- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസമില് 2021-ലെ റെക്കോഡും കടപുഴകി; പോളിംഗ് 85 ശതമാനം! നെഞ്ചിടിപ്പോടെ മുന്നണികള്; എന്ഡിഎയുടെ ഭരണത്തുടര്ച്ചയോ അതോ ഭരണവിരുദ്ധ തരംഗമോ? പുതുച്ചേരിയില് കണ്ടത് വോട്ടര്മാരുടെ പടയോട്ടം; 89% റെക്കോഡ് പോളിംഗില് വീഴുന്നത് ആര്? ഇന്ത്യ സഖ്യത്തിലെ തര്ക്കം എന്ഡിഎയ്ക്ക് തുണയാകുമോ?
അസമില് 2021-ലെ റെക്കോഡും കടപുഴകി

ദിസ്പൂര്: അസമിലും പുതുച്ചേരിയിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. ഔദ്യോഗിക കണക്കുകള് പ്രകാരം പുതുച്ചേരിയിലാണ് ഏറ്റവും ഉയര്ന്ന പോളിംഗ് (89.08%) രേഖപ്പെടുത്തിയത്. അസം 85.04 ശതമാനവും രേഖപ്പെടുത്തി.
അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലായി വൈകുന്നേരം 6 മണിയോടെ 85.04 ശതമാനം വോട്ടര്മാര് സമ്മതിദാനാവകാശം വിനിയോഗിച്ചതായി ഉദ്യോഗസ്ഥര് അറിയിച്ചു. ഇത് 2021-ലെ തിരഞ്ഞെടുപ്പില് രേഖപ്പെടുത്തിയ 82.04 ശതമാനത്തേക്കാള് കൂടുതലാണ്. ബിജെപി നേതൃത്വത്തിലുള്ള എന്ഡിഎ തുടര്ച്ചയായ മൂന്നാം തവണയും അധികാരം ലക്ഷ്യമിടുമ്പോള്, ഒരു പതിറ്റാണ്ടിന് ശേഷം ഭരണം തിരിച്ചുപിടിക്കാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നത്. ഇതോടെ അസമില് അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്.
അസമിലെ മണ്ഡലങ്ങളില് 94.57 ശതമാനം വോട്ട് രേഖപ്പെടുത്തിയ ദല്ഗാവിലാണ് ഏറ്റവും ഉയര്ന്ന പോളിംഗ് റിപ്പോര്ട്ട് ചെയ്തത്. അതേസമയം അമ്രിയില് ഏറ്റവും കുറഞ്ഞ പോളിംഗ് (70.40%) രേഖപ്പെടുത്തി. ഏകഘട്ടമായി നടന്ന ഈ തിരഞ്ഞെടുപ്പില് ആകെ 722 സ്ഥാനാര്ത്ഥികളാണ് ജനവിധി തേടുന്നത്. 35 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 31,490 പോളിംഗ് സ്റ്റേഷനുകളില് രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടര്ന്നു.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ 30 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വൈകുന്നേരം 6 മണിയോടെ പൂര്ത്തിയായി. ഇവിടെയും നിശ്ചിത സമയത്തിന് മുന്പ് എത്തിയവര്ക്ക് വോട്ട് ചെയ്യാന് അവസരം നല്കി. പ്രാഥമിക കണക്കുകള് പ്രകാരം പുതുച്ചേരിയില് പോളിംഗ് 89 ശതമാനം കടന്നു. ഭരണത്തുടര്ച്ച ലക്ഷ്യമിട്ട് എന്ഡിഎ രംഗത്തുള്ളപ്പോള്, പ്രാദേശിക സ്വയംഭരണാധികാരം, ഭരണപരമായ തര്ക്കങ്ങള് തുടങ്ങിയ വിഷയങ്ങള് ഉയര്ത്തിക്കാട്ടി ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം.
എഐഎന്ആര്സി നേതൃത്വം നല്കുന്ന എന്ഡിഎ സഖ്യവും ഇന്ഡ്യാ സഖ്യവും തമ്മിലാണ് ഇവിടെ വാശിയേറിയ മത്സരം നടക്കുന്നത്. ഇന്ഡ്യാ സഖ്യത്തിലെ പാര്ട്ടികള് അഞ്ച് സീറ്റുകളില് പരസ്പരം മത്സരിക്കുന്നുവെന്നത് പുതുച്ചേരി തെരഞ്ഞെടുപ്പിന്റെ ഒരു പ്രധാന പ്രത്യേകതയാണ്.
അസം, പുതുച്ചേരി തെരഞ്ഞെടുപ്പുകള്ക്ക് പുറമെ, നാല് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും ഇന്ന് നടക്കുന്നുണ്ട്. കര്ണാടകയിലെ ദാവണഗരെ സൗത്ത്, ബാഗല്കോട്ട് മണ്ഡലങ്ങളിലും, നാഗാലാന്ഡിലെ കോരിദാംഗ്, ത്രിപുരയിലെ ധര്മ്മനഗര് എന്നിവിടങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളിലെ 3 മണി വരെയുള്ള പോളിങ് ശതമാനം താഴെ പറയുന്ന പ്രകാരമാണ്: ദാവണഗരെ സൗത്ത് (കര്ണാടക) - 49.66%, ബാഗല്കോട്ട് (കര്ണാടക) - 54.82%, കോരിദാംഗ് (നാഗാലാന്ഡ്) - 75.06%, ധര്മ്മനഗര് (ത്രിപുര) - 70.09%.


