തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ തുടര്‍ച്ചയായി നാലാം ദിവസവും നിയമസഭയില്‍ ഭരണ - പ്രതിപക്ഷ ബഹളം. സഭാ നടപടികള്‍ തുടങ്ങിയതോടെ പ്രതിപക്ഷ നേതാവ് സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം തുടങ്ങിയത്. വാച്ച് ആന്‍ഡ് വാര്‍ഡിനെ വെച്ച് പ്രതിപക്ഷത്തെ നേരിടാന്‍ സ്പീക്കര്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംഗ് പരാമര്‍ശവും വിഡി സതീശന്‍ സഭയില്‍ ഉന്നയിച്ചു. ഇതോടെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി.

തര്‍ക്കം രൂക്ഷമായതോടെ പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. ബാനര്‍ പിടിച്ചു വാങ്ങാന്‍ സ്പീക്കര്‍ വാച്ച് ആന്റ് വാര്‍ഡിനോട് പറഞ്ഞത് സഭയില്‍ പ്രതിഷേധം ഇരട്ടിയാക്കി. ബാനറുമായി പ്രതിപക്ഷം വീണ്ടും സ്പീക്കറുടെ ചെയറിന് മുന്നില്‍ നിന്നുകൊണ്ട് പ്രതിഷേധിക്കുകയാണ്. എന്നാല്‍ ചെയറിനു മുന്നില്‍ ബാനര്‍ പിടിക്കരുതെന്ന നിലപാടിലാണ് സ്പീക്കര്‍. ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തിലാണ് ദിവസങ്ങളായി സഭയില്‍ പ്രതിഷേധം നടക്കുന്നത്.

അതിനിടെ, പ്രതിപക്ഷത്തെ പ്രതിരോധിച്ച് ഭരണപക്ഷ എംഎല്‍എമാര്‍ രംഗത്തെത്തി. പ്രതിപക്ഷം ഒരു വനിതയെ ആക്രമിച്ചെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം സഭയില്‍ തോന്നിയവാസം കാണിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ഗുണ്ടായിസത്തിന് നേതൃത്വം കൊടുക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു. ചോദ്യോത്തരവേള തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം നീക്കം നടത്തുകയാണെന്ന് സ്പീക്കറും പ്രതികരിച്ചു. ബഹളത്തിനിടെ ചോദ്യോത്തര വേളയിലേക്ക് സ്പീക്കര്‍ കടക്കുകയും ചെയ്തു. ബാനര്‍ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് മന്ത്രി ഗണേഷ് കുമാറും പ്രതികരിച്ചു.

ഐഎന്‍ടിയുസി നേതാവ് പ്രതിപക്ഷ ബഹളത്തില്‍ ഉണ്ടെന്നും കെഎസ്ആര്‍ടിസിക്കായി ആ നേതാവ് ഒരു നയാ പൈസ ചിലവാക്കിയില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. വിഴിഞ്ഞത്ത് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിനായി ഒരു വാക്ക് പോലും ആവശ്യപ്പെട്ടില്ല. നേരിട്ടാണ് സര്‍ക്കാര്‍ അത് നടപ്പിലാക്കിയത്. എന്നിട്ട് കെഎസ്ആര്‍ടിസി യൂണിയന്‍ നേതാവായി നടക്കുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഹൈക്കോടതി പ്രഖ്യാപിച്ച അന്വേഷണം പോരെങ്കില്‍ കോടതിയില്‍ തന്നെ പോണം.

ഹൈക്കോടതി പ്രഖ്യാപിച്ച അന്വേഷണത്തിന് മുകളില്‍ മറ്റൊരന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം ജനാധിപത്യവിരുദ്ധമാണ് കെവി സുമേഷ് എംഎല്‍എ പറഞ്ഞു. ഹൈക്കോടതി തന്നെ അന്വേഷണത്തിന് എസ്‌ഐടിയെ നിയോഗിച്ചിട്ടുണ്ട്. അപകടകരമായ നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും കെവി സുമേഷ് എംഎല്‍എ പറഞ്ഞു. നിലവില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.

അതേസമയം ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ പ്രക്ഷോഭവും സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് ഇന്ന് പത്തനംതിട്ടയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംഗമം ഉദ്ഘാടനം ചെയ്യും. വൈകീട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്യോതി തെളിയിച്ച് പ്രകടനം നടത്തും.

സ്വര്‍ണപ്പാളി വിഷയത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മേഖലാ പ്രതിഷേധ ജാഥകള്‍ സംഘടിപ്പിക്കും. കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍ എന്നിവരാകും നാലു ജാഥകള്‍ നയിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.

കെ മുരളീധരന്‍ കാസര്‍കോടു നിന്നും, കൊടിക്കുന്നില്‍ സുരേഷ് പാലക്കാടു നിന്നും, അടൂര്‍ പ്രകാശ് തിരുവനന്തപുരത്തു നിന്നും നയിക്കുന്ന ജാഥകള്‍ 14 ന് തുടങ്ങും. ബെന്നി ബെഹനാന്‍ നയിക്കുന്ന ജാഥ 15 ന് മൂവാറ്റുപുഴയില്‍ നിന്നാണ് തുടങ്ങുക. നാലു ജാഥകളും 18 ന് പന്തളത്ത് പ്രതിഷേധ മാര്‍ച്ചോടെ സമാപിക്കും.

ശബരിമല വിഷയത്തില്‍ വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബി ജെ പി മാര്‍ച്ച് നടത്തിയിരുന്നു. ആര്‍ എസ് പി യുടെ തൊഴിലാളി സംഘടനാ വിഭാഗമായ യു ടി യു സി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍, പെന്‍ഷനേഴ്സ് യൂണിയന്‍ എന്നിവരുടെ നേതൃത്വത്തിലും മാര്‍ച്ച് നടത്തി.