കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന പ്രധാന പോരാട്ടഭൂമിയായി കോഴിക്കോട് ജില്ല മാറുകയാണ്. ആകെയുള്ള 13 സീറ്റുകളില്‍ കാലങ്ങളായി മുന്നില്‍ നില്‍ക്കുന്നത് ഇടതു മുന്നണിയാണ്. ഇക്കുറി ആ ശീലം തെറ്റിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് യുഡിഎഫില്‍ നിന്നും ഉണ്ടാകുന്നത്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി യുവാക്കളും പരിചയസമ്പന്നരും ചേര്‍ന്നൊരു നിര തന്നെ തിരഞ്ഞെടുപ്പിനെ നയിക്കാനുണ്ട്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിയമസഭയില്‍ കോണ്‍ഗ്രസ് പ്രതിനിധി ഇല്ലാത്തതിന്റെ 'നാണക്കേട്' ഇത്തവണ മായ്ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേടിയ അപ്രതീക്ഷിത മുന്നേറ്റമാണ് ഈ ആത്മവിശ്വാസത്തിന് പിന്നിലെ പ്രധാന ഘടകം. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന നേതൃസംഗമത്തില്‍ വിലയിരുത്തിയത് കോണ്‍ഗ്രസിന് ശക്തമായി തിരിച്ചെത്താന്‍ സാധ്യതയുള്ള ജില്ലയായി കോഴിക്കോട് മറിയിട്ടുണ്ട് എന്നതാണ്.

തിരിച്ചുവരവിന്റെ സൂചനകള്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണം വെറും 64 വോട്ടുകള്‍ക്കാണ് യുഡിഎഫിന് നഷ്ടമായത്. കോര്‍പറേഷനില്‍ പലമണ്ഡലങ്ങളും തോറ്റത് തുച്ഛമായ വോട്ടകള്‍ക്കായിരുന്നു. എന്നാല്‍ ചരിത്രത്തിലാദ്യമായി ജില്ലാ പഞ്ചായത്ത് ഭരണവും, ഭൂരിഭാഗം ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളും പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ഭരണവിരുദ്ധ വികാരം യുഡിഎഫിന് അനുകൂലമാണെന്നതിന്റെ തെളിവായി രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു.

ഏറ്റവും ശ്രദ്ധേയമായ ചര്‍ച്ച നടക്കുന്നത് ബേപ്പൂര്‍ മണ്ഡലത്തിലാണ്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ പി.വി. അന്‍വറിനെ യുഡിഎഫ് സ്വതന്ത്രനായി രംഗത്തിറക്കിയേക്കുമെന്ന സൂചനകള്‍ ശക്തമാണ്. 'മരുമോനിസത്തിന്റെ വേരറുക്കാന്‍' താന്‍ ബേപ്പൂരിലുണ്ടാകുമെന്ന് അന്‍വര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അന്‍വറിനെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതോടെ ഈ സാധ്യതകള്‍ക്ക് രാഷ്ട്രീയ പ്രാധാന്യമേറി. അന്‍വര്‍ ഇവിടെ മത്സരിക്കാന്‍ ഇറങ്ങിയാല്‍ വിജയിക്കുമെന്ന പ്രതീക്ഷയാണ് പങ്കുവെക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മലപ്പുറത്ത് ഒരു സീറ്റിലും അന്‍വറിന് മത്സരിക്കാന്‍ സാധ്യതയില്ല. തിരുവമ്പാടി ലക്ഷ്യം വെച്ചെങ്കിലും മുസ്ലിംലീഗ് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ഇതോടെ ബേപ്പൂരില്‍ തന്നെയാണ് അന്‍വറിന്റോ നോട്ടം.


9 സീറ്റുകളില്‍ ഉറപ്പായും വിജയമെന്ന് കോണ്‍ഗ്രസ്.

ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 9 എണ്ണത്തിലും വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്ന പേരുകള്‍ ഇവയാണ്:

കോഴിക്കോട് നോര്‍ത്ത് - കെ. ജയന്ത് (കെപിസിസി ജനറല്‍ സെക്രട്ടറി)

ബേപ്പൂര്‍-പി.വി. അന്‍വര്‍ -(സ്വതന്ത്രന്‍/യുഡിഎഫ് പിന്തുണ)

കൊയിലാണ്ടി -കെ. പ്രവീണ്‍ കുമാര്‍ (ഡിസിസി പ്രസിഡന്റ്)

നാദാപുരം - കെ.എം. അഭിജിത്ത് (യൂത്ത് കോണ്‍ഗ്രസ് നേതാവ്)

ബാലുശ്ശേരി -സൂരജ് (കെഎസ് യു ജില്ലാ പ്രസിഡന്റ്)

എലത്തൂര്‍ മണ്ഡലം- വിദ്യ ബാലകൃഷ്ണന്‍( കോണ്‍ഗ്രസ് ഏറ്റെടുത്താല്‍)

നിലവില്‍ വടകരയിലും കൊടുവള്ളിയുമാണ് യുഡിഎഫിന് എംഎല്‍എമാരുള്ളത്. കൊടുവള്ളിയില്‍ എം കെ മുനീറും, വടകരയില്‍ കെ കെ രമയുമാണ് എംഎല്‍എമാര്‍. ഈ സീറ്റുകളില്‍ ഇക്കുറിയും ഇവര്‍ തന്നെ മത്സരിക്കും. ലീഗ് മത്സരിക്കുന്ന കോഴിക്കോട് സൗത്ത് സീറ്റില്‍ സ്ഥാനാര്‍ഥി ആരെന്നത് തീരുമാനമായിട്ടില്ല. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ള മത്സരിക്കും, ഇവിടെ നിലവില്‍ സിപിഎമ്മിലെ കെ പി കുഞ്ഞമ്മദ് കുട്ടിയാണ് എംഎല്‍എ. ഇടതു മുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എയായ പേരാമ്പ്രയില്‍ കഴിഞ്ഞ തവണ യുഡിഎഫ് സ്വതന്ത്രനാണ് മത്സരിച്ചത്. ലീഗില്‍ നിന്നും സീറ്റ് കിട്ടിയാല്‍ ഇവിടെ മുല്ലപ്പള്ളിയുടെ പേര് സ്ഥാനാര്‍ഥിത്വത്തിനായി പരിഗണിക്കുന്നുണ്ട്.

കുന്ദമംഗത്ത് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് സ്ഥാനാര്‍ഥിയാകും. അതേസമയം തിരുവമ്പാടിയിലെ സ്ഥാനാര്‍ഥി ആരെന്നതില്‍ തീരുമാനം ആയിട്ടില്ല. സച്ചിന്‍ദേവ് എംഎല്‍എയായ ബാലുശ്ശേരിയില്‍ അടക്കം വലിയ പ്രതീക്ഷയാണ് ഇക്കുറി യുഡിഎഫിനുള്ളത്. ആഞ്ഞൂ പിടിച്ചാല്‍ മുഴുവന്‍ സീറ്റും പിടിക്കാമെന്നാണ് പ്രതീക്ഷ.

ഏകോപിപ്പിച്ചു സ്ഥലം എംപി എം കെ രാഘവന്‍

എം.കെ. രാഘവന്‍, ഷാഫി പറമ്പില്‍ എന്നീ എംപിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കോഴിക്കോട് സൗത്ത് ഉള്‍പ്പെടെയുള്ള ലീഗ് സീറ്റുകളിലും ഇത്തവണ വലിയ ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ബിജെപി പിടിക്കുന്ന വോട്ടുകള്‍ പലയിടത്തും ഇടത് കോട്ടകളില്‍ വിള്ളലുണ്ടാക്കുമെന്നും അത് തങ്ങള്‍ക്ക് ഗുണമാകുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.

കനഗോലു സര്‍വേ റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പട്ടിയില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോണ്‍ഗ്രസിന് എംഎല്‍എമാരില്ലാത്ത കോഴിക്കോട് ജില്ലയില്‍ ഇത്തവണ വലിയ പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം. വളരെ നേരത്തെ തന്നെ കൊയിലാണ്ടി മണ്ഡലം കേന്ദ്രീകരിച്ച് പ്രവീണ്‍കുമാര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. തന്റെ ഇഷ്ടം മുതിര്‍ന്ന നേതാക്കളോട് അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

യുഡിഎഫിനെ ഇക്കുറി ഏറ്റവുമധികം പ്രതീക്ഷയുള്ള ജില്ലകളില്‍ ഒന്ന് കോഴിക്കോടാണ്. മലപ്പുറം ഏതാണ്ട് തൂത്തുവാരും എന്ന് ഉറപ്പാണ്, പിന്നീട് ഏറ്റവും കൂടുതല്‍ സാധ്യത യുഡിഎഫ് പ്രതീക്ഷിക്കുന്നത് കോഴിക്കോട് തന്നെയാണ്. അതിനു കാരണമുണ്ട്, ആഭ്യന്തരമായി അവര്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ ഇല്ലെന്നതും അനുകൂലമാണ്. ഡിസിസി പ്രസിഡന്റ് പ്രവീണും, കെപിസിസി ജനറല്‍ സെക്രട്ടറി ജയന്തും, എം കെ രാഘവനും ഒക്കെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഒപ്പം പാലക്കാട് നിന്ന് വടകരയിലേക്ക് എംപി ആയി എത്തിയ ഷാഫി കൂടി കൂടിയതോടെ കോഴിക്കോടിന്റെ അടിത്തറ അടിമുടി മാറി.

ഓര്‍ക്കണം മറ്റു ജില്ലകള്‍ പോലെയല്ല കോഴിക്കോട്. കോഴിക്കോട് യുഡിഎഫിന്റെ നല്ലകാലം അവസാനിച്ചിട്ട് നാളുകളായി സിപിഎമ്മിന്റെ കൈപ്പിടിയിലേക്ക് മാറിയിരുന്നു. കോഴിക്കോട് ബേപ്പൂരില്‍ വന്ന് മത്സരിച്ച എംഎല്‍എയും മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ കൈകളിലേക്ക് കോഴിക്കോടിന്റെ നിയന്ത്രണം പോയി. കുറച്ചൊക്കെ ജനപിന്തുണ ഉണ്ടായിരുന്ന പ്രദീപ് കുമാറിനെ നേരെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൊണ്ടുപോയി കിച്ചന്‍ ക്യാബിനറ്റില്‍ ഇരുത്തി. ഇതോടെയാണ് സിപിഎമ്മില്‍ ഒരു പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. ആ പ്രതിസന്ധിഘട്ടത്തിലാണ് മറുവശത്ത് കോണ്‍ഗ്രസ് സീറോയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്.