- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഖില്‍ മാരാരുടെ ഫേസ്ബുക്ക് പേജിന് ഇന്ത്യയില്‍ വിലക്ക്; പോളിംഗ് ദിവസം പേജ് പൂട്ടിയത് കേരളാ സൈബര്‍ പോലീസിന്റെ ഇടപെടലില്‍; ഞാന്‍ പറയുന്ന സത്യങ്ങള്‍ അറിയരുതെന്ന് ഭയന്നുള്ള നടപടി; അഭിപ്രായ സ്വാതന്ത്ര്യത്ത തടയിടുന്ന നീക്കത്തിനെതിരെ നിയമ നപടി സ്വീകരിക്കുമെന്ന് അഖില്‍ മാരാര്‍
അഖില്‍ മാരാരുടെ ഫേസ്ബുക്ക് പേജിന് ഇന്ത്യയില്‍ വിലക്ക്

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സജീവമായ ബിഗ് ബോസ് താരവും തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായി അഖില്‍ മാരാരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി. കേരള പൊലീസിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് നടപടിയെന്ന് അഖില്‍ മാരാര്‍ ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ ആരോപിച്ചു. താന്‍ പറയുന്ന സത്യങ്ങള്‍ പുറംലോകം അറിയാതിരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണിതെന്ന് തുറന്നടിച്ചു.
15 വര്‍ഷമായി താന്‍ ഉപയോഗിച്ചുവരുന്ന പേജാണ് പൂട്ടിച്ചതെന്ന് മാരാര്‍ പറഞ്ഞു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാറിനും അവര്‍ക്ക് ഓശാന പാടുന്നവര്‍ക്കുമുള്ള ഭയമാണ് ഇതില്‍ തെളിയുന്നതെന്നും, തൃക്കാക്കരയിലെ തന്റെ മുന്നേറ്റത്തെ ഭയന്നാണ് നടപടിയെന്നും മാരാര്‍ വ്യക്തമാക്കി.
എന്ത് അടിസ്ഥാനത്തിലാണ് കേരള പൊലീസ് സൈബര്‍ സെല്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിയോജിക്കാനും അഭിപ്രായം പറയാനുമുള്ള അവകാശത്തെ ഭരണകൂടം തടയുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് താരം ചൂണ്ടിക്കാട്ടി. പേജ് നീക്കം ചെയ്യാന്‍ ശ്രമിച്ചതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'നാണമില്ലേ എന്നെ ഭയക്കാന്‍? സോഷ്യല്‍ മീഡിയയില്‍ കമന്റിട്ടതുകൊണ്ട് എന്നെ തോല്‍പ്പിക്കാമെന്ന് കരുതേണ്ട. തൃക്കാക്കരയിലെ ജനങ്ങളും നിയമവും എനിക്കൊപ്പം നില്‍ക്കും. കാണിച്ച തെമ്മാടിത്തരത്തിന് മറുപടി നല്‍കുക തന്നെ ചെയ്യും.' - അഖില്‍ മാരാര്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് പേജ് ലഭ്യമാണെങ്കിലും രാജ്യത്തിനകത്ത് പേജിന് നിയന്ത്രണമുണ്ട്. കേരള പൊലീസിനെതിരെയും സൈബര്‍ സെല്ലിനെതിരെയും രൂക്ഷമായ ഭാഷയിലാണ് താരം പ്രതികരിച്ചിരിക്കുന്നത്. നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഒരു വീഡിയോയും സമാനമായ വിധത്തില്‍ റിമൂവ് ചെയ്തിരുന്നു.
നേരത്തെ പാലക്കാട്ട് വോട്ടര്‍ക്ക് എന്‍ഡിഎ പ്രതിനിധികള്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് പിന്തുണയുമായി അഖില്‍ മാരാര്‍ രംഗത്തുവന്നിരുന്നു. പാലക്കാട് വോട്ടിനു പണം നല്‍കി എന്ന ആരോപണം ശ്രദ്ധയില്‍ പെട്ടുവെന്ന് അഖില്‍ പറഞ്ഞു. എടാ വിഡ്ഢികളെ ലോകത്തു ആരെങ്കിലും പണം കൊടുത്തു വോട്ട് നേടുന്നത് പരസ്യമായിട്ടാണോ എന്നായിരുന്നു അഖിലിന്റെ പ്രതികരണം.
ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായി പല വീടുകള്‍ കയറി ഇറങ്ങുമ്പോള്‍ കണ്ണീരോടെ ദുഃഖങ്ങള്‍ പറയുന്ന കുടുംബങ്ങളെ കാണുമ്പോള്‍ അവരെ സഹായിക്കണം എന്നെനിക്ക് തോന്നും.. എന്നാല്‍ തിരഞ്ഞെടുപ്പ് സമയം ആണ് ഒന്നും ചെയ്യാന്‍ പാടില്ല എന്ന് പാര്‍ട്ടി നേതാക്കള്‍ എന്നോട് പറയും... സത്യത്തില്‍ ദേഷ്യമാണ് വരുന്നത്, എല്ലാം നഷ്ടപ്പെട്ടു കഴിയുന്ന ഒരു കുടുംബം അവരുടെ പ്രയാസങ്ങള്‍ പറയുമ്പോള്‍ വോട്ട് ചോദിച്ചിട്ട് ഇറങ്ങി പോകാന്‍, അഖില്‍ പറഞ്ഞു.
നാളിത് വരെ അവരെ പറഞ്ഞു പറ്റിച്ച നാറികളുടെ വാക്ക് വിശ്വസിച്ചു ജീവിതം ഇല്ലാതെ പോയ കുറെ മനുഷ്യര്‍.. വിശക്കുന്നവന് ഭക്ഷണം കൊടുക്കാന്‍ ആണ് ഈശ്വരന്‍ എന്നെ പഠിപ്പിച്ചത്. ഒരുവന്‍ നമ്മോട് അവന്റെ വിഷമം പറയുമ്പോള്‍ ഉപദേശം കൊടുക്കാന്‍ അല്ല മറിച്ചു ആ വിഷമത്തിന് എന്ത് പരിഹാരം കൊടുക്കാന്‍ കഴിയും എന്നതാണ് എന്റെ ചിന്ത..
വോട്ട് ചോദിച്ചു പോയപ്പോള്‍ തന്റെ ദുരിതം പറഞ്ഞ ഒരു പാവത്തിന്റെ അവസ്ഥ കെട്ട് ആരെങ്കിലും സഹായിച്ചെങ്കില്‍ അതൊരു മഹാപാരാധമായി ഈ രാജ്യത്തു മാറുന്നെങ്കില്‍ ആ അപരാധത്തിന് കാരണക്കാര്‍ ഇന്നലെ വരെ ഈ പാവങ്ങളുടെ ദുരിതം വിറ്റ് തിന്ന ഇടതനും കോണ്‍ഗ്രസ്സും ഒക്കെയാണെന്നും അഖില്‍ കുറ്റപ്പെടുത്തു. നിയമം തെറ്റുകാരിയാക്കുമായിരിക്കും, നീതി അതിനെ ശരി വക്കും എന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു.
ശോഭ ചേച്ചി പാലക്കാട് ജനതയുടെ ശബ്ദമായി എനിക്കൊപ്പം നിയമസഭയില്‍ ചേച്ചിയും ഉണ്ടാവണം.. ചേച്ചിയും അനിയനും ഒക്കെ ചേര്‍ന്ന് ഈ നെറികെട്ട ജന്മങ്ങളെ നിര്‍ത്തി പൊരിക്കണം.. മുറിച്ചാല്‍ മുറി കൂടുന്ന ഇനങ്ങളെ കണ്ടിട്ടില്ലെങ്കില്‍ കണ്ടോ.. നിയമങ്ങള്‍ നീതിക്ക് നിരക്കുന്നത് ആവണമെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ അഖില്‍ പറഞ്ഞു.


