കാസര്‍ഗോഡ്: പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം ചര്‍ച്ചയാക്കുന്നതിനിടെ യുഡിഎഫിന് കുരുക്കായി കാസര്‍ഗോട്ടെ വനിത ലീഗ് നേതാവിന്റെ വിവാദ പ്രസംഗങ്ങള്‍. ഒന്നിച്ച് നില്‍ക്കാത്ത ഒരു വിഭാഗത്തിനും അള്ളാഹുവിന്റെ സഹായം ഉണ്ടാകില്ലെന്ന് വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ ഫര്‍സാന പറഞ്ഞു. മൊഗ്രാല്‍ പുത്തൂരിലെ രാഷ്ട്രീയ പ്രസംഗത്തിനിടെയായിരുന്നു പരാമര്‍ശം.

'നിങ്ങള്‍ ദൈവത്തില്‍ അടിയുറച്ചു നില്‍ക്കുക. ആശയ, ആദര്‍ശ വ്യത്യാസങ്ങള്‍ നമ്മുടെ സമുദായത്തിന് ദോഷം വരുന്ന രീതിയില്‍ ആവരുതെന്ന് ആവശ്യപ്പെടുകയാണ്. ഒന്നിച്ചു നില്‍ക്കാത്ത ഒരു സമുദായത്തെയും അല്ലാഹു പിന്തുണക്കില്ല. ഭിന്നിച്ചു പോകാതെ ഒന്നിച്ചു നിന്നാല്‍ മാത്രമേ സമുദായത്തിന് നേട്ടങ്ങള്‍ കൈവരിക്കാനാവൂ', ആയിഷ ഫര്‍സാന പറഞ്ഞു.

കഴിഞ്ഞ ദിവസം, കാസര്‍ഗോഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷാനവാസ് പാദൂരിനെതിരെ പറഞ്ഞ വിവാദ പരാമര്‍ശങ്ങള്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. കപട വിശ്വാസിയുടെ പണിയെടുക്കുന്നവന്‍ എന്നാണ് ഷാനവാസിനെ ആയിഷ ഫര്‍സാനയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. മുള്ളേരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലെ പ്രസംഗത്തിനിടെയായിരുന്നു പ്രതികരണം.

മണ്ഡലം പിടിക്കാന്‍ മതം പറയുന്നത് ലീഗിന്റെ കാലാകാലങ്ങളായുള്ള പ്രയോഗമാണെന്ന് എന്നായിരുന്നു ഷാനവാസ് പാദൂരിന്റെ പ്രതികരണം. മതം പറഞ്ഞുകൊണ്ട് കടുത്ത മതവിശ്വാസികളായ മുസ്ലീം സ്ത്രീകളുടെ ഇടയില്‍ തന്നെ ഒരു മുനാഫിക്ക് ആയി, അവിശ്വാസിയായി ചിത്രീകരിക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ചടങ്ങള്‍ക്ക് വിരുദ്ധമായ പ്രസ്താവന എന്ന നിലയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഷാനവാസ് പാദൂര്‍ പ്രതികരിച്ചു.

അതേസമയം, മുനാഫിക് പ്രയോഗത്തില്‍ കുറ്റബോധം ഇല്ലെന്ന് ആയിഷത്ത് ഫര്‍സാന പറഞ്ഞു. മുനാഫിക് ഒരു അറബി പദം മാത്രമാണ്. ഇപ്പോള്‍ നടക്കുന്നത് അനാവശ്യമായ രാഷ്ട്രീയ വിവാമാണെന്നും, നിയമനടപടികള്‍ അതിന്റേതായ രീതിയില്‍ നേരിടുമെന്നും ആയിഷ ഫര്‍സാന ആവര്‍ത്തിച്ചു. ഇതിനിടെ കാസര്‍കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ വനിതാ ലീഗ് നേതാവിന്റെ മുനാഫിഖ് പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് പരാതി നല്‍കി.

വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫര്‍സാനയുടെ പ്രസംഗം സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു. യുഡിഎഫ് തനിക്കെതിരെ നിരന്തരമായി വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നും ഷാനവാസ് പാദൂര്‍ പറഞ്ഞു.

'ബിജെപിയുമായി ഡീല്‍, ബിജെപി ഏജന്റ് എന്നിങ്ങനെ നിരവധി ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തനിക്ക് നേരെ വന്നുകൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പാണ് സാധാരണ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടാകാറുള്ളത്. എന്നാല്‍, തെരഞ്ഞെടുപ്പ് നാല് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇനി അത് വലിയ ക്ഷീണം വരുത്തുമെന്ന് തോന്നുന്നില്ല. പരാതിയുമായി മുന്നോട്ടുപോകും.' ഷാനവാസ് പാദൂര്‍ പറഞ്ഞു.

എന്നാല്‍ നിലപാട് ഇല്ലാത്തവര്‍ എന്ന രീതിയിലാണ് പദപ്രയോഗമെന്ന് ആയിഷത്ത് ഫര്‍സാന പറയുന്നത്. 'പ്രസംഗത്തില്‍ നിന്ന് മുനാഫിഖ് എന്ന ഭാഗം മാത്രമാണ് കട്ട് ചെയ്ത് സോഷ്യല്‍മീഡിയയിലുടനീളം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തില്‍ കപടന്മാരായി പണിയെടുക്കുന്നവരെന്നാണ് പ്രസംഗത്തില്‍ താന്‍ യഥാര്‍ഥത്തില്‍ പറഞ്ഞിട്ടുള്ളത്. ഞാന്‍ പറഞ്ഞ കാര്യവും കട്ട് ചെയ്ത് പ്രചരിപ്പിക്കുന്ന കാര്യവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വിശ്വാസവഞ്ചന കാണിക്കുക, കാപട്യമുള്ളവര്‍, രാവിലെയും ഉച്ചയ്ക്കും വൈകിട്ടും പാര്‍ട്ടി പറയുന്ന നിലപാടില്ലായ്മ എന്നിവ മാത്രമാണ് ഉദ്ദേശിച്ചത്. ഫര്‍സാന വ്യക്തമാക്കി.