തിരുവനന്തപുരം: പോലീസിന്റെ അതിക്രമങ്ങളെച്ചൊല്ലി നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ, ചരിത്രപരമായ വസ്തുതകള്‍ നിരത്തിയും, യുഡിഎഫ് കാലത്തെയും എല്‍ഡിഎഫ് കാലത്തെയും പൊലീസ് നടപടികള്‍ താരതമ്യം ചെയ്തും മുഖ്യമന്ത്രി പിണറായി വിജയന്‍. 1947-ന് ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോലീസ് അതിക്രമങ്ങള്‍ക്ക് ഇരയായത് കമ്മ്യൂണിസ്റ്റുകാരാണെന്ന് അദ്ദേഹം പറഞ്ഞു. തെറ്റു ചെയ്ത പോലീസുകാരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്നും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തെറ്റായ കാര്യങ്ങള്‍ ചെയ്യുന്ന പോലീസുകാരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കേരളത്തിലെ പോലീസിനെ ഗുണ്ടകള്‍ക്ക് അകമ്പടി സേവിക്കുന്ന വിഭാഗമാക്കി മാറ്റിയത് ആരാണെന്ന് ചോദിച്ചു. കോണ്‍ഗ്രസ് കാലഘട്ടത്തില്‍ പോലീസിനെ ഉപയോഗിച്ച് കമ്മ്യൂണിസ്റ്റുകളെ നേരിട്ടെന്നും ബോംബ് സംസ്‌കാരം കൊണ്ടുവന്നത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം ആരോപിച്ചു. താന്‍ സ്റ്റാലിന്റെ റഷ്യയിലല്ല, നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലാണ് ജീവിച്ചതെന്നും, അക്കാലത്തെ പോലീസ് സംവിധാനം അതിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

2016 മെയ് മുതല്‍ 2024 ജൂണ്‍ വരെ 108 പൊലീസുകാരെയാണ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. അത്തരത്തിലൊരു നടപടി കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. 2024 ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം സെപ്തംബര്‍ വരെ 36 പൊലീസുകാരെ പിരിച്ചുവിച്ചു. അങ്ങനെ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി 144 പൊലീസുകാരെയാണ് വിവിധ നടപടികളുടെ ഭാഗമായി സേനയില്‍ നിന്ന് പിരിച്ചുവിട്ടത്.

2016 മുതല്‍ സമഗ്രമായ നയമാണ് സ്വീകരിക്കുന്നത്. ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച കുറ്റാന്വേഷക സംവിധാനമായി കേരള പൊലീസ് മാറി. ഏതെങ്കിലും ഒരു സംഭവം എടുത്തുകാണിച്ച് അതിന്റെ പേരില്‍ കേരള പൊലീസ് ആകെ മോശമായി എന്ന് ചിത്രീകരിക്കാനാകില്ല. ഇന്ന് കേരളവും ഇവിടുത്തെ പൊലീസും രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ്. അതില്‍ നമുക്കാകെ അഭിമാനിക്കാമെങ്കിലും ആരെങ്കിലും ഒരാള്‍ അഴിമതി നടത്തിയാല്‍ പൊലീസിന്റെ ആകെ മികവിന് ഇടിവാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കുന്നംകുളം എരുമപ്പെട്ടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ പ്രതിയായ സുജിത്ത് കുന്നംകുളം സ്റ്റേഷനില്‍ മര്‍ദനത്തിനിരയായി എന്ന് ആരോപിച്ചുകൊണ്ട് തൃശൂര്‍ സിറ്റി പൊലീസ് മേധാവിക്ക് 2023 ഏപ്രില്‍ 12ന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അടിയന്തര അന്വേഷണം നടത്തിയ റിപ്പോര്‍ട്ടിന്മേല്‍ സബ് ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ നാല് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ 2023 ഏപ്രില്‍ 22ന് സ്ഥലംമാറ്റി. തുടര്‍ന്നാണ് ആരോപണ വിധേയര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തിയത്. സബ് ഇന്‍സ്‌പെക്ടര്‍ അടക്കം മൂന്ന് പേരുടെ വാര്‍ഷികവേതന വര്‍ധന രണ്ട് വര്‍ഷത്തേക്ക് തടഞ്ഞുകൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചു. സുജിത്ത് ഫയല്‍ ചെയ്ത സ്വകാര്യ അന്യായത്തിന്മേല്‍ അന്വേഷണം നടത്തി. ഉത്തരമേഖലാ ഐജിയുടെ 2025 സെപ്തംബര്‍ ആറിലെ ഉത്തരവ് പ്രകാരം ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. വകുപ്പുതല അച്ചടക്ക നടപടിയുടെ പുന:പരിശോധനാ നടപടികളും നടന്നുവരികയാണ്.

ഒരു ഹോട്ടലിലുണ്ടായ വാക്കുതര്‍ക്കവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ ഹോട്ടലുടമയുടെ മകനെയും ജീവനക്കാരനെയും പീച്ചി പൊലീസ് സ്റ്റേഷനില്‍വെച്ച് എസ്എച്ച്ഒ രതീഷ് മര്‍ദിച്ചുവെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതി ലഭിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ മണ്ണൂത്തി പൊലീസ് സ്റ്റേഷന്‍ ഐഎസ്എച്ച്ഒയെ ചുമതലപ്പെടുത്തി. രതീഷിനെ തൃശൂര്‍ സിറ്റി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലേക്ക് സ്ഥലംമാറ്റി.

കൊല്ലം കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരിക്കൊപ്പമെത്തിയ സജീവ് എന്നയാള്‍ ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിക്കുകയും പിന്നീട് വീണ്ടുമെത്തി ബഹളംവെക്കുകയും ചെയ്ത സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. മൂവാറ്റുപുഴയില്‍ സ്വകാര്യ സ്ഥാപനത്തിലെ ഇന്‍വേര്‍ട്ടറിന്റെ ബാറ്ററി കാണാതായ സംഭവത്തില്‍ ലഭിച്ച ദൃശ്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി അമല്‍ ആന്റണി എന്നയാളുടെ വീട്ടിലെത്തിയ പൊലീസിനോട് നിസഹകരിച്ചതിനെ തുടര്‍ന്ന് സംശയം ബലപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അമലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് പരാതിക്കാരനായ കടയുടമ ബാറ്ററി പരിശോധിക്കുകയും, തന്റേതല്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് അമലിനെ വിട്ടയക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ സ്വര്‍ണമാല മോഷണം പോയെന്ന പരാതിയിന്മേല്‍ പരാതിക്കാരുടെ വീട്ടില്‍ ജോലിക്കാരിയായിരുന്ന യുവതിക്കുനേരെ കേസെടുത്തിരുന്നു. അന്വേഷണത്തിനിടെ പരാതിക്കാരി സ്വര്‍ണമാല തിരികെ കിട്ടിയതായും തുടരന്വേഷണം ആവശ്യമില്ലെന്ന് അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതിചേര്‍ക്കപ്പെട്ട യുവതി പൊലീസിനെതിരെ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രസാദിനെയും ഗ്രേഡ് എഎസ്‌ഐ പ്രസന്നകുമാറിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

2020 ജനുവരി ഒന്നിന് അടൂരിലുണ്ടായ വാഹനാപകടക്കേസില്‍ വാഹനം ഓടിച്ച ആള്‍ക്കെതിരെ മദ്യപിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തിരുന്നു. അഞ്ച് മാസത്തിന് ശേഷം ആ വ്യക്തി വീട്ടില്‍ കുഴഞ്ഞ് വീഴുകയും ആശുപത്രിയില്‍ എത്തിക്കവെ മരണപ്പെടുകയും ചെയ്തു. ഇക്കാര്യത്തില്‍ കേസെടുത്തിട്ടുണ്ട്. മരണകാരണം ഹൃദയസംബന്ധമായ അസുഖമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരെ വിളിച്ചുവരുത്തിയ സന്ദര്‍ഭത്തില്‍ പരാതിക്കാരന്റെ കണ്ണില്‍ കുരുമുകളക് സ്‌പ്രേ ചെയ്തു എന്ന സബ് ഇന്‍സ്‌പെക്ടര്‍ക്ക് എതിരായ പരാതിയിന്മേല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തിവരികയാണ്.

2024 ഒക്ടോബര്‍ പത്തിന് തോംസണ്‍ തങ്കച്ചനെയും, ഭാര്യയെയും കുടുംബങ്ങളെയും ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവത്തില്‍ കുണ്ടറ പൊലീസ് സ്റ്റേഷനില്‍ കേസെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയുടെ പരിഗണനയിലാണ്. രണ്ട് മാസത്തിന് ശേഷം തോംസണ്‍ തങ്കച്ചനെ താമസസ്ഥലത്ത് മരണപ്പെട്ടനിലയില്‍ കാണപ്പെടുകയുണ്ടായി. അമിത മദ്യപാനവും പാന്‍ക്രിയാസിലും പിത്താശയത്തിലുമുള്ള രോഗത്തിന്റെ കാഠിന്യത്തിലുമാണ് മരണപ്പെട്ടതെന്ന് കണ്ടെത്തി. കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി 2025 മെയ് 28ന് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി.

2017ല്‍ 808 പരാതികളാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റിയിലുണ്ടായിരുന്നത്. 2021ല്‍ 272 പരാതികള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 270ഉം അതോറിറ്റി തീര്‍പ്പാക്കി. 2022ലും 2023ലും 146 വീതം പരാതികളാണുണ്ടായത്. 2024ല്‍ 94, 2025ല്‍ ഇതുവരെ 25 പരാതികളും കംപ്ലയിന്റ് അതോറിറ്റിക്ക് ലഭിച്ചു. പരാതികളുടെ എണ്ണത്തില്‍ സ്വാഭാവികമായ കുറവ് സംഭവിക്കുന്നത് പരാതികള്‍ക്കിടയാകുന്ന സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നില്ല എന്നതാണ് തെളിയിക്കുന്നത്.

തല്ലിച്ചതയ്ക്കാനും വെടിവെച്ചുകൊല്ലാനുമുള്ള സേന എന്ന മനോഭാവത്തിലാണ് യുഡിഎഫ് പൊലീസിനെ കൈകാര്യം ചെയ്തത്. അതല്ല എല്‍ഡിഎഫ് നയം. കോവിഡ് കാലത്ത് രോഗവ്യാപനം വന്നേക്കാമെന്ന് മുന്നറിയിപ്പുണ്ടായിട്ടും സ്വയംസമര്‍പ്പിച്ച് വിശ്രമരഹിതമായി ഇടപെടുന്ന പൊലീസ് സേനയെ നാം കണ്ടു. ചൂരല്‍മലയിലും മികച്ച നിലയില്‍ പൊലീസ് ഇടപെട്ടു. ജനങ്ങളുടെ ശത്രുക്കളായി പൊലീസിനെ മാറ്റുന്ന പഴയ സംസ്‌കാരം ഇന്ന് മാറി.

2006ല്‍ പൊലീസിനെ ജനമൈത്രി പൊലീസിലേക്ക് മാറ്റാന്‍ എല്‍ഡിഎഫ് ശ്രമിച്ചു. വലിയ മാറ്റമാണ് കേരളത്തിലെ പൊലീസില്‍ പിന്നീടുണ്ടായത്. എന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ പ്രവണതകള്‍ ചില ഉദ്യോഗസ്ഥരിലും ഉണ്ടായി. പഴയതിന്റെ ഹാങ്ങോവറില്‍ നില്‍ക്കുന്നവരുണ്ടാകും. അത്തരക്കാര്‍ തെറ്റ് ചെയ്താല്‍ ഒരു തരത്തിലും അവരെ സംരക്ഷിക്കില്ല. പൊലീസില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റായ കാര്യങ്ങള്‍ സംഭവിച്ചാല്‍ അതിനെതിരെ കര്‍ക്കശമായ നടപടി സ്വീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ സമീപനം. പിരിച്ചുവിടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കുറ്റത്തിന്റെ കാഠിന്യമനുസരിച്ച് ഈ നടപടി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചരിത്രം ഓര്‍മ്മിച്ച് മുഖ്യമന്ത്രി

ഞാന്‍ ചെറുപ്പം മുതലേ ഇവിടെ ജീവിക്കുന്നത് സ്റ്റാലിന്റെ റഷ്യയില്‍ ആയിരുന്നില്ല. ജവഹര്‍ലാല്‍ നെഹ്‌റു നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലായിരുന്നു രാജ്യമാകെ. അവിടെയുള്ള പോലീസ് അതിന്റെ ഭാഗമായിട്ടാണ് കേരളത്തിലേയും പോലീസ് പ്രവര്‍ത്തിച്ചിരുന്നത്. പോലീസിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം ചിന്തിക്കേണ്ടത് ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്തെ പോലീസിനെക്കുറിച്ചാണ്. അതിന്റെ ഒരു തുടര്‍ച്ചയാണ് പിന്നീട് ഇവിടെയുണ്ടായത്. യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാര്‍ ഒരുക്കിയ പോലീസ് സംവിധാനം ജനങ്ങള്‍ക്കെതിരേയുള്ള സംവിധാനമായിരുന്നു. ജനങ്ങളെ എല്ലാ രീതിയിലും മര്‍ദിച്ച് ഒതുക്കുന്നതിനുള്ള സംവിധാനം. അതിന്റെ ഭാഗമായാണ് സ്വാതന്ത്ര്യ സമരരരംഗത്തിറങ്ങിയവരെ അതിക്രൂരമായി മര്‍ദിച്ച് ഒതുക്കാന്‍ ശ്രമിച്ചത്.

രാജ്യത്ത് ഉയര്‍ന്നു വന്നിട്ടുള്ള ജനാധിപത്യ പ്രക്ഷോഭങ്ങളേയും അതേരീതിയില്‍ തന്നെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. ഇത് സാമ്രാജ്യത്വ കാലത്താണ് നടന്നത് എങ്കില്‍ നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷവും അതേ നില തന്നെയാണ് ഇവിടെ തുടര്‍ന്നു പോകുന്നത്. സ്വാതന്ത്ര്യ സമരകാലത്തെ ക്രൂരതകള്‍ക്ക് ഇരയാവുകയും അതിനെതിരേ നല്ല രീതിയില്‍ പ്രതികരിക്കുകയും ചെയ്ത നേതാക്കളുടെ നേതൃത്വത്തില്‍ ഇന്ത്യ ഭരണം നടക്കുന്ന കാലം വന്നപ്പോള്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി കോണ്‍ഗ്രസ് രാജ്യത്ത് നിലനിന്ന സമയത്ത് അതേ പോലീസ് നയമാണ് പിന്തുടര്‍ന്നത്.

ബ്രിട്ടീഷുകാരുടെ കാലത്ത് നടന്ന വാഗണ്‍ ട്രാജഡി എല്ലാവരേയും വേദനിപ്പിച്ച കാര്യമാണ്. കയ്യൂരിലും കരിവള്ളൂരിലും കര്‍ഷക സമരങ്ങള്‍ക്ക് നേരെ നടന്ന അടിച്ചമര്‍ത്തലുകള്‍, ദിവാന്‍ ഭരണകാലത്ത് അഞ്ചുരൂപ പോലീസിന്റെ സിംസണ്‍ പടയുടെ ക്രൂരതകള്‍, കടക്കല്‍, കല്ലറ, പാങ്ങോട് സമരങ്ങളില്‍ ജനങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ ഇതെല്ലാം നേരത്തെ നടന്നതായിരുന്നുവെങ്കില്‍ 1947ന് ശേഷം ഏറ്റവും കൂടുതല്‍ മര്‍ദനത്തിനിരയാകേണ്ടി വന്നത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. അത് സ്റ്റാലിനെ അനുകരിച്ചത് കൊണ്ടാണോ എന്നറിയില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് കാര്യങ്ങള്‍ രാജ്യത്ത് നടന്നിരുന്നത്. അന്ന് ഇവിടെ ഏതെല്ലാം തരത്തിലുള്ള ക്രൂരതകളാണ് അരങ്ങേറിയത് എന്നത് എല്ലാവര്‍ക്കും അറിയാം. കമ്മ്യൂണിസ്റ്റുകാരെ എത്ര ക്രൂരമായാണ് വേട്ടയാടിയിരുന്നത് എന്നത് ചരിത്ര വസ്തുതയാണ്. അതൊക്കെ ചെയ്യാനുള്ള കരുത്ത് എങ്ങനെയാണ് കിട്ടിയത്. ചെയ്യുന്നവര്‍ക്ക് എല്ലാം സംരക്ഷണവും.

ഒരുഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുന്നതിനായ കുറുവടിപ്പടയ്ക്ക് നേതൃത്വം കൊടുത്തു. അവരും പോലീസും ചേര്‍ന്നായിരുന്നു കമ്മ്യൂണിസ്റ്റുകാരെ തിരക്കിപ്പോയിരുന്നത്. എത്രയോ ഉദാഹരണങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പറയാനുണ്ടാകും. അക്കാലത്ത് വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കുന്ന റോഡുകള്‍ കുറവാണ്. ഉള്‍പ്രദേശങ്ങളില്‍ നിന്ന് കമ്മ്യൂണിസ്റ്റുകാരെ പിടിച്ചാല്‍ അവരുടെ വാഹനം പാര്‍ക്കു ചെയ്ത സ്ഥലം വരെ തല്ലിക്കൊണ്ടായിരുന്നു പോയിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആളുകള്‍ വരാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഇതിന്റെ ഭാഗമായി നടന്ന ഏതെങ്കിലും സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരേ അതിക്രമം കാണിച്ചവര്‍ക്കെതിരേ എന്തെങ്കിലും നടപടിയെടുത്തോ? മര്‍ദനം മാത്രമല്ല, ലോക്കപ്പിനകത്ത് ഇടിച്ചിടിടച്ച് അതിക്രൂരമായി കൊല്ലുന്ന അവസ്ഥ ഉണ്ടായില്ലേ?

മണ്ടോടി കണ്ണനെ പോലെയുള്ളവരെ എത്ര ക്രൂരമായാണ് ലോക്കപ്പിലിട്ട് തല്ലിക്കൊന്നത്. ഏതെങ്കിലും നടപടി ഉണ്ടായോ? ലോക്കപ്പിലിട്ട് തല്ലിക്കൊല്ലല്‍ മാത്രമല്ല, ലോക്കപ്പില്‍ ഉണ്ടായിരുന്ന ആളെ അവിടന്ന് ഇറക്കിക്കൊണ്ട് പോയി പാടിക്കുന്നില്‍ നിര്‍ത്തിയല്ലേ വെടിവെച്ച് കൊന്നത്. 1950ല്‍ അല്ലേ അത്. രാജ്യ റിപ്പബ്ലിക് ആയതിന് ശേഷമല്ലേ അത്. കമ്മ്യൂണിസ്റ്റുകാരെ എന്തും ചെയ്യാമെന്ന അവസ്ഥയായിരുന്നില്ലേ? ഏതെങ്കിലും നടപടി ഉണ്ടായോ?

പ്രക്ഷോഭങ്ങളുടെ നേരെ, സമരങ്ങളുടെ നേരെ സ്വീകരിച്ചിരുന്ന സമീപനം ഓരോ ഘട്ടത്തിലും എത്ര ക്രൂരമായിരുന്നു. കേരളത്തിന്റെ പൊതു ചിത്രമെന്തായിരുന്നു. തെരുവുകളില്‍ തല്ലുകൊണ്ട് രക്തം വാര്‍ന്നൊലിക്കുന്ന എത്രയെത്ര വിദ്യാര്‍ഥികളേയും യുവാക്കളേയുമാണ് ഒരു കാലത്ത് നാം കണ്ടിരുന്നത്. എത്രഭീകരമായ മര്‍ദനമായിരുന്നു അത്. മര്‍ദിച്ചവര്‍ക്കെതിരേ എന്തെങ്കിലും നടപടി ഉണ്ടായോ?

കേരളത്തില്‍ പ്രകടനം പോലും നടത്താന്‍ പറ്റാത്ത ഒരു കാലമുണ്ടായിരുന്നു. പ്രകടനം നടത്തുമ്പോള്‍ അതിന് നേരെ പോലീസ് ചാടി വീണ് തല്ലിപ്പിരിക്കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ തുടര്‍ച്ചയായിരുന്നു അത്. ജന്മിമാര്‍ക്കെതിരേ മുദ്രാവാക്യം വിളിക്കാന്‍ പറ്റില്ല, ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് പ്രക്ഷോഭം നടത്താന്‍ പറ്റില്ല. അങ്ങനെ ഉണ്ടായാല്‍ തല്ലിപ്പിരിക്കുമായിരുന്നു. ആ പോലീസുകാര്‍ അത്തരത്തില്‍ ചെയ്തത് അവര്‍ക്ക് സംരക്ഷണം കിട്ടിയത് കൊണ്ടാണ്.

രാജ്യത്ത് തന്നെ നടപ്പായ ഈ നയം ആദ്യം മാറ്റം കുറിക്കുന്നത് കേരളത്തിലാണ്. അതിനിടയാക്കിയത് 1957-ല്‍ തിരഞ്ഞെടുപ്പില്‍ എത്തിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്. അത് കഴിഞ്ഞതിന് ശേഷം വീണ്ടും പഴയതിലേക്ക് പോയി. ലോക്കപ്പ് ഇടിമുറികളാക്കി മാറ്റി.

പോലീസ് വലിയൊരു സേനയാണ്. അതില്‍ ഏതെങ്കിലും ചില ആളുകള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്താല്‍ അത് സംരക്ഷിക്കേണ്ട ബാധ്യത സാധാരണഗതിയില്‍ ഞങ്ങള്‍ക്കില്ല. പക്ഷെ, കോണ്‍ഗ്രസ് ഒരു ഘട്ടത്തിലും അതല്ല സ്വീകരിച്ചത്.

കോണ്‍ഗ്രസ് സ്വീകരിച്ചത് പഴേ നില തന്നെയാണ്. എന്നാല്‍ 2016ന് ശേഷം ഞങ്ങള്‍ സ്വീകരിക്കുന്ന നില തെറ്റുചെയ്യുന്നവര്‍ക്കെതിരേ കര്‍ക്കശമായ നടപടി എന്നതാണ്. അത് കോണ്‍ഗ്രസിന് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. ഈ നാട്ടില്‍ പോലീസിനെ ഗുണ്ടകള്‍ക്ക് അകമ്പടി സേവിക്കുന്ന ഒരു വിഭാഗമാക്കി മാറ്റിയത് ആരായിരുന്നു? ഇതൊക്കെ സാധാരണഗതിയില്‍ പ്രതീക്ഷിക്കാവുന്ന കാര്യമാണോ?

2006-ല്‍ പോലീസിന് പുതിയ മുഖം നല്‍കാനാണ് ശ്രമിച്ചത്. നല്ല മാറ്റം ആ കാര്യത്തില്‍ ഉണ്ടായി. അതിന്റെ ഏറ്റവും വലിയ തെളിവ് ആ ജനമൈത്രി സ്വഭാവം നല്ല രീതിയില്‍ പ്രകടിപ്പിക്കാന്‍ പറ്റുന്ന ഒരു ഭരണ സംവിധാനം 2006-11 കഴിഞ്ഞതിന് ശേഷം പിന്നെ വരുന്നത് 2016-നാണ്. അതിന് ശേഷമുള്ള പോലീസിന്റെ ഇടപെടല്‍, നിപ ബാധിച്ച ഘട്ടം, പ്രളയം, കാലവര്‍ഷക്കെടുതി, കോവിഡ് തുടങ്ങിയ ഘട്ടത്തില്‍ വളരെ വ്യത്യസ്തമായ ഒരു മുഖമാണ് കേരളാ പോലീസിന്റേത്. അത് ജനോന്മുഖമായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി താത്പര്യപൂര്‍വ്വം ഇടപെടുന്ന പോലീസുകാരെയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. അത്തരം ഒരു അവസ്ഥ വന്നപ്പോള്‍ അതിന്റെ ഭാഗമായി വലിയ മാറ്റം കേരളത്തിലെ പോലീസില്‍ ആകെ ഉണ്ടായിട്ടുണ്ട്. മഹാഭൂരിപക്ഷം ഈ സംസ്‌കാരത്തിലേക്ക് വന്നിട്ടുണ്ട്. എന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില തെറ്റായ കാര്യങ്ങള്‍ പോലീസ് യൂണിഫോം ഇട്ടു എന്നത് കൊണ്ട് എല്ലാവരില്‍ നിന്നും ഒഴിഞ്ഞു പോയി എന്ന് വരില്ല. ചില വ്യക്തികള്‍ ഈ പുതിയ സമീപനം അതേപോലെ ഉള്‍ക്കൊള്ളാത്തവരുണ്ടാകും. അത്തരം ആളുകള്‍ തെറ്റ് ചെയ്താല്‍ ആ തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. ഒരു തരത്തിലും അവരെ സംരക്ഷിക്കാന്‍ തയ്യാറാകില്ല.