- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പണ്ടുമുതലേ ഹനുമാൻ സ്വാമിയുടെ ഭക്തൻ; ദീപാവലിക്ക് ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങളുള്ള കറൻസി നോട്ടുകൾ വേണമെന്ന് ഉൾവിളി; ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസിനെ ഒരുവഴിക്ക് ആക്കിയ കെജ്രിവാളിന്റെ കണ്ണ് ഗുജറാത്തിലും ഹിമാചലിലും; ബിജെപിക്ക് ബദലാകാനുള്ള വോട്ടുബാങ്ക് രാഷ്ട്രീയകളി എഎപിക്ക് തിരിച്ചടിയാകുമോ?
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹനുമാൻ ഭക്തനാണ്. ആംആദ്മി പാർട്ടി വീണ്ടും ചരിത്ര വിജയം നേടിയപ്പോൾ അത് ഹനുമാൻ സ്വാമിയുടെ അനുഗ്രഹം എന്നാണ് കെജ്രിവാൾ വിശേഷിപ്പിച്ചത്. നേരത്തെ ഹനുമാൻ ചാലീസാ ടെലിവിഷനിൽ ചൊല്ലിയതിന് ബിജെപി നേതാക്കൾ കെജ്രിവാളിനെ കളിയാക്കിയിരുന്നു. അതുമാത്രമല്ല, വോട്ടെടുപ്പിന് തൊട്ടുതലേന്ന് അദ്ദേഹം ഹനുമാൻ ക്ഷേത്രം സന്ദർശിക്കുകയും ചെയ്തു.
കുട്ടിക്കാലം മുതലേ ഞാൻ ഉറച്ച ഹനുമാൻ ഭക്തനാണ്..എന്നിട്ടും അവരെന്നെ ഹിന്ദുവിരുദ്ധനെന്ന് വിളിക്കുന്നു, കെജ്രിവാൾ ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. ഹനുമാൻ ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ടോയെന്നും ചോദ്യം വന്നു. 'തീർച്ചയായും പോകാറുണ്ട്. എന്റെ വീടിന് അടുത്ത് ഒരു ക്ഷേത്രമുണ്ട്..അവിടെ പോകാറുണ്ട്.' ഇപ്പോൾ, മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറൻസി നോട്ടുകൾ ഇറക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്
കെജ്രിവാൾ ബിജെപിയെ പോലും ഞെട്ടിച്ചിരിക്കുകയാണ്.
കെജ്രിവാൾ ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് കത്തയച്ചു. 'ഇന്ത്യൻ കറൻസിയിൽ മഹാത്മാഗാന്ധിക്കൊപ്പം ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രം ചേർക്കണമെന്ന് 130 കോടി ഇന്ത്യക്കാർക്ക് വേണ്ടി അഭ്യർത്ഥിക്കുന്നു' എന്നാണ് പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ കെജ്രിവാൾ ആവശ്യപ്പെടുന്നത്.
രാജ്യത്തിന് ഐശ്വര്യവും സാമ്പത്തിക പുരോഗതിയുമുണ്ടാകാൻ കറൻസി നോട്ടുകളിൽ ലക്ഷമി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ചേർക്കണമെന്ന് കെജ്രിവാൾ നേരത്തെയും അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കത്തയച്ചത്. ദീപാവലി ആഘോഷങ്ങൾക്കിടെയാണ് തനിക്ക് ഇത്തരമൊരു ആശയം തോന്നിയതെന്നായിരുന്നു കെജ്രിവാൾ നേരത്തെ പറഞ്ഞത്. ഇന്തോനേഷ്യയിലെ കറൻസിയിൽ ഗണേശ ഭഗവാന്റെ ചിത്രമുണ്ടെന്നും എന്തുകൊണ്ട് നമുക്കത് ആയിക്കൂടാ എന്നുമായിരുന്നു അദ്ദേഹം ചോദിച്ചത്. കെജ്രിവാളിന്റെ അഭിപ്രായത്തെ എഎപിയുടെ മറ്റ് നേതാക്കളും ശക്തമായി പിന്തുണച്ചു. എന്നാൽ ബിജെപി നേതാക്കൾ ഈ തീരുമാനത്തെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്.
ഹിമാചലിലും ഗുജറാത്തിലും കണ്ണ്
കളി എങ്ങനെ വേണമെന്ന് കെജ്രിവാളിനെ ആരും പഠിപ്പിക്കേണ്ടതില്ല. ആദർശമൊക്കെ തൽക്കാലം വീട്ടിൽ വയ്ക്കും. പെട്ടിയിൽ വീഴുന്ന പത്ത് വോട്ട് എങ്ങനെ കളയും? അതിന് അൽപം വർഗ്ഗീയപ്രീണനം ഒക്കെയാവാം. ഇതാണ് കെജ്രിവാൾ ലൈൻ രാഷ്ട്രീയം. അഴിമതിയുടെ രാഷ്ട്രീയത്തിന് ബദലായി ഉയർന്നുവന്ന എഎപി ഇപ്പോൾ ഭൂരിപക്ഷ രാഷ്്ട്രീയത്തിന്റെ തെന്നുന്ന പാതയിലൂടെയാണ് സഞ്ചാരം. ബിജെപിയെ ഒരുവശത്താക്കാനുള്ള രാഷ്ട്രീയ തന്ത്രമായി ലക്ഷ്മി-ഗണേശ കറൻസി വിഷയം എഴുതി തള്ളാമെന്ന് തോന്നാമെങ്കിലും കാര്യങ്ങൾ അങ്ങനെയല്ല. എഎഎപിയുടെ സമീപകാല നയതീരുമാനങ്ങളും, പ്രസ്താവനകളും എല്ലാം വോട്ടുബാങ്ക് രാഷ്ട്രീയത്തിന് മുന്നിൽ പാർട്ടിയുടെ ലിബറൽ സ്വഭാവം അടിയറ വച്ചുവെന്ന് തെളിയിക്കുന്നതാണ്.
കെജ്രിവാളിന്റെ ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന ഹിമാചൽ പ്രദേശും ഗുജറാത്തുമാണ്. ഹിന്ദുത്വ വോട്ടുകൾ വിധി നിർണയിക്കുന്ന സംസ്ഥാനങ്ങളാണിത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ അധികാരത്തിലേറിയത് എഎപിയാണ്. ഗുജറാത്തിലും ഹിമാചലിലും മുഖ്യ പ്രതിപക്ഷം ആവാൻ തങ്ങൾക്ക് സാധിക്കുമെന്നും കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിക്ക് ആത്മവിശ്വാസമുണ്ട്.
ബിജെപിക്ക് ബദലാകാനുള്ള കളിയോ?
പൗരത്വ ഭേദഗതി നിയമത്തിലെ അവ്യക്തമായ നിലപാടും, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഷഹീൻബാഗ് പ്രതിഷേധത്തെ കുറിച്ചുള്ള അർത്ഥഗർഭമായ മൗനവും ഹിന്ദുത്വ കാർഡ് കളിച്ച് ബിജെപിയെ നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു. 2020 ലെ തിരഞ്ഞെടുപ്പിന് ശേഷം കലാപമുണ്ടായപ്പോഴും അത് അണയ്ക്കാൻ കെജ്രിവാൾ കാര്യമായി ഒന്നും ചെയ്തില്ല. വടക്ക് കിഴക്കൻ ഡൽഹി കത്തിയപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ എന്ന് നിലയിൽ അവിടെ പോകുന്നതിന് പകരം കെജ്രിവാളും കൂട്ടരും രാജ്ഘട്ടിൽ പോയി ഇരുന്നു. കോൺഗ്രസിനെ ഉപേക്ഷിച്ച് മുസ്ലീങ്ങൾ ആപ്പിന് വോട്ട് ചെയ്ത ശേഷമായിരുന്നു ഈ തിരിഞ്ഞുകുത്തൽ.
ദേശീയതാ വാദം ഉയർത്തി ജമ്മു-കശ്മീരിൽ 370 ാം വകുപ്പ് എടുത്ത് കളഞ്ഞതിനെയും എഎപി സർവ്വാത്മനാ പിന്തുണച്ചു. രോഹിങ്യ വിരുദ്ധ നിലപാട് വഴിയും ഈ വർഷമാദ്യം എഎപി ബിജെപിയോട് മല്ലിടാൻ ഇടം കണ്ടെത്തി. ബിൽക്കിസ് ബാനോ കൂട്ടബലാൽസംഗ കേസിലെ പ്രതികളെ വിട്ടയച്ചപ്പോഴും എഎപി നേതാക്കൾ ഒരക്ഷരം മിണ്ടിയില്ല. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എങ്ങനെ വായ തുറക്കും നേതാക്കൾ?
ജനപ്രിയ രാഷ്ട്രീയവും ഹിന്ദുത്വവാദവും കൂട്ടിക്കുഴച്ച് തന്റെ പാർട്ടിയുടെ ദേശവ്യാപന വളർച്ചയ്ക്കാണ് കെജ്രിവാൾ ലക്ഷ്യമിടുന്നത്. 2019 ന് ശേഷം എഎപിയെ പുതിയകോൺഗ്രസായി അവതരിപ്പിക്കുകയായിരുന്നു കെജ്രിവാളിന്റെ ദൗത്യം. ഹിന്ദുത്വയെയും തീവ്രവലതുപക്ഷ രാഷ്ട്രീയത്തെയും ശക്തമായി സ്ഥിരതോടെ എതിർക്കുന്ന രാഹുൽ ഗാന്ധിയെ അപേക്ഷിച്ച് ഹിന്ദുത്വയെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചൂഷണം ചെയ്യുന്ന തന്ത്രമാണ് കെജ്രിവാൾ പ്രയോഗിക്കുന്നത്.
ഭൂരിക്ഷം കേൾക്കാൻ ആഗ്രഹിക്കുന്നത് അവരെ കേൾപ്പിക്കുകയും, അവർക്ക് കേൾക്കേണ്ടാത്ത കാര്യങ്ങളിൽ മൗനം പാലിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് എഎപിയും നേതാവും പയറ്റുന്നത്. കേന്ദ്രത്തിന്റെ ജമ്മു കശ്മീർ നിലപാടിനോട് യോജിച്ച കെജ്രിവാൾ ഒരു വിഭാഗം വോട്ടർമാരെ പിണക്കാൻ താൻ തയ്യാറല്ലെന്ന സന്ദേശമാണ് നൽകുന്നത്. രാമക്ഷേത്രത്തിനെ കുറിച്ച് വാചാലനാകുന്ന കെജ്രിവാൾ രോഹിങ്ഗ്യകൾക്കെതിരെ വിദ്വേഷം ചീറ്റും. ബിൽകിസിന്റെയും, ഡൽഹി കലാപത്തിന്റെയും വിദ്വേഷ പ്രസംഗങ്ങളുടെയും കാര്യത്തിൽ മൗനം പാലിക്കും.
സ്വാധീനം നഷ്ടപ്പെട്ട കോൺഗ്രസിന് ബദലായി ഡൽഹിയിലും പഞ്ചാബിലും എഎപിയെ വോട്ടർമാർ കണ്ടു. ഇപ്പോൾ എഎപിക്ക് ബിജെപിയെ ലക്ഷ്യമിടണം. അതിന് വേണ്ടി ബിജെപിക്ക് ബദലാകാൻ ഹിന്ദുത്വ വേഷം കെട്ടുകയാണ്. തങ്ങൾക്കൊപ്പം കൂടിയ കോൺഗ്രസ് വോട്ടർമാർ എപ്പോഴും കൂടെയുണ്ടാകുമെന്നും അവർക്ക് എവിടെയും പോകാനില്ലെന്ന മുൻവിധിയോടെയാണിത്. ഇത് എഎപിക്ക് രാഷ്ട്രീയ തിരിച്ചടികൾ സമ്മാനിച്ചേക്കും. ഡൽഹിയിലും പഞ്ചാബിലും ജനം വോട്ടുചെയ്തപ്പോൾ ചില വിഷയങ്ങളിൽ തങ്ങൾക്ക് വേണ്ടി എഎപി നിലകൊള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പലപ്പോഴും അങ്ങനെ സംഭവിക്കുന്നില്ല. സ്കൂളുകളെയും ആശുപത്രികളെയും കുറിച്ച് മാത്രമാണ് തങ്ങൾക്ക് സംസാരിക്കാൻ ഉള്ളതെന്നാണ് മൗനത്തെ കുറിച്ച് ചോദിച്ചപ്പോൾ മനീഷ് സിസോദിയ പറഞ്ഞത്. ലക്ഷമിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ കറൻസി നോട്ടുകളിൽ അച്ചടിക്കുന്നത് എങ്ങനെ വിദ്യാഭ്യാസ-ആരോഗ്യ പ്രശ്നങ്ങൾ ആകുമെന്നാണ് എഎപിയുടെ സോഷ്യൽ മീഡിയ അനുയായികൾ ചോദിക്കുന്നത്. അതുകൊണ്ട്, ബിജെപിക്ക് ബദലാകാനുള്ള ഈ പക്ഷപാത രാഷ്ട്രീയം എഎപിക്ക് തിരിച്ചടിയാവാനും സാധ്യതയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ