- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വേട്ടക്കാരനെ' പുകഴ്ത്തിയ ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ കടുത്ത അമര്‍ഷം; വിഴിഞ്ഞത്തു പോലും ഉമ്മന്‍ചാണ്ടിയെ തഴഞ്ഞു; എന്നിട്ടും എന്തിന് പിണറായി സ്തുതി?
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അദ്ദേഹത്തിന്റെ അവസാന കാലത്തു പോലും സോളാര്‍ കേസിലെ ചീഞ്ഞു നാറുന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയ നേതാവാണ് ഇന്നത്തെ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി കേസ് തോട്ടില്‍ എറിഞ്ഞെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഇക്കാര്യം ഒരിക്കലും മറക്കാന്‍ കഴിയാത്ത കാര്യമായി നിലകൊള്ളുന്നു. രാഷ്ട്രീയമായി പിണറായി വിജയന്‍ നടത്തിയ വേട്ടയാടലായിരുന്നു സോളാറിലെ നികൃഷ്ടമായ ആരോപണത്തിലെയും അന്വേഷണം. എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന് അനുകൂലമായ വികാരത്തെ മുതലെടുക്കാനുള്ള ശ്രമങ്ങള്‍ കുറച്ചുകാലമായി കോണ്‍ഗ്രസ് നടത്തുന്നുണ്ട്.
എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ ചാണ്ടി ഉമ്മന്റെ നടപടി ശരിക്കും കോണ്‍ഗ്രസുകാരെ ചൊടിപ്പിച്ചിരിക്കയാണ്. വേട്ടക്കാരനെ പുകഴ്ത്തിയ ചാണ്ടി എന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യമാണ് വിവിധ കോണുകളില്‍ നിന്നും ശക്തമായി ഉയരുന്നത്. ഏറ്റവും ഒടുവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ പോലും ഉമ്മന്‍ചാണ്ടിയെ കുറിച്ച് ഒരുവാക്ക് പറയാത്ത നേതാവാണ് പിണറായി. ഉമ്മന്‍ചാണ്ടിയുടെ നേട്ടം സ്വന്തം പേരിലാക്കാന്‍ ശ്രമിക്കുന്ന നേതാവ്. ഈ പശ്ചാത്തലത്തിലാണ് ചാണ്ടി ഉമ്മന്റെ പിണറായി സ്തുതി ഉണ്ടായിരിക്കുന്നത്.
ഒരാളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ട് വരുന്ന സമയത്താണ്. ഉമ്മന്‍ചാണ്ടി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ മുഖ്യമന്ത്രി പ്രത്യേക താല്‍പര്യം കാണിച്ച് അദേഹത്തിന് വേണ്ടി ഒരുപാട് ഇടപെടലുകള്‍ നടത്തി. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും വ്യക്തിപരമായ അടുപ്പം ഏറെ ഉണ്ടായിരുന്നവരായിരുന്നു പിണറായി വിജയനും ഉമ്മന്‍ചാണ്ടിയുമെന്നും എന്നാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്. ചാണ്ടിയുടെ ഈ പുകഴ്ത്തലാണ് കോണ്‍ഗ്രസ് നേതാക്കളെ അമര്‍ഷത്തിലാക്കിയിരിക്കുന്നത്.
ചാണ്ടിക്കെതിരെ സൈബറിടങ്ങളിലും കോണ്‍ഗ്രസുകാരുടെ രോഷം അണപൊട്ടുകയയാണ്. ഉമ്മന്‍ചാണ്ടിയെ ഇത്രയും ദ്രോഹിച്ച വ്യക്തിയെ ങ്ങനെ പുകഴ്ത്താന്‍ സാധിക്കുന്നു എന്നാണ് ചോദ്യം. കോണ്‍ഗ്രസ് അനുകൂലിയായ മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ചാണ്ടി ഉമ്മന് ഇക്കാര്യത്തില്‍ തുറന്ന കത്തെഴുതി. ഒരു വിഭാഗം നേതാക്കളുടെ നാവാണ് അദ്ദേഹത്തിന്റെ കത്തിലെന്നാണ് ചാണ്ടി ഉമ്മനെ പിന്തുണയ്ക്കുന്നവര്‍ കരുതുന്നത്. പിണറായി ഉമ്മന്‍ചാണ്ടിയെ ദ്രോഹിച്ചത് എടുത്തുപറഞ്ഞാണ് ജോര്‍ജ് പൂന്തോട്ടത്തിന്റെ വിമര്‍ശനം.
ഉമ്മന്‍ ചാണ്ടിയെ ഏറ്റവുമധികം പീഡിപ്പിച്ചത് പിണറായി വിജയനാണ്. ഇത്രയും അണ്‍ പോപ്പുലര്‍ ആയ, ജനവിരുദ്ധനായ ഒരു മുഖ്യമന്ത്രിയെ പ്രശംസിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മദിനം തിരഞ്ഞെടുക്കരുതായിരുന്നു. ഫലത്തില്‍ ഉമ്മന്‍ ചാണ്ടിയെ ലൈംഗിക പീഡനക്കേസില്‍ കുടുക്കി പീഡിപ്പിച്ച പിണറായി വിജയന്റെ നടപടിയെ പിന്താങ്ങുന്നത് പോലെയായി ചാണ്ടി ഉമ്മന്റെ നീക്കങ്ങളെന്നാണ് ജോര്‍ജ്ജ് പൂന്തോട്ടം വ്യക്തമാക്കിയത്.
പൂന്തോട്ടത്തിന്റെ കത്ത് ഇങ്ങനെ:
പ്രിയ ചാണ്ടി ഉമ്മന്‍
അങ്ങയുടെ പിതാവിന്റെ ഒന്നാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് 19.07.2024ല്‍ തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ താങ്കള്‍ നടത്തിയ വികാരപരമായ പ്രസംഗം കേള്‍ക്കുവാന്‍ ഇടയായി. ആ പ്രസംഗത്തില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ബഹുമാന്യനായ ശ്രീ ഉമ്മന്‍ ചാണ്ടിയോട് കാണിച്ചിരുന്ന ആദരവും കരുതലും പ്രത്യേകമായി പരാമര്‍ശിക്കുകയുണ്ടായി. ബഹുമാന്യനായ ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ജീവിത ശുദ്ധിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ കേന്ദ്ര ഏജന്‍സിയായ സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ച് പ്രസ്തുത ആരോപണം സത്യവിരുദ്ധമായിരുന്നു എന്ന് തെളിയിക്കുന്നതിനായാണ് സിബിഐയെ പരാതിക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നത് എന്നും അപ്രകാരമുള്ള അന്വേഷണം വഴി താങ്കളുടെ പിതാവിന്റെ ജീവിതശുദ്ധി തെളിയിക്കുന്നതിന് അന്വേഷമിട്ട് സഹായിച്ച ആളാണ് ശ്രീ പിണറായി വിജയനെന്നും നിങ്ങള്‍ പറഞ്ഞില്ലല്ലോ എന്ന് തോന്നിപ്പോയി.
രോഗശയ്യയിലായിരുന്ന ബഹുമാന്യനായ ശ്രീ ഉമ്മന്‍ ചാണ്ടിയുടെ രോഗവിശേഷങ്ങള്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ വിളിച്ച് അന്വേഷിക്കുമായിരുന്നുവെന്ന് പറഞ്ഞപ്പോഴും കേള്‍വിക്കാര്‍ അത്ഭുതസ്തബ്ധരായി. സരിത കമ്മിഷന്‍ എന്ന് അറിയപ്പെടുന്ന ജുഡീഷ്യല്‍ കമ്മിഷന്റെ ചെയര്‍മാന്‍ ശിവരാജനും വിളിച്ച് അന്വേഷിക്കുമായിരുന്നു എന്ന് മാത്രമേ നിങ്ങള്‍ പറയാതിരുന്നുള്ളൂ. ഇനിയൊരവസരം ഉണ്ടാകുമ്പോള്‍ അങ്ങനെയും നിങ്ങള്‍ പ്രസംഗിക്കുമെന്ന പ്രതീക്ഷയോടെ
സ്‌നേഹപൂര്‍വ്വം
ജോര്‍ജ് പൂന്തോട്ടംസീനിയര്‍ അഭിഭാഷകന്‍
അതേസമയം കുറച്ചുകാലമായി ചാണ്ടി ഉമ്മന്‍ സമാന്തര പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നു എന്ന വിമര്‍ശനവും ശക്തമാണ്. കോട്ടയത്ത് ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ നടത്തിയ അനുസ്മരണ പരിപാടി പോലും കോണ്‍ഗ്രസ് നേതൃത്വവുമായി ആലോചിക്കാതെയാണ്. തിരുവഞ്ചൂരിനോട് പോലും ചോദിക്കാതെ ഒറ്റക്കാണ് ചാണ്ടിയുടെ പ്രയാണം. ഇതിനിടെയാണ് പിണറായി സ്തുതിയുമായി ചാണ്ടി രംഗത്തുവന്നത്. അടുത്തിടെ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ അടക്കം സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുകയാണ് ചാണ്ടി എന്ന പരാതിയും കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.