ഇന്ധന സെസ് കുറയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇടത് എംഎൽഎമാർ പറഞ്ഞിട്ടാണെന്ന് ധനമന്ത്രി പുറത്തുപറയണം; അതല്ലെങ്കിൽ സഭയിൽ സത്യഗ്രഹം ഇരിക്കുന്ന യുഡിഎഫ് എംഎൽഎമാർ ക്രെഡിറ്റ് തട്ടിയെടുക്കുമെന്നും ഗണേശ് കുമാർ; കുറയ്ക്കില്ലെന്ന് അനൗദ്യോഗികമായി ബാലഗോപാൽ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഇന്ധന സെസിലും നികുതി വർധനകളിലും പ്രതിഷേധിച്ച് നിയമസഭയിൽ പ്രത്യക്ഷ സമരം തുടങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. നാല് എംഎൽഎമാർ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. ഷാഫി പറമ്പിൽ, സിആർ മഹേഷ്, മാത്യു കുഴൽ നാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹ സമരം ഇരിക്കുന്നത്. അതിനിടെ, ഇന്ധനസെസ് രണ്ടുരൂപയിൽ നിന്ന് കുറയ്ക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് ഇടത് എംഎൽഎമാർ പറഞ്ഞിട്ടാണെന്ന് ധനമന്ത്രി പുറത്തുപറയണമെന്ന് കെ.ബി.ഗണേശ് കുമാർ. അല്ലെങ്കിൽ നിയമസഭയ്ക്കുള്ളിൽ സത്യഗ്രഹമിരിക്കുന്ന യുഡിഎഫ് എംഎൽഎമാർ അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കുമെന്നും ഗണേശ് ചൂണ്ടിക്കാട്ടി. നിയമസഭയിൽ ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നികുതി ഏർപ്പെടുത്തുന്നത് ജനങ്ങൾക്കുള്ള ക്ഷേമത്തിന് വേണ്ടി തന്നെയാണ്. അതാരും വീട്ടിൽ കൊണ്ടുപോകില്ല. എന്നാൽ എനിക്ക് ചില നിർദ്ദേശങ്ങൾ വെയ്ക്കാനുണ്ട്. വർധിപ്പിച്ച ഇന്ധന സെസ് രണ്ടുരൂപയിൽ നിന്ന് ഒരു രൂപയായി കുറയ്ക്കുമെന്ന് കഴിഞ്ഞ രണ്ടു ദിവസമായി മാധ്യമങ്ങൾ പറയുന്നുണ്ട്. അങ്ങനെ വല്ലതും കുറയ്ക്കുകയാണെങ്കിൽ ഞങ്ങൾ പറഞ്ഞിട്ടാണ് സർക്കാർ കുറച്ചതെന്ന് പറയാൻ വേണ്ടിയാണ് യുഡിഎഫ് എംഎൽഎമാർ സത്യഗ്രഹം ഇരിക്കുന്നത്. അതിനേക്കാൾ ഒരു മുഴം മുമ്പേ എറിയുന്നവരാണ് ഇടത് എംഎൽഎമാർ. അതുകൊണ്ട് മന്ത്രി ഈ നിർദ്ദേശം കേൾക്കണം. സെസിൽ എന്തെങ്കിലും കുറയ്ക്കുന്നുണ്ടെങ്കിൽ ആ സമരം കൊണ്ടല്ല, ഇടത് എംഎൽഎമാർ പറഞ്ഞിട്ടാണ് കുറച്ചതെന്ന് പറയണം', ഗണേശ് കുമാർ പറഞ്ഞു.
അടച്ചിട്ട വീടുകൾക്ക് നികുതി പിരിക്കാനുള്ള തീരുമാനത്തിൽ പ്രവാസികളെ ഒഴിവാക്കണമെന്നും ഗണേശ് കുമാർ ആവശ്യപ്പെട്ടു. വിദേശത്തുള്ള പ്രവാസികൾ വീട് അടച്ചിട്ടിരിക്കുന്നത് അവർക്ക് വേണ്ടാഞ്ഞിട്ടല്ലെന്നും നാട്ടിൽ വരുമ്പോൾ താമസിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഇന്ധന സെസ് കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനൗദ്യോഗികമായി സഭയിൽ പറഞ്ഞു. ഇപ്പോൾ പറയേണ്ടെന്നും ബജറ്റ് ചർച്ചയ്ക്ക് മറുപടിയായി പറഞ്ഞാൽ മതിയെന്നും ഗണേശ് മറുപടി നൽകി. ഇന്ധന സെസ് കുറയ്ക്കാതിരിക്കാനുള്ള ചതിയാണോ പ്രതിപക്ഷ സമരമെന്ന കാര്യം സൂക്ഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനവിരുദ്ധ ബജറ്റിനെതിരെ സഭയ്ക്കകത്തും പുറത്തും സമരം തുടരാനാണ് പ്രതിപക്ഷ തീരുമാനം. ബജറ്റ് പൊതു ചർച്ചക്ക് മുൻപേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്. സഭക്ക് പുറത്തും വലിയ തോതിൽ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുന്നണ്ട്. 13 ന് യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടത്തും. ശക്തമായ സമരത്തിലൂടെ ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനയും സെസും പിൻവലിപ്പിക്കനാണ് പ്രതിപക്ഷ തീരുമാനം.
നേരത്തെ ഇന്ധന നികുതി വർധനവിൽ നിയമസഭയിൽ പ്രതിഷേധിച്ച പ്രതിഷേധം പ്ലക്കാർഡുകൾ ഏന്തിയാണ് രംഗത്തുവന്നത്. സംസ്ഥാന സർക്കാരിന്റെ ബജറ്റ് തീവെട്ടിക്കൊള്ളയാണെന്ന് പ്രതിപക്ഷ വ്യക്തമാക്കി. ബാനർ ഉയർത്തി പ്രതിഷേധിക്കാൻ പ്രതിപക്ഷ എംഎൽഎമാർ രംരഗത്തുവന്നു. പ്രതിപക്ഷ പ്രതിഷേധം ഉയർന്നതോടെ ഫ്ളോറിൽ പ്ലക്ക് ക്കാർഡുകൾ പാടില്ലെന്നും ചട്ടവിരുദ്ധമാണെന്നും സ്പീക്കർ. ചോദ്യോത്തരവേളയിൽ സഹകരിക്കണമെന്ന് സ്പീക്കർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലെത്തിയിരുന്നത്.
സഭ ബഹിഷ്‌കരിച്ചാൽ അതിന്റെ ഗുണം ഭരണപക്ഷത്തിനാവുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഒരു വിഭാഗം എംഎൽഎമാർ പ്രതിഷേധിക്കുമ്പോൾ മറ്റുള്ളവർ ബജറ്റ് ചർച്ചയിൽ അടക്കം സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുക എന്നതാണ് തീരുമാനം. വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കുന്ന കാര്യം സർക്കാറിൻെ പരിഗണനയിലുണ്ട്. ബുധനാഴ്ച ബജറ്റ് ചർച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം. സാമൂഹ്യക്ഷേമ പെൻഷൻ 100 രൂപ വർധിപ്പിച്ച് പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായവും എൽഡിഎഫിന്റെ ഭാഗത്തുനിന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ