ലണ്ടന്‍: ബ്രെക്സിറ്റിന് ശേഷം 2019 - 2023 കാലഘട്ടത്തില്‍ ബ്രിട്ടനില്‍, സ്വന്തം പൗരന്മാരേക്കാള്‍ തൊഴിലവസരങ്ങള്‍ ലഭിച്ചത് ഇന്ത്യാക്കാര്‍ക്കും നൈജീരിയക്കാര്‍ക്കുമെന്ന് ഔദ്യോഗിക കണക്കുകള്‍. വിവരാവകാശ നിയമപ്രകാരം എച്ച് എം ആര്‍ സിയില്‍ നിന്നും ലഭിച്ച കണക്കുകള്‍ കാണിക്കുന്നത്, ഇക്കാലയളവില്‍ എറ്റവും അധികം തൊഴില്‍ ലഭിച്ചത് ഇന്ത്യാക്കാര്‍ക്കാണെന്നാണ്. 4,87,900 ഇന്ത്യാക്കാര്‍ക്കാണ് ഇക്കാലയളവില്‍ യു കെയില്‍ തൊഴില്‍ ലഭിച്ചത്. 2,78,700 നൈജീരിയന്‍ പൗരന്മാര്‍ക്ക് ഇക്കാലയലവില്‍ തൊഴില്‍ ലഭിച്ചപ്പോള്‍ 2,57,000 ബ്രിട്ടീഷ് പൗരന്മാര്‍ക്കും തൊഴില്‍ ലഭിച്ചു.

മൊത്തത്തില്‍ 1.481 മില്യന്‍ പുതിയ തൊഴിലവസരങ്ങളാണ് ഇക്കാലയളവില്‍ ബ്രിട്ടനില്‍ ഉണ്ടായത്. അതില്‍ 1.465 മില്യന്‍ തൊഴിലുകള്‍ ലഭിച്ചത് ബ്രിട്ടന് പുറത്തുള്ള, യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങള്‍ അല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്. 2019 ഡിസംബറിനും 2023 ഡിസംബറിനും ഇടയില്‍, യു കെ പൗരന്മാര്‍ക്കും ഇ യു പൗരന്മാര്‍ക്കും കുറഞ്ഞത് 2,41,600 തൊഴിലവസരങ്ങളായിരുന്നു. എച്ച് എം ആര്‍ സി യില്‍ നിന്നും ഈ കണക്കുകള്‍കരസ്ഥമക്കിയ മുന്‍ മന്ത്രിയും, ടോറി എം പിയുമായ നീല്‍ ഓ ബ്രിയാന്‍ പറഞ്ഞത്, ബ്രിട്ടന്റെ ബ്രെക്സിറ്റാനന്തര പുതിയ മൈഗ്രേഷന്‍ സിസ്റ്റം നിലവില്‍ വന്നതിന് ശേഷം അസാധാരണമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത് എന്നാണ്.

കുടിയേറ്റത്തിന്റെ നന്മതിന്മകള്‍ എന്തായാലും, കുടിയേറ്റക്കാര്‍ക്ക് ശ്രമിക്കാന്‍ കഴിയുന്ന തൊഴിലവസരങ്ങള്‍ക്ക് പരിധിയില്ല എന്നതാണ് വാസ്തവം എന്ന് എം പി പറയുന്നു. സ്വന്തം പൗരന്മാരേക്കാള്‍ കൂടുതലായി ഇന്ത്യന്‍ പൗരന്മാര്‍ക്കും നൈജീരിയന്‍ പൗരന്മാര്‍ക്കുംതൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്നും തന്റെ ബ്ലോഗ് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.അതെസമയം, ഇപ്പോള്‍ ലഭ്യമായ കണക്കുകള്‍ കൃത്യമാണെന്ന് അവകാശപ്പെടുന്നില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.

തൊഴിലുകളുടെ എണ്ണമാണ് ഇതില്‍ ഉള്ളതെന്നും, തൊഴിലാളികളുടെത് അല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരാള്‍ രണ്ട് തൊഴിലുകള്‍ എടുക്കുവാനുള്ള സാധ്യതയുണ്ട്. അതുപോലെ സ്വയം തൊഴില്‍ സംരംഭകരും ഇതില്‍ ഉള്‍പ്പെടുന്നില്ല. മാത്രമല്ല, എച്ച് എം ആര്‍ സി യുടെ പരിധിയില്‍ വരാത്ത തൊഴിലാളികളും ഉണ്ടാകും. എങ്കില്‍ പോലും ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്, യു കെയുടെ കുടിയേറ്റ സംവിധാനങ്ങള്‍, ഇ യു പൗരന്മാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് അത്രയേറെ കര്‍ശന നിയന്ത്രണങ്ങള്‍ ഇല്ല എന്ന വസ്തുതയിലേക്കാണെന്നും അദ്ദേഹം എഴുതുന്നു.