തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ ബിജെപി മേയര്‍ എത്തുമെന്നതായിരുന്നു ഇക്കുറി തദ്ദേശ പോരിന് ഇറങ്ങുമ്പോള്‍ ബിജെപി നടത്തിയ പ്രചരണം. ആ പ്രചരണം ഒടുവില്‍ വിജയം കാണുകയാണ്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും അട്ടിമറിച്ച് ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഒറ്റയ്ക്ക് ഭരിക്കാന്‍ ഒരുങ്ങുകയാണ്. രാജീവ് ചന്ദ്രശേഖറിനെ മുന്നില്‍ നിര്‍ത്തിയുള്ള പ്രചരണങ്ങള്‍ വിജയം കണ്ടതോടെ ഇത് എല്ലവരെയും അമ്പരപ്പിച്ചു ബിജെപി അധികാരം പിടിച്ചു. കാലങ്ങളായി ബിജെപി മുന്നേറ്റമുള്ള കോര്‍പ്പറേഷനില്‍ ഇനി ബിജെപിക്ക് മേയറെത്തും. വികസന രാഷ്ട്രീയം ചര്‍ച്ചയാക്കി എല്ലാ വിഭാഗത്തില്‍ നിന്നുള്ള വോട്ടുകളും പിടിച്ചാണ് ബിജെപി അധികാരത്തിലേക്ക് എത്തുന്നത്.

2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോള്‍ തിരുവനന്തപുരത്ത് ബിജെപിക്ക് കയ്യിലുണ്ടായിരുന്നത് വെറും ഏഴ് സീറ്റുകള്‍ മാത്രം. അവിടെ നിന്ന് അത് 35ലേക്ക് ഉയര്‍ത്തിയപ്പോള്‍ തലസ്ഥാനത്തെ സിപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ ഞെട്ടി. കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം നഗരസഭ ഭരിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം 2020ല്‍ വീണ്ടുമൊരു തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിക്ക് വീണ്ടും ലഭിച്ചത് 35 സീറ്റുകള്‍ മാത്രം. ഇക്കുറി ഈ നില 50ലേക്ക് എത്തിക്കുകയാണ് ബിജെപി.

7 സീറ്റില്‍ നിന്ന് പത്ത് വര്‍ഷം കൊണ്ട് ഒറ്റയ്ക്ക് കേരളത്തിന്റെ തലസ്ഥാന നഗരം ഭരിക്കാനുള്ള ശക്തിയായി മാറിയതിന് പിന്നില്‍ ചിട്ടയായ പ്രവര്‍ത്തനത്തിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും കൂടി കഥയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരുവനന്തപുരത്ത് എത്തിക്കുമെന്നത് അടക്കം പ്രചാരണത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞാണ് ബിജെപി വോട്ട് തേടിയത്.വിഴിഞ്ഞം തുറമുഖം, അനുബന്ധ വികസനം, തിരുവനന്തപുരം മെട്രോ റെയില്‍ എന്നിങ്ങനെ നഗരവാസികളുടെ പള്‍സ് മനസ്സിലാക്കിയുള്ള പ്രചാരണമാണ് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി നടത്തിയത്.

രാഷ്ട്രീയപ്പോരിനും വിവാദങ്ങള്‍ക്കും പഞ്ഞമില്ലാത്ത കേരളത്തില്‍ തലസ്ഥാനത്തെ വോട്ടര്‍മാരുടെ മുന്നില്‍ ബിജെപി അവതരിപ്പിച്ചത് വികസനരേഖയാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ വാഗ്ദാനങ്ങളെ തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്ന് വേണം ഫലത്തില്‍ നിന്ന് മനസ്സിലാക്കാന്‍.സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലുള്ള കാര്യങ്ങളില്‍ കര്‍ശനമായ നിലപാടാണ് ബിജെപി സ്വീകരിച്ചത്. ആര്‍എസ്എസ് കൂടി ഇടപെട്ടാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്.

സിറ്റിംഗ് കൗണ്‍സിലര്‍മാര്‍ക്ക് ഉള്‍പ്പെടെ സീറ്റ് നല്‍കിയത് പ്രവര്‍ത്തന മികവ് മാത്രം മാനദണ്ഡമാക്കിയാണ്. ഭരണം ലഭിച്ചാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ എത്തിക്കുമെന്നും വികസന പദ്ധതികള്‍ക്ക് കൂടുതല്‍ വേഗം കൈവരിക്കുമെന്ന പ്രചാരണ തന്ത്രമാണ് ആദ്യം മുതല്‍ സ്വീകരിച്ച് വിജയിപ്പിച്ചതും.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇടത് വിരുദ്ധതരംഗം ശക്തമാണ്. ശബരിമല സ്വര്‍ണക്കൊള്ളയും തിരുവനന്തപുരത്തിന്റെ വികസനമുരടിപ്പും ആര്യ രാജേന്ദ്രന്റെയും കൂട്ടരുടെയും അഴിമതിയും വോട്ടില്‍ പ്രതിഫലിച്ചെന്ന് വേണം കരുതാന്‍. ഒപ്പം മോദി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന വികസനത്തോടൊപ്പം അനന്തപുരിയിലെ ജനത നിന്നതും ബിജെപിക്ക് നേട്ടമായി. കോര്‍പറേഷനിലെ വിജയം വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനമൊട്ടാകെ ബിജെപിക്ക് ശക്തിപകരും.