ന്യൂഡല്‍ഹി: 23 ലക്ഷം ജീവനക്കാര്‍ക്ക് ഗുണകരമാകുന്ന ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഒരു സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തും ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദി സര്‍ക്കാരിന്റെ വമ്പന്‍ പ്രഖ്യാപനം. പുതിയ പെന്‍ഷന്‍ പദ്ധതിയെ ചൊല്ലി ബിജെപി ഭരണത്തിലല്ലാത്ത നിരവധി സംസ്ഥാനങ്ങളില്‍, പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പ്രഖ്യാപനം.

പദ്ധതി 23 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. 2025 ഏപ്രില്‍ ഒന്ന് മുതലാണ് പദ്ധതി നടപ്പിലാക്കുക. പുതിയ പെന്‍ഷന്‍ പദ്ധതി( എന്‍ പി എസ് ) അല്ലെങ്കില്‍ ഏകീകൃത പെന്‍ഷന്‍( യുപിഎസ്) പദ്ധതിയോ തിരഞ്ഞെടുക്കാന്‍ ജീവനക്കാര്‍ക്ക് അവസരം ഉണ്ടായിരിക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേഡ് മിനിമം പെന്‍ഷനും കുടുംബ പെന്‍ഷനും അഷ്വേഡ് പെന്‍ഷനും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം . സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ 50 % പെന്‍ഷന്‍ ഉറപ്പുനല്‍കുമെന്നും 23 ലക്ഷം പേര്‍ക്കു പുതിയ പദ്ധതി ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

  1. അഷ്വേര്‍ഡ് പെന്‍ഷന്‍: കുറഞ്ഞത് 25 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കുന്നതിന് മുന്‍പുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി ഉറപ്പ് നല്‍കുന്നു.
  2. അഷ്വേര്‍ഡ് കുടുംബ പെന്‍ഷന്‍: പെന്‍ഷന്‍ വാങ്ങുന്നയാള്‍ മരിച്ചാല്‍, നിലവില്‍ വാങ്ങിയിരുന്ന പെന്‍ഷന്‍ തുകയുടെ 60% പെന്‍ഷന്‍ കുടുംബത്തിന് ഉറപ്പാക്കും.
  3. അഷ്വേര്‍ഡ് മിനിമം പെന്‍ഷന്‍: 10 വര്‍ഷം സര്‍വീസുള്ള ജീവനക്കാര്‍ക്ക് 10000 രൂപ പ്രതിമാസ പെന്‍ഷന്‍ ഉറപ്പാക്കും.

നിലവിലെ പെന്‍ഷന്‍ പദ്ധതി പ്രകാരം ജീവനക്കാര്‍ 10 ശതമാനവും കേന്ദ്രസര്‍ക്കാര്‍ 14 ശതമാനവുമാണ് സംഭാവന ചെയ്യുന്നത്. യുപിഎസില്‍ കേന്ദ്രവിഹിതം 18 ശതമാനമായി ഉയര്‍ത്തും.

ധനകാര്യ സെക്രട്ടറി ടി വി സോമനാഥന്റെ കീഴില്‍ കഴിഞ്ഞ വര്‍ഷം പെന്‍ഷന്‍ പദ്ധതി അവലോകനം ചെയ്ത് മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ബിജെപി ഭരണത്തിലല്ലാത്ത നിരവധി സംസ്ഥാനങ്ങള്‍ പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറിയതിന് പിന്നാലെയാണ് കമ്മിറ്റി രൂപീകരിച്ചത്. പഴയ പെന്‍ഷന്‍ പദ്ധതിയുടെ കീഴില്‍, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവസാനത്തെ ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി കിട്ടിയിരുന്നു.