തിരുവനന്തപുരം: കാലം കാത്തു വച്ച കര്‍മ്മയോഗിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ തുറമുഖ മന്ത്രി വാസവന്‍ വിശേഷിപ്പിച്ച. അങ്ങനെ തുറമുഖ മന്ത്രി അവതരിപ്പിച്ച കമ്യൂണിസ്റ്റ് കര്‍മ്മയോഗിയെ സാക്ഷിയാക്കി തന്റെ കേരളത്തിനായുള്ള രാഷ്ട്രീയം അവതരിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. തിരുവനന്തപുരത്തെ അനന്തപത്മനാഭന്റെ മണ്ണായി കണ്ട് മലയാളത്തില്‍ തുടങ്ങിയ മോദി ശങ്കരാചാര്യരുടെ മഹത്വം വിശദീകരിച്ച് കത്തി കയറി. ഇതിന് ശേഷം അല്‍പ്പം രാഷ്ട്രീയം. ഇതിനിടെ കമ്യൂണിസ്റ്റുകളുടെ മാറ്റവും ചര്‍ച്ചയാക്കി. എന്നാല്‍ അവസാന ഘട്ടത്തിലേക്ക് പ്രസംഗമെത്തിയപ്പോള്‍ ക്രൈസ്തവ മനസ്സുകളെയാണ് മോദി ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിച്ചത്.

കേരളത്തിന്റെ മതസൗഹാര്‍ദ്ദം ചര്‍ച്ചയാക്കി തുടങ്ങി. ഇതിന് ശേഷം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ ആദ്യമായി സ്ഥാപിച്ച സെന്റ് തോമസ് ചര്‍ച്ചിലേക്ക് ചര്‍ച്ചയെത്തിത്തു. മാര്‍പ്പാപ്പയുടെ വിയോഗവും അദ്ദേഹവുമായുള്ള അടുപ്പവും സൂചിപ്പിച്ച് ആ മതവിഭാഗത്തിന്റെ ദുഖത്തിലും പങ്കു ചേര്‍ന്നു. വികസിത കേരളത്തിന് ഒരുമിക്കാം എന്നാണ് അവസാനം നല്‍കിയ സന്ദേശം. കേരളം പിടിക്കാന്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുമ്പോട്ട് വച്ച പ്രചരണ വാക്യവും അങ്ങനെ വിഴിഞ്ഞം വേദിയില്‍ എത്തി. വികസനവും ചേര്‍ത്ത് നിര്‍ത്തലും ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണയുമുണ്ടെങ്കില്‍ കേരളത്തെ ബിജെപിയുടെ വഴിയിലേക്ക് കൊണ്ടു വരാമെന്ന സന്ദേശമാണ് മോദി വിഴഞ്ഞത്ത് അവതരിപ്പിച്ചത്.

ഇതില്‍ ഇന്ത്യ സഖ്യത്തിനും രാഹുല്‍ ഗാന്ധിക്കും നല്‍കിയ ഒളിയമ്പ് ദേശീയ തലത്തിലും വലിയ ചര്‍ച്ചയാക്കി മാറ്റും ബിജെപി. ഇന്ത്യാ മുന്നണിയിലെ പ്രധാന നേതാവായ മുഖ്യമന്ത്രി പിണറായി വിജയന് തന്നോട് തൊട്ടുകൂടായ്മ ഇല്ല. ഇത് മറ്റുള്ളവരും കണ്ടു പഠിക്കണമെന്നാണ് മോദി പറഞ്ഞു വച്ചത്. ഏതായാലും കേരളത്തിലെ ബിജെപി നേതൃത്വത്തിന് വ്യക്തമായ അജണ്ട അവതരിപ്പിക്കുകയാണ് മോദി. പാര്‍ട്ടിയുടെ സ്ഥിരം വോട്ടു ബാങ്കിനൊപ്പം ക്രൈസ്തവരേയും ചേര്‍ത്ത് നില്‍ക്കണമെന്ന സന്ദേശമാണ് അത്.

പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ രാജ്യത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കോടികണക്കിന് രൂപയുടെ നിക്ഷേപം നടന്നു. സ്വകാര്യമേഖലയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തെയും അദാനിയെയും കമ്യൂണിസ്റ്റ് മന്ത്രി പ്രശംസിച്ചു. മന്ത്രി വി.എന്‍. വാസവന്റെ പ്രസംഗം ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. വന്ദേഭാരത്, ബൈപ്പാസുകള്‍, ജലജീവന്‍ തുടങ്ങി കേരളത്തിന് നിരവധി പദ്ധതികള്‍ നല്‍കി. കേരളവികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെ കുത്തി അദാനിയെ പുകഴ്ത്തിയാണ് മോദി പ്രസംഗിച്ചത്. ഇന്ത്യ സംഖ്യത്തിലെ പ്രധാന നേതാവായ പിണറായിയും ശശി തരൂരും ഇവിടെ ഉണ്ട്. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി പറയുന്നു, അദാനി തങ്ങളുടെ പങ്കാളിയാണെന്ന്. ഇതാണ് മാറ്റമെന്ന് സ്വാഗത പ്രാസംഗികനായ വിഎന്‍ വാസവന്റെ പ്രസംഗത്തിലെ പരാമര്‍ശം ചൂണ്ടി പ്രധാനമന്ത്രി പരിഹസിച്ചു. സ്വകാര്യ നിക്ഷേപത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സ്വാഗതം ചെയ്യുന്നത് നല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കേന്ദ്ര വികസന പദ്ധതികള്‍ ഒന്നൊന്നായി മോദി എണ്ണി പറഞ്ഞു.

കൊല്ലം ബൈപ്പാസും ആലപ്പുഴ ബൈപ്പാസും കേന്ദ്ര സര്‍ക്കാര്‍ അതിവേഗം പൂര്‍ത്തിയാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രപദ്ധതികളിലൂടെ കേരളത്തിന്റെ വികസനം യാഥാര്‍ഥ്യമാക്കി. മത്സ്യത്തൊഴിലാളികള്‍ക്കും പ്രാഥമിക പരിഗണ നല്‍കി. നമ്മുടെ കേരളത്തില്‍ ആളുകള്‍ സൗഹാര്‍ദത്തോടെ ജീവിക്കുന്നു. മാര്‍പ്പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ രാഷ്ട്രപതിയും മന്ത്രി ജോര്‍ജ്ജ് കുര്യനും പങ്കെടുത്തു. പലതവണ തനിക്ക് മാര്‍പ്പാപ്പയെ കാണാന്‍ അവസരം കിട്ടി. അദ്ദേഹത്തിന്റെ പ്രത്യേക സ്‌നേഹം അനുഭവിക്കാനായി. നമുക്ക് ഒരുമിച്ച് കേരളം പടുത്തുയര്‍ത്താം. ജയ് കേരളം, ജയ് ഭാരത് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കിയുള്ള പ്രസംഗമായിരുന്നു വിഴിഞ്ഞത്ത് മോദിയുടേത്. കേന്ദ്ര സര്‍ക്കാരിനെ മുഖ്യമന്ത്രിയോ തുറമുഖ മന്ത്രിയോ കുറ്റപ്പെടുത്തിയില്ല. വിജിഎഫ് സഹായത്തിന്റെ പേരിലും കുറ്റപ്പെടുത്തലുണ്ടായില്ല.

രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. ഇവിടെ വച്ച് വേദിയിലുണ്ടായിരുന്ന മന്ത്രിമാരെയും എംപിമാരെയും എംഎല്‍എമാരെയും കണ്ട അദ്ദേഹം, സദസിനെ അഭിവാദ്യം ചെയ്തു. ആര്‍പ്പുവിളിച്ചാണ് സദസിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു. എല്ലാ പ്രോട്ടോകോളും മറികടന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് വേദിയില്‍ ഇരിപ്പിടവും കിട്ടി. പ്രസംഗത്തിന്റെ തുടക്കവും ഒടുക്കവും മോദി മലയാളത്തിലാക്കിയതും ശ്രദ്ധേയമായി.