തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചരിത്രത്തില്‍ ആദ്യമായാണ് അധ്യക്ഷന്‍ പാതിവഴിയില്‍ രാജിവെക്കുന്നതും, പുതിയ അധ്യക്ഷനെ നിയമിക്കുന്നതില്‍ ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല പരീക്ഷിക്കുന്നതും. ഒന്നര മാസത്തോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍, ഒ.ജെ. ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം പ്രഖ്യാപിച്ചപ്പോള്‍ മുറുമുറുപ്പുകള്‍ കുറവല്ല. സ്വാഭാവിക നീതി കിട്ടിയില്ല എന്നതാണ് രമേശ് ചെന്നിത്തല പക്ഷത്തിന്റെ അതൃപ്തി.

ജനീഷിനെ കൂടാതെ ബിനു ചുള്ളിയിലിനും അബിന്‍ വര്‍ക്കിക്കും കെ.എം. അഭിജിത്തിനും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു. ഇതില്‍ അബിന്‍ വര്‍ക്കിയെയും അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായി ഉയര്‍ത്തി. അബിന്‍ വര്‍ക്കിക്ക് വേണ്ടി രമേശ് ചെന്നിത്തലയും അഭിജിത്തിന് വേണ്ടി എം.കെ. രാഘവന്റെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും രംഗത്തുണ്ടായിരുന്നു. എന്നാല്‍, ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് രണ്ടുകൊല്ലം മുന്‍പ് തന്നെ വരാന്‍ സാഹചര്യം ഉണ്ടായിട്ടും തങ്ങള്‍ വേണ്ട എന്ന് പറഞ്ഞിരുന്നു എന്നാണ് അബിന്‍ വര്‍ക്കിക്ക് വേണ്ടി വാദിക്കുന്നവരുടെ നിലപാട്.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ കണക്കുകളും അവര്‍ നിരത്തുന്നു. അബിന്‍ വര്‍ക്കിക്ക് 1,70,000 വോട്ടും, അരിത ബാബുവിന് 31,000 വോട്ടും, ഒ ജെ ജനീഷിന് 19,000 വോട്ടുമാണ് കിട്ടിയത്. ബിനു ചുള്ളിയില്‍ മത്സരിക്കാതിരുന്നിട്ടും വര്‍ക്കിങ് പ്രസിഡന്റ് ആക്കി എന്നും അബിന് വേണ്ടി വാദിക്കുന്നവര്‍ പരാതിപ്പെടുന്നു.നാളെ രാവിലെ 10 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് അബിന്‍ വര്‍ക്കി അറിയിച്ചിട്ടുണ്ട്.


എ ഗ്രൂപ്പിന് അദ്ധ്യക്ഷ സ്ഥാനം നഷ്ടമാകുന്നത് ഒന്നര പതിറ്റാണ്ടിന് ശേഷം

ഒന്നര പതിറ്റാണ്ടിനു ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് നഷ്ടപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസില്‍ ഇതാദ്യമായാണ് 'വര്‍ക്കിങ് പ്രസിഡന്റ്' പദവി നടപ്പിലാക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച ഒ.ജെ. ജനീഷിന് പുറമെ, മറ്റ് പ്രധാന സ്ഥാനങ്ങള്‍ ലഭിക്കാത്തവര്‍ക്ക് നിയമസഭാ സീറ്റ് അടക്കമുള്ള ഉറപ്പുകള്‍ അനൗദ്യോഗികമായി ലഭിച്ചതായാണ് സൂചന.

ബിനു ചുള്ളിയിലിന്റെയും ഒ.ജെ. ജനീഷിന്റെയും പേരുകള്‍ ദേശീയ തലത്തില്‍ പരിഗണിക്കപ്പെട്ടപ്പോള്‍, അബിന്‍ വര്‍ക്കിയെ പ്രസിഡന്റാക്കണമെന്ന് രമേശ് ചെന്നിത്തല ശക്തമായി വാദിച്ചിരുന്നു. കഴിഞ്ഞയാഴ്ച വരെയും ദേശീയ സെക്രട്ടറിയായി നിയമിതനായ ബിനു ചുള്ളിയിലിനെ സംസ്ഥാന അധ്യക്ഷനാക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ബിനുവിനെ അധ്യക്ഷനാക്കാനാവില്ലെന്ന് അബിന്‍ വര്‍ക്കിയുടെ അനുകൂലികള്‍ നിലപാടെടുത്തു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച അബിന്‍ വര്‍ക്കിയെ തന്നെ പ്രസിഡന്റാക്കുക എന്നതാണ് സ്വാഭാവിക നീതി എന്നായിരുന്നു അവരുടെ വാദം. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സംഘടനയില്‍ കൂട്ടരാജി അടക്കമുള്ള പ്രശ്‌നങ്ങളുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എ ഗ്രൂപ്പില്‍ കെ.എം. അഭിജിത്തിനെ അധ്യക്ഷനാക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും, യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലെന്നത് അദ്ദേഹത്തിന് തിരിച്ചടിയായി. ഒടുവില്‍, അഭിജിത്തിനെ ദേശീയ സെക്രട്ടറിയാക്കി. അബിന്‍ വര്‍ക്കിയുടെ അത്രയും വോട്ടുകള്‍ ലഭിച്ചില്ലെങ്കിലും, ഒ.ജെ. ജനീഷും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. സംഘടന തിരഞ്ഞെടുപ്പില്‍ മത്സരിച്ച ജനീഷിനാണ് നറുക്കുവീണത്. കെ.സി. വേണുഗോപാലുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും നിയമനത്തില്‍ നിര്‍ണായക ഘടകമായി.

ഒ.ജെ. ജനീഷിനെ അധ്യക്ഷനാക്കിയതിലൂടെയും ബിനു ചുള്ളയിലിനെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചതിലൂടെയും യൂത്ത് കോണ്‍ഗ്രസ് പൂര്‍ണ്ണമായും എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പക്ഷത്തിന് കീഴിലായി എന്നും വിലയിരുത്തലുണ്ട്. സംഘടനാ തിരഞ്ഞെടുപ്പില്‍ മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ശേഷം കൂടുതല്‍ വോട്ടുകള്‍ നേടിയ അബിന്‍ വര്‍ക്കിയെ മറികടന്നാണ് തൃശൂര്‍ സ്വദേശിയായ ഒ.ജെ. ജനീഷിന്റെ സ്ഥാനലബ്ധി.

തൃശൂര്‍ സ്വദേശിയായ ജനീഷ്, കെ.എസ്.യു ജില്ലാ അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. ഷാഫി പറമ്പില്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കാലയളവില്‍ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു. ഏറെക്കാലമായി എ ഗ്രൂപ്പിന്റെ കൈവശം സൂക്ഷിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ടത് ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം ചിതറിപ്പോയ പഴയ എ ഗ്രൂപ്പിന് മറ്റൊരു തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ പുനഃസംഘടനയില്‍ കെ.എസ്.യു അധ്യക്ഷ സ്ഥാനവും എ ഗ്രൂപ്പിന് നഷ്ടമായിരുന്നു. സാമുദായിക സമവാക്യങ്ങളും ഗ്രൂപ്പുകള്‍ക്കിടയിലെ ഭിന്നതകളുമാണ് ഈ പേരുകളില്‍ ചിലരെ മാറ്റിനിര്‍ത്തിയതെന്നാണ് സൂചന. കെ.പി.സി.സി, കെ.എസ്.യു, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉള്ളതുകൊണ്ടാണ് അബിന്‍ വര്‍ക്കിയെ പരിഗണിക്കാത്തതെന്നും വിലയിരുത്തലുണ്ട്.