തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം. നികുതിയില്‍ 50 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. കോടതി ഫീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 150 കോടിയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇലക്ട്രിക് കാറുകളുടെ നികുതിയും ഉയര്‍ത്തിയിട്ടുണ്ട്. 15 ലക്ഷം വരെ വില വരുന്ന ഇലക്ട്രിക് കാറുകളുടെ നികുതി അഞ്ച് ശതമാനത്തില്‍ നിന്നും എട്ട് ശതമാനമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. 20 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് കാറുകളുടെ നികുതി 10 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. ബാറ്ററി മാറ്റുന്ന കാറുകളുടെ നികുതിയും പത്ത് ശതമാനമാക്കി ഉയര്‍ത്തി.

നികുതി വെട്ടിക്കുന്ന ചരക്കുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ നിയമം ഉള്‍പ്പെടുത്തും. ഇതിനൊപ്പം കോണ്‍ട്രാക്ട് ക്യാരേജുകളുടെ ഏകീകരണത്തിലൂടെയും സംസ്ഥാന സര്‍ക്കാര്‍ അധിക വരുമാനം ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍, സ്റ്റേജ് ക്യാരിയറുകളുടെ നികുതി കുറച്ച് പൊതുഗതാഗതം ആകര്‍ഷകമാക്കുന്നതിനുള്ള നിര്‍ദേശങ്ങളും സംസ്ഥാന ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത/ക്ഷാമാശ്വാസം കൂടി ബജറ്റില്‍ പ്രഖ്യാപിച്ചു. 2025 ഏപ്രില്‍ മാസം മുതല്‍ ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ശമ്പള പരിഷ്‌കരണ കുടിശ്ശികയുള്ളതില്‍ രണ്ട് ഗഡു ഈ വര്‍ഷം നല്‍കും, അതുപോലെ ഡി.എ കുടിശ്ശികയുടെ ലോക്കിങ് പീരിഡ് ഒഴിവാക്കും. സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശ്ശിക ഈ മാസം തീര്‍ക്കും ഇതിനായി 600 കോടി അനുവദിച്ചു

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മ്മാണ വായ്പാ പദ്ധതി ശക്തിപ്പെടുത്തുമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയ്ക്ക് 2 ശതമാനം പലിശ ഇളവ് നല്‍കും. ഇതിനായി 50 കോടി രൂപ വകയിരുത്തുന്നതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ദിവസവേതന/ കരാര്‍ ജീവനക്കാരുടെ വേതനം അഞ്ചു ശതമാനം വര്‍ധിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

ക്ഷേമപെന്‍ഷനില്‍ ഒരു രൂപയുടെ പോലും വര്‍ധന വരുത്താതെ പിണറായി വിജയന്‍ സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചത്. ക്ഷേമ പെന്‍ഷന്‍ സമയബന്ധിതമായി കൊടുത്ത് തീര്‍ക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ബജറ്റില്‍ തലോടല്‍ ലഭിച്ചത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ്. അര്‍ഹതപ്പെട്ട ക്ഷാമബത്ത, ശമ്പളപരിഷ്‌കരണ കുടിശ്ശികകള്‍ നല്‍കുമെന്ന പ്രഖ്യാപനം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസകരമാണ്. എന്നാല്‍, ശമ്പളപരിഷ്‌കരണത്തെ കുറിച്ച് ധനമന്ത്രി ബജറ്റില്‍ മൗനം പാലിച്ചു.

സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും. ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ വര്‍ഷം തന്നെ അനുവദിക്കും. എന്നാല്‍, ഇത് പി.എഫില്‍ ലയിപ്പിക്കും. ജീവനക്കാരുടെ ഡി.എ കുടിശ്ശികയുടെ രണ്ട് ഗഡുക്കളുടെ ലോക്ക് ഇന്‍ പിരീഡ് ഒഴിവാക്കി. ഒരു ഗഡു ക്ഷാമബത്ത കുടിശ്ശിക ഈ ഏപ്രിലില്‍ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.

രണ്ട് തെരഞ്ഞെടുപ്പുകള്‍ മുന്നില്‍നില്‍ക്കെ കേരളത്തിലെ വലിയ വിഭാഗം സംസ്ഥാന ജീവനക്കാരേയും പെന്‍ഷന്‍കാരേയും ഒപ്പം കൂട്ടാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രഖ്യാപനം.കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും അവഗണിച്ച വയനാട് പുനരധിവാസത്തിനായി 750 കോടി വകയിരുത്തി. ലൈഫ് മിഷന്‍, കാരുണ്യ, റീബില്‍ഡ് കേരള തുടങ്ങിയ സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിക്കായി പണംനീക്കിവെച്ചിട്ടുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകളില്‍ ഊന്നിയാണ് ഈ വര്‍ഷത്തെ ബജറ്റ്. കാര്‍ഷിക മേഖലക്കായി വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടംപിടിച്ചില്ല. തീരദേശത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിനുള്ള നിര്‍ദേശങ്ങളും ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രാധാന്യം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മെട്രോകള്‍, കൊച്ചി മെട്രോയുടെ വികസനം, വിഴിഞ്ഞം തുറമുഖ അനുബന്ധ പദ്ധതി തുടങ്ങി വൈ-ഫൈക്ക് വരെ പണം നീക്കിവെച്ചിട്ടുണ്ട്. ടൂറിസം മേഖലയിലും കെ-ഹോം പോലുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു.ഉന്നതവിദ്യാഭ്യാസ മേഖലയെ വിദേശവിദ്യാര്‍ഥികളെ പോലും ആകര്‍ഷിപ്പിക്കുന്ന രീതിയില്‍ വികസിപ്പിക്കുമെന്നാണ് പ്രഖ്യാപനം.