന കിട്ടാതെയും പോകാന്‍ ഒരിടമില്ലാതെയും ആര്‍ജെഡി ഉലയുകയാണ്. കെ.പി. മോഹനന്‍ പക്ഷം സ്വീകരിക്കുന്ന നിലപാടായിരിക്കും വരും ദിവസങ്ങളില്‍ പാര്‍ട്ടിയുടെ ഭാവി തീരുമാനിക്കുക.