ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഏഴ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കരുത്തറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യം. 13 നിയമസഭാ സീറ്റുകളില്‍ പത്തിടത്തും ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ ജയിച്ചു. ഇതില്‍ പശ്ചിമ ബംഗാളിലെ നാല് സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലുമായി നാല് സീറ്റില്‍ കോണ്‍ഗ്രസും തമിഴ്‌നാട്ടിലെ സീറ്റില്‍ ഡിഎംകെയും പഞ്ചാബിലെ സീറ്റില്‍ ആം ആദ്മി പാര്‍ട്ടിയും ജയിച്ചു.

ഈ സീറ്റുകളില്ലെല്ലാം പരാജയപ്പെട്ടത് ബിജെപി സ്ഥാനാര്‍ത്ഥികളാണ്. ഹിമാചലിലും മധ്യപ്രദേശിലും ഓരോ സീറ്റില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. ഈ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് ജയം. ബിഹാറിലെ രുപോലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശങ്കര്‍ സിങാണ് വിജയിച്ചത്.

സിറ്റിങ് എംഎല്‍എമാരുടെ രാജിയും മരണവുമാണ് ഉപതിരഞ്ഞെടുപ്പുകളിലേക്ക് നയിച്ചത്. റുപൗലി (ബിഹാര്‍), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്‌നാട്), അമര്‍വാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂര്‍ (ഉത്തരാഖണ്ഡ്), ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്), ഡെഹ്‌റ, ഹാമിര്‍പുര്‍, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

പശ്ചിമ ബംഗാളില്‍ മത്സരം നടന്ന നാലില്‍ മൂന്നിടത്ത് ബിജെപി എംഎല്‍എമാര്‍ രാജിവച്ച് ടിഎംസിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് - ഇടത് സഖ്യം എല്ലാ സീറ്റിലും മൂന്നാമതായി. ഹിമാചല്‍ പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍.

ദെഹ്രയില്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂര്‍ 9300 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഹാമിര്‍ പൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആശിഷ് ശര്‍മ്മയുടെ വിജയം മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാനുള്ളത്. മൂന്നിടത്തും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

മധ്യപ്രദേശിലെ ഒരു സീറ്റില്‍ ബിജെപി ജയിച്ചു. തമിഴ്‌നാട്ടിലെ വിക്രവാണ്ടി മണ്ഡലത്തില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി അണ്ണിയൂര്‍ ശിവ വന്‍ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിച്ചു. പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍ മുപ്പത്തിയേഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎപി സ്ഥാനാര്‍ത്ഥി മോഹീന്ദര്‍ ഭഗത് വിജയിച്ചത്. എംഎല്‍എയായിരിക്കേ ബിജെപിയില്‍ ചേര്‍ന്ന ശീതള്‍ അംഗുര്‍ലാല്‍ കനത്ത പരാജയം ഏറ്റുവാങ്ങി.

ബിഹാറിലെ രുപൗലിയില്‍ ജെഡിയു എംഎല്‍എ ആര്‍ജെഡിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തുണച്ച സംസ്ഥാനങ്ങളില്‍ പോലും വിജയിക്കാനായത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വന്‍ ഊര്‍ജ്ജം നല്‍കുകയാണ്.

പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. ഇതില്‍ മൂന്ന് സീറ്റ് ബിജെപിയുടേതും ഒരു സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സിറ്റിങ് സീറ്റുകളായിരുന്നു.

മണിക്തല: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുപ്തി പാണ്ഡെ വിജയിച്ചു. തൃണമൂല്‍ സിറ്റിങ് സീറ്റായിരുന്നു ഇത്. എംഎല്‍എ ആയിരുന്ന സാധന്‍ പാണ്ഡെയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ ഭാര്യയാണ് സുപ്തി.

റായ്ഗഞ്ച് : തൃണമൂലിന്റെ കൃഷ്ണ കല്യാണി വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റിയിരുന്നു ഇത്. ഇവിടുത്തെ സിറ്റിങ് എംഎല്‍എ കൃഷ്ണ കല്യാണി തൃണമൂലില്‍ ചേര്‍ന്ന് മത്സരിക്കുകയായിരുന്നു. കോണ്‍ഗ്രസ് മൂന്നാമതായി.

രണഘട്ട് ദക്ഷിണ: തൃണമൂലിന്റെ മുകുത് മണി അധികാരി വിജയിച്ചു. ബിജെപിയുടെ സിറ്റിങ് എംഎല്‍എ ആയിരുന്ന മുകുത് മണി രാജിവെച്ച് തൃണമൂലില്‍ ചേരുകയായിരുന്നു. ബിജെപി സ്ഥാനാര്‍ഥി മനോജ് കുമാര്‍ ബിശ്വാസ് രണ്ടാം സ്ഥാനത്തെത്തി. സിപിഎം സ്ഥാനാര്‍ഥി അരവിന്ദം ബിശ്വാസ് മൂന്നാമതായി.

ബാഗ്ദാ: തൃണമൂലിന്റെ മധുപര്‍ണ ഠാക്കൂര്‍ വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്.

ഹിമാചല്‍ പ്രദേശിലെ മൂന്ന് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരിടത്ത് ബിജെപിയും വിജയിച്ചു. ഡെഹ്‌റ, ഹാമിര്‍പുര്‍, നലഗഢ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. സ്വതന്ത്ര എംഎല്‍എമാരായിരുന്നു ഇവിടങ്ങളില്‍. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ഇവര്‍ ഫെബ്രുവരിയില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുകയും പിന്നീട് രാജിവെക്കുകയുമായിരുന്നു. ബിജെപി ടിക്കറ്റില്‍ ഈ സ്വതന്ത്ര എംഎല്‍എമാരാണ് മത്സരിച്ചിരുന്നത്.

ഡെഹ്‌റ: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവിന്റെ ഭാര്യയുമായ കമലേഷ് ഠാക്കൂര്‍ 9399 വോട്ടുകള്‍ വിജയിച്ചു. ബിജെപിക്കായി മത്സരിച്ച സിറ്റിങ് എംഎല്‍എ ഹോഷ്യാര്‍ സിങ് രണ്ടാം സ്ഥാനത്തായി.

ഹാമിര്‍പുര്‍: ബിജെപിയുടെ ആശിഷ് ശര്‍മ 1571 വോട്ടുകള്‍ക്ക് വിജയിച്ചു. സിറ്റിങ് എംഎല്‍എ ആണ് അദ്ദേഹം. കോണ്‍ഗ്രസിലെ പുഷ്പീന്ദര്‍ വര്‍മയെ ആണ് പരാജയപ്പെടുത്തിയത്.

നലഗഢ്: കോണ്‍ഗ്രസിലെ ഹര്‍ദീപ് സിങ് ബവ വിജയിച്ചു. സിറ്റിങ് എംഎല്‍എയും ബിജെപി സ്ഥാനാര്‍ഥിയുമായ കെ.എല്‍.ഠാക്കൂറിനെയാണ് പരാജയപ്പെടുത്തിയത്.

ബിഹാറിലെ റുപൗലി : റുപൗലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശങ്കര്‍ സിങ്ങ് വിജയിച്ചു. ജെഡിയുവിന്റെ കലാധര്‍ പ്രസാദ് മണ്ഡല്‍ രണ്ടാമതും ആര്‍ജെഡി സ്ഥാനാര്‍ഥി ബിമ ഭാരതി മൂന്നാമതുമാണ്. ജെഡിയുവിന്റെ സിറ്റിങ് സീറ്റില്‍ എംഎല്‍എ ആയിരുന്ന ബിമ ഭാരതി രാജിവെച്ച് ആര്‍ജെഡിയില്‍ ചേര്‍ന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പുര്‍ണിയ ലോക്‌സഭാ സീറ്റില്‍ മത്സരിച്ച് തോറ്റ ബിമ ഭാരതി റുപൗലിയില്‍ ആര്‍ജെഡി ടിക്കറ്റില്‍ മൂന്നാംസ്ഥാനത്താണ്. മുമ്പ് റുപൗലിയില്‍ അഞ്ചുതവണ എംഎല്‍എ ആയിട്ടുണ്ട് അവര്‍.

തമിഴ്‌നാട്ടിലെ വിക്രവണ്ടി: തമിഴകത്തെ ഉപതിരഞ്ഞെടുപ്പ് നടന്ന വിക്രവണ്ടിയില്‍ ഡിഎംകെ തങ്ങളുടെ സിറ്റിങ് സീറ്റ് നിലനിര്‍ത്തി. സിറ്റിങ് എംഎല്‍എ ഡിഎംകെയുടെ എന്‍. പുകഴേന്തിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡിഎംകെയുടെ അണ്ണിയൂര്‍ ശിവായാണ് വിജയിച്ചത്. പിഎംകെയുടെ അന്‍മ്പുമണി രണ്ടാമതും എന്‍ടികെയുടെ അബിന മൂന്നാമതുമായി.

മധ്യപ്രദേശിലെ അമര്‍വാര: കോണ്‍ഗ്രസിന്റെ സീറ്റിങ് സീറ്റില്‍ തിരിച്ചടി നല്‍കുന്നതായിരുന്നു മണ്ഡലത്തിലെ ഫലം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധീരന്‍ ഷാ ഇന്‍വതി ബിജെപിയിലേക്ക് ചേക്കേറിയ സിറ്റിങ് എംഎല്‍എ കമലേഷ് ഷായോട് പരാജയപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് ഇവിടുത്തെ എംഎല്‍എ കമലേഷ് ഷാ ബിജെപിയിലേക്ക് ചേക്കേറിയത്. കമല്‍നാഥിന്റെ ശക്തികേന്ദ്രമായ ചിന്ദ്വാരയില്‍ ഉള്‍പ്പെട്ട മണ്ഡലമാണ് അമര്‍വാര. ചിന്ദ്വാരയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് പരാജയപ്പെട്ടിരുന്നു.

ഉത്തരാഖണ്ഡിലെ ബദരീനാഥ്: കോണ്‍ഗ്രസിന് ഇരട്ടി മധുരമാണ് ബദരീനാഥില്‍ ലഭിച്ചത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലഖപത് സിങ് ബുട്ടോല വിജയിച്ചു. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന രാജേന്ദ്ര ഭണ്ഡാരി രാജിവെച്ച് ബിജെപി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. അദ്ദേഹത്തെയാണ് ലഖപത് പരാജയപ്പെടുത്തിയത്.

മംഗളൂര്‍: കോണ്‍ഗ്രസിന്റെ ഖാസി മുഹമ്മദ് നിസാമുദ്ദീന്‍ വിജയിച്ചു. ബിഎസ്പി സിറ്റിങ് സീറ്റായിരുന്നു ഇത്. ബിഎസ്പി എംഎല്‍എ സര്‍വത് കരിം അന്‍സാരിയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ ഇവിടെ ബിഎസ്പി മൂന്നാമതായി. ബിജെപിയുടെ കര്‍തര്‍ സിങ് ഭന്ദാനയാണ് രണ്ടാം സ്ഥാനത്ത്.

പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ്: പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി മൊഹിന്ദര്‍ ഭഗതിന് ജയം. അഭിമാനപോരാട്ടമായിരുന്നു മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക്. ബിജെപിയിലേക്ക് ചേക്കേറിയ സിറ്റിങ് എംഎല്‍എ ശീതള്‍ അങ്കുറലിനുള്ള പകരം വീട്ടല്‍ കൂടിയായിരുന്നു എഎപിയുടേത്.

37325 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മൊഹിന്ദര്‍ ഭഗതിന്റെ ജയം. ബിജെപി സ്ഥാനാര്‍ഥി ശീതള്‍ 17921 വോട്ടുകള്‍ നേടി രണ്ടാമതായി. 16757 വോട്ടുകളോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരീന്ദര്‍ കൗര്‍ മൂന്നാമതുമായി.